
തലശ്ശേരി: മാനഭംഗ കേസില്‍ കോടതിയില്‍ നിന്നും ജാമ്യം എടുത്ത് മുങ്ങിയ പിടികിട്ടാപ്പുള്ളി 10 വര്‍ഷത്തിനുശേഷം തലശ്ശേരി പോലീസിന്റെ പിടിയിലായി.
കൊല്ലം ജില്ലയില്‍ ചെരിനാട് വെളിമണ്‍ സ്വദേശി പുത്തന്‍വീട് അഷ്‌റഫ് (47) ആണ് എറണാകുളത്ത് വച്ച് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.
സെയിദാര്‍പള്ളി സ്വദേശിയായ യുവതിയെ കാണാതായ സംഭവത്തില്‍ 2016-ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ തലശ്ശേരി പോലീസ് യുവതിയെ കണ്ടെത്തി അന്വേഷണം നടത്തിവരവെ, കൊല്ലം സ്വദേശിയായ അഷ്‌റഫ് എന്നയാള്‍ എറണാകുളത്ത് കൊണ്ടുപോയി മാനഭംഗപ്പെടുത്തി എന്ന് പോലീസിന് മൊഴി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയും കോടതി ഇയാളെ റിമാന്‍ഡ് ചെയ്യുകയും ചെയ്തു. ശേഷം ജാമ്യത്തില്‍ ഇറങ്ങിയ പ്രതി ഒളിവില്‍ പോയതോടെ കേസിന്റെ വിചാരണ നടപടികള്‍ തടസ്സപ്പെടുകയും കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയുമായിരുന്നു.
മാട്രിമോണിയല്‍ സൈറ്റ് വഴി യുവതികളുമായി പരിചയം സ്ഥാപിച്ച് ദുരുപയോഗം ചെയ്യുന്ന രീതിയായിരുന്നു ഇയാളുടേത്. കൊല്ലത്ത് മറ്റൊരു യുവതിയെ വിവാഹം ചെയ്തുകൊണ്ട് എറണാകുളത്ത് പെയിന്റ് പണിക്കാരനാണെന്ന വ്യാജേന മുങ്ങിനടക്കവെയാണ് അഷ്‌റഫിനെ പോലീസ് പിടികൂടുന്നത്. രണ്ടാഴ്ചയോളം ഇരു ജില്ലകളിലുമായി പ്രത്യേക അന്വേഷണസംഘം രഹസ്യാന്വേഷണം നടത്തി ഇന്നലെ രാത്രി എറണാകുളത്ത് വെച്ചാണ് അറസ്റ്റ് ചെയ്തത്.
തലശ്ശേരി പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്‌പെക്ടര്‍ എം.ടി.പി സൈഫുദ്ദീന്‍, പ്രൊബേഷനറി എസ്.ഐ.മാരായ രഞ്ജിത്ത് പി.ആര്‍, ഗിരിലാല്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ നിതീഷ് ആലക്കണ്ടി എന്നിവരായിരുന്നു അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. തലശ്ശേരി എഎസ്പി എം. നന്ദഗോപന്‍ ഐ.പി.എസ്, ഇന്‍സ്‌പെക്ടര്‍ പ്രജീഷ്, എസ്.ഐ അശ്വതി എന്നിവര്‍ അന്വേഷണത്തിന് നേതൃത്വം നല്‍കി.














