Hivision Channel

സൗജന്യ ഓണക്കിറ്റ്: മുഖ്യമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും, വിതരണം മറ്റന്നാള്‍ മുതല്‍

സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വിതരണം മറ്റന്നാള്‍ മുതല്‍ തുടങ്ങും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. വൈകുന്നേരം 4 മണിക്ക് ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി.ആര്‍ അനിലിന്റെ അധ്യക്ഷതയിലാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. തുണിസഞ്ചി ഉള്‍പ്പെടെ 14 ഇനം സാധനങ്ങള്‍ ഉള്‍പ്പെടുന്നതാണ് സൗജന്യ ഓണക്കിറ്റ്. ഭക്ഷ്യക്കിറ്റുകളുടെ ജില്ലാതല വിതരണോദ്ഘാടനവും നാളെ വൈകുന്നേരം എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും ബന്ധപ്പെട്ട ജനപ്രതിനിധികള്‍ നിര്‍വ്വഹിക്കും. ഓഗസ്റ്റ് 23,24 തീയതികളില്‍ (ചൊവ്വാഴ്ചയും ബുധനാഴ്ചയും) മഞ്ഞ കാര്‍ഡുടമകള്‍ക്കും ഓഗസ്റ്റ് 25, 26, 27 തീയതികളില്‍ (വ്യാഴം,വെള്ളി ,ശനി) പിങ്ക് കാര്‍ഡുടമകള്‍ക്കും ഓഗസ്റ്റ് 29, 30, 31 തീയതികളില്‍ നീല കാര്‍ഡ് ഉളളവര്‍ക്കും സെപ്റ്റംബര്‍ 1, 2, 3 തീയതികളില്‍ വെള്ള കാര്‍ഡുടമകള്‍ക്കുമാണ് സൗജന്യ ഭക്ഷ്യ കിറ്റുകള്‍ വിതരണം നടത്തുന്നതാണ്. ഏതെങ്കിലും കാരണങ്ങളാല്‍ ഈ ദിവസങ്ങളില്‍ ഓണക്കിറ്റ് വാങ്ങാന്‍ കഴിയാത്തവര്‍ക്ക് സെപ്റ്റംബര്‍ 4, 5, 6,7 തീയതികളില്‍ കിറ്റ് വാങ്ങാവുന്നതാണ്. ഓണ ശേഷം കിറ്റ് വിതരണം ഉണ്ടാവില്ല. എല്ലാ റേഷന്‍ കാര്‍ഡുടമകളും അവരവരുടെ റേഷന്‍ കടകളില്‍ നിന്ന് തന്നെ കിറ്റുകള്‍ കൈപ്പറ്റേണ്ടതാണ്. റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് നിലവിലുള്ള പോര്‍ട്ടബിലിറ്റി സംവിധാനം കിറ്റുകള്‍ കൈപ്പറ്റുന്ന കാര്യത്തില്‍ ഓഴിവാക്കണമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അറിയിച്ചു. ക്ഷേമ സ്ഥാപനങ്ങളിലേക്കുള്ള ഭക്ഷ്യ കിറ്റുകളുടെ വിതരണം സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ള എല്ലാ ക്ഷേമ സ്ഥാപനങ്ങളിലും പൊതുവിതരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ മുഖേന വാതില്‍പ്പടിയായി എത്തിക്കുന്നതാണ്. അതുപോലെ ആദിവാസി ഊരുകളില്‍ ഭക്ഷ്യകിറ്റ് വാതില്‍പ്പടിയായി വിതരണം നടത്തുമെന്നും മന്ത്രി അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *