
റെയ്ഡ് കഴിഞ്ഞു മടങ്ങിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ മൂന്ന് പ്രതികളുടെ ജാമ്യ അപേക്ഷ തള്ളി. ആറാം പ്രതി കിരണ്‍,എട്ടാം പ്രതി ഷഫീഖ്,പതിനേഴാം പ്രതി വൈശാഖ് എന്നിവരുടെ ജാമ്യ അപേക്ഷയാണ് തള്ളിയത്. തിരുവനന്തപുരം ജുഡീഷ്യന്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. നേരത്തെ ഇഡി ഉദ്യോഗസ്ഥരെയും വാഹനങ്ങളും ആക്രമിച്ച കേസില്‍ ഏഴ് പ്രതികളെ കസ്റ്റഡിയില്‍ വിട്ടിരുന്നു.
കേസിലെ പ്രധാന പ്രതിയും സിപിഐഎം നേതാവുമായ ഐ.പി. ബിനു ഉള്‍പ്പെടെ ഏഴ് പേരെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി പോലീസിന് കൈമാറിയത്. പ്രതിയായ ഐ.പി. ബിനുവിന് ആവശ്യമായ വൈദ്യസഹായം ഉറപ്പാക്കണമെന്ന് കോടതി പൊലീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കി. ബിനുവിന് രക്തസമ്മര്‍ദ്ദം വളരെ കൂടുതലാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കോടതിയെ ബോധ്യപ്പെടുത്തിയതിനെ തുടര്‍ന്നാണ് മജിസ്‌ട്രേറ്റിന്റെ ഇടപെടല്‍.
ആരോഗ്യനില കൃത്യമായി നിരീക്ഷിച്ചുകൊണ്ട് വേണം ചോദ്യം ചെയ്യല്‍ നടപടികളിലേക്ക് കടക്കാനെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. വഞ്ചിയൂര്‍ അമ്പലത്തുമുക്ക് സ്വദേശി രേവന്ത്, വര്‍ക്കല ഇളകമണ്‍ സ്വദേശി ലെനിന്‍ രാജ്, നെയ്യാറ്റിന്‍കര തെക്കുമ്പുറം കാവിന് സമീപം ജി ആര്‍ നന്ദു, നെയ്യാറ്റിന്‍കര മഞ്ചവിളാകം സ്വദേശി രാഹുല്‍ രാജന്‍, നെടുമങ്ങാട് തറട്ട സ്വദേശി രാഹുല്‍, പാപ്പനംകോട് കൈമനം സ്വദേശി വൈശാഖ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.














