Hivision Channel

Kerala news

നമ്പര്‍ പ്ലേറ്റ് ഇല്ലാതെയും രൂപഘടനയില്‍ മാറ്റം വരുത്തിയും ഓടിയ കാര്‍ മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയില്‍ എടുത്തു

നമ്പര്‍ പ്ലേറ്റ് ഇല്ലാതെയും രൂപഘടനയില്‍ മാറ്റം വരുത്തിയും ഓടിയ കാര്‍ മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയില്‍ എടുത്തു. കൊല്ലം ജില്ലയിലെ പത്തനാപുരത്താണ് സംഭവം. കാര്‍ കസ്റ്റഡിയില്‍ എടുത്തതിന്റെ പേരില്‍ ഒരു സംഘം ആളുകള്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി. പത്തനാപുരം പൊലീസ് സ്റ്റേഷനില്‍ വച്ചാണ് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരോട് തട്ടിക്കയറിയത്. മലപ്പുറം സ്വദേശിയുടെ പേരിലുള്ളതാണ് കാര്‍. കൊല്ലം സ്വദേശി കാര്‍ വാങ്ങിയെങ്കിലും പേരുമാറ്റം നടത്തിയിരുന്നില്ല.

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം മഴക്ക് സാധ്യത

സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ വേനല്‍ മഴ ലഭിക്കും. അടുത്ത അഞ്ച് ദിവസം പരക്കെ മഴക്ക് സാധ്യത. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിച്ചു.

മെയ് 9ന് മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. മെയ് 10ന് ഇടുക്കിയിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്ററില്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

അതേസമയം, സംസ്ഥാനത്ത് ഇന്നും നാളെയും ഉയര്‍ന്ന താപനിലയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണം നല്‍കുന്ന മുന്നറിയിപ്പ്.

നഴ്‌സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട; കേരള സര്‍ക്കാര്‍ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

നഴ്‌സിംഗ് പഠനം കഴിഞ്ഞാല്‍ ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ടെന്ന് സുപ്രീംകോടതി. നിര്‍ബന്ധിത പരീശീലനം വേണ്ടെന്ന കേരള സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതി ശരിവെച്ചു. സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്തുള്ള സ്വകാര്യ ആശുപത്രികളുടെ ഹര്‍ജി സുപ്രീംകോടതി തള്ളി. നാല് വര്‍ഷത്തെ പഠനത്തിനിടയില്‍ ആറ് മാസം പരിശീലനം ലഭിക്കുന്നുണ്ടെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.

അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു

പത്തനംതിട്ട തെങ്ങമത്ത് അരളി ചെടിയുടെ ഇല തിന്ന പശുവും കിടാവും ചത്തു. രണ്ട് ദിവസം മുന്‍പാണ് സംഭവം. തെങ്ങമം മഞ്ജു ഭവനത്തില്‍ പങ്കജവല്ലിയമ്മയുടെ വീട്ടിലെ പശുവും കിടാവുമാണ് ചത്തത്. സമീപത്തെ വീട്ടുകാര്‍ വെട്ടികളഞ്ഞ അരളി തീറ്റയ്ക്ക് ഒപ്പം അബദ്ധത്തില്‍ നല്‍കിയതാണ് മരണ കാരണം. പശുവിന് ദഹനക്കേടാണെന്ന് പറഞ്ഞ് പങ്കജവല്ലിയമ്മ മൃഗാശുപത്രിയില്‍ എത്തിയിരുന്നു. ചക്ക കഴിച്ചതിനെ തുടര്‍ന്ന് ദഹനക്കേടുണ്ടായെന്നായിരുന്നു ആദ്യത്തെ സംശയം. എന്നാല്‍ മരുന്നുമായി വീട്ടിലെത്തിയ പങ്കജവല്ലിയമ്മ കണ്ടത് പശുക്കിടാവ് ചത്തുകിടക്കുന്നതാണ്. തൊട്ടടുത്ത ദിവസം തള്ളപ്പശുവും ചത്തും. എന്നിട്ടും എന്താണ് കാരണം എന്ന് മനസിലായിരുന്നില്ല.

സാധാരണ ദഹനക്കേട് മരുന്ന് കൊടുത്താല്‍ മാറുന്നതാണ്. ഇത്തവണ മരുന്ന് കൊടുത്തിട്ടും മാറാതെ വന്നതോടെ പശുവിന് കുത്തിവെപ്പും എടുത്തിരുന്നു. കുത്തിവെപ്പെടുക്കാന്‍ സബ് സെന്ററില്‍ നിന്ന് ഇവരുടെ വീട്ടിലെത്തിയ ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍ വീടിന് സമീപത്ത് അരളി കണ്ടിരുന്നു. ഇത് സംശയത്തിന് കാരണമായി. ചത്ത പശുക്കളുടെ പോസ്റ്റ്‌മോര്‍ട്ടം പരിശോധനയില്‍ അരളി ചെടിയുടെ ഇല തിന്നതാണ് മരണകാരണമെന്ന് വ്യക്തമായി. പങ്കജവല്ലിയമ്മയ്ക്ക് മറ്റ് രണ്ട് പശുക്കള്‍ കൂടെയുണ്ട്. ഇവയ്ക്ക് അരളി ചെടിയുടെ ഇല കൊടുത്തിരുന്നില്ല. അതിനാല്‍ തന്നെ ഇവയ്ക്ക് ദഹനക്കേടോ മറ്റ് പ്രശ്‌നങ്ങളോ ഉണ്ടായില്ല.

ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവിനുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്; നടപടി യദുവിന്റെ പരാതിയില്‍

തിരുവനന്തപുരം മേയര്‍ ആര്യാ രാജേന്ദ്രനും സച്ചിന്‍ ദേവ് എംഎല്‍എയ്ക്കുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിന്റെ പരാതിയിലാണ് കോടതി ഉത്തരവ്. മേയര്‍ ആര്യാ രാജേന്ദ്രന്‍, ഭര്‍ത്താവ് സച്ചിന്‍ദേവ് എംഎല്‍എ, മേയറുടെ സഹോദരന്‍ അരവിന്ദ്, ഭാര്യ ആര്യ, കണ്ടാലറിയാവുന്ന ഒരാള്‍ എന്നിവര്‍ക്കെതിരെയായിരുന്നു യദുവിന്റെ പരാതി. കന്റോണ്‍മെന്റ് പൊലീസിനോടാണ് കേസെടുക്കാന്‍ തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ടേറ്റ് കോടതി 3 നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍, അന്യായമായി തടങ്കലില്‍ വയ്ക്കല്‍, അസഭ്യം പറയല്‍ എന്നീ പരാതികളാണ് ഹര്‍ജിയില്‍ ആരോപിച്ചിരിക്കുന്നത്. പരാതി കോടതി പൊലീസിന് കൈമാറി.

പേരാവൂര്‍ തെരു ശ്രീ വൈരീഘാതക ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം മെയ് 11,12,13 തീയതികളില്‍ നടക്കും

പേരാവൂര്‍ തെരു ശ്രീ വൈരീഘാതക ഭഗവതി ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവം നവകം,പഞ്ചഗവ്യം,അഭിഷേകം മെയ് 11,12,13 തീയതികളില്‍ ക്ഷേത്രം തന്ത്രി വിലങ്ങര ഭട്ടതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കും.11 ന് ശനിയാഴ്ച വൈകുന്നേരം 3 മണിക്ക് കലവറനിറക്കല്‍ ഘോഷയാത്ര,7.30 ന് പ്രഭാഷണം,വിവിധ കലാപരിപാടികള്‍,മെയ് 12ന് രാത്രി 7.30 മുതല്‍ നൃത്തനൃത്ത്യങ്ങള്‍.

കീറിയ കറന്‍സി നോട്ടുകള്‍ മാറ്റിയെടുക്കാം

ഇന്ത്യ ഡിജിറ്റലാകുകയാണ്. സാമ്പത്തിക ഇടപാടുകള്‍ യുപിഐ വന്നതോടെ ക്യാഷ്ലെസ്സ് ആകാന്‍ തുടങ്ങിയിരുന്നു. എങ്കിലും കറന്‍സികള്‍ ഉപയോഗം കുറവല്ല, പലപ്പോഴും കറന്‍സി ഉപയോഗിക്കുമ്പോള്‍ കേടായ നോട്ടുകള്‍ ലഭിച്ചാല്‍ അല്ലെങ്കില്‍ കയ്യിലുള്ളവ ഏതെങ്കിലും രീതിയില്‍ ഉപയോഗിക്കാന്‍ കഴിയാത്ത വിധമായാല്‍ എന്തുചെയ്യും? ആര്‍ബിഐ മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം ബാങ്കുകള്‍ക്ക് കേടായ കറന്‍സി നോട്ടുകള്‍ മാറ്റാം. ഒരു ബാങ്കുകള്‍ക്കും അത് നിരസിക്കാനുള്ള ഓപ്ഷന്‍ ഇല്ല.

കീറിയതോ ഒട്ടിച്ചതോ മറ്റെന്തെങ്കിലും മാറ്റം വരുത്തിയതോ ഇനി ഉപയോഗിക്കാനാകാത്തതോ ആയ നോട്ടുകള്‍ മാറ്റുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ആര്‍ബിഐ പ്രഖ്യാപിച്ചിട്ടുണ്ട്. ഫോമുകള്‍ പൂരിപ്പിക്കാതെ തന്നെ ഈ ഇടപാടുകള്‍ പൊതുമേഖലാ ബാങ്ക് ശാഖയിലോ സ്വകാര്യമേഖലാ ബാങ്കിന്റെ കറന്‍സി ചെസ്റ്റ് ശാഖയിലോ ആര്‍ബിഐ ഇഷ്യൂ ഓഫീസിലോ നടത്താം. കേടായ നോട്ടുകള്‍ മാറ്റുന്നതിനുള്ള സേവനവും പൊതുജനങ്ങളുടെ സൗകര്യാര്‍ത്ഥം ടിഎല്‍ആര്‍ (ട്രിപ്പിള്‍ ലോക്ക് റിസപ്റ്റാക്കിള്‍) കവറുകള്‍ വഴി നല്‍കുന്നുണ്ട്.

ആര്‍ബിഐയുടെ നിയന്ത്രണമനുസരിച്ച് ഏത് ബാങ്കിലും പോയി ഈ നോട്ടുകള്‍ മാറ്റിയെടുക്കാം. റിസര്‍വ് ബാങ്ക് പറയുന്നതനുസരിച്ച് ഒരു ബാങ്കിനും നോട്ടുകള്‍ മാറാന്‍ കഴിയില്ലെന്ന് പറയാന്‍ അനുവാദമില്ല. സെന്‍ട്രല്‍ ബാങ്കിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച്, അത് പാലിക്കാന്‍ വിസമ്മതിച്ചാല്‍ ബാങ്ക് അനന്തരഫലങ്ങള്‍ നേരിടേണ്ടിവരും.

കേടുപാടുകള്‍ സംഭവിച്ച കറന്‍സി നോട്ടുകള്‍ മാറ്റുന്നതിനുള്ള ആര്‍ബിഐ വ്യവസ്ഥകള്‍

താഴെപ്പറയുന്ന ആവശ്യകതകള്‍ക്ക് വിധേയമായി കേടായ നോട്ടുകള്‍ ബാങ്കില്‍ മാറ്റാവുന്നതാണ്:

  1. ഗുണനിലവാരമനുസരിച്ച് നോട്ടിന്റെ മൂല്യം കുറയും.
  2. ഒരു വ്യക്തിക്ക് 5,000 രൂപയില്‍ കൂടുതല്‍ കേടായ 20 നോട്ടുകള്‍ ഉണ്ടെങ്കില്‍ ഇടപാട് ഫീസ് ബാധകമാകും.
  3. ഒരു കൈമാറ്റം നടത്തുന്നതിന് മുമ്പ്, നോട്ടില്‍ സുരക്ഷാ ചിഹ്നങ്ങളുണ്ടോ എന്ന് പരിശോധിക്കേണ്ടത് പ്രധാനമാണ്. നോട്ടുകള്‍ മാറാന്‍ ബാങ്ക് വിസമ്മതിച്ചാല്‍ ഓണ്‍ലൈനായി പരാതി നല്‍കാം. ആര്‍ബിഐ ബാങ്ക് ജീവനക്കാര്‍ക്ക് എതിരെ നടപടി എടുക്കും . 1000 രൂപ വരെയുള്ള നാശനഷ്ടങ്ങള്‍ക്ക് ബാങ്ക് നഷ്ടപരിഹാരം നല്‍കാം

കൊച്ചി സ്മാര്‍ട്ട് സിറ്റിയില്‍ പെയിന്റിങ്ങിനായി നിര്‍മിച്ച ഇരുമ്പ് ഫ്രെയിം തകര്‍ന്ന് വീണു; ഒരാള്‍ മരിച്ചു

കൊച്ചി സ്മാര്‍ട്ട് സിറ്റിയില്‍ കെട്ടിട നിര്‍മാണത്തിനിടെ ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഗുരുതര പരിക്കേറ്റ ബിഹാര്‍ സ്വദേശി ഉത്തം ആണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ അഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ഒരാളുടെ പരിക്ക് ഗുരുതരമാണ്. കെട്ടിടത്തിന് പെയിന്റിങ്ങിനായി നിര്‍മിച്ച ഇരുമ്പ് ഫ്രെയിമാണ് തകര്‍ന്ന് വീണത്.

കൊച്ചി ഇന്‍ഫോ പാര്‍ക്കിനോട് ചേര്‍ന്നുള്ള സ്മാര്‍ട്ട് സിറ്റി മേഖലയിലാണ് അപകടമുണ്ടായത്. നിര്‍മാണത്തിലിരുന്ന 24 നില കെട്ടിടത്തിന്റെ പെയിന്റിംഗിനായി സ്ഥാപിച്ച ഇരുമ്പ് ഫ്രെയിം നിലംപതിച്ചാണ് അപകടം ഉണ്ടായത്. ഇരുമ്പ് ഫ്രെയിം തൊഴിലാളികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ബീഹാര്‍ സ്വദേശികളായ രമിത്, സിക്കന്ദര്‍, അമാന്‍, ബബന്‍ സിങ്, രാജന്‍ മുന്ന എന്നിവര്‍ക്കാണ് അപകടത്തില്‍ പരിക്കേറ്റത്.

മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിയിലേക്ക് തിരിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്‍ ദുബായിയിലേക്ക് തിരിച്ചു. ഇന്ന് രാവിലെയാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ നിന്ന് മുഖ്യമന്ത്രി ദുബായിലേക്ക് തിരിച്ചത്. വ്യക്തിപരമായ ആവശ്യങ്ങളെന്ന് ചൂണ്ടിക്കാട്ടിയാണ് യാത്രയ്ക്ക് മുഖ്യമന്ത്രി അനുമതി തേടിയത്.

സ്വകാര്യ സന്ദര്‍ശനമായതിനാല്‍ സര്‍ക്കാര്‍ ഔദ്യോഗികമായി വാര്‍ത്താക്കുറിപ്പ് ഇറക്കിയിട്ടില്ല. കഴിഞ്ഞ ദിവസമാണ് സന്ദര്‍ശനത്തിന് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയത്. ഇതോടെയാണ് യാത്ര സംബന്ധിച്ച് അന്തിമ തീരുമാനമായത്.

പാലക്കാട് ലോട്ടറി വില്‍പനക്കാരിക്ക് നേരെ ആസിഡ് ആക്രമണം

പാലക്കാട് ഒലവക്കോട് താണാവില്‍ ആസിഡ് ആക്രമണം. ആസിഡ് ആക്രമണം താണാവില്‍ ലോട്ടറി കട നടത്തുന്ന ഒലവക്കോട് സ്വദേശിനി ബര്‍ഷീനയ്ക്ക് നേരേയായിരുന്നു. ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു ആക്രമണം ഉണ്ടായത്.

ബര്‍ഷീനയുടെ മുന്‍ ഭര്‍ത്താവ് തമിഴ്‌നാട് സ്വദേശി കാജാ ഹുസൈനാണ് ആക്രമണം നടത്തിയത്. പൊള്ളലേറ്റ ബര്‍ഷീനയെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ കാജാ ഹുസൈനെ പൊലീസ് കസ്റ്റഡിയിലെടുത്തു.