Hivision Channel

Kerala news

കല്ലടയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു

കല്ലടയാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. കുളനട സ്വദേശി നിഖില്‍(20), മഞ്ചള്ളൂര്‍ സ്വദേശി സുജിന്‍ (20) എന്നിവരാണ് മരിച്ചത്. പത്തനാപുരം മഞ്ചള്ളൂര്‍ മഠത്തില്‍ മണക്കാട്ട് കടവില്‍ ഞായറാഴ്ച വൈകീട്ടായിരുന്നു അപകടം.

ഞായറാഴ്ച വൈകീട്ട് എഴംഗസംഘം കടവില്‍ കുളിക്കാനിറങ്ങിയിരുന്നു. നിഖില്‍ മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സുജിനും ആറ്റിലെ കയത്തില്‍ അകപ്പെടുകയായിരുന്നു. അഗ്‌നിരക്ഷാ സേനാംഗങ്ങളെത്തി ഇവരെ പുറത്തെടുത്തെങ്കിലും മരിച്ചിരുന്നു.

ആദ്യ യാത്രയില്‍ നവകേരള ബസിന്റെ വാതില്‍ തകര്‍ന്നെന്ന വാര്‍ത്ത അടിസ്ഥാനരഹിതം;കെ.എസ്.ആര്‍.ടി.സി

ഗരുഡ പ്രീമിയം സര്‍വീസായി കോഴിക്കോടുനിന്ന് ബെംഗളൂരുവിലേക്ക് സര്‍വീസ് ആരംഭിച്ച നവകേരളബസിന്റെ ആദ്യയാത്രയില്‍ ഡോര്‍തകര്‍ന്നെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് കെ.എസ്.ആര്‍.ടി.സിയുടെ വിശദീകരണം. ബസിന്റെ ഡോറിന് യാതൊരു മെക്കാനിക്കല്‍ തകരാറും ഉണ്ടായിരുന്നില്ലെന്ന് കെ.എസ്.ആര്‍.ടി.സി. ഫെയ്സ്ബുക്ക് കുറിപ്പില്‍ അറിയിച്ചു.

ബസിന്റെ ഡോര്‍ എമര്‍ജന്‍സി സ്വിച്ച് ആരോ അബദ്ധത്തില്‍ പ്രസ്സ് ചെയ്തതിനാല്‍ ഡോര്‍ മാന്വല്‍ മോഡില്‍ ആകുകയും അത് റീസെറ്റ് ചെയ്യാതിരുന്നതുമാണ് തകരാറ് എന്ന രീതിയില്‍ പുറത്തുവന്ന വാര്‍ത്തയെന്നാണ് വിശദീകരണം.

‘ബസ് സുല്‍ത്താന്‍ബത്തേരിയില്‍ എത്തിയശേഷം ഡോര്‍ എമര്‍ജന്‍സി സ്വിച്ച് റീസെറ്റ് ചെയ്ത് യാത്ര തടരുകയാണ് ഉണ്ടായത്. ബസിന് ഇതുവരെ ഡോര്‍ സംബദ്ധമായ യാതൊരു തകരാറും ഉണ്ടായിട്ടില്ല. പാസഞ്ചര്‍ സേഫ്റ്റിയുടെ ഭാഗമായി അടിയന്തരഘട്ടത്തില്‍ മാത്രം ഡോര്‍ ഓപ്പണ്‍ ആക്കേണ്ട സ്വിച്ച് ആരോ അബദ്ധത്തില്‍ പ്രസ്സ് ചെയ്തതാണ് ഇങ്ങനെ സംഭവിക്കാന്‍ കാരണം’, കുറിപ്പില്‍ പറയുന്നു.

പുലര്‍ച്ചെ നാലിന് കോഴിക്കോട് നിന്ന് ആരംഭിച്ച് 11.30-ഓടെ ബെംഗളൂരുവില്‍ എത്തുന്ന രീതിയിലായിരുന്നു സര്‍വീസ്. എന്നാല്‍, വൈകിയാണ് സര്‍വീസ് ആരംഭിച്ചത്. ഉച്ചയോടെ ബസ് ബെംഗളൂരുവില്‍ എത്തി.

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഏഴാം തീയതി വരെ താപനില ഉയരാന്‍ സാധ്യത

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ഉയര്‍ന്ന താപനില മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് മുതല്‍ ഏഴാം തീയതി വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചത്.

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില 39°C വരെയും, കൊല്ലം, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഉയര്‍ന്ന താപനില 37°C വരെയും, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, കോട്ടയം, മലപ്പുറം, കാസര്‍ഗോഡ് ജില്ലകളില്‍ താപനില 36°C വരെയും ഉയരാനാണ് സാധ്യത. ഉയര്‍ന്ന താപനിലയും ഈര്‍പ്പമുള്ള വായുവും കാരണം ഈ ജില്ലകളില്‍, മലയോര മേഖലകളിലൊഴികെ ഏഴാം തീയതി വരെ ചൂടും ഈര്‍പ്പവുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആലപ്പുഴ, കോഴിക്കോട് ജില്ലകളിലെ ചില പ്രദേശങ്ങളില്‍ ഇന്ന് രാത്രി ഉയര്‍ന്ന താപനില തുടരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പില്‍ പറയുന്നു.

ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള്‍ താഴെ പറയുന്ന നിര്‍ദേശങ്ങള്‍ പാലിക്കേണ്ടതാണെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

താനൂരില്‍ മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നതായി പരാതി

താനൂരില്‍ മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ അക്രമിച്ച് 1.75 കോടി രൂപയുടെ സ്വര്‍ണം കവര്‍ന്നതായി പരാതി. ജ്വല്ലറികളിലേക്ക് വിതരണം ചെയ്യാനെത്തിച്ച സ്വര്‍ണ്ണമാണ് കവര്‍ന്നതെന്നാണ് വിവരം. ഇയാളുടെ പക്കല്‍ 2 കിലോഗ്രാം സ്വര്‍ണവും 43 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ കട്ടിയും ഉണ്ടായിരുന്നു. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഭരണ നിര്‍മ്മാണശാലയില്‍ നിന്നാണ് സ്വര്‍ണം താനൂരിലേക്ക് കൊണ്ടുവന്നത്. കാറില്‍ എത്തിയ നാലംഗ സംഘമാണ് കവര്‍ച്ച നടത്തിയതെന്നാണ് മൊഴി. സംഭവത്തില്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

ഗാനരചയിതാവ് ജി.കെ.പള്ളത്ത് അന്തരിച്ചു

ഗാനരചയിതാവ് ജി.കെ.പള്ളത്ത് (പി.ഗോവിന്ദന്‍കുട്ടി) അന്തരിച്ചു. തൃശ്ശൂര്‍ അമല ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജ രോഗത്തെ തുടര്‍ന്ന് മൂന്നു ദിവസത്തിലേറെയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയായിരുന്നു മരണം.

1958ല്‍ തൃശൂരില്‍ നടന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്ലീനത്തില്‍ കെ.എസ്.ജോര്‍ജും സുലോചനയും ആലപിച്ച ‘രക്തത്തിരകള്‍ നീന്തിവരും’ എന്ന ഗാനമാണ് ജി.കെ പള്ളത്ത് ആദ്യമായി എഴുതിയത്. തുടര്‍ന്ന് അറുപതോളം നാടകങ്ങള്‍ക്കും 10 സിനിമകള്‍ക്കും ഗാനം രചിച്ചിട്ടുണ്ട്. സുഹൃത്തായ ടിജി രവി നിര്‍മ്മിച്ച പാദസരം എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്ര ഗാനരചയിതാവായത്. തുടര്‍ന്ന് ചോര ചുവന്ന ചോര, ചാകര, അമൃതഗീതം, കാട്ടുതീ, കാളീചക്രം, വീരശൃംഖല, കുങ്കുമപ്പൊട്ട്, വാല്‍ക്കണ്ണാടി, എന്നീ ചിത്രങ്ങള്‍ക്ക് ഗാനങ്ങള്‍ എഴുതി.

സംസ്‌കാരം നാളെ വൈകിട്ട് നാലിന് പാറമേക്കാവ് ശാന്തി ഘട്ടില്‍ നടക്കും.

തൃശ്ശൂരിന്റെ പ്രഥമ മേയര്‍ ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും തൃശൂരിന്റെ പ്രഥമ മേയറുമായിരുന്ന ജോസ് കാട്ടൂക്കാരന്‍ അന്തരിച്ചു. 91 വയസായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഇന്നലെയാണ് അദ്ദേഹത്തെ തൃശൂരിലെ കോ ഓപ്പറേറ്റീവ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെയാണ് മരിച്ചത്. നാളെ രാവിലെ തൃശൂര്‍ കോര്‍പ്പറേഷനിലും ഡിസിസിയിലും പൊതു ദര്‍ശനത്തിന് ശേഷം വൈകിട്ട് നാലു മണിയ്ക്ക് അരണാട്ടുകര സെന്റ് തോമസ് പള്ളിയില്‍ സംസ്‌കാര ചടങ്ങുകള്‍ നടക്കും. ഐഎന്‍ടിയുസി നേതാവ്, ദീര്‍ഘകാലം ഡിസിസി സെക്രട്ടറി, മുന്‍ ജില്ലാ കൗണ്‍സില്‍ അംഗം എന്നിങ്ങനെ നിരവധി ചുമതലകള്‍ വഹിച്ചിട്ടുണ്ട്.

കുട്ടികള്‍ക്കായുള്ള പോഷകാഹാരങ്ങളിലെ ഉയര്‍ന്ന അളവിലെ പഞ്ചസാര ഫാറ്റി ലിവറിന് കാരണമാകുമെന്ന് വിദഗ്ധര്‍

ഇന്ത്യയില്‍ കുട്ടികള്‍ക്കായുള്ള പോഷകാഹാര ഉത്പന്നങ്ങളില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ചേര്‍ക്കുന്നുണ്ടെന്ന് അടുത്തിടെയാണ് കണ്ടെത്തിയത്. ഇത് ഫാറ്റി ലിവറിന് കാരണമാകുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

മദ്യത്തിന്റെ ഉപയോഗം മൂലമുണ്ടാകുന്ന ഫാറ്റി ലിവര്‍ പോലെ തന്നെ അപകടകാരിയാണ് നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ രോഗവും. അമിതവണ്ണവും ഭാരവുമുള്ള ഇന്ത്യന്‍ കുട്ടികളില്‍ 62 ശതമാനം പേര്‍ക്കും ഫാറ്റി ലിവര്‍ ഉണ്ടെന്നാണ് ‘അനല്‍സ് ഓഫ് ഹെപ്പറ്റോളജി’ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നത്.

കുഞ്ഞുങ്ങള്‍ക്ക് രണ്ടു വയസ്സു വരെ പഞ്ചസാര നല്‍കരുതെന്നാണ് ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സിന്റെ മാര്‍ഗനിര്‍ദ്ദേശം എന്നാല്‍ പോഷകാഹാരങ്ങളിലൂടെയും ചോക്ലേറ്റിലൂടെയും മധുരപലഹാരങ്ങളിലൂടെയുമെല്ലാം പഞ്ചസാര ധാരാളമായി കുട്ടികളുടെ ശരീരത്തില്‍ എത്തുന്നുണ്ട്.

മലബന്ധമോ വയറുവേദനയോ ഒക്കെയായി ഡോക്ടര്‍മാരെ സമീപിക്കുമ്പോള്‍ മാത്രമാണ് ഫാറ്റി ലിവര്‍ കുട്ടികളില്‍ സ്ഥിരീകരിക്കുന്നത്. ആദ്യഘട്ടത്തിലാണെങ്കില്‍ ഭക്ഷണത്തിന്റെ കലോറി കുറച്ചും പഞ്ചസാരയുടെ ഉപയോഗം പരിമിതപ്പെടുത്തിയും വ്യായാമം ചെയ്തും ഭാരം കുറച്ചും മുക്തി നേടാം. രോഗാവസ്ഥയുടെ രണ്ടാം ഘട്ടം മുതല്‍ മരുന്ന് ഒഴിവാക്കാനാകില്ല.

പയ്യന്നൂരില്‍ യുവതി വീടിനുള്ളില്‍ മരിച്ച നിലയില്‍; വീട് നോക്കാന്‍ ഏല്‍പ്പിച്ച യുവാവും മറ്റൊരിടത്ത് തൂങ്ങി മരിച്ച നിലയില്‍

പയ്യന്നൂരില്‍ കാണാതായ യുവതിയെ മറ്റൊരുവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. മാതമംഗലം സ്വദേശി അനിലയെയാണ് പയ്യന്നൂര്‍ അന്നൂരിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്. അതിനിടെ, ഈ വീട് നോക്കാന്‍ ഏല്‍പ്പിച്ചിരുന്ന യുവാവിനെയും മറ്റൊരിടത്ത് മരിച്ചനിലയില്‍ കണ്ടെത്തിയിട്ടുണ്ട്.

കുറ്റൂര്‍ ഇരൂള്‍ സ്വദേശി സുദര്‍ശന്‍ പ്രസാദ് എന്ന ഷിജുവിനെയാണ് ഇരൂളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. യുവതിയുടെ മൃതദേഹം കണ്ടെത്തിയ വീട്ടില്‍നിന്നും ഏകദേശം 22 കിലോമീറ്റര്‍ അകലെയാണ് യുവാവിനെ മരിച്ചനിലയില്‍ കണ്ടെത്തിയ സ്ഥലം. യുവതിയെ വീട്ടില്‍വെച്ച് കൊലപ്പെടുത്തിയശേഷം യുവാവ് ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.

യുവതിയുടെ മൃതദേഹം കണ്ടെത്തിയ വീടിന്റെ ഉടമയും കുടുംബവും വിനോദയാത്ര പോയിരിക്കുകയായിരുന്നു. ഷിജുവിനെ വീട് നോക്കാന്‍ ഏല്‍പ്പിച്ചാണ് കുടുംബം യാത്രപോയത്. വീട്ടില്‍ വളര്‍ത്തുനായയുള്ളതിനാല്‍ ഇതിനെ പരിചരിക്കാനും ഷിജുവിനെ ചുമതലപ്പെടുത്തിയിരുന്നു. ഞായറാഴ്ച രാവിലെ ഷിജുവിനെ ഫോണില്‍ വിളിച്ചിട്ട് കിട്ടിയില്ല. ഇതോടെ വീട്ടുടമ ബന്ധുവിനെ വിവരമറിയിച്ചു. ഇവര്‍ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസിനെ വിവരമറിയിക്കുകയായിരുന്നു.

യുവതിയുടെ മൃതദേഹത്തിന് സമീപം ചോരക്കറകളുണ്ട്. യുവതിയെ കൊലപ്പെടുത്തിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അതേസമയം, അനില എങ്ങനെയാണ് അന്നൂരിലെ വീട്ടിലെത്തിയതെന്ന് സംബന്ധിച്ച് ദുരൂഹതകള്‍ നിലനില്‍ക്കുന്നുണ്ട്. മാത്രമല്ല, വീട് നോക്കാന്‍ ഏല്‍പ്പിച്ചിരുന്ന ഷിജുവിന്റെ മൃതദേഹം കണ്ടെത്തിയത് അന്നൂരില്‍നിന്നും 22 കിലോമീറ്റര്‍ അകലെയുള്ള സ്ഥലത്താണ്. ഇതുസംബന്ധിച്ചും ദുരൂഹത തുടരുകയാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നാണ് പോലീസ് പറയുന്നത്.

ബലാത്സംഗത്തിന് ഇരയായി ഗര്‍ഭിണിയാവുന്ന സംഭവങ്ങളില്‍ ഗര്‍ഭഛിദ്രത്തിന് അനുമതി നിഷേധിക്കുന്നത് അന്തസോടെ ജീവിക്കാനുള്ള അവകാശത്തിന്റെ നിഷേധമാണെന്നു ഹൈക്കോടതി

ബലാത്സംഗത്തിന് ഇരയായി ഗര്‍ഭിണിയാവുന്ന സംഭവങ്ങളില്‍ ഗര്‍ഭഛിദ്രത്തില്‍ ഹൈക്കോടതിയുടെ നിര്‍ണായക നിരീക്ഷണം. ബലാത്സംഗത്തിന് ഇരയായി ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിച്ചയാളുടെ കുഞ്ഞിനു ജന്മം നല്‍കാന്‍ നിര്‍ബന്ധിക്കാനാവില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. പീഡനത്തിനിരയായ 16 കാരിയുടെ ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കികൊണ്ടുള്ള ഉത്തരവിലാണ് കോടതി ഇക്കാര്യം പറഞ്ഞത്.

ബലാത്സംഗത്തിന് ഇരയായി ഗര്‍ഭിണിയാവുന്ന സംഭവങ്ങളില്‍ ഗര്‍ഭഛിദ്രത്തിന് അനുമതി നിഷേധിക്കുന്നത് അന്തസോടെ ജീവിക്കാനുള്ള അവകാശത്തിന്റെ നിഷേധമാണെന്നു ഹൈക്കോടതി പറഞ്ഞു. പീഡനത്തിന് ഇരയായ 16 വയസുള്ള പ്ലസ് വണ്‍ വിദ്യാര്‍ഥിനിയുടെ 28 ആഴ്ച പിന്നിട്ട ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കിയ ഉത്തരവിലാണു ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ നിര്‍ണായക നിരീക്ഷണം.

19കാരനായ സുഹൃത്തില്‍ നിന്നാണു പെണ്‍കുട്ടി ഗര്‍ഭിണിയായത്. ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. 24 ആഴ്ച വരെയുള്ള ഗര്‍ഭം അലസിപ്പിക്കാനേ നിയമം അനുവദിക്കുന്നുള്ളൂ. അതിനാലാണ് മകളുടെ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി തേടി അമ്മ ഹൈക്കോടതിയെ സമീപിച്ചത്. വിവാഹേതര ബന്ധത്തിലോ പ്രത്യേകിച്ചു ലൈംഗികാതിക്രമത്തിനോ ഇരയായി ഗര്‍ഭിണി ആയാല്‍ അതിജീവിത അനുഭവിക്കുന്നത് ശാരീരികവും മാനസികവുമായ വലിയ പ്രയാസമാണെന്ന് കോടതി പറഞ്ഞു. ഗര്‍ഭിണിയായി തുടരുന്നത് പെണ്‍കുട്ടിയുടെ ശരീരത്തെയും മനസിനെയും ബാധിക്കുമെന്ന മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടുകൂടി പരിഗണിച്ചാണ് ഗര്‍ഭഛിദ്രത്തിന് കോടതി അനുമതി നല്‍കിയത്.

എറണാകുളത്ത് വനിതാ ഹോസ്റ്റലില്‍ യുവതി പ്രസവിച്ചു

എറണാകുളത്ത് ഹോസ്റ്റലിലെ ശുചിമുറിയില്‍ യുവതി പ്രസവിച്ചു. യുവതിയുടെ കൂട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ നോര്‍ത്ത് പൊലീസ് അമ്മയേയും കുഞ്ഞിനെയും ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി.

ആറ് പേരടങ്ങുന്ന റൂമിലാണ് യുവതി താമസിച്ചിരുന്നത്. യുവതിയുടെ അനാരോഗ്യം ശ്രദ്ധയില്‍പെട്ട സുഹൃത്തുക്കള്‍ കാര്യം അന്വേഷിച്ചിരുന്നെങ്കിലും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളാണെന്ന് പറഞ്ഞ് യുവതി ഒഴിഞ്ഞു മാറുകയായിരുന്നു.

കാമുകനില്‍ നിന്നാണ് ഗര്‍ഭം ധരിച്ചതെന്നാണ് യുവതി പൊലീസിനെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ കാമുകന്റെ വീട്ടുകാരെയും യുവതിയുടെ വീട്ടുകാരെയും എറണാകുളത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്.

ഞായറാഴ്ച്ച രാവിലെയോടെ ശൗചാലയത്തില്‍ കയറിയ യുവതി ഏറെ നേരത്തിന് ശേഷവും പുറത്തിറങ്ങാതായതോടെ സുഹൃത്തുക്കള്‍ വാതില്‍ തട്ടി വിളിക്കുകയായിരുന്നു.

തുറക്കാതായതോടെ ആറ് പേരും ഒരുമിച്ച് വാതില്‍ തള്ളിത്തുറന്ന് അകത്ത് കയറിയപ്പോഴാണ് നവജാതശിശുവിനൊപ്പം യുവതിയെ കണ്ടെത്തുന്നത്. തുടര്‍ന്നാണ് ഇവര്‍ പൊലീസിനെ വിവരം അറിയിക്കുന്നത്.