Hivision Channel

Kerala news

കാര്‍ ഡിവൈഡറിലേക്ക് പാഞ്ഞ് കയറി അപടം

ഇരിട്ടി ടൗണില്‍ കാര്‍ ഡിവൈഡറിലേക്ക് പാഞ്ഞ് കയറി അപടം. ഇരിട്ടി മേലേസ്റ്റാന്റിലാണ് കാര്‍ ഡിവൈഡറിലേക്ക് പാഞ്ഞ് കയറി സോളാര്‍ലൈറ്റ് ഇടിച്ച് തകര്‍ത്തത്. അപകടത്തില്‍ കാര്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. മുന്നിലുണ്ടായിരുന്ന കാര്‍ പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ അതിന് പുറകിലിടിച്ച് നിയന്ത്രണം വിട്ടാണ് കാര്‍ ഡിവൈഡറിലേക്ക് പാഞ്ഞ് കയറിയത്.

ഓണ്‍ലൈന്‍ ഗെയിം നിയന്ത്രിക്കാന്‍ നിയമഭേദഗതി പരിഗണനയില്‍; മുഖ്യമന്ത്രി

ഓണ്‍ലൈന്‍ ഗെയിം നിയന്ത്രിക്കാന്‍ ശക്തമായ നിയമഭേദഗതി പരിഗണിക്കുമെന്ന് മുഖ്യമന്ത്രി. കലാ രംഗത്തുള്ളവര്‍ ഇത്തരം കമ്പനികളുടെ പരസ്യത്തില്‍ അഭിനയിക്കുന്നത് നിര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കുട്ടികള്‍ക്ക് എതിരായ ഓണ്‍ലൈന്‍ അതിക്രമങ്ങള്‍ വര്‍ധിക്കുന്നുണ്ടെന്നും, ഇത് തടയാന്‍ സോഷ്യല്‍ പൊലീസിംഗ് നടപടി നടപ്പിലാക്കി വരുന്നുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. ഓണ്‍ലൈന്‍ റമ്മിക്കെതിരെ കര്‍ശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് എ.പി അനില്‍കുമാര്‍ എം.എല്‍.എയാണ് സബ്മിഷന്‍ അവതരിപ്പിച്ചത്. ഓണ്‍ലൈന്‍ അതിക്രമത്തിനെതിരെ പൊലീസിനെയും ആരോഗ്യ വിദഗ്ധരെയും ഉപയോഗിച്ച് ബോധവത്കരണം നടത്തും. ഓണ്‍ലൈന്‍ ഗെയിം നിരോധിക്കാനുള്ള
സര്‍ക്കാര്‍ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. സ്റ്റേ മാറ്റാനുള്ള നടപടി സ്വീകരിക്കും. ലക്ഷങ്ങള്‍ നഷ്ടപ്പെട്ടത് മൂലം പലരും ആത്മഹത്യയിലേക്ക് നീങ്ങുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത; 12 ജില്ലകളിലും മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. 12 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള ജില്ലകളിലാണ് മുന്നറിയിപ്പ്. നാളെയും 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. കടല്‍ക്ഷോഭ സാധ്യത കണക്കിലെടുത്ത് നാളെ മുതല്‍ രണ്ട് ദിവസം കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. അടുത്ത ഒരാഴ്ച സംസ്ഥാനത്ത് കാലവര്‍ഷം കനക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്.

സംസ്ഥാനത്ത് പ്ലസ്‌വണ്‍ ക്ലാസുകള്‍ വ്യാഴാഴ്ച തുടങ്ങും

സംസ്ഥാനത്ത് പ്ലസ്‌ വണ്‍ ക്ലാസുകള്‍ വ്യാഴാഴ്ച തുടങ്ങും. സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് സ്‌കൂളുകളിലായി ഇതുവരെ 2,33,302 കുട്ടികളാണ് പ്രവേശനം നേടിയത്. ഇവരില്‍ 1,39,621 പേര്‍ ആദ്യ രണ്ട് അലോട്ട്‌മെന്റുകളിലൂടെ സ്ഥിരംപ്രവേശനം നേടിയവരാണ്. 77,412 കുട്ടികള്‍ താത്കാലികമായി ചേര്‍ന്നവരും. കായിക മികവിന്റെ അടിസ്ഥാനത്തില്‍ 2,168 പേരും എയ്ഡഡ് സ്‌കൂളുകളിലെ കമ്യൂണിറ്റി ക്വാട്ടയില്‍ 11,703 പേരും ചേര്‍ന്നു.1,184 കുട്ടികളാണ് മാനേജ്മെന്റ് ക്വാട്ടയില്‍ ഔദ്യോഗികമായി പ്രവേശനം നേടിയത്. അണ്‍ എയ്ഡഡ് ബാച്ചുകളില്‍ 1,214 പേര്‍ പ്രവേശനം നേടിയിട്ടുണ്ട്. മൂന്നാം അലോട്ട്‌മെന്റ് പ്രകാരമുള്ള പ്രവേശന നടപടി തുടരുകയാണ്. ബുധനാഴ്ച വൈകീട്ട് അഞ്ചുവരെ സ്‌കൂളില്‍ ചേരാം.78,085 കുട്ടികളാണ് മൂന്നാം അലോട്ട്‌മെന്റില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. ഇവര്‍കൂടി ചേരുന്നതോടെ വ്യാഴാഴ്ച ക്ലാസ് തുടങ്ങുമ്പോള്‍ ആകെ മൂന്നു ലക്ഷത്തോളം കുട്ടികള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 4,71,849 കുട്ടികളാണ് ഇത്തവണ അപേക്ഷിച്ചിരുന്നത്. 2,95,118 പേര്‍ക്കുമാത്രമാണ് ഏകജാലകം വഴി അലോട്ട്‌മെന്റ് ലഭിച്ചത്. ഇവരില്‍ 78,085 പേര്‍ ചേര്‍ന്നില്ല. ഈ സീറ്റുകളാണ് മൂന്നാം അലോട്ട്‌മെന്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ പേരാവൂര്‍ പഞ്ചായത്ത് തല ഉദ്ഘാടനം

പേരാവൂര്‍ : സംസ്ഥാനത്ത് ഓണത്തോടനുബന്ധിച്ചുള്ള സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണത്തിന്റെ പേരാവൂര്‍ പഞ്ചായത്ത് തല ഉദ്ഘാടനം പേരാവൂരില്‍ നടന്നു. വാര്‍ഡ് മെമ്പര്‍ എം ഷൈലജ ടീച്ചറുടെ അധ്യക്ഷതയില്‍ പഞ്ചായത്ത് പ്രസിഡണ്ട് പി.പി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. കെ.ടി മുസ്തഫ, അനൂപ് മുരിക്കന്‍, പ്രഭാകരന്‍, തോട്ടുങ്കര ബാലന്‍, ബേബി സുരേഷ് തുടങ്ങിയവര്‍ സംബന്ധിച്ചു.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് തുടര്‍പഠനത്തിന് വിസ അനുവദിക്കുമെന്ന് ചൈന

ചൈനയുടെ കടുത്ത കോവിഡ് നിയന്ത്രണങ്ങളാല്‍ പഠനം മുടങ്ങി രണ്ടുവര്‍ഷമായി ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് തിരിച്ചുപോക്കിന് വഴിതെളിഞ്ഞു. മടങ്ങിച്ചെന്ന് പഠനം തുടരാനാഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വിസ അനുവദിക്കുമെന്ന് ചൈന തിങ്കളാഴ്ച പ്രഖ്യാപിച്ചു.ഇതുകൂടാതെ ബിസിനസ് വിസയുള്‍പ്പെടെ വിവിധ യാത്രാ പെര്‍മിറ്റുകള്‍ അനുവദിക്കുമെന്നും അറിയിച്ചു. ചൈനീസ് സര്‍വകലാശാലകളില്‍ പുതുതായി ചേരുന്നവര്‍ക്കും രണ്ടുവര്‍ഷമായി മുടങ്ങിക്കിടക്കുന്ന പഠനം തുടരാന്‍ തിരിച്ചുചെല്ലുന്നവര്‍ക്കും എക്സ്-1 വിസ അനുവദിക്കും. 23,000ലേറെ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് കോവിഡിനുമുമ്പ് ചൈനയില്‍ പഠിച്ചിരുന്നത്.അവരില്‍ ചൈനയില്‍ പഠനം തുടരാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളുടെ പേരുവിവരം ഇന്ത്യ കൈമാറിയിരുന്നു. ചൈനീസ് വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ പുതുതായിച്ചേര്‍ന്ന വിദ്യാര്‍ത്ഥികള്‍ പ്രവേശനം സ്ഥിരീകരിച്ച് അവ നല്‍കിയ കത്തിന്റെ അസല്‍ വിസയ്ക്കായി ഹാജരാക്കണം.മുടങ്ങിയ പഠനം തുടരാനായി പോകുന്നവര്‍, അതതു സര്‍വകലാശാലകള്‍ നല്‍കിയ സര്‍ട്ടിഫിക്കറ്റ് ഓഫ് റിട്ടേണിങ് ടു കാംപസ് ഹാജരാക്കണം.

സില്‍വര്‍ ലൈന്‍ ഉപേക്ഷിച്ചിട്ടില്ല; മുഖ്യമന്ത്രി നിയമസഭയില്‍

അര്‍ധ അതിവേഗ പദ്ധതിയായ സില്‍വര്‍ ലൈന്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. സംസ്ഥാനത്തിന്റെ വികസനത്തിന് ഏറെ ആവശ്യമുള്ള പദ്ധതിയാണെന്നും ചില പ്രത്യേക സ്വാധീനങ്ങള്‍ക്ക് വഴങ്ങിയാണ് സില്‍വര്‍ ലൈനിലുള്ള അനുമതി വൈകിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് മറുപടി നല്‍കി.

സംസ്ഥാനത്തിന്റെ ഭാവി വികസനത്തിന് ഏറെ ആവശ്യമാണ് കെ റെയില്‍. പദ്ധതിക്ക് കേന്ദ്രാനുമതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതിക്കുള്ള സാമൂഹാഘാത പഠനത്തിന് കല്ലിടുന്നതിനൊപ്പം ജിയോ ടാഗ് സര്‍വെയും തീരുമാനിച്ചിരുന്നു. ഇതനുസരിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. പദ്ധതിക്ക് അനുമതി തരേണ്ട കേന്ദ്ര സര്‍ക്കാരിന് എല്ലാകാലവും അനുമതി തരില്ലെന്ന് പറയാനാകില്ല. ഏത് ഘട്ടത്തിലായാലും അനുമതി തന്നേ മതിയാകുവെന്നും പിണറായി സഭയില്‍ പറഞ്ഞു.

ചികിത്സ സഹായം തേടുന്നു

മാലൂര്‍ കെ.പി.ആര്‍ നഗറിലെ മീത്തലെ പുരയില്‍ കെ.വി രാഘവന്‍ ശാന്ത ദമ്പതികളുടെ മകന്‍ ദിലീഷാണ് പ്രമേഹം മൂലം പഴുപ്പ് ബാധിച്ച് കാല്‍മുറിച്ച് മാറ്റി മംഗലാപുരം ഹെഗ്ഡെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. ബസ് തൊഴിലാളിയായ ദിലീഷിന്റെ ചികിത്സ ചിലവ് കുടുംബത്തിന് താങ്ങാന്‍ കഴിയാത്തതിനാല്‍ തുടര്‍ ചികിത്സ വഴിമുട്ടിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ ദിലീഷിന്റെ കുടുംബത്തെ സഹായിക്കുന്നതിനും തുടര്‍ചികിത്സയ്ക്കുമായാണ് നാട്ടുകാര്‍ ചികിത്സ സഹായ കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. പഞ്ചായത്ത് പ്രസിഡണ്ട് വി ഹെമവതി, വൈസ് പ്രസിഡണ്ട് ചമ്പാടന്‍ ജനാര്‍ദ്ദനന്‍ എന്നിവര്‍ രക്ഷാധികാരികളായും കെ.റിജീഷ് ചെയര്‍മാനും, ടി.പി പ്രേമരാജന്‍ കണ്‍വീനറും, കെ മിഥുന്‍ ട്രഷററുമായുള്ള ചികിത്സ സഹായ കമ്മിറ്റി രൂപീകരിച്ചാണ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ചികിത്സാധന സമാഹരണത്തിനും കാനറ ബാങ്ക് മാലൂര്‍ ശാഖയില്‍ AC NO : 110064134640, IFSC : CNRB 0014245 എന്ന അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. ദിലീഷിനെ സഹായിക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് ഈ അക്കൗണ്ടിലേക്ക് പണം അയക്കാം.

‘എന്റെ നാട്ടകം’ ചിത്ര പ്രദര്‍ശനം; സംഘാടക സമിതി രൂപീകരിച്ചു

കേളകം:കലാകാരനായ അര്‍ജ്ജുന്‍ മാറോളിയുടെ എന്റെ നാട്ടകം ചിത്രങ്ങളുടെ പ്രദര്‍ശനം കേളകത്ത് വിജയകരമായി നടത്തുന്നതിന് വിവിധ സാംസ്‌കാരിക പ്രവര്‍ത്തകരെ ഉള്‍പ്പെടുത്തി സംഘാടക സമിതി രൂപീകരിച്ചു. കേളകം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അനീഷ് സി.ടി ഉദ്ഘാടനം ചെയ്തു. കേളകം യൂത്ത് ക്ലബ് പ്രസിഡണ്ട് ടൈറ്റസ് പിസി അധ്യക്ഷനായിരുന്നു. വാര്‍ഡ് മെമ്പര്‍മാരായ ജോണി പമ്പാടിയില്‍, ബിജു പെരുമാത്തറ, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്തു. പി.പി വ്യാസന്‍ മാസ്റ്റര്‍ പരിപാടികള്‍ വിശദീകരിച്ചു. ക്ലബ്ബ് സെക്രട്ടറി ശിവന്‍ പാലപ്പള്ളീല്‍ കെ.പി ഷാജി എന്നിവര്‍ സംസാരിച്ചു.

നഷ്ടപ്പെട്ട സ്വര്‍ണ പാദസരം തിരികെ കിട്ടി

ഇരിട്ടി: അവധി ദിനത്തില്‍ കാഴ്ച കാണാനിറങ്ങിയ കുടുംബത്തിന് നഷ്ടപ്പെട്ട പാദസരം സിനിമാക്കഥയിലെന്ന പോലെ നാടകീയമായി തിരിച്ചുകിട്ടി. കഴിഞ്ഞ ദിവസം കുടുംബത്തോടൊപ്പം വയനാട്ടിലേക്ക് കാഴ്ച കാണാന്‍ പോയ എഴുത്തുകാരനും സിനിമാ സഹസംവിധായകനുമായ കണ്ണൂര്‍ ഇരിട്ടി വള്ളിത്തോട് സ്വദേശി മുസ്തഫ കീത്തടത്തിന്റെ കുടുംബത്തിനാണ് നഷ്ടപ്പെട്ടുപോയ രണ്ട് പവന്റെ പാദസരം തിരിച്ചു കിട്ടിയത്. ഇരിട്ടി വഴിയുള്ള വയനാട് ചുരത്തിലെ നാലാം വളവിന് ശേഷമുള്ള 29-ാം മൈലിലെ വെള്ളച്ചാട്ടത്തിലും തുടര്‍ന്നുള്ള ഒന്ന്, രണ്ട് കള്‍വര്‍ട്ടിലും ഇറങ്ങി ഫോട്ടോ എടുത്തിരുന്നു. ബോയ്‌സ് ടൗണ്‍ ചെക്ക് പോസ്റ്റിലെ കാപ്പിത്തോട്ടത്തിലിറങ്ങി വീണ്ടും ഫോട്ടോ എടുക്കവേയാണ് മകള്‍ അനീസയുടെ രണ്ട് പവന്‍ വരുന്ന പാദസരം നഷ്ടപ്പെട്ടതറിയുന്നത്. കഴിഞ്ഞ മാസം കാലവര്‍ഷക്കെടുതിയില്‍ ഉരുള്‍പൊട്ടി മല പിളര്‍ന്നുപോയ മലയടിവാരത്തിലെ പല സ്ഥലങ്ങളിലും ഇറങ്ങിയതിനാല്‍ പാദസരം എവിടെയാണ് നഷ്ടപ്പെട്ടതെന്ന് ഒരു ഊഹവുമില്ലായിരുന്നു. അപ്പോഴേക്കും ബഹുദൂരം പിന്നിട്ടിരുന്നു. യാത്ര മതിയാക്കി വഴിയില്‍ സാധ്യതയുള്ളിടത്തെല്ലാം രാത്രിയാവോളം അരിച്ചുപെറുക്കിയെങ്കിലും കണ്ടെടുക്കാനായില്ല. ഇതിനിടയില്‍ പേരാവൂര്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ച് ചുരത്തില്‍ പാദസരം നഷ്ടപ്പെട്ട വിവരം അറിയിച്ചിരുന്നു. നിരാശരായി മടങ്ങുന്ന വഴിയില്‍ നാലാം വളവിന് മുകളിലുള്ള ഗ്രീന്‍വാലി ഹോട്ടലുടമകളായ റെജി, ഷിനോയ് എന്നിവരെക്കൂടി പാദസരം നഷ്ടപ്പെട്ടതറിയിച്ച് പോകാനൊരുങ്ങുമ്പോഴാണ് ഒരു യാത്രികന് അത് കിട്ടിയതായും റെജി മുഖേന മലയടിവാരത്തിലെ നൈറ്റ് പട്രോള്‍ പോലീസിനെ ഏല്‍പ്പിച്ചതായും അറിയുന്നത്. ഉടനെ പേരാവൂര്‍ സ്റ്റേഷന്‍ അതിര്‍ത്തിയില്‍പ്പെട്ട ഹൈവേ പോലീസ് എസ്.ഐ സനലുമായി ബന്ധപ്പെട്ട് പാദസരം തങ്ങളുടെതാണെന്നതിനുള്ള തെളിവ് നല്‍കി. ഖത്തറില്‍ നിന്നും ലീവിലെത്തി, കുടുംബ സമേതം വയനാട്ടിലേക്ക് പോകുകയായിരുന്ന പാനൂര്‍ സ്വദേശി കുഴിയേരിയില്‍ ഷാഹുല്‍ ഹമീദിനാണ് റോഡരികില്‍ നിന്ന് പാദസരം കിട്ടിയത്. കിട്ടിയ ഉടനെ ഉടമയെ തിരഞ്ഞെങ്കിലും കാണാത്തതിനാല്‍ ഗ്രീന്‍വാലി ഹോട്ടലുടമ മുഖേന ഹൈവേ പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. രാത്രി തന്നെ എസ്.ഐ സനല്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സാജിദ് കല്ലുമുട്ടി, വിനു കരിക്കോട്ടക്കരി എന്നിവരോടൊപ്പം വള്ളിത്തോടിലെത്തി പാദസരം ഉടമയെ ഏല്‍പ്പിച്ചു.