Hivision Channel

Kerala news

കൊട്ടിയൂർ വനമേഖലയിൽ ഉരുൾപൊട്ടിയതായി സംശയം

ഇരിട്ടി:വനത്തിൽ ഉരുൾപൊട്ടിയതായി സംശയം ബാവലി പുഴയിൽ ജലനിരപ്പ് ഉയരുന്നു. പുഴയുടെ കരയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്റ് റോയി നമ്പുടാകം അറിയിച്ചു.

ഓണക്കിറ്റ് വിതരണം; തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക ക്രമീകരണം നടപ്പാക്കുമെന്ന് മന്ത്രി

സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും ഓണക്കിറ്റ് ലഭിച്ചെന്ന് ഉറപ്പുവരുത്തുമെന്നും റേഷന്‍ കടകളിലെ തിരക്ക് ഒഴിവാക്കാന്‍ പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തുമെന്നും ഭക്ഷ്യ മന്ത്രി ജി.ആര്‍ അനില്‍. ഇതുവരെ ഏഴു ലക്ഷം കാര്‍ഡ് ഉടമകള്‍ക്ക് ഓണക്കിറ്റ് വിതരണം ചെയ്തു. വിവിധ വിഭാഗങ്ങളിലുള്ള കാര്‍ഡ് ഉടമകള്‍ക്ക് ഓണക്കിറ്റ് വാങ്ങാന്‍ പ്രത്യേക ദിവസങ്ങള്‍ നിശ്ചയിച്ചത് തിരക്കൊഴിവാക്കാനാണെന്നും മന്ത്രി പറഞ്ഞു. അസൗകര്യം മൂലം വാങ്ങാന്‍ കഴിയാത്തവര്‍ക്ക് മറ്റു ദിവസങ്ങളില്‍ അതിനുള്ള സൗകര്യം ഉണ്ടായിരിക്കും. ആളുകള്‍ കൂട്ടത്തോടെ എത്തിയാല്‍ റേഷന്‍ കടകളിലെ ഇ-പോസ് യന്ത്രത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്. ഇതൊഴിവാക്കാന്‍ പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് മരുന്നുക്ഷാമം രൂക്ഷം; എലിപ്പനി പ്രതിരോധത്തിന് തമിഴ്‌നാട് ഗുളിക നല്‍കും

സംസ്ഥാനത്ത് രൂക്ഷമായ മരുന്നുക്ഷാമം മറികടക്കാന്‍ തമിഴ്‌നാട് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷനില്‍ നിന്ന് കേരളം മരുന്നുവാങ്ങുന്നു. എലിപ്പനി പ്രതിരോധത്തിനായി അഞ്ചുലക്ഷം ഡോക്സിസൈക്ലിന്‍ ഗുളികയാണ് വാങ്ങുക.തമിഴ്‌നാട് സര്‍ക്കാര്‍ വാങ്ങിയ കുറഞ്ഞ വിലയ്ക്കുതന്നെ മരുന്നുനല്‍കാമെന്ന് അവര്‍ സമ്മതിച്ചിട്ടുണ്ട്. എത്തിക്കാനുള്ള ചെലവ് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ വഹിക്കും. കാരുണ്യ കമ്യൂണിറ്റി ഫാര്‍മസി വഴി മരുന്നു വാങ്ങി ആശുപത്രികള്‍ക്ക് നല്‍കാനാണ് തീരുമാനിച്ചതെങ്കിലും ഫലപ്രാപ്തിയിലെത്താത്ത സാഹചര്യത്തിലാണ് പുതിയ നീക്കം. ബാക്ടീരിയക്ക് എതിരായി ഉപയോഗിക്കുന്ന ആന്റിബയോട്ടിക് ഗുളികയായ ഡോക്സിസൈക്ലിന് ഇക്കൊല്ലം ആവശ്യക്കാരേറിയതാണ് മരുന്നു ക്ഷാമത്തിന് കാരണമെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.

എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍

വിളക്കോട്: വാഹന പരിശോധനയ്ക്കിടെ മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവിനെ മുഴക്കുന്ന് പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ലഹരി വിരുദ്ധ സ്‌ക്വാഡിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ മുഴക്കുന്ന് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ഷിബു എഫ്.പോളും സംഘവും വിളക്കോട് ഹാജി റോഡില്‍ നടത്തിയ വാഹന പരിശോധനയിലാണ് ബൈക്കില്‍ കടത്തുകയായിരുന്ന മാരകമയക്കുമരുന്നായ എം.ഡി.എം.എയുമായി പേരാവൂര്‍ തൊണ്ടിയില്‍ സ്വദേശി പുതിയേടത്ത് ശരത്ത് പിടിയിലായത്. സ്‌കൂള്‍ പരിസരങ്ങള്‍ കേന്ദ്രീകരിച്ച് ലഹരിമരുന്നെത്തിക്കുന്ന സംഘത്തില്‍ ഉള്‍പ്പെട്ടയാളാണ് ഇയാളെന്ന് പോലീസ് നല്‍കുന്ന സൂചന. കെ.എല്‍.78 ബി 6215 ബൈക്കില്‍ കടത്തുന്നതിനിടെയാണ് 4.5 ഗ്രാം എം.ഡി.എം.എയുമായി പിടികൂടിയത്. വാഹന പരിശോധനയില്‍ എസ്.ഐ ഷിബു എഫ് പോളിനെ കൂടാതെ വിനോദ്, സജീഷ്, ഷൗക്കത്തലി, നിഷാദ്, സതീശന്‍, സന്തോഷ് എന്നിവരുമുണ്ടായിരുന്നു.

പ്രവേശനോത്സവം നടത്തി

കേളകം: സെന്റ് തോമസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പുതുതായി പ്രവേശനം നേടിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കായി പ്രവേശനോത്സവം നടത്തി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് വാര്‍ഡ് മെമ്പര്‍ അഡ്വ.ബിജു പെരുമത്തറ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് സി.സി സന്തോഷ് അധ്യക്ഷനായിരുന്നു. പ്രിന്‍സിപ്പാള്‍ എന്‍.ഐ ഗീവര്‍ഗീസ്, ഹെഡ് മാസ്റ്റര്‍ എം.വി മാത്യു, മാസ്റ്റര്‍ ആല്‍വിന്‍ ജോര്‍ജ്, അനിത ആര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥികള്‍ ഒരുക്കിയ കലാപരിപാടികളും പി ടി എ യുടെ മധുരവിതരണവും നടന്നു.

സംരംഭക വായ്പ ലൈസന്‍സ് മേള

കേളകം: സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ വാണിജ്യ വ്യവസായവകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കുന്ന സംരംഭക വര്‍ഷം 2022-23 പദ്ധതിയുടെ ഭാഗമായി കേളകം ഗ്രാമ പഞ്ചായത്തില്‍ സംരംഭക വായ്പ ലൈസന്‍സ് മേള സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് സി.ടി അനീഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ജോണി പാമ്പാടി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാര്‍, കേരള ബാങ്ക് മാനേജര്‍ ഷൈനി, ഫെഡറല്‍ ബാങ്ക് മാനേജര്‍ സദാനന്ദന്‍, കാനറ ബാങ്ക് മാനേജര്‍ ജീവന്‍, പഞ്ചായത്ത് അസി. സെക്രട്ടറി സുനില്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ രജനി പ്രശാന്ത്, അഖില്‍, ഹിറോഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.

ക്യാപ്പിറ്റല്‍ ഫിനാന്‍സ് എന്ന സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു

കേളകം: ബസ് സ്റ്റാന്‍ഡിന് സമീപത്തായി ക്യാപ്പിറ്റല്‍ ഫിനാന്‍സ് എന്ന സ്ഥാപനം പ്രവര്‍ത്തനം ആരംഭിച്ചു.വ്യാപാരി വ്യവസായി ഏകോപന സമിതി കേളകം യൂണിറ്റ് പ്രസിഡന്റ് ജോര്‍ജ്കുട്ടി വാളുവെട്ടിക്കല്‍ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ജോസഫ് പാറക്കല്‍, ജേക്കബ് ചോലമറ്റം, ഭാസ്‌കരന്‍ മാസ്റ്റര്‍, പ്രൊപ്രൈറ്റര്‍ പി.ആര്‍ പ്രഫുല്‍, അമൃത പ്രഫുല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ പുതിയ നിയമവുമായി എസ്ബിഐ

എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുക ഇനി പണ്ടത്തെ പോലെ അത്ര എളുപ്പമായിരിക്കില്ല. സുരക്ഷയുടെ ഭാഗമായി ഒരു കടമ്പ കൂടി കടക്കേണ്ടി വരും. പുതിയ തീരുമാനം പ്രകാരം എസ്ബിഐ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ ഒരു ഒടിപി കൂടി നല്‍കേണ്ടി വരും. പതിവ് പോലെ എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കാന്‍ സാധിക്കും. ഈ പ്രക്രിയയില്‍ പറയത്തക്ക മാറ്റങ്ങളില്ല. പക്ഷേ പണം വരുന്നതിന് മുന്‍പ് മൊബൈലില്‍ ഒരു ഒടിപി വരും. ഈ ഒടിപി എടിഎം മെഷീനില്‍ നല്‍കിയാല്‍ മാത്രമേ പണം വരികയുള്ളു. എല്ലാ ട്രാന്‍സാക്ഷനും ഇത്തരത്തില്‍ ഒടിപി നല്‍കേണ്ടതില്ല. പതിനായിരം രൂപയ്ക്ക് മുകളിലുള്ള പിന്‍വലിക്കലുകള്‍ക്ക് മാത്രം ഒടിപി നല്‍കിയാല്‍ മതി. പുതിയ മാറ്റം വരുന്നതോടെ ഓണ്‍ലൈന്‍ പണത്തട്ടിപ്പ് ഉപഭോക്താക്കള്‍ക്ക് അറിയാന്‍ സാധിക്കുമെന്നും അവരുടെ അനുവാദമില്ലാതെ പണം നഷ്ടപ്പെടില്ലെന്നും ബാങ്ക് പറയുന്നു

ഒരു രാജ്യം ഒരു വളം; ഭാരത് ബ്രാന്‍ഡിന് കീഴില്‍ പുതിയ പദ്ധതി നടപ്പിലാക്കാന്‍ കേന്ദ്രം

രാജ്യത്തുടനീളമുള്ള വളം ബ്രാന്‍ഡുകള്‍ക്ക് ഏകീകരണം കൊണ്ടുവരാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. എല്ലാ വളം ഉത്പാദന കമ്പനികളുടെയും ഉല്‍പ്പന്നങ്ങള്‍ ഭാരത് എന്ന ഒറ്റ ബ്രാന്‍ഡിന് കീഴില്‍ വില്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന നിര്‍ദേശം നിര്‍ദേശം നടപ്പില്‍ വരുന്നതോടെ യൂറിയ, ഡി.എ.പി, എം.ഒ.പി, എന്‍.പി.കെ തുടങ്ങിയ എല്ലാത്തരം വളങ്ങളും ‘ഭാരത് യൂറിയ’, ‘ഭാരത് ഡി.എ.പി’, ‘ഭാരത് എം.ഒ.പി’, ‘എന്നിങ്ങനെ പുനര്‍നാമകരണം ചെയ്താകും വിപണിയിലെത്തുക. പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും വളം ഉത്പന്നങ്ങളെ ഇതിന്റെ പരിധിയില്‍ കൊണ്ടുവരും. പുതിയ തീരുമാനം വളം ഉത്പന്നങ്ങളുടെ ബ്രാന്‍ഡ് മൂല്യവും വിപണി വ്യത്യാസവും തകര്‍ക്കുമെന്നാണ് വളം കമ്പനികളുടെ പ്രതികരണം. കേന്ദ്രസര്‍ക്കാര്‍ രാസവളത്തിനും കമ്പനികള്‍ക്കും വര്‍ഷം തോറും സബ്‌സിഡി നല്‍കുന്ന പദ്ധതിയായ പ്രധാനമന്ത്രി ഭാരതീയ ജനുര്‍വരക് പരിയോജനയുടെ (പിഎംബിജെപി) ബ്രാന്‍ഡ് നാമവും ലോഗോയും വളം ചാക്കുകളില്‍ പ്രദര്‍ശിപ്പിക്കണമെന്നും ഉത്തരവില്‍ പറയുന്നു. ബാഗിന്റെ മൂന്നില്‍ രണ്ട് ഭാഗം പുതിയ ബ്രാന്‍ഡ് നാമത്തിനും പി.എം.ബി.ജെ.പിയുടെ ലോഗോയ്ക്കും മൂന്നിലൊന്ന് നിര്‍മ്മാതാവിന്റെ/ഇറക്കുമതി ചെയ്യുന്നയാളുടെ പേര്, ഉല്‍പ്പന്നത്തിന്റെ പേര്, ബ്രാന്‍ഡ് നാമം, സര്‍ക്കാര്‍ നല്‍കുന്ന സബ്‌സിഡി, തീയതി എന്നിവയ്ക്കായും ഉപയോഗിക്കും. സെപ്തംബര്‍ 15 മുതല്‍ വളം കമ്പനികളുടെ പഴയ ബാഗുകള്‍ അനുവദിക്കില്ലെന്നും ഒക്ടോബര്‍ 2 മുതല്‍ പുതിയ സംവിധാനം നിലവില്‍ വരുമെന്നും കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവില്‍ പറയുന്നു. കമ്പനികളുടെ പേരുകളടങ്ങിയ നിലവിലെ ബാഗുകള്‍ വിപണിയില്‍ നിന്നൊഴിവാക്കാന്‍ ഡിസംബര്‍ 12 വരെ സമയം നല്‍കിയിട്ടുണ്ട്.