സംസ്ഥാനത്ത് 199 ആന്റി റാബിസ് ക്ലിനിക്കുകള്‍ക്ക് അനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ആന്റി റാബിസ് ക്ലിനിക്കുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആകെ 1.99 കോടി രൂപ അനുവദിച്ചിട്ടുണ്ട്. ട്രൈബല്‍ മേഖലയിലും തീരദേശ മേഖലയിലുമുള്ള ആശുപത്രികളിലാണ് ആദ്യഘട്ടമായി ആന്റി റാബിസ് ക്ലിനിക്കുകള്‍ക്കുള്ള തുകയനുവദിച്ചത്. ഈ മേഖലയിലുള്ളവര്‍ക്ക് നായകളില്‍ നിന്നുള്ള കടിയും വന്യമൃഗങ്ങളില്‍ നിന്നുള്ള കടിയും ഏല്‍ക്കാനുള്ള സാഹചര്യം കൂടുതലാണ്. അതിനാല്‍ ഈ മേഖലയിലുള്ളവര്‍ക്ക് അടിയന്തര പ്രഥമ ശ്രുശ്രൂഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. ട്രൈബല്‍ മേഖലയിലുള്ള ദുര്‍ഘട പ്രദേശങ്ങളിലുള്‍പ്പെടെയുള്ള ആരോഗ്യ സ്ഥാപനങ്ങളില്‍ എല്ലായിടത്തും ആന്റി റാബീസ് ക്ലിനിക്കുകളുടെ സേവനം ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
5 ആശുപത്രികളെ മാതൃകാ ആന്റി റാബീസ് ക്ലിനിക്കുകളായി അടുത്തിടെ സര്‍ക്കാര്‍ ഉയര്‍ത്തിയിരുന്നു. നായകളില്‍ നിന്നും കടിയേറ്റ് വരുന്നവര്‍ക്കുള്ള ചികിത്സാ സംവിധാനങ്ങള്‍ ഒരൊറ്റ കുടക്കീഴില്‍ കൊണ്ടുവരാനാണ് മാതൃകാ ആന്റി റാബീസ് ക്ലിനിക്കുകള്‍ ആരംഭിച്ചത്. അതുകൂടാതെയാണ് 199 ആന്റി റാബിസ് ക്ലിനിക്കുകള്‍ ആരംഭിച്ചത്. മുറിവേറ്റ ഭാഗം സോപ്പുപയോഗിച്ച് കഴുകാനുള്ള സ്ഥലം, വാക്‌സിനേഷന്‍ സൗകര്യം, മുറിവ് ശുശ്രൂഷിക്കാനുള്ള സ്ഥലം എന്നിവയുണ്ടാകും. ചികിത്സയ്‌ക്കെത്തുന്നവര്‍ക്ക് അവബോധവും കൗണ്‍സിലിംഗും നല്‍കുന്നതാണ്. ഈ ക്ലിനിക്കുകളില്‍ പ്രാഥമിക ശുശ്രൂഷയും തുടര്‍ ചികിത്സയും നല്‍കുന്നതിന് പരിശീലനം ലഭിച്ച ജീവനക്കാരുണ്ടാകും. ഇവര്‍ക്ക് അനിമല്‍ ബൈറ്റ് മാനേജ്മെന്റ്, റാബീസിന് മുമ്പും ശേഷവുമുള്ള സേവനങ്ങള്‍ എന്നിവയെപ്പറ്റി വിദഗ്ധ പരിശീലനവും നല്‍കും.
എല്ലാ ആശുപത്രികളിലും ഇത്തരത്തിലുള്ള സൗകര്യങ്ങള്‍ ഉറപ്പ് വരുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ശരീരത്തിന്റെ ഏത് ഭാഗത്ത് കടിയേറ്റാലും ഫലപ്രദമായ രീതിയില്‍ 15 മിനിറ്റ് ഒഴുകുന്ന വെള്ളത്തില്‍ കഴുകാനുള്ള സൗകര്യം ഈ ക്ലിനിക്കുകളില്‍ ഏര്‍പ്പെടുത്തും. ഇതിന് വേണ്ടിയുള്ള പ്രത്യേകം സൗകര്യങ്ങള്‍ ആശുപത്രികളിലൊരുക്കും. ഇതിനോടൊപ്പം ഇതുമായി ബന്ധപ്പെട്ട അവബോധ പോസ്റ്ററുകളും പ്രദര്‍ശിപ്പിക്കും. വാക്സിന്‍, ഇമ്മ്യുണോഗ്ലോബുലിന്‍ എന്നിവയുടെ ലഭ്യത പ്രദര്‍ശിപ്പിക്കും. വിദഗ്ധ ചികിത്സ ആവശ്യമായവര്‍ക്ക് റഫറല്‍ സേവനവും ലഭ്യമാക്കുന്നതാണ്