മലപ്പുറത്ത് വിദ്യാര്‍ഥികള്‍ക്ക് കള്ള് നല്‍കിയ സംഭവം: ഷാപ്പ് നടത്തിപ്പുകാരന്‍ റിമാന്‍ഡില്‍

മലപ്പുറം ചങ്ങരംകുളത്ത് വിദ്യാര്‍ഥികള്‍ക്ക് കള്ള് നല്‍കിയ സംഭവത്തില്‍, കള്ളുഷാപ്പ് നടത്തിപ്പുകാരന്‍ റിമാന്‍ഡില്‍. കള്ളുഷാപ്പ് ഉടമയ്‌ക്കെതിരെയും കേസെടുത്തു. തൂഫാന്‍ ദ നാര്‍കോ ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ പ്രായപൂര്‍ത്തിയാവാത്ത ഒമ്പത് കുട്ടികളെ കള്ള് കുടിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിലാണ് നടപടി. സംഭവത്തില്‍ കള്ള് ഷാപ്പ് ഉടമ കുന്നംകുളം സ്വദേശി ജോസിനെതിരെയും ചങ്ങരംകുളം പൊലീസ് കേസെടുത്തു.
ശനിയാഴ്ച രാത്രിയോടെയാണ് കോക്കൂരില്‍ പ്രായപൂര്‍ത്തിയാവാത്ത ഒമ്പതോളം കുട്ടികളെ കള്ള് കുടിച്ച നിലയില്‍ ചങ്ങരംകുളം പോലീസ് കണ്ടെത്തിയത്. വിദ്യാര്‍ത്ഥികളെ ചോദ്യം ചെയ്തതോടെയാണ് സമീപത്തെ കള്ള് ഷാപ്പില്‍ നിന്ന് കള്ള് കുടിച്ചതാണെന്നും സ്ഥിരമായി കള്ള് കുടിക്കാറുണ്ടെന്നും വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കിയത്.
വിദ്യാര്‍ഥികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഷാപ്പിലെ ജീവനക്കാരനെ ചോദ്യം ചെയ്തതോടെയാണ് കള്ള് നല്‍കിയെന്ന് സമ്മതിച്ചത്. നേരത്തെയും കുട്ടികള്‍ക്ക് ഇവിടെ നിന്ന് കള്ള് നല്‍കിയിരുന്നതായി പൊലീസിന് മൊഴി ലഭിച്ചു.








