Hivision Channel

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ഹ്രസ്വ-ദീര്‍ഘകാല പദ്ധതികള്‍ ആലോചിക്കുകയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാന്‍ ഹ്രസ്വ-ദീര്‍ഘകാല പദ്ധതികള്‍ ആലോചിക്കുകയാണെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. എട്ട് സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി വാങ്ങി നിലവിലെ പ്രതിസന്ധി പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പവര്‍ കട്ട് കുറച്ചുകൊണ്ട് വരികയാണ്. ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ണമായ കണ്‍ട്രോളില്‍ എത്താനാകും. പുതിയ വൈദ്യുതി നയത്തെക്കുറിച്ചാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഒക്ടോബര്‍ ഒന്ന് മുതല്‍ അടുത്ത മണ്‍സൂണ്‍ വരെയുള്ള സമയത്തെ പ്രതിസന്ധി പരിഹരിക്കാന്‍ മറ്റൊരു പ്ലാന്‍ കൂടി ഉണ്ടാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു

ദീര്‍ഘകാല പര്‍ച്ചേസ് കരാര്‍ റദ്ദാക്കിയ നിലയിലാണെന്നും ദീര്‍ഘകാല കരാറുണ്ടാക്കാനുള്ള നീക്കത്തിലാണ് ഈ സര്‍ക്കാരെന്നും മുഖ്യമന്ത്രി പറഞ്ഞു. വൈദ്യുതി വാങ്ങുന്നതിനായി വിവിധ സംസ്ഥാനങ്ങളോടും ന്യൂക്ലിയര്‍ പവര്‍ കോര്‍പറേഷനോടും സംസാരിച്ചിരുന്നു. 30 രൂപയ്ക്ക് വൈദ്യുതി വാങ്ങാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നില്ല. ആണവ നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതി വാങ്ങുന്ന കാര്യം ചര്‍ച്ച ചെയ്യാനായി കെഎസ്ഇബി ചെയര്‍മാന്‍ എം ജി രാജമാണിക്യം ഡല്‍ഹിക്ക് പോകുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

മഴയുടെ ലഭ്യതക്കുറവ് മാത്രമല്ല വൈദ്യുതി ഉപഭോഗം കൂടുന്നതും വൈദ്യുതി സംഭരിക്കാന്‍ മാര്‍ഗങ്ങളില്ലാത്തതും ഉത്പ്പാദനത്തിലെ പരിമിതികളും പ്രതിസന്ധിയുണ്ടാക്കിയെന്നാണ് മുഖ്യമന്ത്രി വിശദീകരിക്കുന്നത്. അതിനാണ് ദീര്‍ഘകാല പ്ലാന്‍ ഉണ്ടാകേണ്ടിയിരുന്നത്. ഇത് താന്‍ രാഷ്ട്രീയമായി പറയുന്നതല്ല. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ പ്രതിസന്ധിയുണ്ട്. തമിഴ്നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ വന്‍ തുകയ്ക്ക് വൈദ്യുതി വാങ്ങുന്നു. ഊര്‍ജമേഖലയിലെ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *