Hivision Channel

Kerala news

ഓണത്തിന് മഴ ശക്തമായേക്കും

സംസ്ഥാനത്ത് ഓണദിനങ്ങളില്‍ മഴ ശക്തമായേക്കും. ബംഗാള്‍ ഉള്‍ക്കടലില്‍ രണ്ടു സ്ഥലങ്ങളിലായി ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നുണ്ട്. ഈ സാഹചര്യത്തില്‍ 23 മുതല്‍ ഉത്രാടദിനമായ 25വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ വകുപ്പിന്റെ നിഗമനം. സംസ്ഥാനത്ത് ഇന്നു നേരിയതോ മിതമായതോ ആയ മഴയ്ക്കാണു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ധനവ്

സംസ്ഥാനത്ത് സ്വര്‍ണവില പവന് 1,20,000ലേക്ക് കുതിക്കുന്നു. ഇന്നും സ്വര്‍ണവില വര്‍ധിക്കുകയാണ് ഉണ്ടായത്. ഒരു ഗ്രാമിന് 140 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 14,950 രൂപയാണ് വിപണിവില. പവന് 1120 രൂപയാണ് വര്‍ധിച്ചത്.1,19,600 രൂപയാണ് വിപണിവില. 22 കാരറ്റ് സ്വര്‍ണത്തിനും വില കൂടി. ഒരു ഗ്രാമിന് 152 രൂപയാണ് ഇന്ന് വര്‍ധിച്ചത്. 16,309 രൂപയാണ് വിപണിവില. ഒരു പവന് 1,216 രൂപയാണ് വര്‍ധിച്ചത്. 1,30,472 രൂപയാണ് വിപണിവില.

പുതിയ പദ്ധതിയുമായി സർക്കാർ; ജില്ലാ-ജനറല്‍ ആശുപത്രികളില്‍ ഇനി 24 മണിക്കൂറും സ്‌പെഷ്യലിസ്റ്റ് സേവനം

സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളില്‍ വന്‍ മാറ്റം വരുന്നു. ജില്ലാ, ജനറല്‍ ആശുപത്രികളില്‍ ഇനി മുതല്‍ 24 മണിക്കൂറും സ്‌പെഷ്യലിസ്റ്റ് സേവനം ഉണ്ടാവും. രോഗികള്‍ക്ക് സാമ്പത്തിക നഷ്ടവും ഒഴിവാക്കാനും മെഡിക്കല്‍ കോളേജുകളിലേക്കുള്ള അനാവശ്യ റഫറലുകള്‍ തടയുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

സര്‍ജറി, ഓര്‍ത്തോ, ജനറല്‍ മെഡിസിന്‍, ഗൈനക്കോളജി, പീഡിയാട്രിക് വിഭാഗങ്ങളിലെ വിദഗ്ദരുടെ സേവനം മുഴുവന്‍ സമയവും സാധാരണ ഒപി സമയത്തിന് ശേഷവും ഒരു സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ ഉണ്ടാകും. രാത്രിയും ഒരു സ്‌പെഷ്യലിസ്റ്റ് സേവനത്തിന് ഉണ്ടാകും. ആറ് മാസത്തിനുള്ളില്‍ സംസ്ഥാനത്ത് പൂര്‍ണമായി പദ്ധതി നടപ്പാക്കാനാണ് തീരുമാനം. എജിഎച്ച്എസ് ഡോ. ഷിനു കെ എസ് പദ്ധതിയുടെ സ്‌പെഷ്യല്‍ ഓഫീസര്‍. പുനലൂര്‍ താലൂക്ക് ആശുപത്രിയിലാണ് ആദ്യം പദ്ധതി നടപ്പാക്കുന്നത്. സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരെ പുനര്‍വിന്യസിക്കും. തിരുവനന്തപുരം ജനറല്‍, കൊല്ലം ജില്ലാ ആശുപത്രികളില്‍ ഇനി 24 മണിക്കൂര്‍ കാത്ത് ലാബും ഉണ്ടാവും.

പരീക്ഷാ ക്രമക്കേട് ആരോപണം; പിഎസ്സി സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടി ഗവര്‍ണര്‍

പരീക്ഷാ ക്രമക്കേട് ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ പിഎസ്സി സെക്രട്ടറിയെ ലോക്ഭവനിലേക്ക് വിളിച്ചുവരുത്തി വിശദീകരണം തേടി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. ഇന്നലെ വൈകീട്ടാണ് സാജു ജോര്‍ജിനെ വിളിച്ചുവരുത്തി വിശദീകരണം തേടിയത്. ഭരണഘടനാ സ്ഥാപനമായ പിഎസ്സിയില്‍ ഇടപെടാനുള്ള തന്റെ അധികാരം ഉപയോഗിച്ച് കൊണ്ടാണ് ഗവര്‍ണറുടെ ഈ നടപടി.

പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇതുവരെ സ്വീകരിച്ച നടപടികള്‍ എന്തെല്ലാമാണ് എന്നുള്‍പ്പെടെ ഗവര്‍ണര്‍ പിഎസ്സി സെക്രട്ടറിയോട് ചോദിച്ച് മനസിലാക്കിയെന്നാണ് വിവരം. അന്വേഷണത്തിന്റെ പുരോഗതിയും ചോദിച്ചറിഞ്ഞു. അന്വേഷണവുമായി പിഎസ്സി പൂര്‍ണമായും സഹകരിക്കുന്നുണ്ടെന്ന് സെക്രട്ടറി അറിയിച്ചു.

പിഎസ്സി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ആക്ഷേപങ്ങളുയര്‍ന്നാല്‍ പിഎസ്സിയുടെ ആഭ്യന്തര വിജിലന്‍സ് സംവിധാനം അത് പരിശോധിച്ച് നടപടിയെടുക്കുന്നതാണ് പതിവ് രീതി. ഉദ്യോഗസ്ഥരെ ഈ വിധത്തില്‍ ഗവര്‍ണര്‍ ലോക്ഭവനിലേക്ക് വിളിപ്പിച്ച് വിശദീകരണം തേടുന്നത് വരും ദിവസങ്ങളിലും വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവക്കും. ഉദ്യോഗസ്ഥരെ വിളിപ്പിക്കാന്‍ തനിക്ക് അധികാരമുണ്ടെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് ഗവര്‍ണര്‍. സര്‍ക്കാരിന്റെ അറിവില്ലാതെ കഴിഞ്ഞ ദിവസം ഗവര്‍ണര്‍ ഡിജിപിയെ വിളിച്ചുവരുത്തിയതില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ഗവര്‍ണര്‍ വീണ്ടും ഇതേ നടപടി ആവര്‍ത്തിക്കുന്നത്. ഇക്കാര്യത്തില്‍ പ്രതിപക്ഷവും വിമര്‍ശനം ഉന്നയിച്ചിരുന്നു.

ഓണക്കാലത്ത് പരിശോധനകള്‍ കര്‍ശനമാക്കാന്‍ ജില്ലാ കലക്ടറുടെ നിര്‍ദ്ദേശം;പൊതുജനങ്ങള്‍ക്ക് 9446682300-ല്‍ പരാതികള്‍ അറിയിക്കാം

കണ്ണൂര്‍:ഓണക്കാലം സുരക്ഷിതമാക്കുന്നതിനും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുമായി വിവിധ മേഖലകളില്‍ പരിശോധനകള്‍ കര്‍ശനമാക്കാന്‍ ജില്ലാ കലക്ടര്‍ പി വിഷ്ണുരാജ് നിര്‍ദ്ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ അവലോകന യോഗത്തിലാണ് ഓണം സീസണ്‍ അവസാനിക്കുന്നത് വരെ ജില്ലാ അതിര്‍ത്തികള്‍, മാര്‍ക്കറ്റുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ പരിശോധനകള്‍ ശക്തിപ്പെടുത്താന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചത്.

ഓണം പ്രമാണിച്ച് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത തുടങ്ങിയവ തടയുന്നതിനായി ജില്ലാ- താലൂക്ക് തലങ്ങളില്‍ പ്രത്യേക പരിശോധനാ സ്‌ക്വാഡുകള്‍ക്ക് ഇതിനകം രൂപം നല്‍കിയിട്ടുണ്ട്. പൊതുവിതരണം, ലീഗല്‍ മെട്രോളജി, ഭക്ഷ്യ സുരക്ഷ, പോലിസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നതാണ് സ്‌ക്വാഡുകള്‍. ഇതിനു പുറമെ, ഓണത്തോടനുബന്ധിച്ച് അവധി ദിവസങ്ങള്‍ കൂടുതലായി വരുന്നത് കണക്കിലെടുത്ത് അനധികൃത ഖനനം, പാടം നികത്തല്‍, കുന്നിടിക്കല്‍, മണ്ണ് കടത്തല്‍ തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ റവന്യൂ, പോലിസ്, ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പരിശോധനാ സ്‌ക്വാഡുകള്‍ക്കും ജില്ലയില്‍ രൂപം നല്‍കിയിട്ടുണ്ട്.

പരിശോധനാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്ക് താലൂക്കുകളുടെ ചുമതലയും നല്‍കി. ഡിഎം ഡെപ്യൂട്ടി കലക്ടര്‍ (കണ്ണൂര്‍), തലശ്ശേരി സബ് കലക്ടര്‍ (തലശ്ശേരി), എല്‍ആര്‍ ഡെപ്യൂട്ടി കലക്ടര്‍ (ഇരിട്ടി), തളിപ്പറമ്പ് ആര്‍ഡിഒ (തളിപ്പറമ്പ്), ആര്‍ആര്‍ ഡെപ്യൂട്ടി കലക്ടര്‍ (പയ്യന്നൂര്‍) എന്നിവരെയാണ് താലൂക്ക്തല ചാര്‍ജ് ഓഫീസര്‍മാരായി നിയമിച്ചത്. അതിര്‍ത്തികള്‍ക്കു പുറമെ, ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലും പരിശോധനാ യൂനിറ്റുകള്‍ സ്ഥാപിക്കാനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.

അതിനിടെ, ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ മറ്റു വകുപ്പുകളുടെ സഹകരണത്തോടെ 96 സ്‌ക്വാഡുകളായി തിരിഞ്ഞ് ജില്ലയിലെ ഭക്ഷ്യവിതരണ കേന്ദ്രങ്ങളില്‍ നടക്കുന്ന പരിശോധനകള്‍ പുരോഗമിക്കുന്നതായി ജില്ലാ കലക്ടര്‍ പറഞ്ഞു. ഇതിനകം 2500ലേറെ സ്ഥാപനങ്ങളിലാണ് പരിശോധനകള്‍ നടത്തിയത്. ഹോട്ടലുകള്‍, കൂള്‍ ബാറുകള്‍, ബേക്കറികള്‍, ജൂസ് കടകള്‍, തട്ടുകടകള്‍, സോഫ്റ്റ് ഡ്രിങ്ക്- ഐസ് ഉല്‍പാദന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 150ലേറെ കടകള്‍ക്ക് പൊതുജനാരോഗ്യ നിയമപ്രകാരം നോട്ടീസ് നല്‍കി. വിവിധ നിയമലംഘനങ്ങള്‍ക്ക് രണ്ട് ലക്ഷത്തിലേറെ രൂപ പിഴയും ഈടാക്കി.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നവര്‍ അക്കാര്യം കലക്ടറേറ്റ് കണ്‍ട്രോള്‍ റൂം നമ്പറായ 9446682300-ല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന വിവരങ്ങള്‍ ഫീല്‍ഡ് സ്‌ക്വാഡുകള്‍ക്ക് അപ്പപ്പോള്‍ കൈമാറുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ട്.

കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ അസിസ്റ്റന്റ് കലക്ടര്‍ എസ് സ്വാതി, എഡിഎം പി എന്‍ പുരുഷോത്തമന്‍, ഡിഎം ഡെപ്യൂട്ടി കലക്ടര്‍ കെ ജി പ്രാണ്‍ സിംഗ്, വകുപ്പ് തലവന്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വൈദ്യുതി പ്രതിസന്ധി മറികടക്കാന്‍ കെഎസ്ഇബി; ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം 50 സബ്‌സ്റ്റേഷനുകളില്‍ സ്ഥാപിക്കാന്‍ പ്രൊപ്പോസല്‍

സംസ്ഥാനത്തെ വൈദ്യുത പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള ഇടപെടലുമായി വൈദ്യുതി വകുപ്പും കെഎസ്ഇബിയും. ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം 50 സബ്‌സ്റ്റേഷനുകളില്‍ സ്ഥാപിക്കാനുള്ള പ്രൊപ്പോസല്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. 1500 കോടി രൂപയുടെ പ്രൊപ്പോസല്‍ ആണ് നല്‍കിയത്. VGF വഴി കേന്ദ്രത്തില്‍ നിന്ന് സാമ്പത്തിക സഹായം വാങ്ങാനുള്ള ഇടപെടലും നടത്തുന്നുണ്ട്.

പുറത്തുനിന്ന് അധിക വിലയ്ക്ക് വൈദ്യുതി വാങ്ങിയാണ് സംസ്ഥാനത്തെ നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കണ്ടത്. ഈ വൈദ്യുതി പീക്ക് സമയത്ത് മാത്രമായി ഉപയോഗിക്കാന്‍ കഴിയില്ല. പീക്ക് സമയത്തെ വൈദ്യുതി ഉപയോഗത്തിനായി സ്റ്റോറേജ് സംവിധാനം ഏര്‍പ്പെടുത്താനുള്ള ആലോചനയിലാണ് കെഎസ്ഇബി. ഇത് സംബന്ധിച്ച വിശദമായ പ്രൊപ്പോസല്‍ വൈദ്യുതമന്ത്രിക്ക് കെഎസ്ഇബി സമര്‍പ്പിച്ചു.

ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം വഴി സംഭരിച്ച വൈദ്യുതി പീക്ക് സമയങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലുള്ള ക്രമീകരണം ഉണ്ടാക്കും. ആയിരം മെഗാവാട്ട് കപ്പാസിറ്റിയുള്ള വലിയ ബാറ്ററി സ്റ്റോറേജ് സംവിധാനം ആയിരിക്കും സ്ഥാപിക്കുക. ഇതിലൂടെ ട്രാന്‍സ്മിഷന്‍ നെറ്റ്വര്‍ക്ക് ശക്തിപ്പെടുത്താന്‍ കഴിയുമെന്നും കെഎസ്ഇബി അറിയിച്ചു. കേരളത്തിലെ 50 സബ്‌സ്റ്റേഷനുകളില്‍ ആയിരിക്കും BESS സ്ഥാപിക്കുക. നിലവില്‍ ആറിടങ്ങളില്‍ പ്രാരംഭഘട്ടമായി ബാറ്ററി എനര്‍ജി സ്റ്റോറേജ് സംവിധാനം ഉണ്ട്. കേന്ദ്രത്തില്‍ നിന്നുള്ള സാമ്പത്തിക സഹായം കൂടി സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ഈ മാസം 23 മുതല്‍ 25 വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു. 23-ാം തീയതി നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട് ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. 24-ാം തീയതി അഞ്ച് ജില്ലകള്‍ക്കാണ് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ളത്. തൃശൂര്‍, എറണാകുളം, ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി

കണ്ണൂര്‍ അഴീക്കോട് നുച്ചിത്തോട് ആയങ്കി ഹൗസില്‍ അര്‍ജ്ജുന്‍ ആയങ്കിക്കെതിരേ (29) കാപ്പ ചുമത്തി ഉത്തരവായി. ഇതുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സിറ്റി പോലിസ് കമ്മീഷണര്‍ സമര്‍പ്പിച്ച ശുപാര്‍ശ ജില്ലാ കലക്ടര്‍ പി വിഷണുരാജ് അംഗീകരിച്ചു. കഴിഞ്ഞ ഏഴ് വര്‍ഷത്തിനുള്ളില്‍ 9 ക്രമിനില്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ സമൂഹത്തിന് ഭീഷണിയാണെന്നും നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പ്രതി ജാമ്യം ലഭിച്ചാല്‍ തുടര്‍ന്നും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുമെന്ന് ബോദ്ധ്യപ്പെട്ട സാഹചര്യത്തില്‍ അത് തടയുകയെന്ന ലക്ഷ്യത്തോടെയാണ് കേരള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമം അനുസരിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.

ഉത്തരവ് ഉടന്‍ നടപ്പില്‍ വരുത്തി ഇയാളെ അറസ്റ്റ് ചെയ്ത് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് മുമ്പാകെ ഹാജരാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സിറ്റി പോലിസ് കമ്മീഷണര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.

കര്‍ഷകരെ ആദരിച്ചു

ഇരിട്ടി:കര്‍ഷക ദിനാചരണത്തിന്റെ ഭാഗമായി ഇരിട്ടി ഫെഡ് ഫാം ഫാര്‍മേഴ്‌സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ഇരിട്ടി വെളിയില്‍പ്പിള്ളില്‍ റെജി തോമസിന്റെ ഭവനത്തില്‍ വെച്ച് കര്‍ഷക കൂട്ടായ്മ സംഘടിപ്പിച്ചു.ഇരിട്ടി നഗരസഭാ ചെയര്‍മാന്‍ വി വിനോദ് കുമാര്‍ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ബെന്നിച്ചന്‍ മഠത്തിനകം അധ്യക്ഷത വഹിച്ചു.കൃഷിയും കാലാവസ്ഥ വ്യതിയാനവും എന്ന വിഷയത്തെ ആസ്പദമാക്കി ചര്‍ച്ചാ ക്ലാസ് നടന്നു.യോഗത്തില്‍, 2026 ലെ മികച്ച കര്‍ഷകരായി തെരഞ്ഞെടുക്കപ്പെട്ട സജി ചെറിയാന്‍ കീഴ്പ്പള്ളി, തോമസ് വട്ടം തൊട്ടിയില്‍ എടൂര്‍,സി.വി സരസ്വതി എന്നിവരെ ആദരിച്ചു.കുര്യന്‍ മൈലാടിയില്‍ ബിനു വെട്ടിക്കാട്ടില്‍, സജി ചെറിയാന്‍ തോമസ് വട്ടംതൊട്ടിയില്‍, സി.വി സരസ്വതി , റെജി തോമസ്, എന്‍. വി ജോസഫ് തുടങ്ങിയവര്‍ സംസാരിച്ചു

ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ

ഓണക്കാലത്തെ യാത്രാത്തിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍നിന്ന് കേരളത്തിലേക്ക് കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച് ദക്ഷിണ റെയില്‍വേ. ബെംഗളൂരു കന്റോണ്‍മെന്റ്, എസ്എംവിടി ബെംഗളൂരു, യശ്വന്ത്പൂര്‍ എന്നീ സ്റ്റേഷനുകളില്‍നിന്ന് തിരുവനന്തപുരം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനിലേക്കും തിരിച്ചുമാണ് പുതിയ എക്‌സ്പ്രസ് സ്‌പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ചത്. മൂന്നു ട്രെയിനുകളും കോട്ടയം വഴിയാണ് സര്‍വീസ് നടത്തുക. ട്രെയിനുകളുടെ സമയക്രമവും മറ്റ് വിവരങ്ങളും ചുവടെ.

  1. ബെംഗളൂരു കന്റോണ്‍മെന്റ് – തിരുവനന്തപുരം നോര്‍ത്ത് (06579/06580)
    ബെംഗളൂരു കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഓഗസ്റ്റ് 28ന് വൈകുന്നേരം 4:40ന് പുറപ്പെടുന്ന ട്രെയിന്‍ 29ന് രാവിലെ 10:30ന് തിരുവനന്തപുരം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരും. 29ന് ഉച്ചയ്ക്ക് 12:40ന് തിരുവനന്തപുരം നോര്‍ത്തില്‍നിന്ന് മടങ്ങുന്ന ട്രെയിന്‍ 30ന് പുലര്‍ച്ചെ 5:15ന് ബെംഗളൂരു കന്റോണ്‍മെന്റില്‍ എത്തിച്ചേരും. കെആര്‍ പുരം, ബംഗരപേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂര്‍, പോഡാനൂര്‍, പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കരുനാഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, വര്‍ക്കല എന്നിവിടങ്ങളില്‍ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടാകും. റിസര്‍വേഷന്‍ 21ന് രാവിലെ എട്ടുമണിമുതല്‍ ആരംഭിച്ചു.
  2. എസ്എംവിടി ബെംഗളൂരു – തിരുവനന്തപുരം നോര്‍ത്ത് (06575/06576)
    എസ്എംവിടി ബെംഗളൂരു റെയില്‍വേ സ്റ്റേഷനില്‍നിന്ന് ഓഗസ്റ്റ് 22ന് വൈകുന്നേരം 4:40ന് പുറപ്പെടുന്ന ട്രെയിന്‍ 23ന് രാവിലെ 10 മണിക്ക് തിരുവനന്തപുരം നോര്‍ത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ചേരും. 23ന് ഉച്ചയ്ക്ക് 12:40ന് തിരുവനന്തപുരം നോര്‍ത്തില്‍നിന്ന് മടങ്ങുന്ന ട്രെയിന്‍ 24ന് പുലര്‍ച്ചെ 5:15ന് ബെംഗളൂരു കന്റോണ്‍മെന്റില്‍ എത്തിച്ചേരും. ബെംഗളൂരു കന്റോണ്‍മെന്റ്, കെആര്‍ പുരം, ബംഗരപേട്ട്, കുപ്പം, സേലം, ഈറോഡ്, തിരുപ്പൂര്‍, പോഡാനൂര്‍, പാലക്കാട്, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂര്‍, മാവേലിക്കര, കായംകുളം കരുനാ?ഗപ്പള്ളി, ശാസ്താംകോട്ട, കൊല്ലം, വര്‍ക്കല എന്നിവിടങ്ങളില്‍ ട്രെയിനിന് സ്റ്റോപ്പ് ഉണ്ടാകും. റിസര്‍വേഷന്‍ 21ന് രാവിലെ എട്ടുമണിമുതല്‍ ആരംഭിച്ചു.