Hivision Channel

Kerala news

റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ മൂന്ന് പ്രതികളുടെ ജാമ്യ അപേക്ഷ തള്ളി. ആറാം പ്രതി കിരണ്‍,എട്ടാം പ്രതി ഷഫീഖ്,പതിനേഴാം പ്രതി വൈശാഖ് എന്നിവരുടെ ജാമ്യ അപേക്ഷയാണ് തള്ളിയത്. തിരുവനന്തപുരം ജുഡീഷ്യന്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. നേരത്തെ ഇഡി ഉദ്യോഗസ്ഥരെയും വാഹനങ്ങളും ആക്രമിച്ച കേസില്‍ ഏഴ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടിരുന്നു.

കേസിലെ പ്രധാന പ്രതിയും സിപിഐഎം നേതാവുമായ ഐ.പി. ബിനു ഉള്‍പ്പെടെ ഏഴ് പേരെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പോലീസിന് കൈമാറിയത്. പ്രതിയായ ഐ.പി. ബിനുവിന് ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കണമെന്ന് കോടതി പൊലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കി. ബിനുവിന് രക്തസമ്മര്‍ദ്ദം വളരെ കൂടുതലാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്നാണ് മജിസ്‌ട്രേറ്റിന്റെ ഇടപെടല്‍.

ആരോഗ്യനില കൃത്യമായി നിരീക്ഷിച്ചുകൊണ്ട് വേണം ചോദ്യം ചെയ്യല്‍ നടപടികളിലേക്ക് കടക്കാനെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. വഞ്ചിയൂര്‍ അമ്പലത്തുമുക്ക് സ്വദേശി രേവന്ത്, വര്‍ക്കല ഇളകമണ്‍ സ്വദേശി ലെനിന്‍ രാജ്, നെയ്യാറ്റിന്‍കര തെക്കുമ്പുറം കാവിന് സമീപം ജി ആര്‍ നന്ദു, നെയ്യാറ്റിന്‍കര മഞ്ചവിളാകം സ്വദേശി രാഹുല്‍ രാജന്‍, നെടുമങ്ങാട് തറട്ട സ്വദേശി രാഹുല്‍, പാപ്പനംകോട് കൈമനം സ്വദേശി വൈശാഖ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ നടപടി സ്റ്റേ ചെയ്തു

ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലം മാറ്റിയ സംഭവത്തില്‍ സര്‍ക്കാര്‍ നടപടി സ്റ്റേ ചെയ്ത് അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍. ഡോക്ടര്‍ റീന നല്‍കിയ ഹര്‍ജിയിലാണ് നടപടി.ആരോഗ്യവകുപ്പ് ഡയറക്ടറെ മാറ്റിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. സര്‍ക്കാരിനോട് ആലോചിക്കാതെ ഡയറക്ടര്‍ തീരുമാനങ്ങളെടുത്തെന്നും സിസ്റ്റത്തിനോട് സഹകരിക്കാത്തവരെയും തുരപ്പന്‍ പണിയെടുക്കുന്നവരെയും മാറ്റുമെന്നുമായിരുന്നു ആരോഗ്യമന്ത്രി കെ മുരളീധരന്‍ വിഷയത്തില്‍ പ്രതികരിച്ചത്.

അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ നടപടി സ്റ്റേ ചെയ്തതോടെ ആരോഗ്യവകുപ്പിനും വലിയ തിരിച്ചടിയാണ്.മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായ സ്ഥലംമാറ്റത്തെ റീന എതിര്‍ത്തിരുന്നു. ഡയറക്ടറായ റീനയെ തടഞ്ഞുവച്ച് ഉത്തരവിറക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. തുടര്‍ന്നാണ് കാലാവധി അവസാനിച്ചെന്നും പകര്‍ച്ചവ്യാധി പടരുന്നതിനിടെ 15 ദിവസം അവധിയെടുത്തെന്നും ആരോപിച്ച് പുറത്താക്കിയത്.

എന്നാല്‍, രണ്ടര ദിവസത്തെ അവധിമാത്രം ആവശ്യപ്പെട്ട് റീന അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് അയച്ച കത്ത് പുറത്തുവന്നു. അതേസമയം കോടതിക്ക് നന്ദി പറഞ്ഞു ഡോക്ടര്‍ റീന രംഗത്തെത്തി. നിയമവ്യവസ്ഥയ്ക്ക് നന്ദിയെന്ന് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ആയിരുന്ന ഡോക്ടര്‍ റീന പറഞ്ഞു. ഇന്നത്തെ ദിവസം ഡോക്ടര്‍ അസീനയ്ക്ക് സമര്‍പ്പിക്കുന്നു എന്ന് ഡോക്ടര്‍ റീനയുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസ്. ഡിഎച്ച്എസിനെ മാറ്റിയ നടപടി അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണല്‍ സ്റ്റേ ചെയ്തതിനാണ് നിയമവ്യവസ്ഥയ്ക്ക് അവര്‍ നന്ദി അറിയിച്ചു.

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. എറണാകുളം തൃശ്ശൂര്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലേര്‍ട്ട്. ആറ് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്. കോഴിക്കോട് മലപ്പുറം പാലക്കാട് ഇടുക്കി കോട്ടയം പത്തനംതിട്ട ജില്ലകളിലാണ് മുന്നറിയിപ്പ്.

മധ്യകേരളത്തില്‍ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യത. ഞായറാഴ്ച മുതല്‍ വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകാന്‍ സാധ്യതയുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തുടര്‍ച്ചയായി മഴ പെയ്യുന്നതിനാല്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ എന്നിവയ്ക്ക് സാധ്യതയുള്ള മലയോര പ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ അധികൃതരുടെ നിര്‍ദ്ദേശാനുസരണം ക്യാമ്പുകളിലേക്കോ സുരക്ഷിത സ്ഥാനങ്ങളിലേക്കോ മാറിത്താമസിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശിച്ചു. താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും വെള്ളക്കെട്ടിന് സാധ്യതയുള്ളതിനാല്‍ ശക്തമായ കാറ്റും ഇടിമിന്നലുമുള്ള സമയങ്ങളില്‍ പൊതുജനങ്ങള്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും, നദികളിലോ മറ്റ് ജലാശയങ്ങളിലോ ഇറങ്ങരുതെന്നും ജാഗ്രതാ നിര്‍ദ്ദേശത്തില്‍ വ്യക്തമാക്കുന്നു.

വിദ്യാര്‍ത്ഥികളെ ബസില്‍ കയറ്റാതിരുന്ന സംഭവം, നടപടിയെടുത്ത് എംവിഡി; കണ്ടക്ടര്‍ രാംദാസിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

വിദ്യാര്‍ത്ഥികളെ കണ്ടക്ടര്‍ ബസില്‍ കയറ്റാതിരുന്ന സംഭവത്തില്‍ നടപടിയെടുത്ത് മോട്ടോര്‍ വാഹന വകുപ്പ്. കണ്ടക്ടര്‍ രാംദാസിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. മൂന്നുമാസത്തേക്കാണ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. രാംദാസിന് പ്രത്യേക ബോധവല്‍ക്കരണ ക്ലാസ് നല്‍കാനും തീരുമാനം.വടക്കാഞ്ചേരി ജോയിന്റ് ആര്‍ടിഓ ഓഫീസിലേക്ക് കണ്ടക്ടറെ വിളിച്ചു വരുത്തി വിശദീകരണം കേട്ട ശേഷമാണ് നടപടി.

വടക്കാഞ്ചേരിയില്‍ കൈകൂപ്പി പറഞ്ഞിട്ടും വിദ്യാര്‍ത്ഥികളെ ബസ്സില്‍ കയറ്റാതെ പുറത്തു നിര്‍ത്തുകയായിരുന്നു ബസ് കണ്ടക്ടര്‍. ദൃശ്യം പുറത്തുവന്നതിന് പിന്നാലെ കണ്ടക്ടറുടെ ലൈസന്‍സ് റദ്ദാക്കാനുള്ള നടപടിയെടുക്കുകയായിരുന്നു. പ്രതിഷേധമുയര്‍ത്തി വിദ്യാര്‍ത്ഥി സംഘടനകളും രംഗത്തെത്തിയിരുന്നു. ഏര്‍ക്കേണ്ടി വന്നത്.

വിദ്യാര്‍ത്ഥി കണ്‍സഷന്‍ നിരക്ക് ആയതിനാല്‍ കുറച്ചു പേരെ മാത്രം കൊണ്ടു പോകാന്‍ കഴിയൂ എന്ന് ആയിരുന്നു കണ്ടക്ടറുടെ നിലപാട്. വീട്ടിലെത്താന്‍ വൈകുമെന്നതിനാല്‍ സഹായിക്കണമെന്ന് കുട്ടി കൈകൂപ്പി പറഞ്ഞിട്ടും കണ്ടക്ടര്‍ വഴങ്ങിയില്ല. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ജില്ലാ ഭരണകൂടവും പൊലീസും മോട്ടോര്‍ വാഹന വകുപ്പും ഇടപെട്ടു. ബസ് കണ്ടക്ടറെ വിളിച്ചുവരുത്തി ലൈസന്‍സ് പിടിച്ചുവെച്ചു.

എം വി ഗോവിന്ദനെതിരെ കെ സുധാകരന്‍ നല്‍കിയ മാനനഷ്ടകേസ് കോടതി തള്ളി

സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ നല്‍കിയ മാനനഷ്ടക്കേസ് കോടതി തള്ളി. തെളിവ് നല്‍കാന്‍ കെ സുധാകരന്‍ തുടര്‍ച്ചയായി നേരിട്ട് ഹാജരാകാതിരുന്നതോടെയാണ്, ജനപ്രതിനിധികളുടെ കേസ് പരിഗണിക്കുന്ന പ്രത്യേക കോടതി കേസ് തള്ളിയത്. മോന്‍സണ്‍ മാവുങ്കലിന് എതിരെ പോക്‌സോ കേസുമായി ബന്ധപ്പെടുത്തിയുള്ള പരാമര്‍ശത്തിന് എതിരെയാണ് കെ സുധാകരന്‍ മാനനഷ്ടക്കേസ് കൊടുത്തത്. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് സുധാകരന്റെ അഭിഭാഷകന്‍ അറിയിച്ചു.

മോന്‍സന്‍ മാവുങ്കല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന സമയത്ത് അവിടെ കെ സുധാകരന്‍ ഉണ്ടായിരുന്നുവെന്ന വാര്‍ത്തകളുണ്ടെന്നായിരുന്നു എംവി ഗോവിന്ദന്റെ പ്രതികരണം. മോന്‍സന്‍ മാവുങ്കലിനെതിരായ പോക്‌സോ കേസിലെ കൂട്ടു പ്രതിയാണ് കെ സുധാകരനെന്നായിരുന്നു എം വി ഗോവിന്ദന്റെ ആരോപണം. പീഡിപ്പിക്കപ്പെടുമ്പോള്‍ കെ സുധാകരന്‍ അവിടെ ഉണ്ടായിരുന്നുവെന്ന് പോക്‌സോ കേസിലെ അതിജീവിത വെളിപ്പെടുത്തിയിട്ടുണ്ടെന്നും പീഡന വിവരം അറിഞ്ഞിട്ടും സുധാകരന്‍ ഇടപെട്ടില്ലെന്നാണ് അതിജീവിതയുടെ മൊഴിയെന്നുമാണ് എം വി ഗോവിന്ദന്‍ പറഞ്ഞത്.

എബോള സംശയം; കോട്ടയത്ത് യുവതി നിരീക്ഷണത്തില്‍

എബോള സംശയത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തില്‍ തുടരുന്ന യുവതിയുടെ പരിശോധനാഫലം ഇന്ന് വൈകിട്ട് ലഭിക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. യുവതി ഐസൊലേഷനിലാണെന്നും എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയെന്നും മന്ത്രി പറഞ്ഞു. ഒരു ശതമാനം പോലും റിസ്‌ക് എടുക്കാന്‍ ആരോഗ്യ വകുപ്പ് തയ്യാറല്ല. പിപിഇ കിറ്റ് അടക്കമുള്ള കാര്യങ്ങള്‍ എല്ലാം ഒരുക്കി കഴിഞ്ഞെന്ന് മന്ത്രി വ്യക്തമാക്കി.

എബോള ലക്ഷണങ്ങള്‍ വന്നതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍ പറഞ്ഞു. പ്രാഥമികമായി നോക്കുമ്പോള്‍ ഭയപ്പെടാനില്ലെന്നാണ് മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചിരിക്കുന്നത്. സമ്പര്‍ക്ക പട്ടിക തയാറാക്കിയിട്ടുണ്ടെന്ന് മന്ത്രി കെ മുരളീധരന്‍ പറഞ്ഞു.

അതേസമയം ഷിഗെല്ല, ഡെങ്കി തുടങ്ങിയവ ബാധിച്ച് ഇന്നലെ മാത്രം നാല് പേരാണ് മരിച്ചത്. 12,191 പേരാണ് പനി ബാധിച്ച് ഇന്നലെ ചികിത്സ തേടിയത്.12 പേര്‍ക്കാണ് ഇന്നലെ ഷിഗെല്ല സ്ഥിരീകരിച്ചുത്. നിപ ബാധിച്ച നാല്‍പത്തിമൂന്നുകാരന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ തുടരുകയാണ്.

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത. വൈദ്യൂതി ലഭ്യതയില്‍ വന്‍ കുറവെന്ന് കെഎസ്ഇബി. ഈ മാസം 30 വരെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തും. വൈകുന്നേരം ആറിനും രാത്രി പന്ത്രണ്ടിനും ഇടയില്‍ വൈദ്യുതി നിയന്ത്രണ ഏര്‍പ്പെടുത്തുമെന്നാണ് കെഎസ്ഇബി അറിയിച്ചത്. വൈദ്യുതി ലഭ്യതയില്‍ 900 മെഗാവാട്ടിന്റെ കുറവുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വൈദ്യുതി നിയന്ത്രണത്തിന് കെഎസ്ഇബി ഒരുങ്ങുന്നത്.

സെൻസസ് 2027: സെൽഫ് എന്യൂമറേഷൻ ജില്ലാതല ഉദ്ഘാടനം ജില്ലാ കളക്ടർ നിർവഹിച്ചു

ദേശീയ സെൻസസ് 2027 ന്റെ ഭാഗമായുള്ള സെൽഫ് എന്യൂമറേഷന്റെ ജില്ലാതല ഉദ്ഘാടനം ഫോണിൽ നിന്ന് സ്വന്തം വിവരങ്ങൾ അപ്ലോഡ് ചെയ്തുകൊണ്ട് ജില്ലാ കളക്ടർ പി. വിഷ്ണുരാജ് നിർവഹിച്ചു. ജൂൺ 16 മുതൽ ജൂൺ 30 വരെയാണ്  സെൽഫ് എന്യൂമറേഷൻ മുഖേന വിവരങ്ങൾ നൽകാനുള്ള സമയം.

രാജ്യത്തിന്റെ സുപ്രധാന പദ്ധതികളും പരിപാടികളും നടപ്പാക്കുന്നത് സെൻസസ് വിവരങ്ങൾ അടിസ്ഥാനമാക്കിയാണെന്നും സെൻസസ് ഗൗരവമായി കണ്ട് എല്ലാവരും ഫോണിൽ നിന്നോ, കമ്പ്യൂട്ടറിൽ നിന്നോ ടാബിൽ നിന്നോ വെബ്സൈറ്റിൽ പ്രവേശിച്ചു  സെൽഫ് എന്യൂമറേഷൻ മുഖേന വിവരങ്ങൾ നൽകണമെന്നും ജില്ലാ കളക്ടർ പറഞ്ഞു.

se.census.gov.in എന്ന വെബ്സൈറ്റിൽ ലോഗിൻ ചെയ്താണ് സെൽഫ് എന്യൂമറേഷൻ മുഖേന വിവരങ്ങൾ നൽകേണ്ടത്. മൊബൈൽ നമ്പർ, കുടുംബനാഥന്റെയോ കുടുംബനാഥയുടെയോ യോ പേര് എന്നിവ നൽകി മുന്നോട്ടു പോകാം.

ഇത്തരത്തിൽ 34 ചോദ്യങ്ങൾക്ക് ഉത്തരം നൽകി സബ്മിറ്റ് ചെയ്‌താൽ 11 അക്കങ്ങളുള്ള, H ൽ തുടങ്ങുന്ന എസ്.ഇ ഐഡി നമ്പർ ഫോണിൽ മെസ്സേജ് ആയി ലഭിക്കും. ഈ നമ്പർ പിന്നീട് ജൂലൈ 1 മുതൽ ജൂലൈ 30 വരെയുള്ള കാലയളവിൽ സെൻസസിനായി വീട് സന്ദർശിക്കാൻ എത്തുന്ന എന്യൂമറേറ്റർക്ക് നൽകിയാൽ മതി.

സെൽഫ് എന്യൂമറേഷനിൽ നൽകിയ വിവരങ്ങളിൽ തിരുത്തൽ ഉണ്ടെങ്കിൽ എന്യൂമറേറ്ററെ അറിയിക്കാം.
എന്യൂമറേറ്റർ പരിശോധിച്ച വിവരമാണ് അന്തിമമായി സെൻസസ് ഡാറ്റബേസിലേക്ക് പോവുക.

ജില്ലാ കളക്ടറുടെ ചേമ്പറിൽ നടന്ന പരിപാടിയിൽ സബ് കളക്ടർ കാർത്തിക് പാണിഗ്രഹി, അസിസ്റ്റന്റ് കളക്ടർ സ്വാതി എസ്, എൻ.ഐ.സി അഡീഷണൽ ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ വിശാൽ കുമാർ, ഡെപ്യൂട്ടി കളക്ടർ കെ ബാലഗോപാൽ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി. പി വിനീഷ്, സ്റ്റാറ്റിസ്റ്റിക്കൽ ഇൻവെസ്റ്റിഗേറ്റർ വിജുല കെ  തുടങ്ങിയവർ സംബന്ധിച്ചു.

സംസ്ഥാനത്തെ പകര്‍ച്ചവ്യാധി വ്യാപനം; വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഡ്രൈ ഡേ ആചരിക്കാന്‍ തീരുമാനം

ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്റെ അധ്യക്ഷതയില്‍ പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി വിളിച്ചു ചേര്‍ത്ത ജില്ലാ കളക്ടര്‍മാരുടെയും ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാരുടെയും യോഗം അവസാനിച്ചു.വെള്ളി, ശനി, ഞായര്‍ ദിവസങ്ങളില്‍ ഡ്രൈ ഡേ ആചരിക്കാന്‍ തീരുമാനിച്ചു.വെള്ളിയാഴ്ച സ്‌കൂളുകളിലും ശനിയാഴ്ച സര്‍ക്കാര്‍ ഓഫീസുകളിലും മറ്റ് സ്ഥാപനങ്ങളിലും ഞായറാഴ്ച വീടുകളിലും ഡ്രൈ ഡേ ആചരിക്കും.

ഷിഗെല്ല ഉള്‍പ്പെടെയുള്ള മറ്റ് പകര്‍ച്ചവ്യാധികള്‍ തടയുന്നതിനൊപ്പം ഡെങ്കിപ്പനി പടരാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ച് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി നിര്‍ദേശം നല്‍കി.

ഇന്‍ഡിഗോ വിമാനത്തിലെ മര്‍ദ്ദന പരാതി; ഇ പി ജയരാജനെതിരെ എസ്ഐടി അന്വേഷണം

ഇന്‍ഡിഗോ വിമാനത്തിലെ മര്‍ദ്ദന പരാതിയില്‍ സിപിഐഎം നേതാവ് ഇ പി ജയരാജനെതിരായ അന്വേഷണം പ്രത്യേക സംഘ(എസ്ഐടി)ത്തിന്. സിറ്റി പൊലീസ് കമ്മീഷണറുടെ തീരുമാനത്തിലാണ് എസ്ഐടി രൂപീകരിക്കുന്നത്. എസിപിയുടെ നേതൃത്വത്തിലുള്ള എസ്ഐടിയായിരിക്കും അന്വേഷണം നടത്തുക.

ഇതുസംബന്ധിച്ചുള്ള ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്‍ ഗണ്‍മാന്‍ അനില്‍ കുമാറിനെതിരെയും അന്വേഷണമുണ്ടാകും. പരാതിയില്‍ തുടരന്വേഷണം നടത്താന്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പരാതി നല്‍കിയിരുന്നത്.

ഇന്‍ഡിഗോ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചെന്ന കേസില്‍ ഇ പി ജയരാജനെതിരായ കേസ് എഴുതി തള്ളാനാവില്ലന്ന് തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വ്യക്തമാക്കിയിരുന്നു. കേസ് ഒഴിവാക്കി പൊലീസ് നല്‍കിയ റിപ്പോര്‍ട്ട് കോടതി തള്ളിയിരുന്നു. സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനും കോടതി ഉത്തരവിട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് എസ്ഐടിയെ നിയമിച്ചത്.