Hivision Channel

ഓണത്തിന് ഒരു കൊട്ടപൂവ്: വിളവെടുപ്പിന് ഒരുങ്ങി 50 ഹെക്ടറിലെ കൃഷി, ലക്ഷ്യം 200 ടൺ പൂക്കൾ

കണ്ണൂർ:ജില്ലാ പഞ്ചായത്തിന്റെ ‘ഓണത്തിന് ഒരു കൊട്ടപൂവ്’ പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തുകളിൽ പൂക്കൾ വിളവെടുപ്പിന് ഒരുങ്ങി. വിവിധ പഞ്ചായത്തുകളിലെ 550 കർഷക ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ 50 ഹെക്ടറിലാണ് കൃഷിയിറക്കിയത്. ജില്ലാതല വിളവെടുപ്പ് ഉദ്ഘാടനം അഴീക്കോട് ചാൽ ബീച്ചിലെ പി സിലേഷിന്റെ പൂകൃഷിയിടത്തിൽ ആഗസ്റ്റ് 23ന് രാവിലെ 9ന് മുൻ മന്ത്രി പി കെ ശ്രീമതി ടീച്ചർ നിർവഹിക്കും.

ഓണത്തിന് തദ്ദേശീയമായി പൂക്കൾ ലഭ്യമാക്കുക, പുഷ്പ കൃഷി പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം. 2022-23 വാർഷിക പദ്ധതിയിൽ ഇതിനായി 10 ലക്ഷം രൂപ വകയിരുത്തിയിരുന്നു. ജില്ലയിൽ ഗുണമേന്മയുള്ള ഒന്നര ലക്ഷത്തോളം ചെണ്ടുമല്ലി തൈകളാണ് കൃഷി ഭവൻ മുഖേന സൗജന്യമായി നൽകിയത്. ചുരുങ്ങിയത് 15 സെന്റ് കൃഷിസ്ഥലമുള്ള 550 ഗ്രൂപ്പുകളാണ് പദ്ധതിയുടെ ഭാഗമായത്. മഞ്ഞ, ഓറഞ്ച് നിറത്തിലുളള ഹൈബ്രിഡ് ചെണ്ടുമല്ലി തൈകളാണ് നൽകിയിരുന്നത്. പ്രായമായ ഒരു ചെടിയിൽ നിന്ന് ശരാശരി ഒന്നര കിലോഗ്രാം പൂക്കൾ ലഭിക്കും. ഇത്തവണ കാലാവസ്ഥ അനുകൂലമായതിനാൽ 200 ടൺ വരെ പൂക്കൾ ലഭിക്കുമെന്നാണ് ജില്ലാ പഞ്ചായത്തിന്റെ പ്രതീക്ഷ.

Leave a Comment

Your email address will not be published. Required fields are marked *