Hivision Channel

Kerala news

ശ്രീനാരായണ ഗുരു ജയന്തി ദിനം

മണത്തണ: 6406-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ നേതൃത്വത്തില്‍ ശ്രീനാരായണ ഗുരു ജയന്തി ദിനം ആഘോഷിച്ചു. എം.ജി മന്മഥന്റെ അധ്യക്ഷതയില്‍ പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. സുധാകരന്‍ ഉദ്ഘാടനം ചെയ്തു. പി.പി രാജന്‍, മന്മഥന്‍ മുണ്ടപ്ലാക്കല്‍, ഹരിദാസന്‍, ഗോപാല കൃഷ്ണന്‍, ഗംഗാധരന്‍, സിന്ധു, ബിജു, രാജു പെരുമന, സുരേഷ്, സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഓണക്കാലത്ത് പാലിന്റെയും പാലുത്പ്പന്നങ്ങളുടെയും വില്‍പ്പനയില്‍ മലബാര്‍ മില്‍മയ്ക്ക് മികച്ച നേട്ടം.

ഓണക്കാലത്ത് പാലിന്റെയും പാലുത്പ്പന്നങ്ങളുടെയും വില്‍പ്പനയില്‍ മലബാര്‍ മില്‍മയ്ക്ക് മികച്ച നേട്ടം. സെപ്തംബര്‍ 4 മുതല്‍ 7 വരെയുള്ള നാലു ദിവസങ്ങളില്‍ 39.39 ലക്ഷം ലിറ്റര്‍ പാലും 7.18 ലക്ഷം കിലോ തൈരും മലബാര്‍ മേഖലാ യൂണിയന്‍ വില്‍പ്പന നടത്തി. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പാലിന്റെ വില്‍പ്പനയില്‍ 11 ശതമാനവും തൈര് വില്‍പ്പനയില്‍ 15 ശതമാനവും വര്‍ധനവുണ്ട്.

ഇതു കൂടാതെ 496 മെട്രിക് ടണ്‍ നെയ്യും 64 മെട്രിക് ടണ്‍ പേഡയും 5.5 ലക്ഷം പാക്കറ്റ് പാലടയും ഓണക്കാലത്ത് വില്‍പ്പന നടത്തി. സംസ്ഥാന സര്‍ക്കാരിന്റെ ഓണം കിറ്റില്‍ ഈ വര്‍ഷവും 50 മില്ലി മില്‍മ നെയ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓണ കിറ്റിലേക്കായി 50 മില്ലിയുടെ 36.15 ലക്ഷം നെയ്യാണ് മലബാര്‍ മില്‍മ നല്‍കിയിട്ടുള്ളത്.

കണ്‍സ്യൂമര്‍ ഫെഡ് കേരളത്തിലുടനീളം സംഘടിപ്പിച്ച ഓണച്ചന്തകള്‍ വഴി മില്‍മ ഉത്പ്പന്നങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ലക്ഷം കിറ്റുകളും വിപണനം നടത്താനായി. ഇതെല്ലാം വലിയ നേട്ടമായെന്ന് മലബാര്‍ മില്‍മ മാനേജിംഗ് ഡയറക്ടര്‍ ഡോ. പി. മുരളി അറിയിച്ചു.

ഓണക്കാലത്ത് ക്ഷീര കര്‍ഷകര്‍ക്ക് മില്‍മ ഓണ സമ്മാനമായി നാലരക്കോടി രൂപ മില്‍മ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. മലബാറിലെ ക്ഷീര കര്‍ഷകര്‍ക്ക് അധിക പാല്‍വിലയായാണ് ഈ തുക നല്‍കുന്നത്. 2022 സെപ്തംബര്‍ ഒന്നു മുതല്‍ 10 വരെ മലബാര്‍ മേഖലാ യൂണിയന് പാല്‍ നല്‍കുന്ന എല്ലാ ക്ഷീര സംഘങ്ങള്‍ക്കും നിശ്ചിത ഗുണനിലവാരമുള്ള പാലിന് ലിറ്ററിന് 2രൂപ 50 പൈസ വീതം അധിക വിലയായി നല്‍കും.

ഓണാഘോഷം സംഘടിപ്പിച്ചു

തിരുവോണപ്പുറം: റെഡ് സ്റ്റാര്‍ സ്വാശ്രയ സംഘം, തുളസി കുടുംബശ്രീ എന്നിവയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് പി.പി വേണുഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ലിഷ രജനീഷ് അധ്യക്ഷത വഹിച്ചു. റീന മനോഹരന്‍, കെ സന്ദീഷ് കുമാര്‍, ഇ.ജെ ബിജു എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ സാംസ്‌കാരിക നിലയം പണിയുന്നതിനായി പഞ്ചായത്തിന് സ്ഥലം സൗജന്യമായി നല്‍കിയ കോമത്ത് രാജേഷിനെ പി.പി വേണുഗോപാലന്‍ ആദരിച്ചു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കലാകായിക മത്സരങ്ങളും സംഘടിപ്പിച്ചു.

ചതയദിനാഘോഷവും ഗുരുദേവ പ്രതിഷ്ഠാദിന വാര്‍ഷികവും

കണിച്ചാര്‍: എസ്.എന്‍.ഡി.പി ശാഖയോഗത്തിന്റെയും പോഷക സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ ചതയദിനാഘോഷവും ലോകാരാധ്യനായ ശ്രീ നാരായണ ഗുരുദേവന്റെ 168-ാമത് ജന്മദിനവും ഗുരുദേവ പ്രതിഷ്ഠാദിന വാര്‍ഷികവും സംഘടിപ്പിച്ചു. ശാഖയോഗം പ്രസിഡണ്ട് ജിതിഷ് പി.രാജ് പതാക ഉയര്‍ത്തി. സെക്രട്ടറി പി.റ്റി മനു, ക്ഷേത്ര മേല്‍ശാന്തി ശിവന്‍ ശാന്തി, ഇ.കെ രഞ്ചിത്ത്, ബിജു, മോഹനന്‍ പി.കെ തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് ഗുരുപൂജയും, എസ്.എന്‍ വനിത സംഘത്തിന്റെ നേതൃത്വത്തില്‍ തിരുവാതിര, കസേര കളി, മിഠായി പെറുക്കല്‍, ക്വിസ് മത്സരം, ഗുരുദേവ കൃതി ആലാപനം, വടംവലി എന്നിവയും നടന്നു.

വേറിട്ട അനുഭവമായി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമം

തില്ലങ്കേരി: വാണിവിലാസം എല്‍.പി സ്‌കൂളില്‍ 1973-78 കാലഘട്ടത്തില്‍ ഒന്നുമുതല്‍ അഞ്ചുവരെ ക്ലാസുകളില്‍ പഠിച്ച വിദ്യാര്‍ത്ഥികളുടെ സംഗമം സംഘടിപ്പിച്ചു. പാലക്കാട് കല്ലടിപ്പറ്റ ഗവ. എല്‍.പി സ്‌കൂള്‍ പ്രധാന അധ്യാപിക മിനി ഷെര്‍ളി, തില്ലങ്കേരി പഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയപേഴ്‌സണ്‍ വി. വിമല, സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ അനൂപ്, കഴക്കുട്ടം ഗവ. വനിത ഐ.ടി.ഐ പ്രിന്‍സിപ്പലും കേരള സംസ്ഥാന വികലാംഗ കോര്‍പറേഷന്‍ മുന്‍ മാനേജിങ് ഡയറക്ടറുമായ മൊയ്തീന്‍കുട്ടി കെ, ഗൗതമന്‍, രത്‌നകരന്‍, ചന്ദ്രിക, അജിത, വല്ലി, മനോഹരന്‍, ലാലി, സരസ്വതി മൈലപ്രവന്‍, പവിത്രന്‍, പ്രകാശന്‍ കോറോത്ത്, മോഹനന്‍ ആശാരി,മീനാക്ഷി എന്നിവര്‍ സംബന്ധിച്ചു.

29ാം മൈലില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു

നിടുംപൊയില്‍ മാനന്തവാടി റോഡില്‍ 29ാം മൈലില്‍ മരം വീണ് ഗതാഗതം തടസപ്പെട്ടു.മണ്‍തിട്ടയുടെ മുകളിലുണ്ടായിരുന്ന മരങ്ങള്‍ കനത്ത മഴയില്‍ റോഡിലേക്ക് കടപുഴകി വീഴുകയായിരുന്നു.അല്‍പസമയം ഗതാഗതം തടസപ്പെട്ടെങ്കിലും പിന്നീട് മരം മുറിച്ച് മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു

കുനിത്തല: ഡി.വൈ.എഫ് ഐ.യുടെ നേതൃത്വത്തില്‍ കുനിത്തലയില്‍ ഓണാഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. കുനിത്തല ചൗള നഗറില്‍ നടത്തിയ ഓണാഘോഷ പരിപാടികള്‍ പേരാവൂര്‍ ഗ്രാമപഞ്ചായത്ത് അംഗം സി.യമുന ഉദ്ഘാടനം ചെയ്തു. വി.ബാബു മാസ്റ്റര്‍ അധ്യക്ഷനായി. ജയേഷ്, സുവര്‍ണ്ണ, ടി.ഷമേജ്, നമിത, അനാമിക തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഓണാഘോഷത്തിന്റെ ഭാഗമായി വടംവലി, കടല പെറുക്കല്‍, കസേരകളി, ബലൂണ്‍ പൊട്ടിക്കല്‍, ബിസ്‌ക്കറ്റ് കടി മത്സരങ്ങളും നടത്തി.

ഓണാഘോഷം സംഘടിപ്പിച്ചു

കണിച്ചാര്‍: പഞ്ചായത്ത് പതിനൊന്നാം വാര്‍ഡ് എ ഡി എസ് ബാലസഭാ കുട്ടികള്‍ക്കായി ഓണാഘോഷം സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ആന്റണി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്തു. എ ഡി എസ് പ്രസിഡണ്ട് ഷിജി റോയി അധ്യക്ഷത വഹിച്ചു. ചെയര്‍പേഴ്സണ്‍ സനില അനില്‍ കുമാര്‍, സിഡിഎസ് മെമ്പര്‍ ശാലിനി, എഡിഎസ്‌സെക്രട്ടറി സന്ധ്യ ഷാജു എന്നിവര്‍ പങ്കെടുത്തു.വാര്‍ഡ് മെമ്പര്‍ സുരഭി സമ്മാനദാനം നിര്‍വഹിച്ചു.

ഓണാഘോഷ പരിപാടി

തില്ലങ്കേരി: കാര്‍ക്കോട് ദ്രോണ കലാകായിക സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തില്‍ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു. എം.സധേഷ്, പി.എസ് പ്രകാശന്‍, എം.എന്‍ ബിജു, സി.എം ഷിജു, ജിഷ്ണു, ജിതേഷ്, മഹേഷ്, ആദര്‍ശ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

ഓട്ടോ ടാക്സി വൈദ്യുത തൂണിലിടിച്ച് അപകടം

മഞ്ഞളാംപുറം: കൊളക്കാട് റോഡില്‍ മഞ്ഞളാംപുറം പാലത്തിന് സമീപം ഓട്ടോ ടാക്സി വൈദ്യുത തൂണിലിടിച്ച് അപകടം. അപകടത്തില്‍ ഡ്രൈവര്‍ക്ക് നിസാര പരിക്കേറ്റു. കേളകത്ത് നിന്നും കൊളക്കാട് ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടം.കൊളക്കാട് സ്വദേശി മാങ്കുഴ അപ്പച്ചന്റേതാണ് അപകടത്തില്‍പെട്ട വാഹനം.