
സംസ്ഥാനത്തെ വൈദ്യുത പ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള ഇടപെടലുമായി വൈദ്യുതി വകുപ്പും കെഎസ്ഇബിയും. ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം 50 സബ്‌സ്റ്റേഷനുകളില്‍ സ്ഥാപിക്കാനുള്ള പ്രൊപ്പോസല്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. 1500 കോടി രൂപയുടെ പ്രൊപ്പോസല്‍ ആണ് നല്‍കിയത്. VGF വഴി കേന്ദ്രത്തില്‍ നിന്ന് സാമ്പത്തിക സഹായം വാങ്ങാനുള്ള ഇടപെടലും നടത്തുന്നുണ്ട്.
പുറത്തുനിന്ന് അധിക വിലയ്ക്ക് വൈദ്യുതി വാങ്ങിയാണ് സംസ്ഥാനത്തെ നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കണ്ടത്. ഈ വൈദ്യുതി പീക്ക് സമയത്ത് മാത്രമായി ഉപയോഗിക്കാന്‍ കഴിയില്ല. പീക്ക് സമയത്തെ വൈദ്യുതി ഉപയോഗത്തിനായി സ്റ്റോറേജ് സംവിധാനം ഏര്‍പ്പെടുത്താനുള്ള ആലോചനയിലാണ് കെഎസ്ഇബി. ഇത് സംബന്ധിച്ച വിശദമായ പ്രൊപ്പോസല്‍ വൈദ്യുതമന്ത്രിക്ക് കെഎസ്ഇബി സമര്‍പ്പിച്ചു.
ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം വഴി സംഭരിച്ച വൈദ്യുതി പീക്ക് സമയങ്ങളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലുള്ള ക്രമീകരണം ഉണ്ടാക്കും. ആയിരം മെഗാവാട്ട് കപ്പാസിറ്റിയുള്ള വലിയ ബാറ്ററി സ്റ്റോറേജ് സംവിധാനം ആയിരിക്കും സ്ഥാപിക്കുക. ഇതിലൂടെ ട്രാന്‍സ്മിഷന്‍ നെറ്റ്വര്‍ക്ക് ശക്തിപ്പെടുത്താന്‍ കഴിയുമെന്നും കെഎസ്ഇബി അറിയിച്ചു. കേരളത്തിലെ 50 സബ്‌സ്റ്റേഷനുകളില്‍ ആയിരിക്കും BESS സ്ഥാപിക്കുക. നിലവില്‍ ആറിടങ്ങളില്‍ പ്രാരംഭഘട്ടമായി ബാറ്ററി എനര്‍ജി സ്റ്റോറേജ് സംവിധാനം ഉണ്ട്. കേന്ദ്രത്തില്‍ നിന്നുള്ള സാമ്പത്തിക സഹായം കൂടി സംസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്.














