Hivision Channel

നഷ്ടപ്പെട്ട സ്വര്‍ണ പാദസരം തിരികെ കിട്ടി

ഇരിട്ടി: അവധി ദിനത്തില്‍ കാഴ്ച കാണാനിറങ്ങിയ കുടുംബത്തിന് നഷ്ടപ്പെട്ട പാദസരം സിനിമാക്കഥയിലെന്ന പോലെ നാടകീയമായി തിരിച്ചുകിട്ടി. കഴിഞ്ഞ ദിവസം കുടുംബത്തോടൊപ്പം വയനാട്ടിലേക്ക് കാഴ്ച കാണാന്‍ പോയ എഴുത്തുകാരനും സിനിമാ സഹസംവിധായകനുമായ കണ്ണൂര്‍ ഇരിട്ടി വള്ളിത്തോട് സ്വദേശി മുസ്തഫ കീത്തടത്തിന്റെ കുടുംബത്തിനാണ് നഷ്ടപ്പെട്ടുപോയ രണ്ട് പവന്റെ പാദസരം തിരിച്ചു കിട്ടിയത്. ഇരിട്ടി വഴിയുള്ള വയനാട് ചുരത്തിലെ നാലാം വളവിന് ശേഷമുള്ള 29-ാം മൈലിലെ വെള്ളച്ചാട്ടത്തിലും തുടര്‍ന്നുള്ള ഒന്ന്, രണ്ട് കള്‍വര്‍ട്ടിലും ഇറങ്ങി ഫോട്ടോ എടുത്തിരുന്നു. ബോയ്‌സ് ടൗണ്‍ ചെക്ക് പോസ്റ്റിലെ കാപ്പിത്തോട്ടത്തിലിറങ്ങി വീണ്ടും ഫോട്ടോ എടുക്കവേയാണ് മകള്‍ അനീസയുടെ രണ്ട് പവന്‍ വരുന്ന പാദസരം നഷ്ടപ്പെട്ടതറിയുന്നത്. കഴിഞ്ഞ മാസം കാലവര്‍ഷക്കെടുതിയില്‍ ഉരുള്‍പൊട്ടി മല പിളര്‍ന്നുപോയ മലയടിവാരത്തിലെ പല സ്ഥലങ്ങളിലും ഇറങ്ങിയതിനാല്‍ പാദസരം എവിടെയാണ് നഷ്ടപ്പെട്ടതെന്ന് ഒരു ഊഹവുമില്ലായിരുന്നു. അപ്പോഴേക്കും ബഹുദൂരം പിന്നിട്ടിരുന്നു. യാത്ര മതിയാക്കി വഴിയില്‍ സാധ്യതയുള്ളിടത്തെല്ലാം രാത്രിയാവോളം അരിച്ചുപെറുക്കിയെങ്കിലും കണ്ടെടുക്കാനായില്ല. ഇതിനിടയില്‍ പേരാവൂര്‍ പോലീസ് സ്റ്റേഷനില്‍ വിളിച്ച് ചുരത്തില്‍ പാദസരം നഷ്ടപ്പെട്ട വിവരം അറിയിച്ചിരുന്നു. നിരാശരായി മടങ്ങുന്ന വഴിയില്‍ നാലാം വളവിന് മുകളിലുള്ള ഗ്രീന്‍വാലി ഹോട്ടലുടമകളായ റെജി, ഷിനോയ് എന്നിവരെക്കൂടി പാദസരം നഷ്ടപ്പെട്ടതറിയിച്ച് പോകാനൊരുങ്ങുമ്പോഴാണ് ഒരു യാത്രികന് അത് കിട്ടിയതായും റെജി മുഖേന മലയടിവാരത്തിലെ നൈറ്റ് പട്രോള്‍ പോലീസിനെ ഏല്‍പ്പിച്ചതായും അറിയുന്നത്. ഉടനെ പേരാവൂര്‍ സ്റ്റേഷന്‍ അതിര്‍ത്തിയില്‍പ്പെട്ട ഹൈവേ പോലീസ് എസ്.ഐ സനലുമായി ബന്ധപ്പെട്ട് പാദസരം തങ്ങളുടെതാണെന്നതിനുള്ള തെളിവ് നല്‍കി. ഖത്തറില്‍ നിന്നും ലീവിലെത്തി, കുടുംബ സമേതം വയനാട്ടിലേക്ക് പോകുകയായിരുന്ന പാനൂര്‍ സ്വദേശി കുഴിയേരിയില്‍ ഷാഹുല്‍ ഹമീദിനാണ് റോഡരികില്‍ നിന്ന് പാദസരം കിട്ടിയത്. കിട്ടിയ ഉടനെ ഉടമയെ തിരഞ്ഞെങ്കിലും കാണാത്തതിനാല്‍ ഗ്രീന്‍വാലി ഹോട്ടലുടമ മുഖേന ഹൈവേ പോലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. രാത്രി തന്നെ എസ്.ഐ സനല്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ സാജിദ് കല്ലുമുട്ടി, വിനു കരിക്കോട്ടക്കരി എന്നിവരോടൊപ്പം വള്ളിത്തോടിലെത്തി പാദസരം ഉടമയെ ഏല്‍പ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *