
കണ്ണൂര്‍:ഓണക്കാലം സുരക്ഷിതമാക്കുന്നതിനും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുമായി വിവിധ മേഖലകളില്‍ പരിശോധനകള്‍ കര്‍ശനമാക്കാന്‍ ജില്ലാ കലക്ടര്‍ പി വിഷ്ണുരാജ് നിര്‍ദ്ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ അവലോകന യോഗത്തിലാണ് ഓണം സീസണ്‍ അവസാനിക്കുന്നത് വരെ ജില്ലാ അതിര്‍ത്തികള്‍, മാര്‍ക്കറ്റുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളില്‍ പരിശോധനകള്‍ ശക്തിപ്പെടുത്താന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചത്.
ഓണം പ്രമാണിച്ച് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം, പൂഴ്ത്തിവയ്പ്പ്, കരിഞ്ചന്ത തുടങ്ങിയവ തടയുന്നതിനായി ജില്ലാ- താലൂക്ക് തലങ്ങളില്‍ പ്രത്യേക പരിശോധനാ സ്‌ക്വാഡുകള്‍ക്ക് ഇതിനകം രൂപം നല്‍കിയിട്ടുണ്ട്. പൊതുവിതരണം, ലീഗല്‍ മെട്രോളജി, ഭക്ഷ്യ സുരക്ഷ, പോലിസ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നതാണ് സ്‌ക്വാഡുകള്‍. ഇതിനു പുറമെ, ഓണത്തോടനുബന്ധിച്ച് അവധി ദിവസങ്ങള്‍ കൂടുതലായി വരുന്നത് കണക്കിലെടുത്ത് അനധികൃത ഖനനം, പാടം നികത്തല്‍, കുന്നിടിക്കല്‍, മണ്ണ് കടത്തല്‍ തുടങ്ങിയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ റവന്യൂ, പോലിസ്, ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന പരിശോധനാ സ്‌ക്വാഡുകള്‍ക്കും ജില്ലയില്‍ രൂപം നല്‍കിയിട്ടുണ്ട്.
പരിശോധനാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ഡെപ്യൂട്ടി കലക്ടര്‍മാര്‍ക്ക് താലൂക്കുകളുടെ ചുമതലയും നല്‍കി. ഡിഎം ഡെപ്യൂട്ടി കലക്ടര്‍ (കണ്ണൂര്‍), തലശ്ശേരി സബ് കലക്ടര്‍ (തലശ്ശേരി), എല്‍ആര്‍ ഡെപ്യൂട്ടി കലക്ടര്‍ (ഇരിട്ടി), തളിപ്പറമ്പ് ആര്‍ഡിഒ (തളിപ്പറമ്പ്), ആര്‍ആര്‍ ഡെപ്യൂട്ടി കലക്ടര്‍ (പയ്യന്നൂര്‍) എന്നിവരെയാണ് താലൂക്ക്തല ചാര്‍ജ് ഓഫീസര്‍മാരായി നിയമിച്ചത്. അതിര്‍ത്തികള്‍ക്കു പുറമെ, ജില്ലയിലെ പ്രധാന കേന്ദ്രങ്ങളിലും പരിശോധനാ യൂനിറ്റുകള്‍ സ്ഥാപിക്കാനും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു.
അതിനിടെ, ആരോഗ്യ വകുപ്പ്, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവയുടെ നേതൃത്വത്തില്‍ മറ്റു വകുപ്പുകളുടെ സഹകരണത്തോടെ 96 സ്‌ക്വാഡുകളായി തിരിഞ്ഞ് ജില്ലയിലെ ഭക്ഷ്യവിതരണ കേന്ദ്രങ്ങളില്‍ നടക്കുന്ന പരിശോധനകള്‍ പുരോഗമിക്കുന്നതായി ജില്ലാ കലക്ടര്‍ പറഞ്ഞു. ഇതിനകം 2500ലേറെ സ്ഥാപനങ്ങളിലാണ് പരിശോധനകള്‍ നടത്തിയത്. ഹോട്ടലുകള്‍, കൂള്‍ ബാറുകള്‍, ബേക്കറികള്‍, ജൂസ് കടകള്‍, തട്ടുകടകള്‍, സോഫ്റ്റ് ഡ്രിങ്ക്- ഐസ് ഉല്‍പാദന കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ 150ലേറെ കടകള്‍ക്ക് പൊതുജനാരോഗ്യ നിയമപ്രകാരം നോട്ടീസ് നല്‍കി. വിവിധ നിയമലംഘനങ്ങള്‍ക്ക് രണ്ട് ലക്ഷത്തിലേറെ രൂപ പിഴയും ഈടാക്കി.
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്നവര്‍ അക്കാര്യം കലക്ടറേറ്റ് കണ്‍ട്രോള്‍ റൂം നമ്പറായ 9446682300-ല്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു. കണ്‍ട്രോള്‍ റൂമില്‍ ലഭിക്കുന്ന വിവരങ്ങള്‍ ഫീല്‍ഡ് സ്‌ക്വാഡുകള്‍ക്ക് അപ്പപ്പോള്‍ കൈമാറുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ട്.
കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗത്തില്‍ അസിസ്റ്റന്റ് കലക്ടര്‍ എസ് സ്വാതി, എഡിഎം പി എന്‍ പുരുഷോത്തമന്‍, ഡിഎം ഡെപ്യൂട്ടി കലക്ടര്‍ കെ ജി പ്രാണ്‍ സിംഗ്, വകുപ്പ് തലവന്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.














