മട്ടന്നൂര്‍ :മട്ടന്നൂരില്‍ പച്ചക്കറി വണ്ടിയില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന ആയിരത്തിലധികം പാക്കറ്റ് ലഹരി ഉത്പന്നങ്ങള്‍ മട്ടന്നൂര്‍ പോലീസ് പിടികൂടി. ഓപ്പറേഷന്‍ തൂഫാന്റെ ഭാഗമായി നടത്തിയ റൈഡിലാണ് കണ്ണൂര്‍ ജില്ലയിലെ വിവിധ കടകളില്‍ വിതരണം ചെയ്യാനായി കൊണ്ട് വന്ന ലഹരി ഉത്പന്നങ്ങളാണ് മൊത്ത വ്യാപാരി വേങ്ങാട് സ്വദേശി ഷമീര്‍ (35)ല്‍ നിന്നും മട്ടന്നൂര്‍ ഇന്‍സ്പെക്ടര്‍ എ ബിനുവിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
കര്‍ണാടകയില്‍ നിന്നും പച്ചക്കറി കൊണ്ട് വരുന്നതാണെന്ന വ്യാജേന പച്ചക്കറികള്‍ക്കിടയില്‍ വെച്ച് ലഹരി ഉത്പന്നങ്ങള്‍ കേരളത്തിലേക്ക് കടത്തിയതിനു ശേഷം ഉയര്‍ന്ന വിലക്ക് കണ്ണൂര്‍ ജില്ലയിലെ വിവിധ കടകളിലേക്ക് എത്തിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്. രാത്രി സമയത്ത് പച്ചക്കറി വണ്ടികളില്‍ ലഹരി ഉത്പന്നങ്ങള്‍ കര്‍ണാടകയില്‍ നിന്നും കേരളത്തിലേക്ക് ഒഴുകുന്നു എന്ന വിവരത്തെ തുടര്‍ന്ന് മട്ടന്നൂര്‍ പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്. പച്ചക്കറികള്‍ക്കിടയില്‍ ചാക്കില്‍ കെട്ടി വെച്ച നിലയിലാണ് ലഹരി ഉത്പന്നങ്ങള്‍ ഉണ്ടായിരുന്നത്.
കണ്ണൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ശ്രീ. നിധിന്‍രാജ് പി. ഐപിഎസ്-ന്റെ നിര്‍ദ്ദേശപ്രകാരം മട്ടന്നൂര്‍ ഇന്‍സ്പെക്ടര്‍ എ ബിനു, എസ്‌ഐ ഫൈറൂസ് മുഹമ്മദ്, സിവില്‍ പോലീസ് ഓഫീസര്‍ മാരായ കെ രതീഷ്, ഷംസീര്‍ അഹമ്മദ്, റിജില്‍ എന്നിവരടങ്ങിയ സ്‌ക്വാഡ് ആണ് പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നത്. ലഹരി മാഫിയയുടെ കണ്ണി അറുക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ഓപ്പറേഷന്‍ തൂഫാന്‍: ദി നാര്‍ക്കോ ഹണ്ട്’ എന്ന പേരില്‍ പോലീസ് പ്രത്യേക റെയ്ഡുകള്‍ സംഘടിപ്പിച്ചു വരുന്നത്. വരും ദിവസങ്ങളിലും പരിശോധനകള്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കുമെന്നും ലഹരി മാഫിയകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു.
തലശ്ശേരി: മാനഭംഗ കേസില്‍ കോടതിയില്‍ നിന്നും ജാമ്യം എടുത്ത് മുങ്ങിയ പിടികിട്ടാപ്പുള്ളി 10 വര്‍ഷത്തിനുശേഷം തലശ്ശേരി പോലീസിന്റെ പിടിയിലായി. കൊല്ലം ജില്ലയില്‍ ചെരിനാട് വെളിമണ്‍ സ്വദേശി പുത്തന്‍വീട് അഷ്‌റഫ് (47) ആണ് എറണാകുളത്ത് വച്ച് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.
സെയിദാര്‍പള്ളി സ്വദേശിയായ യുവതിയെ കാണാതായ സംഭവത്തില്‍ 2016-ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ തലശ്ശേരി പോലീസ് യുവതിയെ കണ്ടെത്തി അന്വേഷണം നടത്തിവരവെ, കൊല്ലം സ്വദേശിയായ അഷ്‌റഫ് എന്നയാള്‍ എറണാകുളത്ത് കൊണ്ടുപോയി മാനഭംഗപ്പെടുത്തി എന്ന് പോലീസിന് മൊഴി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയും കോടതി ഇയാളെ റിമാന്‍ഡ് ചെയ്യുകയും ചെയ്തു. ശേഷം ജാമ്യത്തില്‍ ഇറങ്ങിയ പ്രതി ഒളിവില്‍ പോയതോടെ കേസിന്റെ വിചാരണ നടപടികള്‍ തടസ്സപ്പെടുകയും കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയുമായിരുന്നു. മാട്രിമോണിയല്‍ സൈറ്റ് വഴി യുവതികളുമായി പരിചയം സ്ഥാപിച്ച് ദുരുപയോഗം ചെയ്യുന്ന രീതിയായിരുന്നു ഇയാളുടേത്. കൊല്ലത്ത് മറ്റൊരു യുവതിയെ വിവാഹം ചെയ്തുകൊണ്ട് എറണാകുളത്ത് പെയിന്റ് പണിക്കാരനാണെന്ന വ്യാജേന മുങ്ങിനടക്കവെയാണ് അഷ്‌റഫിനെ പോലീസ് പിടികൂടുന്നത്. രണ്ടാഴ്ചയോളം ഇരു ജില്ലകളിലുമായി പ്രത്യേക അന്വേഷണസംഘം രഹസ്യാന്വേഷണം നടത്തി ഇന്നലെ രാത്രി എറണാകുളത്ത് വെച്ചാണ് അറസ്റ്റ് ചെയ്തത്.
തലശ്ശേരി പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ എം.ടി.പി സൈഫുദ്ദീന്‍, പ്രൊബേഷനറി എസ്.ഐ.മാരായ രഞ്ജിത്ത് പി.ആര്‍, ഗിരിലാല്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ നിതീഷ് ആലക്കണ്ടി എന്നിവരായിരുന്നു അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. തലശ്ശേരി എഎസ്പി എം. നന്ദഗോപന്‍ ഐ.പി.എസ്, ഇന്‍സ്‌പെക്ടര്‍ പ്രജീഷ്, എസ്.ഐ അശ്വതി എന്നിവര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കി.
തിരുവനന്തപുരം:എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് തിരികെ നല്‍കാന്‍ നിര്‍ദേശം. സംസ്ഥാന മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് നാഷണല്‍ മെഡിക്കല്‍ കമ്മീഷനാണ് നിര്‍ദേശം നല്‍കിയത്. വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ ആറ് മാസത്തെ അധിക ഫീസ് ആണ് തിരികെ നല്‍കേണ്ടത്. ഇതുസംബന്ധിച്ച നിര്‍ദേശം ഡിഎംഇക്ക് ആണ് നല്‍കിയിരിക്കുന്നത്.
നാലര വര്‍ഷ കോഴ്‌സിന് അഞ്ച് വര്‍ഷ ഫീസ് തികച്ച് വാങ്ങുന്നതിലാണ് നടപടി. അധികമായി വാങ്ങിയ തുക തിരികെ നല്‍കാന്‍ നടപടി എടുക്കണം. കോളേജുകള്‍ക്ക് ഇതിനുള്ള നിര്‍ദേശം നല്‍കണം. നാലരവര്‍ഷത്തെ ഫീസ് മാത്രമേ വാങ്ങാവൂ എന്ന് നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ നേരത്തെ സര്‍ക്കുലര്‍ ഇറക്കിയിരുന്നു. ഇത് മറികടന്ന് ഫീസ് വാങ്ങിയതിലെ പരാതിയിലാണ് നടപടി. മൂവായിരത്തോളം കുട്ടികളില്‍ നിന്ന് മൂന്നര ലക്ഷം മുതല്‍ 6ലക്ഷം വരെയാണ് അധികമായി ഈടാക്കുന്നത്.
സംസ്ഥാനത്ത് ശക്തമായ മഴ തുടരും. നാളെ മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട് മുന്നറിയിപ്പ് നല്‍കി. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട് ജില്ലകളിലാണ് കാലാവസ്ഥാ വകുപ്പ് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍,പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, വയനാട് ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പും നാളെ നല്‍കിയിട്ടുണ്ട്.
ഇടുക്കി ചിന്നക്കനാല്‍ സൂര്യനെല്ലിയില്‍ കാട്ടാന ആക്രമണത്തില്‍ ഒരു മരണം. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകള്‍ മാരി (36) ആണ് മരിച്ചത്. ഇന്ന് രാവിലെ മകനെ സ്‌കൂളില്‍ വിടാന്‍ പോകുമ്പോഴായിരുന്നു കാട്ടാന ആക്രമണം ഉണ്ടായത്. മകനും ആക്രമണത്തില്‍ സാരമായി പരുക്കേറ്റു. അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ ദക്ഷനാണ് പരുക്കേറ്റത്. രണ്ട് യുവതികള്‍ക്കും പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ വനംവകുപ്പ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. മാരിയെ കാട്ടാന ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. ഇന്ന് രാവിലെ മുതല്‍ സൂര്യനെല്ലി ഭാഗത്ത് കാട്ടാനക്കൂട്ടം ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രദേശവാസികള്‍ക്ക് ജാഗ്രത നിര്‍ദേശവും നല്‍കിയിരുന്നു.
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരാന്‍ സാധ്യത. വടക്കന്‍ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും, പതിനൊന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. മലയോരമേഖലകളില്‍ മഴ കനത്തേക്കും. കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മീന്‍പിടുത്തത്തിന് വിലക്ക് ഏര്‍പ്പെടുത്തി. സാങ്കേതിക സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.മഴയ്‌ക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും നിര്‍ദേശമുണ്ട്.
കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ രാത്രി സമയങ്ങളില്‍ മലയോര മേഖലകളിലേക്കുള്ള ഗതാഗതം പൂര്‍ണമായും ഒഴിവാക്കാന്‍ വാഹനയാത്രക്കാര്‍ ശ്രദ്ധിക്കണം. മഴക്കാലമായതിനാല്‍ റോഡുകളില്‍ വാഹനങ്ങള്‍ തെന്നിമാറാന്‍ സാധ്യതയുള്ളതിനാല്‍ ഡ്രൈവര്‍മാരും പ്രത്യേകം ശ്രദ്ധിക്കണം. വിനോദസഞ്ചാരികള്‍ ജലാശയങ്ങളില്‍ ഇറങ്ങുന്നതിനും വെള്ളച്ചാട്ടങ്ങള്‍ സന്ദര്‍ശിക്കുന്നതിനും ജനപ്രതിനിധികള്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
അതിശക്തമായ കാറ്റില്‍ മരച്ചില്ലകള്‍ ഒടിഞ്ഞുവീഴാന്‍ സാധ്യതയുള്ളതിനാല്‍ മരങ്ങളുടെ ചുവട്ടില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്. വൈദ്യുതി കമ്പികള്‍ പൊട്ടിവീഴാന്‍ സാധ്യതയുള്ളതിനാല്‍ കാല്‍നട യാത്രക്കാരും ജാഗ്രത പാലിക്കണം. ഇടിമിന്നലുള്ള സമയം തുറസായ സ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കുക. അപകടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ ബന്ധപ്പെട്ട വകുപ്പുകളെ ഫോണ്‍ വഴി വിവരം അറിയിക്കുക.
കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്കുള്ള സൗജന്യ യാത്ര, ആദ്യം നടപ്പിലാക്കുക ഓര്‍ഡിനറി ബസുകളില്‍ മാത്രം. മുഖ്യമന്ത്രിയുമായി ഗതാഗത മന്ത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.
ജൂണ്‍ 15ന് തന്നെ കെഎസ്ആര്‍ടിസി ബസില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഉറപ്പാക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചതാണ്. അതിന്റെ തുടര്‍തീരുമാനങ്ങളാണ് ഉണ്ടാകുന്നത്. ഇതിന്റെ ഭാഗമായി ഗതാഗതമന്ത്രി സിപി ജോണും മുഖ്യമന്ത്രി വിഡി സതീശനുമായുള്ള നിര്‍ണായക കൂടിക്കാഴ്ചയാണ് ഇപ്പോള്‍ സെക്രട്ടറിയേറ്റില്‍ അവസാനിച്ചത്.
ആദ്യ 100 ദിവസം ഓര്‍ഡിനറി ബസുകളില്‍ മാത്രം നടപ്പിലാക്കാനാണ് നീക്കം. 100 ദിവസങ്ങളിലെ ലാഭനഷ്ട കണക്കുകള്‍ പഠിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഗതാഗത കമ്മീഷണറോട് ആവശ്യപ്പെടും. ഒരു ഓര്‍ഡിനറി ബസ്സുകള്‍ പോലുമില്ലാത്ത മണ്ഡലങ്ങളില്‍ ബസുകള്‍ കൊണ്ടുവരുന്നത് ആലോചിക്കും. എല്ലാം സ്ത്രീകള്‍ക്കും മറ്റു മാനദണ്ഡങ്ങള്‍ ഇല്ലാതെ സൗജന്യ യാത്ര അനുവദിക്കും. പണം സര്‍ക്കാര്‍ നല്‍കാനാനാണ് തീരുമാനം. അതുകൊണ്ടുതന്നെ കോര്‍പ്പറേഷന് ബാധ്യത ആവില്ല എന്നാണ് വിലയിരുത്തല്‍. മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച അവസാനിച്ചു.
സ്ത്രീകള്‍ക്ക് സൗജന്യ യാത്ര പ്രഖ്യാപനത്തില്‍ കെഎസ്ആര്‍ടിസിയിലെ പ്രതിപക്ഷയൂണിയനുകള്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു. കെഎസ്ആര്‍ടിസിക്ക് ഉണ്ടാകുന്ന ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കോടിക്കണക്കിന് രൂപ പദ്ധതി നടത്തിപ്പിലൂടെ സര്‍ക്കാരിന് ബാധ്യത വരുമെന്നാണ് സിഐടിയു നിലപാട്. സ്ഥാപനത്തിന് ഉണ്ടാകുന്ന ബാധ്യത നികത്താന്‍ കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് നിലപാടിലാണ് ബിഎംഎസ്.
07/06/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ്
08/06/2026: കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ്
09/06/2026: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്
ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
മഞ്ഞ അലര്‍ട്ട്
07/06/2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്
08/06/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട്
09/06/2026: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്
10/06/2026: മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ്
11/06/2026: കണ്ണൂര്‍, കാസറഗോഡ്
എന്നീ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (ISOL H) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.
പൊതുജനങ്ങള്‍ക്കുള്ള ജാഗ്രത നിര്‍ദേശം
ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദേശാനുസരണം സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറി താമസിക്കണം.
നദിക്കരകള്‍, അണക്കെട്ടുകളുടെ കീഴ്പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ താമസിക്കുന്നവരും അപകടസാധ്യത മുന്‍കൂട്ടി കണ്ട് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കേണ്ടതാണ്.
ദുരന്തസാധ്യത പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ നിര്‍ബന്ധമായും തങ്ങളുടെ പ്രദേശത്ത് ക്യാമ്പുകള്‍ തുറന്നു എന്നുറപ്പാക്കേണ്ടതും പകല്‍ സമയത്ത് തന്നെ അങ്ങോട്ട് മാറി താമസിക്കേണ്ടതുമാണ്. ഇതിനായി തദ്ദേശ സ്ഥാപന, റവന്യൂ അധികാരികളുമായി ബന്ധപ്പെടാവുന്നതാണ്.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നില്‍ കാണുന്നവര്‍ അധികൃതരുമായി ബന്ധപ്പെട്ട് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മാറി താമസിക്കണം.
കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളെയും ശ്രദ്ധിക്കേണ്ടതാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിച്ച ശക്തമായ കാറ്റില്‍ സ്വീകരിക്കേണ്ട മുന്‍കരുതല്‍ നടപടികള്‍ https://sdma.kerala.gov.in/windwarning/ എന്ന ലിങ്കില്‍ ലഭ്യമാണ്
ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തില്‍ ഒരു കാരണവശാലും നദികള്‍ മുറിച്ചു കടക്കാനോ, നദികളിലോ മറ്റ് ജലാശയങ്ങളിലോ കുളിക്കാനോ മീന്‍പിടിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ഇറങ്ങാന്‍ പാടുള്ളതല്ല.
ജലാശയങ്ങള്‍ക്ക് മുകളിലെ മേല്‍പ്പാലങ്ങളില്‍ കയറി കാഴ്ച കാണുകയോ സെല്‍ഫി എടുക്കുകയോ കൂട്ടം കൂടി നില്‍ക്കുകയോ ചെയ്യാന്‍ പാടുള്ളതല്ല.
മഴ ശക്തമാകുന്ന അവസരങ്ങളില്‍ അത്യാവശ്യമല്ലാത്ത യാത്രകള്‍ പൂര്‍ണമായും ഒഴിവാക്കുക. വെള്ളച്ചാട്ടങ്ങള്‍, ജലാശയങ്ങള്‍, മലയോര മേഖലകള്‍ എന്നിവിടങ്ങളിലേക്കുള്ള വിനോദയാത്രകള്‍ മഴ മുന്നറിയിപ്പ് മാറുന്നത് വരെ പൂര്‍ണമായി ഒഴിവാക്കേണ്ടതാണ്.
ജലാശയങ്ങളോട് ചേര്‍ന്ന റോഡുകളിലൂടെയുള്ള യാത്രകളില്‍ പ്രത്യേക ജാഗ്രത പാലിക്കുക. അറ്റകുറ്റപ്പണികള്‍ നടക്കുന്ന റോഡുകളിലും ജാഗ്രത പാലിക്കുക. അതിശക്തമായ മഴയുണ്ടാകുന്ന സാഹചര്യത്തില്‍ റോഡപകടങ്ങള്‍ വര്‍ധിക്കാന്‍ സാധ്യത മുന്നില്‍ കാണണം. ജലാശയങ്ങള്‍ കരകവിഞ്ഞ് ഒഴുകുന്നയിടങ്ങളില്‍ വാഹനം ഓടിക്കാന്‍ ശ്രമിക്കരുത്.
സ്വകാര്യ – പൊതു ഇടങ്ങളില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍/പോസ്റ്റുകള്‍/ബോര്‍ഡുകള്‍, മതിലുകള്‍ തുടങ്ങിയവ സുരക്ഷിതമാക്കേണ്ടതും മരങ്ങള്‍ കോതി ഒതുക്കുകയും ചെയ്യേണ്ടതാണ്. അപകടാവസ്ഥകള്‍ അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തേണ്ടതാണ്.
ദുരന്ത സാധ്യത മേഖലയിലുള്ളവര്‍ ഒരു എമര്‍ജന്‍സി കിറ്റ് അടിയന്തരമായി തയ്യാറാക്കി വയ്‌ക്കേണ്ടതാണ്. കിറ്റ് തയ്യാറാക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ https://sdma.kerala.gov.in/wp-content/uploads/2020/07/Emergency-Kit.pdf എന്ന ലിങ്കില്‍ ലഭിക്കും.
കേരളത്തിലെ എല്ലാ ജില്ലകളിലും 24*7 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന താലൂക്ക്, ജില്ലാ കണ്ട്രോള്‍ റൂമുകള്‍ ഉണ്ട്. അപകട സാധ്യത മുന്നില്‍ കാണുന്ന ഘട്ടത്തിലും സഹായങ്ങള്‍ക്കുമായി 1077, 1070 എന്നീ ടോള്‍ ഫ്രീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ച ജില്ലകളില്‍ എങ്ങനെയാണ് മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതെന്നും ഏത് തരത്തിലാണ് അലര്‍ട്ടുകളെ മനസിലാക്കേണ്ടത് എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഓറഞ്ച് പുസ്തകം 2025 ല്‍ വിശദീകരിക്കുന്നുണ്ട്. അത് https://sdma.kerala.gov.in/wp-content/uploads/2025/08/Orange-Book-of-Disaster-Management-2025.pdf എന്ന ലിങ്കില്‍ ലഭ്യമാണ്.
ജനത്തിന് ഇരുട്ടടിയായി വീണ്ടും പാചകവാതക വില വര്‍ധന. വീട്ടാവശ്യത്തിനുള്ള സിലിണ്ടറിന് 29 രൂപയാണ് കൂട്ടിയത്. കേരളത്തില്‍ സിലിണ്ടര്‍ വില 951 കടന്നു. 3 മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ഗാര്‍ഹിക എല്‍പിജി വില കൂട്ടുന്നത്.
സംസ്ഥാനത്ത് 126 പേര്‍ക്ക് ഷിഗെല്ല റിപ്പോര്‍ട്ട് ചെയ്‌തെന്ന് ആരോഗ്യ മന്ത്രി കെ മുരളീധരന്‍. കോഴിക്കോട് 3 കുട്ടികള്‍ക്ക് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതില്‍ രണ്ടു കുട്ടികളെ ഡിസ്ചാര്‍ജ് ചെയ്തു. ബത്തേരിയിലെ പ്രാഥമിക പരിശോധനയില്‍ ഷിഗെല്ല സ്ഥിരീകരിച്ചിട്ടില്ലെന്നും കൂടുതല്‍ പരിശോധന നടത്താന്‍ നിര്‍ദേശിച്ചുവെന്നും മന്ത്രി പറഞ്ഞു.
ഭക്ഷ്യ സുരക്ഷയില്‍ കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ശുദ്ധീകരിച്ച വെള്ളമേ ഹോട്ടലുകളില്‍ അടക്കം കൊടുക്കാവൂ. ഫുഡ് സേഫ്റ്റി വകുപ്പ് പരിശോധന കര്‍ശനമാക്കും. വയറിളക്കം കണ്ട സ്‌കൂളിലെ കുഴല്‍ക്കിണറിലെ വെള്ളത്തിനു പ്രശ്‌നം ഇല്ല. സ്‌കൂളിലെ കിണറിന്റെ പരിശോധന ഫലം വന്നിട്ടില്ല. കോഴിക്കോട് ജില്ലയുടെ പല ഭാഗത്തും രോഗ ലക്ഷണം ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തിളപ്പിച്ചാറ്റിയ വെള്ളമേ കുടിക്കാവൂവെന്നും മന്ത്രി പറഞ്ഞു.