Hivision Channel

Kerala news

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ഹ്രസ്വ-ദീര്‍ഘകാല പദ്ധതികള്‍ ആലോചിക്കുകയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ഹ്രസ്വ-ദീര്‍ഘകാല പദ്ധതികള്‍ ആലോചിക്കുകയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. എട്ട് സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങി നിലവിലെ പ്രതിസന്ധി പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പവര്‍ കട്ട് കുറച്ചുകൊണ്ട് വരികയാണ്. ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ണമായ കണ്‍ട്രോളില്‍ എത്താനാകും. പുതിയ വൈദ്യുതി നയത്തെക്കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഒക്ടോബര്‍ ഒന്ന് മുതല്‍ അടുത്ത മണ്‍സൂണ്‍ വരെയുള്ള സമയത്തെ പ്രതിസന്ധി പരിഹരിക്കാന്‍ മറ്റൊരു പ്ലാന്‍ കൂടി ഉണ്ടാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു

ദീര്‍ഘകാല പര്‍ച്ചേസ് കരാര്‍ റദ്ദാക്കിയ നിലയിലാണെന്നും ദീര്‍ഘകാല കരാറുണ്ടാക്കാനുള്ള നീക്കത്തിലാണ് ഈ സര്‍ക്കാരെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതി വാങ്ങുന്നതിനായി വിവിധ സംസ്ഥാനങ്ങളോടും ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷനോടും സംസാരിച്ചിരുന്നു. 30 രൂപയ്ക്ക് വൈദ്യുതി വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നില്ല. ആണവ നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി വാങ്ങുന്ന കാര്യം ചര്‍ച്ച ചെയ്യാനായി കെഎസ്ഇബി ചെയര്‍മാന്‍ എം ജി രാജമാണിക്യം ഡല്‍ഹിക്ക് പോകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

മഴയുടെ ലഭ്യതക്കുറവ് മാത്രമല്ല വൈദ്യുതി ഉപഭോഗം കൂടുന്നതും വൈദ്യുതി സംഭരിക്കാന്‍ മാര്‍ഗങ്ങളില്ലാത്തതും ഉത്പ്പാദനത്തിലെ പരിമിതികളും പ്രതിസന്ധിയുണ്ടാക്കിയെന്നാണ് മുഖ്യമന്ത്രി വിശദീകരിക്കുന്നത്. അതിനാണ് ദീര്‍ഘകാല പ്ലാന്‍ ഉണ്ടാകേണ്ടിയിരുന്നത്. ഇത് താന്‍ രാഷ്ട്രീയമായി പറയുന്നതല്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ പ്രതിസന്ധിയുണ്ട്. തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ വന്‍ തുകയ്ക്ക് വൈദ്യുതി വാങ്ങുന്നു. ഊര്‍ജമേഖലയിലെ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടിന് ഫീസ് ഈടാക്കാനുള്ള തീരുമാനത്തില്‍ വിശദീകരണവുമായി ധനകാര്യ മന്ത്രാലയം

രണ്ടായിരം രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടിന് ഫീസ് ഈടാക്കാനുള്ള തീരുമാനത്തില്‍ വിശദീകരണവുമായി ധനകാര്യ മന്ത്രാലയം. യുപിഐ മേഖലയെ കൂടുതല്‍ സുസ്ഥിരമാക്കുകയും നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ആണ് ലക്ഷ്യം. തീരുമാനം വിദേശ ഇടപെടലുകളെ തുടര്‍ന്നല്ലെന്ന് കേന്ദ്രം വ്യക്തമാക്കി. തീരുമാനം ചെറുകിട വ്യവസായികള്‍ക്ക് ഗുണം ചെയ്യുമെന്നും കേന്ദ്രവാദം. ഉപഭോക്താക്കളില്‍ നിന്ന് ഒരു രൂപ പോലും ഫീസ് ഇനത്തില്‍ ഈടാക്കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചു.

വ്യാപാരികള്‍ ഫീസ് ഉപഭോക്താക്കളിലേക്ക് അടിച്ചേല്‍പ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയെന്ന് ധനകാര്യ മന്ത്രാലയം വ്യക്തമാക്കി. യുപിഐ സേവന ദാദാക്കള്‍ പ്ലാറ്റ്‌ഫോം ഫീസ് ഈടാക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി. തീരുമാനത്തിനെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു.

2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകള്‍ക്ക് 0.4% ഫീസ് ഈടാക്കാനാണ് നീക്കം. എന്നാല്‍ വ്യക്തിഗത ഇടപാടുകള്‍ക സൗജന്യമായി തുടരും.75,000 രൂപയോ അതില്‍ കൂടുതലോ യുപിഐ പേയ്മെന്റ് നടത്തിയാല്‍ പരമാവധി ഫീസ് 300 രൂപയായിരിക്കും.2000 രൂപയ്ക്ക് മുകളിലുള്ള റെയില്‍വേ, ടെലികോം സേവനങ്ങള്‍, ഇന്‍ഷുറന്‍സ്, ഇന്ധന ഇടപാടുകള്‍ക്ക് 5 രൂപ ഫ്‌ലാറ്റ് ഫീസ് ഈടാക്കും. അതേസമയം, റൂപേ കാര്‍ഡ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് അധിക ഫീസ് ഈടാക്കില്ലെന്നും ഉത്തരവില്‍ അറിയിച്ചിട്ടുണ്ട്.

മറ്റന്നാള്‍ മുതല്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് കനത്ത ചൂടിനിടെ ആശ്വാസമായി മഴ മുന്നറിയിപ്പ്. മറ്റന്നാള്‍ മുതല്‍ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിങ്കളാഴ്ച മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട്, ഇടുക്കി, പത്തനംതിട്ട ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ചൊവ്വാഴ്ച കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലും യെല്ലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്.

ബുധനാഴ്ച നാല് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. കണ്ണൂര്‍, വയനാട്, കോഴിക്കോട്, ഇടുക്കി ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഇന്നും നാളെയും 4 ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടും; ജാഗ്രത മുന്നറിയിപ്പ്

കേരളത്തില്‍ ഇന്നും നാളെയും താപനില ഉയരാന്‍ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ 3 to 4ത്ഥC കൂടുതല്‍ താപനില ഉയരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഏറ്റവും കൂടുതല്‍ താപനില രേഖപ്പെടുത്തിയത് പുനലൂരിലാണ് 35.6 C. കണ്ണൂരില്‍ താപനില 35. 2 ഡിഗ്രി സെല്‍ഷ്യസില്‍ ഉയര്‍ന്നു. കോട്ടയത്ത് താപനില 35 ഡിഗ്രി സെല്‍ഷ്യസില്‍ ഉയര്‍ന്നു. പകല്‍ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.

സൂര്യാതപവും നിര്‍ജലീകരണവും ഒഴിവാക്കാന്‍ പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്. അതേസമയം കേരളത്തില്‍ കാലാവര്‍ഷ മഴയില്‍ 26% കുറവ് രേഖപ്പെടുത്തി. ഏറ്റവും കുറവ് മഴ ലഭിച്ചത് വയനാട്ടിലാണ്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

പകല്‍ 11 മണി മുതല്‍ 3 മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കണം, നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കണമെന്നും ജാഗ്രത നിര്‍ദ്ദേശത്തില്‍ പറയുന്നു. കാലവര്‍ഷം ദുര്‍ബലമായതും എല്‍ നിനോയുടെ സ്വാധീനവുമാണ് താപനില ഉയരാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസവും സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഉയര്‍ന്ന താപനില രേഖപ്പെടുത്തിയിരുന്നു.

‘ഇ ഡി നീക്കം രാഷ്ട്രീയ ലക്ഷ്യത്തോടെ, തകര്‍ക്കാമെന്ന വ്യാമോഹം വേണ്ടെന്ന് പിണറായി വിജയന്‍

അഴിമതി കേസില്‍ കേസെടുക്കണമെന്ന ഇഡി ശുപാര്‍ശയില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ സിഎംആര്‍എല്ലിന് വഴിവിട്ട ഒരു സഹായവും ചെയ്തിട്ടില്ല. സിഎംആര്‍എല്‍ സേവനം ലഭിക്കാതെ എക്‌സാലോജിക്കിന് പണം നല്‍കി എന്നായിരുന്നു എസ്എഫ്‌ഐഒയുടെ ആരോപണം. ഇതില്‍ നിന്ന് വ്യത്യസ്തമായി എക്‌സാലോജിക്കിന് ലഭിച്ച പണം സേവനത്തിനുള്ളതല്ല, തനിക്കുള്ള കൈക്കൂലി ആണെന്നാണ് ഇഡി ഇപ്പോള്‍ പറയുന്നത്. എവിടെയാണ് ഇഡി ഉറച്ചു നില്‍ക്കുന്നത് എന്ന് അവര്‍ തന്നെ വ്യക്തത വരുത്തണം.

എന്തടിസ്ഥാനത്തിലാണ് കൈക്കൂലി കേസുമായി രംഗത്തുവന്നതെന്നും പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചു. സംസ്ഥാന പൊലീസ് മേധാവിക്ക് ഇഡി കകത്തയച്ചാല്‍ അപ്പോള്‍ തന്നെ പുറത്തുവരില്ല. പിന്നെങ്ങനെ അത് പുറത്തുവരാന്‍ ഇടയായി? ഇഡി തന്നെ അത്തരം കാര്യങ്ങള്‍ പുറത്തുവിടുന്നു. തനിക്ക് ഒരു കത്തും, അറിയിപ്പും ലഭിച്ചില്ല. ഇഡി ഉയര്‍ത്തുന്ന ആരോപണത്തിന്റെ സ്വഭാവം മാറി. യുഡിഎഫ് അധികാരത്തില്‍ വന്നതോടെ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത പരിപാടിയായി മാറുന്നുണ്ടോ എന്ന സംശയം ഉയരുന്ന സാഹചര്യമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.

എന്ത് കൊണ്ടു താന്‍ പ്രതികരിക്കുന്നില്ല എന്ന് ചിലര്‍ ചോദിക്കുന്നു. നിയമ നടപടികകളുടെ ഭാഗമായി വീണ അടക്കം മറുപടികള്‍ നല്‍കി. മറുപടി കൊണ്ടോ വസ്തുത കൊണ്ടോ അടങ്ങുന്നതല്ല ഈ ആക്രമണം നടത്തുന്നവരുടെ താല്പര്യം. വീണ എല്ലാം സമ്മതിച്ചു എന്ന് പറയുന്നത് ശുദ്ധ അസംബന്ധവും പച്ച കള്ളവും. സംഘപരിവാര്‍ രാഷ്ട്രീയ ആയുധമായിട്ടാണ് കേന്ദ്ര ഏജന്‍സികള്‍ ഇടപെടുന്നത്. ഇങ്ങനെ ഉള്ള ഒട്ടേറെ ഘട്ടം നേരിട്ടവരും കടന്നു വന്നവരുമാണ് ഞങ്ങള്‍. ഇപ്പോഴത്തെ ഉണ്ടായില്ല വെടി പൊട്ടുന്നത് കേട്ട് ഞങ്ങള്‍ ഞെട്ടി പോകും എന്ന് വലത് പക്ഷം കരുതേണ്ടതില്ല. വലതു പക്ഷ മാധ്യമങ്ങളും ഈ കാര്യം ഓര്‍ക്കുന്നത് നല്ലതാണ്. സിപിഐയെ കുറിച്ച് എനിക്ക് ഒന്നും പറയാന്‍ കഴിയില്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും.ഇ ഡിയേ ക്കുറിച്ച് നിലപാട് ഉണ്ട്. അതില്‍ വ്യത്യസ്തത ഉണ്ടോ എന്ന് അറിയില്ല. അത് അവര്‍ വ്യക്തമാക്കണമെന്നും പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു.

സമൂഹ മാധ്യമങ്ങളിലൂടെയുള്ള സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍

സമൂഹ മാധ്യമങ്ങളിലൂടെയുള്ള സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനവുമായി മുഖ്യമന്ത്രി വി.ഡി. സതീശന്‍ രംഗത്ത്. സൈബര്‍ ഇടങ്ങളിലെ ഏറ്റവും വലിയ ഇരകള്‍ സ്ത്രീകളാണെന്നും, സാധാരണ സ്ത്രീകളെയാണ് പലപ്പോഴും ഇക്കൂട്ടര്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മനസാക്ഷിയില്ലാത്ത മനുഷ്യരാണ് ഇത്തരം ആക്രമണങ്ങള്‍ക്ക് പിന്നിലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

മലയാള മനോരമ സ്‌പെഷ്യല്‍ കറസ്‌പോണ്ടന്റ് അന്തരിച്ച ജിജോ ജോണ്‍ പുത്തേഴത്തിനെതിരെ മരണശേഷം നടന്ന സൈബര്‍ ആക്രമണം അതിക്രൂരമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മരിച്ചു കിടക്കുന്ന മാധ്യമപ്രവര്‍ത്തകനെയും കുടുംബത്തെയും കുറിച്ച് എത്ര മോശമായാണ് അപവാദങ്ങള്‍ പ്രചരിപ്പിച്ചത്. മരിച്ചു കിടക്കുമ്പോള്‍ പോലും യാതൊരു മര്യാദയും കാണിക്കുന്നില്ല. ജിജോയെയും കുടുംബത്തെയും ആക്രമിക്കുന്നവര്‍ക്ക് ചില രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

രാഷ്ട്രീയക്കാരെക്കുറിച്ച് എന്തുവേണമെങ്കിലും വിമര്‍ശിച്ചോളൂ, എന്നാല്‍ പാവപ്പെട്ടവരേയും സ്ത്രീകളേയും വെറുതെ വിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. എന്തൊക്കെ നുണകളാണ് ഇവര്‍ പറഞ്ഞു പരത്തിയത്. ഇത്തരം സൈബര്‍ ആക്രമണങ്ങള്‍ കണ്ടിട്ടല്ല ജനങ്ങള്‍ വോട്ടുചെയ്യുന്നത് എന്ന് ജനങ്ങള്‍ക്ക് കൃത്യമായ ബോധ്യമുണ്ട്. സൈബര്‍ ആക്രമണങ്ങളുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി റിവ്യൂ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും ഉയര്‍ന്നു: പീക്ക് സമയത്ത് 5000 മെഗാവാട്ടിന് മുകളിലെത്തി

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും ഉയര്‍ന്നു. ഇന്നലെ ഉപയോഗിച്ചത് 96.40 ദശലക്ഷം യൂണിറ്റ്. തുടര്‍ച്ചയായ രണ്ടാം ദിവസവും പീക്ക് സമയത്ത് വൈദ്യുതി ഉപഭോഗം 5000 മെഗാവാട്ടിന് മുകളിലെത്തി. അതേസമയം വൈദ്യുതി പ്രതിസന്ധിയില്‍ ജനം വലയുകയാണ്. ഈ മാസം പവര്‍കട്ട് തുടരുമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. വൈകിട്ടുള്ള സമയങ്ങളില്‍ വൈദ്യുതി ഉപഭോഗം നിയന്ത്രിക്കണമെന്നാണ് കെഎസ്ഇബി യുടെ ആഹ്വാനം.

പ്രതിസന്ധി രൂക്ഷമായിരിക്കെ, ഉയര്‍ന്ന വിലക്ക് ഒക്ടോബര്‍ മുതല്‍ മെയ് വരെ ഹ്രസ്വകാല കരാറിലൂടെ വൈദ്യുതി വാങ്ങാന്‍ റഗുലേറ്ററി കമ്മീഷന്‍ അനുമതി നല്‍കി. എങ്കിലും ഇപ്പോഴത്തെ പ്രതിസന്ധിയ്ക്ക് പരിഹാരമാകില്ല. വൈദ്യുതി പ്രതിസന്ധിയില്‍ സംസ്ഥാനത്ത് രാഷ്ട്രീയ വാക്‌പോരും പ്രതിഷേധങ്ങളും കടുക്കുകയാണ്. പഴയകാലം ഓര്‍മ്മിപ്പിക്കുന്ന വിധമാണ് പ്രതിഷേധങ്ങളില്‍ പലതും. വൈദ്യുതി നിയന്ത്രണം വന്നതോടെ നഗരങ്ങള്‍ ഇരുട്ടിലാണ്.

വൈദ്യുതി ഉത്പാദനം കുറഞ്ഞതും ഉപഭോഗം കൂടിയതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് കെഎസ്ഇബി ചെയര്‍മാന്‍ എം ജി രാജമാണിക്യം പറയുന്നത്. കേരളത്തില്‍ പുതിയ വൈദ്യുത പദ്ധതികള്‍ വരേണ്ട സമയം അതിക്രമിച്ചെന്നും , മാര്‍ക്കറ്റില്‍ പോയി പച്ചക്കറി വാങ്ങുന്നത് പോലെയല്ല വൈദ്യുതി വാങ്ങുന്നതെന്നും എം ജി രാജമാണിക്യം പറഞ്ഞു.

കമ്യൂണിറ്റി ബാറ്ററി സിസ്റ്റം നടപ്പാക്കുമെന്ന് മന്ത്രി സണ്ണി ജോസഫ്; വീടുകളില്‍ നിന്ന് വൈദ്യുതി മികച്ച വിലയ്ക്ക് വാങ്ങാനും ആലോചന

രാത്രികാലങ്ങളില്‍ വീടുകളില്‍ സംഭരിക്കുന്ന വൈദ്യുതി കെ.എസ്.ഇ.ബിക്ക് തിരിച്ചുനല്‍കിയാല്‍ മികച്ച തുക നല്‍കുന്നത് സര്‍ക്കാര്‍ ആലോചിക്കുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. പുരപ്പുറ സോളാര്‍ പദ്ധതികള്‍ കൂടുതല്‍ പ്രോത്സാഹിപ്പിക്കുമെന്നും ഉപഭോക്താക്കളുടെ അവകാശങ്ങളും താല്‍പ്പര്യങ്ങളും സംരക്ഷിച്ചുകൊണ്ട് മെച്ചപ്പെട്ട സേവനങ്ങള്‍ നല്‍കാന്‍ കെ.എസ്.ഇ.ബി തയ്യാറാകുമെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരുടെ ബുദ്ധിമുട്ടുകള്‍ പൂര്‍ണ്ണമായി മനസ്സിലാക്കുന്നുണ്ടെന്നും നിലവിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ കഠിനമായ ശ്രമങ്ങള്‍ നടന്നു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സോളാര്‍ വൈദ്യുതിയുടെ കാര്യത്തില്‍ നിലവില്‍ വീടുകളില്‍ നേരിട്ട് സ്റ്റോര്‍ ചെയ്യാന്‍ ആവശ്യമായ സൗകര്യമില്ലാത്തതിനാല്‍ അതിനായി കമ്മ്യൂണിറ്റി ബാറ്ററി സിസ്റ്റം നടപ്പിലാക്കാന്‍ ആലോചിക്കുന്നുണ്ട്. കൂടാതെ, വീടുകളില്‍ സ്വന്തമായി സ്റ്റോറേജ് സൗകര്യം ഏര്‍പ്പെടുത്തുന്നവര്‍ക്ക് സബ്‌സിഡി നല്‍കുന്ന കാര്യവും പരിഗണനയിലുണ്ട്. പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായി കേന്ദ്രമന്ത്രിമാരെ നേരില്‍ കണ്ട് രണ്ട് പ്രധാന കാര്യങ്ങള്‍ ധരിപ്പിച്ചിട്ടുണ്ടെന്നും സണ്ണി ജോസഫ് അറിയിച്ചു.

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ട്. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം കൂടിയത് ഉള്‍പ്പെടെയുള്ള കാരണങ്ങളാല്‍ ഉപഭോഗത്തില്‍ 1000 മെഗാവാട്ടിന്റെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. കല്‍ക്കരി ക്ഷാമവും വൈദ്യുതി പ്രതിസന്ധിക്ക് ആക്കംകൂട്ടിയിട്ടുണ്ട്. ഈ പ്രതിസന്ധി കേരളത്തെ മാത്രമല്ല, ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ മുഴുവന്‍ ബാധിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ ആവശ്യമായ വൈദ്യുതിയുടെ 25 ശതമാനം മാത്രമാണ് കേരളം സ്വന്തമായി ഉല്‍പ്പാദിപ്പിക്കുന്നത്. പുതിയ വൈദ്യുതി പദ്ധതികള്‍ തുടങ്ങാന്‍ സാധിക്കാത്തതും പ്രതിസന്ധിക്ക് ആഴം കൂട്ടുന്നുണ്ട്. പ്രശ്‌നം പരിഹരിക്കുന്നതിനായി വിവിധ തലങ്ങളില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്; നാലു ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും

സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. മൂന്നു മുതല്‍ നാലു ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. പകല്‍ 11 മുതല്‍ മൂന്നു വരെയുള്ള സമയത്ത് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ നിര്‍ദ്ദേശം. സൂര്യാതപവും നിര്‍ജലീകരണം അടക്കമുള്ള പ്രശ്‌നങ്ങളും തടയാന്‍ പ്രതിരോധ മാര്‍ഗങ്ങളും സ്വീകരിക്കണം.

കാലവര്‍ഷം ദുര്‍ബലമായതും എല്‍ നിനോയുടെ സ്വാധീനവുമാണ് സംസ്ഥാനത്ത് താപനില ഉയരാന്‍ കാരണം. കഴിഞ്ഞ ദിവസവും സംസ്ഥാനത്ത് വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച് ഉയര്‍ന്ന താപനില രേഖപ്പെടുത്തിയിരുന്നു. പകല്‍ 11 മുതല്‍ വൈകീട്ട് 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.

പരമാവധി ശുദ്ധജലം കുടിക്കുക. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകള്‍ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കണമെന്നും നിര്‍ദേശം. അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഓട്ടോറിക്ഷകള്‍ക്ക് പഞ്ചായത്ത് നമ്പര്‍ അനുവദിക്കുന്ന നടപടികള്‍ വേഗത്തിലാക്കണമെന്ന് ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) കേളകം ഡിവിഷന്‍ സമ്മേളനം

കേളകം:കേളകം പഞ്ചായത്തിലെ വിവിധ സ്റ്റാന്‍ഡുകളില്‍ സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്ക് പഞ്ചായത്ത് നമ്പര്‍ അനുവദിക്കുന്ന നടപടികള്‍ വേഗത്തിലാക്കണമെന്ന് ഓട്ടോറിക്ഷ തൊഴിലാളി യൂണിയന്‍ (സി.ഐ.ടി.യു) കേളകം ഡിവിഷന്‍ സമ്മേളനം ആവശ്യപ്പെട്ടു.സമ്മേളനം സി.ഐ.ടി.യു ഏരിയ പ്രസിഡന്റ് കെ.ടി. ജോസഫ് ഉദ്ഘാടനം ചെയ്തു.സുമേഷ് തത്തുപാറ അധ്യക്ഷത വഹിച്ചു.സെക്രട്ടറി രാജേഷ് കുമാര്‍ സി.ബി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സി.ഐ.ടി.യു മേഖല സെക്രട്ടറി പി.ജി സന്തോഷ് സംസാരിച്ചു. നിലവിലെ സാഹചര്യത്തില്‍ ഓട്ടോറിക്ഷ ചാര്‍ജ് വര്‍ധിപ്പിക്കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പുതിയ ഭാരവാഹികളായി സുമേഷ് തത്തുപാറ (പ്രസിഡന്റ്), രാജേഷ് കുമാര്‍ സി.ബി. (സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.