Hivision Channel

Kerala news

കേരളത്തിലെ നിപ വൈറസ് ബാധ;: സാഹചര്യം സൂക്ഷ്മമായി നിരീക്ഷിച്ച് കേന്ദ്രം

കേരളത്തില്‍ വീണ്ടും നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ സാഹചര്യം അതീവ ഗൗരവത്തോടെ വീക്ഷിച്ച് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനത്തെ നിലവിലെ അവസ്ഥ കേന്ദ്ര ആരോഗ്യ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും രോഗവ്യാപനം തടയാന്‍ ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പാക്കിയിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

രോഗബാധ സംശയിക്കുന്നവരുടെയും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളവരുടെയും സാമ്പിളുകള്‍ അടിയന്തരമായി പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിലേക്ക് വിശദമായ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഇവിടെ നിന്നുള്ള ഔദ്യോഗിക ഫലപ്രഖ്യാപനത്തിന് ശേഷം മാത്രമേ വൈറസ് ബാധയുടെ തീവ്രതയും കൃത്യമായ ഉറവിടവും സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരികയുള്ളൂ. പരിശോധനാ ഫലങ്ങള്‍ എത്രയും വേഗം ലഭ്യമാക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്.

നിപ വൈറസ് ബാധ ഫലപ്രദമായി പ്രതിരോധിക്കുന്നതിനും നിയന്ത്രിക്കുന്നതിനും മുന്‍പ് നിശ്ചയിച്ചിട്ടുള്ള സ്റ്റാന്‍ഡേര്‍ഡ് പ്രോട്ടോക്കോളുകളും പ്രവര്‍ത്തന നടപടിക്രമങ്ങളും കര്‍ശനമായി നടപ്പിലാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. നിലവിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന ആരോഗ്യ വകുപ്പുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്. സംസ്ഥാനത്തിന് ആവശ്യമായ സാങ്കേതിക സഹായങ്ങളും വിദഗ്‌ധോപദേശങ്ങളും നല്‍കാന്‍ കേന്ദ്രസംഘം സന്നദ്ധമാണെന്നും മന്ത്രാലയം അറിയിച്ചു. പൊതുജനങ്ങള്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും ആരോഗ്യ വകുപ്പ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

മെമ്മറി കാര്‍ഡും പെന്‍ഡ്രൈവും ഹാജരാക്കണം” നടിയെ ആക്രമിച്ച കേസില്‍ സുപ്രധാന നിര്‍ദേശം നല്‍കി ഹൈക്കോടതി

നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡ് ഹാജരാക്കാന്‍ നിര്‍ദേശം നല്‍കി ഹൈക്കോടതി. മെമ്മറി കാര്‍ഡും പെന്‍ഡ്രൈവും നേരിട്ട് ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. അതിജീവിതയുടെ ആവശ്യം പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്നും ഹൈക്കോടതി അറിയിച്ചു. മെമ്മറി കാര്‍ഡ് പരിശോധനയില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് അതിജീവിത നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ ഫൊറന്‍സിക് വിദഗ്ധരെ ഉള്‍പ്പെടുത്തി അന്വേഷണം വേണമെന്നാണ് അതിജീവിതയുടെ ആവശ്യം. നിയമവിരുദ്ധമായി മെമ്മറി കാര്‍ഡ് തുറന്നു പരിശോധിച്ചെന്ന വിഷയത്തില്‍ എറണാകുളം ജില്ലാ സെഷന്‍സ് ജഡ്ജി നല്‍കിയ അന്വേഷണ റിപ്പോര്‍ട്ട് വസ്തുതാ വിരുദ്ധവും നിയമപരമായി നിലനില്‍ക്കാത്തതുമാണെന്ന് കാണിച്ചാണ് ഹര്‍ജി നല്‍കിയിട്ടുള്ളത്.

”മെമ്മറി കാര്‍ഡും പെന്‍ഡ്രൈവും ഹാജരാക്കണം”; നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചു പൊലീസ് തലപ്പത്ത് അടിമുടി മാറ്റം; എഡിജിപി എസ്. ശ്രീജിത്ത് പുതിയ ജയില്‍ മേധാവി, ബല്‍റാം കുമാര്‍ ഉപാധ്യായ ബറ്റാലിയന്‍ എഡിജിപി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷക വൃന്ദ ഗ്രോവറാണ് അതിജീവിതയ്ക്കായി ഹാജരാകുന്നത്. കേസ് കോടതിയുടെ പരിഗണനയിലിരിക്കെ മൂന്നു തവണ മെമ്മറി കാര്‍ഡ് തുറന്നു പരിശോധിച്ചതായി ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായിരുന്നു.

കൂടുതല്‍ കുട്ടികളുടെ പരിശോധന ഫലം ഇന്ന്

വയനാട്ടിലെ ഷിഗെല്ല ബാധയില്‍ കൂടുതല്‍ കുട്ടികളുടെ പരിശോധന ഫലം ഇന്ന്. നിലവില്‍ രോഗം സ്ഥിരീകരിച്ചത് 9 കുട്ടികള്‍ക്ക് ആണ്. ജില്ലയില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ഇന്നലെയാണ് ഒരു കുട്ടിക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. നിലവില്‍ 502 കുട്ടികളാണ് കോളിയാടി സ്‌കൂളില്‍ രോഗലക്ഷണങ്ങളുമായി ചികിത്സ തേടിയിട്ടുള്ളത്. നിലവില്‍ 47 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നുണ്ട്. അതേസമയം, സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നത് ഒഴിവാക്കാന്‍ മൂന്ന് പഞ്ചായത്തിലും ബത്തേരി നഗരസഭയിലും സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്. കുട്ടികളുമായി പുറത്തു പോകുന്നതും പരിപാടികളില്‍ പങ്കെടുക്കുന്നതും ഒഴിവാക്കണമെന്ന് രക്ഷിതാക്കളോട് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഇന്ത്യന്‍ ഷൂട്ടിംഗ് ഇതിഹാസം ജസ്പാല്‍ റാണ അന്തരിച്ചു

ഇന്ത്യന്‍ ഷൂട്ടിംഗ് ഇതിഹാസം ജസ്പാല്‍ റാണ അന്തരിച്ചു. മാക്‌സ് സാകേത് ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. മ്യൂണിക്കില്‍ നടന്ന ഐഎസ്എസ്എഫ് ലോകകപ്പില്‍ നിന്ന് ഇന്ത്യയിലേക്ക് മടങ്ങുമ്പോള്‍ അസ്വസ്ഥത അനുഭവപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്. ഡല്‍ഹിയില്‍ തിരിച്ചെത്തിയ അദേഹത്തെ സാകേതിലെ മാക്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ഏഷ്യന്‍ ഗെയിംസില്‍ 4 സ്വര്‍ണ്ണം ഉള്‍പ്പെടെ എട്ട് മെഡല്‍ നേടിയിട്ടുണ്ട്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 9 സ്വര്‍ണ ഉള്‍പ്പെടെ 15 മെഡല്‍ നേടിയിട്ടുണ്ട്. രാജ്യം പത്മശ്രീ, അര്‍ജുന, ദ്രോണ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചിട്ടുണ്ട്. മനു ഭാക്കര്‍ പാരിസ് ഒളിമ്പിക്‌സില്‍ ഇരട്ട മെഡല്‍ നേടിയപ്പോള്‍ പരിശീലകനായിരുന്നു. 1996 അറ്റ്‌ലാന്‍ഡ ഒളിമ്പിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചു.

1976 ജൂണ്‍ 28 ന് ഉത്തരാഖണ്ഡില്‍ ജനിച്ച റാണ 1994 ല്‍ മിലാനില്‍ നടന്ന ലോക ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ജൂനിയര്‍ വിഭാഗത്തില്‍ ലോക റെക്കോര്‍ഡ് സ്‌കോറോടെ സ്വര്‍ണം നേടി. ആ വര്‍ഷം തന്നെ ഏഷ്യന്‍ ഗെയിംസില്‍ 25 മീറ്റര്‍ സെന്റര്‍ ഫയര്‍ പിസ്റ്റള്‍ ഇനത്തില്‍ സ്വര്‍ണം നേടി. മ്പത് സ്വര്‍ണ്ണ മെഡലുകള്‍ ഉള്‍പ്പെടെ 15 മെഡലുകള്‍ നേടിയിട്ടുള്ള അദ്ദേഹം ഇപ്പോഴും ഇന്ത്യയിലെ ഏറ്റവും വിജയകരമായ കോമണ്‍വെല്‍ത്ത് ഗെയിംസ് ഷൂട്ടര്‍മാരില്‍ ഒരാളാണ്.

2006-ല്‍ ദോഹയില്‍ നടന്ന ഏഷ്യന്‍ ഗെയിംസിലാണ് അദ്ദേഹത്തിന്റെ ഏറ്റവും അവിസ്മരണീയമായ പ്രകടനം നടന്നത്. മൂന്ന് സ്വര്‍ണ്ണ മെഡലുകള്‍ നേടുകയും 25 മീറ്റര്‍ സെന്റര്‍ ഫയര്‍ പിസ്റ്റള്‍ ഇനത്തില്‍ ലോക റെക്കോര്‍ഡ് ചെയ്തു. 18-ാം വയസ്സില്‍ അര്‍ജുന അവാര്‍ഡ് ലഭിച്ച റാണ മൂന്ന് വര്‍ഷത്തിന് ശേഷം പത്മശ്രീ നല്‍കി ആദരിച്ചു. 1994, 1998, 2002, 2006 എന്നീ വര്‍ഷങ്ങളില്‍ നാല് കോമണ്‍വെല്‍ത്ത് ഗെയിംസുകളില്‍ പങ്കെടുത്തിരുന്നു.

കോഴിക്കോട് നിപ സ്ഥിരീകരിച്ച 43കാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

കോഴിക്കോട് നിപ സ്ഥിരീകരിച്ച 43കാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. ഐസൊലേഷന്‍ വാര്‍ഡില്‍ വെന്റിലേറ്ററിലാണ് രോഗി ചികിത്സയിലുള്ളത്. രോഗിയുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് ഇന്നലെ പുറത്തുവിട്ടിരുന്നു. മെയ് 30 മുതല്‍ ജൂണ്‍ 10 വരെയുള്ള രോഗിയുടെ സഞ്ചാരപാതയാണ് പുറത്തുവിട്ടത്. രോഗിയുമായി അടുത്ത് സമ്പര്‍ക്കം പുലര്‍ത്തിയ ഹൈയസ്റ്റ് റിസ്‌ക്, ഹൈറിസ്‌ക് വിഭാഗത്തില്‍ ഉള്‍പ്പെട്ട 15 പേരെ ഹോം ക്വാറന്റൈനിലാക്കി. ക്ലസ്റ്ററുകള്‍ തിരിച്ചുള്ള നിരീക്ഷണവും ആരോഗ്യവകുപ്പ് ശക്തമാക്കിയിട്ടുണ്ട്.

ജില്ലയില്‍ നിപ രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. നിപ രോഗബാധ സ്ഥിരീകരിച്ചയാളുടെ സമ്പര്‍ക്ക പട്ടികയില്‍ നിലവില്‍ 77 പേരാണുള്ളത്. ഇതില്‍ 58 പേര്‍ ആരോഗ്യ പ്രവര്‍ത്തകരും 14 പേര്‍ കുടുംബാംഗങ്ങളും അഞ്ചുപേര്‍ സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമാണ്. ഇവരില്‍ ആര്‍ക്കും നിലവില്‍ രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

സമ്പര്‍ക്ക പട്ടികയിലെ രണ്ടുപേര്‍ ഹൈയസ്റ്റ് റിസ്‌ക് വിഭാഗത്തിലും 13 പേര്‍ ഹൈ റിസ്‌ക് വിഭാഗത്തിലും 62 പേര്‍ ലോ റിസ്‌ക് വിഭാഗത്തിലും ആണുള്ളത്. ഇതില്‍ ഹൈയസ്റ്റ്, ഹൈ റിസ്‌ക് വിഭാഗത്തില്‍പ്പെട്ട എല്ലാവരും ക്വാറന്റൈനിലാണ്. സംശയനിവാരണത്തിനായി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. ഫോണ്‍: 0495 2373 901, 9072007767 എന്നിവയാണ് കണ്‍ട്രോള്‍ റൂം നമ്പര്‍.

ഇന്നും ശക്തമായ മഴ തുടരും

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരും. ഇന്ന് എട്ട് ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. എറണാകുളം, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, തൃശൂര്‍, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ് നല്‍കി. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ അതിക്തമായ കാറ്റിനും സാധ്യതയുണ്ട്.

കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരും. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരളതീരത്ത് ഉയര്‍ന്ന തിരമാലക്കും കടലേറ്റത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം.

പകര്‍ച്ചവ്യാധി ഭീഷണിയില്‍ സംസ്ഥാനം;പകര്‍ച്ചപ്പനി ബാധിച്ച് ഇന്നലെ ചികിത്സ തേടിയത് 13,025 പേര്‍

പകര്‍ച്ചവ്യാധി ഭീഷണിയില്‍ സംസ്ഥാനം. പകര്‍ച്ചപ്പനി ബാധിച്ച് 13,025 പേരാണ് ഇന്നലെ ആശുപത്രികളില്‍ ചികിത്സ തേടിയത്. ഇന്നലെ മാത്രം നാലുപേര്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. ഒരു ഡെങ്കിപ്പനി മരണവും ഒരു എലിപ്പനി മരണവും ഇന്നലെ റിപ്പോര്‍ട്ട് ചെയ്തു.ഇന്നലെ 134 പേര്‍ക്കാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ഷിഗെല്ല വ്യാപനത്തിന്റെ കണക്കുകളും ആശങ്കപ്പെടുത്തുന്നതാണ്. ഈ മാസം ഇതുവരെ 38 പേര്‍ക്കാണ്ഷിഗെല്ല സ്ഥിരീകരിച്ചത്.

സംസ്ഥാനത്ത് ഇന്നലെ ഷിഗെല്ല നാലുപേര്‍ക്ക് സ്ഥിരീകരിച്ചത്. മലപ്പുറം 2, കോഴിക്കോട് 1, വയനാട്-1 എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. 6 മാസത്തിനുള്ളില്‍ ഷിഗല്ല മൂലം 2 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇന്നലെ 11 പേര്‍ക്ക് എലിപ്പനിയും 3 പേര്‍ക്ക് മലേറിയയും സ്ഥിരീകരിച്ചു. മലപ്പുറത്ത് പകര്‍ച്ചപ്പനി ബാധിച്ച് 2495 പേരാണ് ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയത്. ബുധനാഴ്ച ഡെങ്കിപ്പനി സ്ഥിരീകരിച്ചത് 72 പേര്‍ക്ക്, എലിപ്പനി 13 പേര്‍ക്ക്, മലേറിയ നാല് പേര്‍ക്ക്, ഷിഗല്ല ഏഴുപേര്‍ക്ക്. ചൊവ്വാഴ്ച 10 പേര്‍ക്ക് ഷിഗെല്ലയും സ്ഥിരീകരിച്ചിരുന്നു.

വീട്ടുമുറ്റത്തെ എർത്ത് കമ്പിയിൽ നിന്നും ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

ഇരിട്ടി: കൂട്ടുപുഴ പേരട്ടയിൽ വീട്ടുമുറ്റത്തെ എർത്ത് കമ്പിയിൽ നിന്നും ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. പേരട്ട കുണ്ടേരി ഉപദേശിക്കുന്നിലെ പനക്കൽ ഹൌസിൽ അഖിലേഷ് (26) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ വീട്ടു മുറ്റത്ത് സ്ഥാപിച്ച എർത്ത് കമ്പിക്ക് സമീപം മരിച്ചു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. വീട്ടിൽ മൊബൈൽ കവറേജ് ലഭിക്കാത്തതിനാൽ ചൊവ്വാഴ്ച രാത്രി സമീപത്തെ വീട്ടിൽ പോയശേഷം 10.30തോടെയാണ് അഖിലേഷ് വീട്ടിൽ എത്തിക്കിടന്നത്‌. ഇതിനു ശേഷം വീട്ടിൽ നിന്നും പുറത്തിറങ്ങിയപ്പോൾ വീട്ടിലെ വൈദ്യുതി മെയിൻ സ്വിച്ച് ബോർഡിൽ നിന്നും മുറ്റത്ത് സ്ഥാപിച്ച മഴമൂലം നനഞ്ഞു കിടന്ന എർത്ത്‌ കമ്പിയിൽ ചവിട്ടിയപ്പോൾ ഷോക്കേറ്റു മരിച്ചതാവാം എന്നാണ് നിഗമനം. പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം വ്യാഴാഴ്ച ഉച്ചയോടെ മൃതദേഹം വീട്ടിലെത്തിച്ച് സംസ്കരിച്ചു. പനക്കൽ മോഹനന്റേയും കുസുമത്തിന്റേയും മകനാണ്. സഹോദരങ്ങൾ : അനീഷ്, അഭിജിത്ത്.

വീണാ ജോര്‍ജിനെതിരായ കരിങ്കൊടി പ്രതിഷേധം, വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഒഴിവാക്കി പൊലീസ് റിപ്പോര്‍ട്ട്

മുന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജിനെതിരായ കരിങ്കൊടി പ്രതിഷേധം. വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഒഴിവാക്കി പൊലീസ് റിപ്പോര്‍ട്ട്. ഇന്നലെയാണ് അന്തിമ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്. കുറ്റപത്രത്തില്‍ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ഇല്ല. കൊല്ലണമെന്ന ഉദ്ദേശത്തോടെയുള്ള വധശ്രമം, ആയുധം ഉപയോഗിച്ചുള്ള അക്രമം തുടങ്ങിയ ഗുരുതര വകുപ്പുകള്‍ ഒഴിവാക്കി.

സംസ്ഥാനത്ത് ശക്തമായ മഴ തുടരും, 9 ജില്ലകളില്‍ മഴമുന്നറിയിപ്പ്

സംസ്ഥാനത്ത് ശക്തമായ മഴ തുടരാന്‍ സാധ്യത. 9 ജില്ലകളില്‍ മഴമുന്നറിയിപ്പ്. എറണാകുളം തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്. ഇന്ന് തിരുവനന്തപുരം,കോട്ടയം ഇടുക്കി പാലക്കാട്,കോഴിക്കോട് കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (ISOL H) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.

നാളെ 8 ജില്ലകളില്‍ മഴമുന്നറിയിപ്പ്. എറണാകുളം ഇടുക്കി ജില്ലകളില്‍ നാളെ ഓറഞ്ച് അലേര്‍ട്ട്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.അതേസമയം, അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മറ്റു ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.