Hivision Channel

Kerala news

പോക്സോ കേസ് ഇരയായ 17കാരിയെ കൈയേറ്റം ചെയ്ത സംഭവത്തില്‍ എഎസ്ഐക്കെതിരെ പോക്സോ വകുപ്പ് ചുമത്തി

പോക്സോ കേസ് ഇരയായ 17കാരിയെ കൈയേറ്റം ചെയ്ത സംഭവത്തില്‍ എഎസ്ഐക്കെതിരെ പോക്സോ വകുപ്പ് ചുമത്തി. വയനാട് അമ്പലവയലിലാണ് എഎസ്ഐ തെളിവെടുപ്പിനിടെ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയത്. എഎസ്ഐ ബാബു ടി.ജിയെ സസ്പെന്‍ഡ് ചെയ്തു. വയനാട് എസ്പിയുടെ റിപ്പോര്‍ട്ട് പ്രകാരം ഡിഐജി രാഹുല്‍ ആര്‍ നായരുടേതാണ് ഉത്തരവ്. പട്ടിക വര്‍ഗത്തില്‍പ്പെട്ട പെണ്‍കുട്ടിക്കാണ് വനിതാ പൊലീസുകാര്‍ ഉണ്ടായിട്ടും ദുരനുഭവം നേരിട്ടത്.

തെളിവെടുപ്പിന് കൊണ്ടുപോകുന്നതിനിടെയായിരുന്നു പൊലീസ് ഉദ്യോഗസ്ഥന്റെ ക്രൂരത. തെളിവെടുപ്പിനിടെ പെണ്‍കുട്ടിയെ ഫോട്ടോ ഷൂട്ടിന് നിര്‍ബന്ധിച്ചെന്നും പരാതിയില്‍ പറയുന്നു. സംഭവം വിവാദമായതോടെയാണ് എഎസ്‌ഐ ബാബു ടി.ജിയെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. എസ്‌ഐ സോബിനും വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്കും എതിരെ വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.

തെളിവെടുപ്പിന് വേണ്ടി പൊലീസിന്റെ സാന്നിധ്യത്തില്‍ മൈസൂരുവിലേക്കാണ് 17കാരിയെ കൊണ്ടുപോയത്. ഇതിനിടയിലാണ് എഎസ്‌ഐ മോശമായി പെരുമാറിയത്. കുട്ടിയോട് ക്രൂരത കാണിച്ചിട്ടും വേണ്ട ഇടപെടലുണ്ടാകാത്ത സാഹചര്യത്തിലാണ് വനിത പൊലീസ് ഉദ്യോഗസ്ഥ പ്രജുഷയ്ക്ക് നേരയും അന്വേഷണത്തിന് ഉത്തരവിട്ടത്.

കണ്ണൂര്‍ വിമാനത്താവളം വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ നിരക്കില്‍ സന്ദര്‍ശിക്കാം

കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി വിമാനം ഇറങ്ങുന്നതും പറന്നുയരുന്നതും സന്ദര്‍ശക ഗ്യാലറിയില്‍ നിന്ന് കാണാന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവസരമൊരുക്കുന്നു. നവംബര്‍ 15 മുതല്‍ വിമാനത്താവളത്തിന്റെ നാലാംവാര്‍ഷിക ദിനമായ ഡിസംബര്‍ ഒമ്പത് വരെയാണ് വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ നിരക്കില്‍ സന്ദര്‍ശക ഗ്യാലറിയില്‍ പ്രവേശനം അനുവദിക്കുക.
വിവിധ ജില്ലകളിലെ സ്‌കൂള്‍, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. സര്‍ക്കാര്‍, മാനേജ്‌മെന്റ്, അണ്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ കുട്ടികള്‍ക്ക് 25 രൂപയും അവരെ അനുഗമിക്കുന്ന ജീവനക്കാര്‍ക്ക് 50 രൂപയുമാണ് പ്രവേശന നിരക്ക്. സന്ദര്‍ശനത്തിന് എത്തുന്ന മുഴുവന്‍ വിദ്യാര്‍ഥികളുടെയും ജീവനക്കാരുടെയും പേര് രേഖപ്പെടുത്തി ഹെഡ്മാസ്റ്റര്‍/ പ്രിന്‍സിപ്പല്‍ സാക്ഷ്യപ്പെടുത്തിയ കത്ത് കരുതണം. രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് സന്ദര്‍ശന സമയം. വിമാനം പുറപ്പെടുന്നതും ഇറങ്ങുന്നതുമായ സമയം സ്‌കൂള്‍ അധികൃതര്‍ മുന്‍കൂട്ടി മനസ്സിലാക്കി സമയക്രമം പാലിക്കുന്നത് ഉചിതമായിരിക്കും. ഫോണ്‍: 0490 2481000.

തെരുവുനായകള്‍ക്ക് പൊതുസ്ഥലങ്ങളില്‍ ഭക്ഷണം നല്‍കാന്‍ ഉചിതമായ മാര്‍ഗം വേണമെന്ന് സുപ്രീം കോടതി

തെരുവുനായകള്‍ക്ക് പൊതുസ്ഥലങ്ങളില്‍ ഭക്ഷണം നല്‍കാന്‍ ഉചിതമായ മാര്‍ഗം വേണമെന്നും പൊതുസ്ഥലങ്ങളില്‍ തെരുവ് നായകള്‍ക്ക് ഭക്ഷണം നല്‍കുന്നത് ഒഴിവാക്കാനാകില്ലെന്നും സുപ്രീം കോടതി. ഭക്ഷണം ലഭിച്ചില്ലെങ്കില്‍ തെരുവ് നായകള്‍ കൂടുതല്‍ അക്രമകാരികളാകുമെന്നും കോടതി സൂചിപ്പിച്ചു. ബോംബെ ഹൈക്കോടതി വിധിയ്ക്ക് എതിരായ ഹര്‍ജ്ജിയിലാണ് സുപ്രീം കോടതിയുടെ നിലപാട്. തെരുവു നായകളെ സംരക്ഷിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അതിനെ വീടുകളിലേയ്ക്ക് കൊണ്ട് പോകണം എന്ന നിലപാട് ശരിയല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

തെരുവ് നായ്ക്കളെ സംരക്ഷിക്കുന്ന വിഷയത്തില്‍ ബോംബെ ഹൈക്കോടതി നേരത്തേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. റോഡിലും തെരുവോരങ്ങളിലും അലഞ്ഞ് തിരിഞ്ഞ് നടക്കുന്ന നായകളെ പരിപാലിക്കാനും ഭക്ഷണം കൊടുക്കാനും ആഗ്രഹിക്കുന്നവര്‍ ആദ്യം അവയെ ഔദ്യോഗികമായി ദത്തെടുക്കണമെന്നും പരിപാലനം വീടിനുള്ളില്‍ മാത്രമാകണമെന്നുമായിരുന്നു ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ചിന്റെ ഉത്തരവ്.

ശ്രീചന്ദ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലില്‍ സൗജന്യ സ്ത്രീരോഗ നിര്‍ണ്ണയവും താക്കോല്‍ ദ്വാര ശസ്ത്രക്രിയ ക്യാമ്പും നവംബര്‍ 14 ന് ആരംഭിക്കും

കണ്ണൂര്‍: ശ്രീചന്ദ് സ്പെഷ്യാലിറ്റി ഹോസ്പിറ്റല്‍ സംഘടിപ്പിക്കുന്ന സൗജന്യ സ്ത്രീരോഗ നിര്‍ണ്ണയവും , താക്കോല്‍ ദ്വാര ശസ്ത്രക്രിയ ക്യാമ്പും 2022 നവംബര്‍ 14 മുതല്‍ 30 വരെ നടക്കും. ഗൈനക്കോളജി വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. തുഫൈല്‍ വി ബി, കണ്‍സള്‍ട്ടന്റ് ഡോ. സുനിത പി എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. സൗജന്യ രജിസ്‌ട്രേഷനും പരിശോധയും, തുടര്‍ ചികിത്സയ്ക്കും ശസ്ത്രക്രിയകള്‍ക്കും പ്രത്യേക ഇളവുകളും ക്യാമ്പിന്റെ പ്രത്യേകതകളാണ്.
ഗര്‍ഭാശയം നീക്കം ചെയ്യല്‍,ഗര്‍ഭാശയത്തിലെ മുഴ നീക്കം ചെയ്യല്‍, പ്രസവം നിര്‍ത്തല്‍, അണ്ഡാശയ മുഴ നീക്കം ചെയ്യല്‍, ഡെര്‍മോയിഡ് മുഴകള്‍ നീക്കം ചെയ്യല്‍ തുടങ്ങിയ ശസ്ത്രക്രിയകള്‍ ആവശ്യമായി വരുന്ന രോഗികള്‍ക്ക് ക്യാമ്പിന്റെ സേവനങ്ങള്‍ പ്രയോജനപ്പെടുത്താവുന്നതാണ്. വളരെ ചെറിയ പാടുകള്‍, വേഗത്തിലുള്ള രോഗശമനം, വളരെ കുറഞ്ഞ ആശുപത്രി വാസം, വേദന രഹിത ശസ്ത്രക്രിയകള്‍ തുടങ്ങിയവയെല്ലാം താക്കോല്‍ ദ്വാര ശസ്ത്രക്രിയകളുടെ പ്രത്യേകതകളാണ്. ആദ്യം ബുക്ക് ചെയ്യുന്ന 100 രോഗികള്‍ക്കാണ് ക്യാമ്പിന്റെ സേവനങ്ങള്‍ ലഭ്യമാവുക. ബുക്കിങ്ങിനായി ബന്ധപെടുക : 7034466330

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളായ നളിനി ഉള്‍പ്പെടെ ആറ് പ്രതികളെ മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവ്

രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളായ നളിനി ഉള്‍പ്പെടെ ആറ് പ്രതികളെ മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവ്. ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. 31 വര്‍ഷത്തില്‍ അധികമായി നളിനി ജയിലിലാണ്.കേസിലെ മറ്റൊരു പ്രതിയായിരുന്ന പേരറിവാളന്‍ മുപ്പത് കൊല്ലത്തിലധികത്തെ ജയില്‍ വാസത്തിന് പിന്നാലെ മാസങ്ങള്‍ക്ക് മുമ്പ് മോചിതനായിരുന്നു. മെയ് 18 നാണ് പേരറിവാളനെ മോചിപ്പിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടത്. ഇതിന് പിന്നാലെ പ്രതികളായ നളിനി ശ്രീഹരനും പി രവിചന്ദ്രനും മദ്രാസ് ഹൈക്കോടതിയില്‍ മോചന ഹര്‍ജി നല്‍യിരുന്നെങ്കിലും കോടതി അത് തള്ളി. ആര്‍ട്ടിക്കിള്‍ 142ന്റെ പ്രത്യേകാധികാരം ഉപയോഗിക്കാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നായിരുന്നു മദ്രാസ് ഹൈക്കോടതി പറഞ്ഞത്. പ്രതികള്‍ക്ക് സുപ്രീം കോടതിയെ സമീപിക്കാവുന്നതാണെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.

തിങ്കളാഴ്ച വരെ ശക്തമായ മഴക്ക് സാധ്യത

കേരളത്തില്‍ നവംബര്‍ 14 വരെ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വടക്ക് കിഴക്കന്‍ ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്ന് നിലകൊള്ളുന്ന ന്യൂനമര്‍ദ്ദം ശക്തി കൂടിയ ന്യുനമര്‍ദ്ദമായി മാറിയ സാഹചര്യത്തിലാണ് മഴമുന്നറിയിപ്പ്.

സ്വര്‍ണവില വര്‍ധിച്ചു

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 360 രൂപയാണ് ഇന്ന് വര്‍ദ്ധിച്ചിരിക്കുന്നത്. ഇന്നലെ സ്വര്‍ണവില മാറ്റമില്ലാതെ തുടര്‍ന്നിരുന്നു. എന്നാല്‍ വ്യാഴാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 440 രൂപ വര്‍ദ്ധിച്ചിരുന്നു.ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 38240 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 45 രൂപ ഉയര്‍ന്നു. വിപണിയില്‍ ഇന്നത്തെ വില 4780 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും 45 രൂപ ഉയര്‍ന്നു. 50 രൂപയാണ് വ്യാഴാഴ്ച ഉയര്‍ന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണിയിലെ വില 38240 രൂപയാണ്.

ആധാര്‍ കാര്‍ഡില്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശവുമായി കേന്ദ്രം.

പത്ത് വര്‍ഷം കൂടുമ്പോള്‍ വിവരങ്ങള്‍ നിര്‍ബന്ധമായും പുതുക്കി നല്‍കണം. ഇതിനായി തിരിച്ചറിയല്‍, മേല്‍വിലാസ രേഖകളും, ഫോണ്‍നമ്പറും നല്‍കണം.വിവരങ്ങളില്‍ മാറ്റം ഇല്ലെങ്കില്‍ പോലും അതാത് സമയത്തെ രേഖകള്‍ നല്‍കാമെന്നും കേന്ദ്രം വ്യക്തമാക്കി. ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെയും, ആധാര്‍ കേന്ദ്രങ്ങളിലൂടെയും വിവരങ്ങള്‍ പുതുക്കാം. ആധാര്‍ കാര്‍ഡ് ഉപയോഗിച്ചുള്ള തട്ടിപ്പ് വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ നിര്‍ദ്ദേശം. നേരത്തെ വിവരങ്ങള്‍ പുതുക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും നിര്‍ബന്ധമാക്കിയിരുന്നില്ല

ഐറിസ്, വിരലടയാളം, ഫോട്ടോഗ്രാഫുകള്‍ എന്നിവയുടെ സഹായത്തോടെയാണ് ആധാര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍, വ്യക്തികളുടെ തിരിച്ചറിയല്‍ മാര്‍ഗമായി ആധാര്‍ നമ്പര്‍ മാറിയിട്ടുണ്ട്.വിവിധ സര്‍ക്കാര്‍ പദ്ധതികളിലും സേവനങ്ങളിലും ആധാര്‍ നമ്പര്‍ ഉപയോഗിക്കുന്നുണ്ട്. പലയിടത്തും ആധാര്‍ നിര്‍ബന്ധമാണ് ഇപ്പോള്‍. സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന്, തിരിച്ചറിയല്‍/സര്‍ട്ടിഫിക്കേഷനിലെ അസൗകര്യങ്ങള്‍ ഒഴിവാക്കാന്‍ വ്യക്തികള്‍ അവരുടെ ആധാര്‍ ഡാറ്റ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്.

ഒറ്റത്തവണ ഉപയോഗത്തിലുള്ള 240 കിലോ പ്ലാസ്റ്റിക്ക് വസ്തുക്കള്‍
പിടിച്ചെടുത്തു; 62,400 രൂപ പിഴ ഈടാക്കി

കണ്ണൂര്‍:ഒറ്റത്തവണ ഉപയോഗത്തിലുള്ള പ്ലാസ്റ്റിക് വസ്തുക്കള്‍ കണ്ടെത്താനായി ജില്ലയിലെ 71 ഗ്രാമപഞ്ചായത്തുകളിലായി നടത്തിയ പരിശോധനയില്‍ 240.905 കിലോ ഗ്രാം സാധനങ്ങള്‍ പിടിച്ചെടുത്തു. 62400 രൂപ പിഴ ഈടാക്കി. 75 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. നോട്ടീസ് നല്‍കിയ ആകെ തുക 5.07 ലക്ഷം രൂപ. തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ നിര്‍ദേശ പ്രകാരം ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരുടെ നേതൃത്വത്തിലുള്ള 73 ടീമുകളാണ് ഈ മാസം പരിശോധന നടത്തിയത്. 1945 സ്ഥാപനങ്ങളില്‍ പരിശേധന നടത്തി. മുമ്പ് ചട്ടലംഘനം നടത്തിയതിന് പിഴ ഈടാക്കിയ സ്ഥാപനങ്ങള്‍ക്ക് തന്നെ വീണ്ടും പിഴ ഈടാക്കേണ്ട സാഹചര്യം നിലവിലുണ്ടെന്നും വ്യാപാരികളും പൊതുജനങ്ങളും ഒറ്റത്തവണ ഉപയോഗത്തിലുള്ള പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനവുമായി സഹകരിക്കണമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടി ജെ അരുണ്‍ പറഞ്ഞു.
ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക്ക് പിടിച്ചെടുത്തത് ചെമ്പിലോട് പഞ്ചായത്തില്‍ നിന്നാണ്. ഇവിടെ 33 സ്ഥാപനങ്ങളില്‍ നിന്നായി 48 കിലോ പിടിച്ചെടുത്ത് 4000 രൂപ പിഴ ഈടാക്കി. വേങ്ങാട് ഗ്രാമപഞ്ചായത്ത് 58 സ്ഥാപനങ്ങളില്‍ നിന്നായി 13.7 കിലോ നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ പിടിച്ചെടുത്തു. 10,000 രൂപ പിഴ ഈടാക്കാന്‍ നോട്ടീസ് നല്‍കി. ഏറ്റവും കൂടുതല്‍ പിഴയിടാക്കിയത് ചപ്പാരപ്പടവ് പഞ്ചായത്തിലാണ് 56 സ്ഥാപനങ്ങളില്‍ നിന്ന് 13,000 രൂപ പിഴയും ഒരു സ്ഥാപനത്തിന് 25000 രൂപ പിഴ അടക്കാനുള്ള നോട്ടീസും നല്‍കി. മാട്ടൂലില്‍ ആറ് സ്ഥാപനങ്ങളില്‍ ചട്ടലംഘനം നടന്നതായി കണ്ടെത്തി 60,000 രൂപ അടക്കാനുള്ള നോട്ടീസ് നല്‍കി.
ആലക്കോട്, ചെങ്ങളായി, ചിറ്റാരിപ്പറമ്പ്, ചൊക്ലി, ധര്‍മ്മടം, എരമം-കുറ്റൂര്‍, എരഞ്ഞോളി, എരുവേശ്ശി, കണിച്ചാര്‍, കണ്ണപുരം, കരിവെള്ളൂര്‍-പെരളം, കീഴല്ലൂര്‍, കൊളച്ചേരി, കോളയാട്, കോട്ടയം, കൊട്ടിയൂര്‍, കുഞ്ഞിമംഗലം, കുറ്റിയാട്ടൂര്‍, മാടായി, മലപ്പട്ടം, മൊകേരി, മുഴക്കുന്ന്, മുഴപ്പിലങ്ങാട്, പടിയൂര്‍, പന്ന്യന്നൂര്‍, പാപ്പിനിശ്ശേരി, പരിയാരം, പാട്യം, പട്ടുവം, തില്ലങ്കേരി, ഉദയഗിരി പഞ്ചായത്തുകളില്‍ ചട്ടലംഘനം കണ്ടെത്തിയില്ല. തദ്ദേശ സ്ഥാപന സെക്രട്ടറി, അസി. സെക്രട്ടറി, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തുടങ്ങിയവരുടെ പ്രത്യേക സംഘമാണ് എല്ലാ മാസവും പരിശോധന പരിശോധന നടത്തുക.

സംസ്ഥാനത്ത് 199 ആന്റി റാബിസ് ക്ലിനിക്കുകള്‍ക്ക് അനുമതി,ആദ്യഘട്ടം ആദിവാസി മേഖലയിലും തീരപ്രദേശങ്ങളിലും

സംസ്ഥാനത്ത് 199 ആന്റി റാബിസ് ക്ലിനിക്കുകള്‍ക്ക് അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആന്റി റാബിസ് ക്ലിനിക്കുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആകെ 1.99 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ട്രൈബല്‍ മേഖലയിലും തീരദേശ മേഖലയിലുമുള്ള ആശുപത്രികളിലാണ് ആദ്യഘട്ടമായി ആന്റി റാബിസ് ക്ലിനിക്കുകള്‍ക്കുള്ള തുകയനുവദിച്ചത്. ഈ മേഖലയിലുള്ളവര്‍ക്ക് നായകളില്‍ നിന്നുള്ള കടിയും വന്യമൃഗങ്ങളില്‍ നിന്നുള്ള കടിയും ഏല്‍ക്കാനുള്ള സാഹചര്യം കൂടുതലാണ്. അതിനാല്‍ ഈ മേഖലയിലുള്ളവര്‍ക്ക് അടിയന്തര പ്രഥമ ശ്രുശ്രൂഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. ട്രൈബല്‍ മേഖലയിലുള്ള ദുര്‍ഘട പ്രദേശങ്ങളിലുള്‍പ്പെടെയുള്ള ആരോഗ്യ സ്ഥാപനങ്ങളില്‍ എല്ലായിടത്തും ആന്റി റാബീസ് ക്ലിനിക്കുകളുടെ സേവനം ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

5 ആശുപത്രികളെ മാതൃകാ ആന്റി റാബീസ് ക്ലിനിക്കുകളായി അടുത്തിടെ സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. നായകളില്‍ നിന്നും കടിയേറ്റ് വരുന്നവര്‍ക്കുള്ള ചികിത്സാ സംവിധാനങ്ങള്‍ ഒരൊറ്റ കുടക്കീഴില്‍ കൊണ്ടുവരാനാണ് മാതൃകാ ആന്റി റാബീസ് ക്ലിനിക്കുകള്‍ ആരംഭിച്ചത്. അതുകൂടാതെയാണ് 199 ആന്റി റാബിസ് ക്ലിനിക്കുകള്‍ ആരംഭിച്ചത്. മുറിവേറ്റ ഭാഗം സോപ്പുപയോഗിച്ച് കഴുകാനുള്ള സ്ഥലം, വാക്‌സിനേഷന്‍ സൗകര്യം, മുറിവ് ശുശ്രൂഷിക്കാനുള്ള സ്ഥലം എന്നിവയുണ്ടാകും. ചികിത്സയ്‌ക്കെത്തുന്നവര്‍ക്ക് അവബോധവും കൗണ്‍സിലിംഗും നല്‍കുന്നതാണ്. ഈ ക്ലിനിക്കുകളില്‍ പ്രാഥമിക ശുശ്രൂഷയും തുടര്‍ ചികിത്സയും നല്‍കുന്നതിന് പരിശീലനം ലഭിച്ച ജീവനക്കാരുണ്ടാകും. ഇവര്‍ക്ക് അനിമല്‍ ബൈറ്റ് മാനേജ്മെന്റ്, റാബീസിന് മുമ്പും ശേഷവുമുള്ള സേവനങ്ങള്‍ എന്നിവയെപ്പറ്റി വിദഗ്ധ പരിശീലനവും നല്‍കും.

എല്ലാ ആശുപത്രികളിലും ഇത്തരത്തിലുള്ള സൗകര്യങ്ങള്‍ ഉറപ്പ് വരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ശരീരത്തിന്റെ ഏത് ഭാഗത്ത് കടിയേറ്റാലും ഫലപ്രദമായ രീതിയില്‍ 15 മിനിറ്റ് ഒഴുകുന്ന വെള്ളത്തില്‍ കഴുകാനുള്ള സൗകര്യം ഈ ക്ലിനിക്കുകളില്‍ ഏര്‍പ്പെടുത്തും. ഇതിന് വേണ്ടിയുള്ള പ്രത്യേകം സൗകര്യങ്ങള്‍ ആശുപത്രികളിലൊരുക്കും. ഇതിനോടൊപ്പം ഇതുമായി ബന്ധപ്പെട്ട അവബോധ പോസ്റ്ററുകളും പ്രദര്‍ശിപ്പിക്കും. വാക്സിന്‍, ഇമ്മ്യുണോഗ്ലോബുലിന്‍ എന്നിവയുടെ ലഭ്യത പ്രദര്‍ശിപ്പിക്കും. വിദഗ്ധ ചികിത്സ ആവശ്യമായവര്‍ക്ക് റഫറല്‍ സേവനവും ലഭ്യമാക്കുന്നതാണ്