
സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ നല്‍കിയ മാനനഷ്ടക്കേസ് കോടതി തള്ളി. തെളിവ് നല്‍കാന്‍ കെ സുധാകരന്‍ തുടര്‍ച്ചയായി നേരിട്ട് ഹാജരാകാതിരുന്നതോടെയാണ്, ജനപ്രതിനിധികളുടെ കേസ് പരിഗണിക്കുന്ന പ്രത്യേക കോടതി കേസ് തള്ളിയത്. മോന്‍സണ്‍ മാവുങ്കലിന് എതിരെ പോക്‌സോ കേസുമായി ബന്ധപ്പെടുത്തിയുള്ള പരാമര്‍ശത്തിന് എതിരെയാണ് കെ സുധാകരന്‍ മാനനഷ്ടക്കേസ് കൊടുത്തത്. ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് സുധാകരന്റെ അഭിഭാഷകന്‍ അറിയിച്ചു.
മോന്‍സന്‍ മാവുങ്കല്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കുന്ന സമയത്ത് അവിടെ കെ സുധാകരന്‍ ഉണ്ടായിരുന്നുവെന്ന വാര്‍ത്തകളുണ്ടെന്നായിരുന്നു എംവി ഗോവിന്ദന്റെ പ്രതികരണം. മോന്‍സന്‍ മാവുങ്കലിനെതിരായ പോക്‌സോ കേസിലെ കൂട്ടു പ്രതിയാണ് കെ സുധാകരനെന്നായിരുന്നു എം വി ഗോവിന്ദന്റെ ആരോപണം. പീഡിപ്പിക്കപ്പെടുമ്പോള്‍ കെ സുധാകരന്‍ അവിടെ ഉണ്ടായിരുന്നുവെന്ന് പോക്‌സോ കേസിലെ അതിജീവിത വെളിപ്പെടുത്തിയിട്ടുണ്ടെന്നും പീഡന വിവരം അറിഞ്ഞിട്ടും സുധാകരന്‍ ഇടപെട്ടില്ലെന്നാണ് അതിജീവിതയുടെ മൊഴിയെന്നുമാണ് എം വി ഗോവിന്ദന്‍ പറഞ്ഞത്.














