Hivision Channel

Kerala news

ഓണത്തിന് ഒരു കൊട്ടപൂവ്: വിളവെടുപ്പിന് ഒരുങ്ങി 50 ഹെക്ടറിലെ കൃഷി, ലക്ഷ്യം 200 ടൺ പൂക്കൾ

കണ്ണൂർ:ജില്ലാ പഞ്ചായത്തിന്റെ ‘ഓണത്തിന് ഒരു കൊട്ടപൂവ്’ പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തുകളിൽ പൂക്കൾ വിളവെടുപ്പിന് ഒരുങ്ങി. വിവിധ പഞ്ചായത്തുകളിലെ 550 കർഷക ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ 50 ഹെക്ടറിലാണ് കൃഷിയിറക്കിയത്. ജില്ലാതല വിളവെടുപ്പ് ഉദ്ഘാടനം അഴീക്കോട് ചാൽ ബീച്ചിലെ പി സിലേഷിന്റെ പൂകൃഷിയിടത്തിൽ ആഗസ്റ്റ് 23ന് രാവിലെ 9ന് മുൻ മന്ത്രി പി കെ ശ്രീമതി ടീച്ചർ നിർവഹിക്കും.

ഓണത്തിന് തദ്ദേശീയമായി പൂക്കൾ ലഭ്യമാക്കുക, പുഷ്പ കൃഷി പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം. 2022-23 വാർഷിക പദ്ധതിയിൽ ഇതിനായി 10 ലക്ഷം രൂപ വകയിരുത്തിയിരുന്നു. ജില്ലയിൽ ഗുണമേന്മയുള്ള ഒന്നര ലക്ഷത്തോളം ചെണ്ടുമല്ലി തൈകളാണ് കൃഷി ഭവൻ മുഖേന സൗജന്യമായി നൽകിയത്. ചുരുങ്ങിയത് 15 സെന്റ് കൃഷിസ്ഥലമുള്ള 550 ഗ്രൂപ്പുകളാണ് പദ്ധതിയുടെ ഭാഗമായത്. മഞ്ഞ, ഓറഞ്ച് നിറത്തിലുളള ഹൈബ്രിഡ് ചെണ്ടുമല്ലി തൈകളാണ് നൽകിയിരുന്നത്. പ്രായമായ ഒരു ചെടിയിൽ നിന്ന് ശരാശരി ഒന്നര കിലോഗ്രാം പൂക്കൾ ലഭിക്കും. ഇത്തവണ കാലാവസ്ഥ അനുകൂലമായതിനാൽ 200 ടൺ വരെ പൂക്കൾ ലഭിക്കുമെന്നാണ് ജില്ലാ പഞ്ചായത്തിന്റെ പ്രതീക്ഷ.

ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു

പാലപ്പുഴ: കോണ്‍ഗ്രസ് പാലപ്പുഴ 76-ാം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. കെ.പി.സി.സി സെക്രട്ടറി ചന്ദ്രന്‍ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. ബൂത്ത് പ്രസിഡണ്ട് സി.കെ പ്രകാശന്‍ അധ്യക്ഷനായി. ഡി.സി.സി സെക്രട്ടറി ബൈജു വര്‍ഗീസ്, സി.ജെ മാത്യു, യു.ഡി.എഫ് കണ്‍വീനര്‍ വി. രാജു, നാരായണന്‍ മാസ്റ്റര്‍, ഗോപി മാസ്റ്റര്‍, കൃഷ്ണന്‍ മാസ്റ്റര്‍, ദിവാകരന്‍ മാസ്റ്റര്‍, കുഞ്ഞിരാമന്‍ മാസ്റ്റര്‍, തെങ്ങുംപള്ളില്‍ കുഞ്ഞൂട്ടി, ഗിരീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

സൗജന്യ ഓണക്കിറ്റ്: മുഖ്യമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും, വിതരണം മറ്റന്നാള്‍ മുതല്‍

സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം മറ്റന്നാള്‍ മുതല്‍ തുടങ്ങും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. വൈകുന്നേരം 4 മണിക്ക് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനിലിന്റെ അധ്യക്ഷതയിലാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. തുണിസഞ്ചി ഉള്‍പ്പെടെ 14 ഇനം സാധനങ്ങള്‍ ഉള്‍പ്പെടുന്നതാണ് സൗജന്യ ഓണക്കിറ്റ്. ഭക്ഷ്യക്കിറ്റുകളുടെ ജില്ലാതല വിതരണോദ്ഘാടനവും നാളെ വൈകുന്നേരം എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ബന്ധപ്പെട്ട ജനപ്രതിനിധികള്‍ നിര്‍വ്വഹിക്കും. ഓഗസ്റ്റ് 23,24 തീയതികളില്‍ (ചൊവ്വാഴ്ചയും ബുധനാഴ്ചയും) മഞ്ഞ കാര്‍ഡുടമകള്‍ക്കും ഓഗസ്റ്റ് 25, 26, 27 തീയതികളില്‍ (വ്യാഴം,വെള്ളി ,ശനി) പിങ്ക് കാര്‍ഡുടമകള്‍ക്കും ഓഗസ്റ്റ് 29, 30, 31 തീയതികളില്‍ നീല കാര്‍ഡ് ഉളളവര്‍ക്കും സെപ്റ്റംബര്‍ 1, 2, 3 തീയതികളില്‍ വെള്ള കാര്‍ഡുടമകള്‍ക്കുമാണ് സൗജന്യ ഭക്ഷ്യ കിറ്റുകള്‍ വിതരണം നടത്തുന്നതാണ്. ഏതെങ്കിലും കാരണങ്ങളാല്‍ ഈ ദിവസങ്ങളില്‍ ഓണക്കിറ്റ് വാങ്ങാന്‍ കഴിയാത്തവര്‍ക്ക് സെപ്റ്റംബര്‍ 4, 5, 6,7 തീയതികളില്‍ കിറ്റ് വാങ്ങാവുന്നതാണ്. ഓണ ശേഷം കിറ്റ് വിതരണം ഉണ്ടാവില്ല. എല്ലാ റേഷന്‍ കാര്‍ഡുടമകളും അവരവരുടെ റേഷന്‍ കടകളില്‍ നിന്ന് തന്നെ കിറ്റുകള്‍ കൈപ്പറ്റേണ്ടതാണ്. റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് നിലവിലുള്ള പോര്‍ട്ടബിലിറ്റി സംവിധാനം കിറ്റുകള്‍ കൈപ്പറ്റുന്ന കാര്യത്തില്‍ ഓഴിവാക്കണമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അറിയിച്ചു. ക്ഷേമ സ്ഥാപനങ്ങളിലേക്കുള്ള ഭക്ഷ്യ കിറ്റുകളുടെ വിതരണം സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള എല്ലാ ക്ഷേമ സ്ഥാപനങ്ങളിലും പൊതുവിതരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ മുഖേന വാതില്‍പ്പടിയായി എത്തിക്കുന്നതാണ്. അതുപോലെ ആദിവാസി ഊരുകളില്‍ ഭക്ഷ്യകിറ്റ് വാതില്‍പ്പടിയായി വിതരണം നടത്തുമെന്നും മന്ത്രി അറിയിച്ചു.

ബിരിയാണി ചലഞ്ച്

കൊളക്കാട്: ജനാധിപത്യ മഹിളാ അസോസിയേഷന്‍ കണ്ണൂര്‍ ജില്ലാ ആസ്ഥാനത്തിനായി നിര്‍മ്മിക്കുന്ന സുശീല ഗോപാലന്‍ സ്മാരക മന്ദിരത്തിന്റെ ധനശേഖരണാര്‍ത്ഥം ജനാധിപത്യ മഹിളാ അസോസിയേഷന്‍ കൊളക്കാട്, കാടന്‍മല യൂണിറ്റുകളുടെ നേതൃത്വത്തില്‍ ബിരിയാണി ചലഞ്ച് നടത്തി. സന്ധ്യാ ഷാജു, സുബിത സതീഷ്, സി.സി സന്തോഷ്, കെ,വി സുരേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

സി.ഐ.ടി.യു പേരാവൂര്‍ ഏരിയ സമ്മേളനം

പേരാവൂര്‍: സി.ഐ.ടി.യു പേരാവൂര്‍ ഏരിയ സമ്മേളനം പേരാവൂര്‍ റോബിന്‍സ് ഹാളില്‍ നടന്നു. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി ടി.പി ശ്രീധരന്‍ ഉദ്ഘാടനം ചെയ്തു. കെ.ടി ജോസ് അധ്യക്ഷത വഹിച്ചു. ജോയികുട്ടി കെ.ജെ, ടി കൃഷ്ണന്‍, കാര്‍ത്തിയാനി, കെ.കെ നാരായണന്‍, പി.വി പ്രഭാകരന്‍, സി.ടി അനീഷ്, സി സജീവന്‍, എം.സി.ഡി പട്ടാനൂര്‍, സന്തോഷ്, വിജി മോഹന്‍, ബിന്ദു എം, നിഷ കെ തുടങ്ങിയവര്‍ സംസാരിച്ചു.

സംസ്ഥാനത്ത് ഇന്നുമുതല്‍ മഴ ശക്തമാകാന്‍ സാധ്യത

സംസ്ഥാനത്ത് ഇടവേളക്ക് ശേഷം ഇന്നുമുതല്‍ മഴ ശക്തമാകാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളിലാണ് മഴയ്ക്ക് സാധ്യതയുള്ളത്. അതേസമയം, മൂന്ന് ദിവസങ്ങളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. 22, 23, 24 തീയതികളിലാണ് മുന്നറിയിപ്പ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളായ ഉത്തരാഖണ്ഡ്, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളില്‍ മഴ ശക്തമായി തുടരുകയാണ്.

മുന്നറിയിപ്പ് നല്‍കിയ ജില്ലകള്‍

തിങ്കള്‍: കോട്ടയം, എറണാകുളം, ഇടുക്കി
ചൊവ്വ: കോട്ടയം, എറണാകുളം, ഇടുക്കി
ബുധന്‍: കോട്ടയം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

എക്സൈസ് ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതിനും ഡ്യൂട്ടി തടസപ്പെടുത്തിനും കേളകം പോലീസിൽ പരാതി

പേരാവൂർ: എക്സൈസ് ഓഫീസിലെ അബ്കാരി കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായി രാമച്ചിയിൽ പ്രവർത്തിക്കുന്ന കുലചിത്ര ജിമേഷ് എന്നയാളുടെ ഉടമസ്ഥതതിയിലുള്ള പന്നിഫാമിൽ എത്തിയ പേരാവൂർ എക്സൈസ് ഇൻസ്പെക്ടറെയും സംഘത്തെയും ഫാമിൽ ജോലി ചെയ്ത് കൊണ്ടിരുന്ന തച്ചനാനിയിൽ ഷൈജു എന്നയാൾ കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ഔദ്യോഗിക കൃത്യ നിർവ്വഹണം തടസപ്പെടുത്തുകയും ചെയ്തതിനാണ് എക്സൈസ് ഉദ്യോഗസ്ഥർ കേളകം പോലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്.

പോലീസ് സ്ഥലത്ത് എത്തി അന്വേഷിച്ചെങ്കിലും ഷൈജു ഒളിവിൽ പോയി.നിരവധി കേസുകളിൽ പ്രതിയാണ് ഇയാൾ.

പ്രതിഷേധ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു

പേരാവൂര്‍ : എസ്.ഡി.പി.ഐ പേരാവൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു. ചെവിടിക്കുന്നില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ റാലി പേരാവൂര്‍ പഴയ ബസ്സ്റ്റാന്റ് പരിസരത്ത് സമാപിച്ചു.

ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു

തലക്കാണി: ചൈല്‍ഡ് ലൈന്‍, തലക്കാണി ഗവ.യു.പി സ്‌കൂള്‍ എന്നിവര്‍ സംയുക്തമായി വിദ്യാര്‍ത്ഥികള്‍ക്കായി ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഷിജോ ജോസഫ് ക്ലാസെടുത്തു. ഹെഡ്മാസ്റ്റര്‍ സാറ എന്‍, ജെസ്സി കെ.പി, ഷീല കെ എസ് എന്നിവര്‍ സംസാരിച്ചു.

ലോണ്‍ സബ്‌സിഡി ലൈസന്‍സ് മേള

കാക്കയങ്ങാട്: വ്യവസായ വാണിജ്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടക്കുന്ന സംരംഭക വര്‍ഷം 2022-23ന്റെ ഭാഗമായി മുഴക്കുന്ന് ഗ്രാമപഞ്ചായത്തില്‍ ലോണ്‍ സബ്‌സിഡി ലൈസന്‍സ് മേള സംഘടിപ്പിച്ചു. കാക്കയങ്ങാട് ശ്രീപാര്‍വതി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി മുഴക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ബിന്ദു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് സി.കെ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ എ.വനജ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.വി ബിന്ദു, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.വി വിനോദ്, കേരള ഗ്രാമീണ്‍ ബാങ്ക് കാക്കയങ്ങാട് ബ്രാഞ്ച് മാനേജര്‍ വിനയരാജ്, പേരാവൂര്‍ ബ്രാഞ്ച് മാനേജര്‍ രജിത്ത്, കെ അഖില്‍,എം. നിവേദ് എന്നിവര്‍ സംസാരിച്ചു.