Hivision Channel

Kerala news

സംസ്ഥാനത്ത് ഇന്നും നാളെയും മഴക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും നാളെയും മഴ സാധ്യത. കോഴിക്കോട് ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുണ്ട്. നാളെ ഏഴ് ജില്ലയില്‍ യെല്ലോ അലര്‍ട്ടാണ്. 21 മുതല്‍ വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കോഴിക്കോട് ജില്ലയില്‍ മഴ ശക്തമായി. പന്തലായനിയില്‍ ഇടിമിന്നലില്‍ വ്യാപക നാശനഷ്ടങ്ങളുണ്ടായി. രാവിലെ എട്ടു മണിയോടെയാണ് പ ന്തലായനിയില്‍ നാഗരാജന്റെ വീടിന് ഇടിമിന്നലേറ്റത്. ആളപായമില്ല. ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് കേടുപാടുണ്ടായി. വീടിന്റെ തറയ്ക്കും ഭിത്തിക്കും വിള്ളല്‍ രൂപപ്പെട്ടു.

പിഎം ശ്രീയില്‍ തുടരാന്‍ കേരളം; കരാര്‍ വ്യവസ്ഥയില്‍ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

പിഎം ശ്രീയില്‍ തുടരാന്‍ കേരളം. കരാര്‍ വ്യവസ്ഥയില്‍ ഇളവ് തേടുമെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പി എം ശ്രീയില്‍ തുടരാന്‍ നിര്‍ബന്ധിതരായി എന്നും ഉപസമിതി റിപ്പോര്‍ട്ടിന് ശേഷമായിരിക്കും തുടര്‍നടപടിയെന്നും വി ഡി സതീശന്‍ പറഞ്ഞു. മുന്‍ സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ട് പണം വാങ്ങിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിലപാട് നിശ്ചയിക്കാന്‍ വേണ്ടിയാണ് മന്ത്രിസഭ ഉപസമിതി. ആദ്യ നൂറ് ദിന കര്‍മ്മ പദ്ധതി ജൂലായ് 1 മുതല്‍ നടപ്പിലാക്കും. പിഎം ശ്രീയില്‍ ബിജെപി ഇതര സംസ്ഥാനങ്ങളുമായി ഒരുമിച്ച് നീങ്ങും. സംസ്ഥാന അവകാശങ്ങളെ ഹനിക്കാതെ പദ്ധതി തുടരാന്‍ ശ്രമമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പകര്‍ച്ചവ്യാധി നിയന്ത്രിക്കാന്‍ ഹൈ പവര്‍ കമ്മിറ്റി; ഡോ. എസ് എസ് ലാല്‍ ചെയര്‍മാന്‍; സംസ്ഥാനത്ത് ഈ മാസം 70 ഷിഗല്ല കേസുകള്‍; കെ മുരളീധരന്‍

പകര്‍ച്ചവ്യാധികളെ നിയന്ത്രിക്കാന്‍ ഹൈ പവര്‍ കമ്മിറ്റി രൂപീകരിക്കുമെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. ഡോ. എസ് എസ് ലാല്‍ ചെയര്‍മാനായും പ്രിന്‍സിപ്പല്‍ സെക്രട്ടറി ശര്‍മിള മേരി ജോസഫ് കോര്‍ഡിനേറ്ററായും ഡോ. ശ്രീജിത്ത് എന്‍ കുമാര്‍ കണ്‍വീനറായുമാണ് കമ്മിറ്റി. സര്‍ക്കാര്‍ – സ്വകാര്യ മേഖലകളിലെ വിദഗ്ധ ഡോക്ടര്‍മാരായിരിക്കും കമ്മിറ്റിയിലെ അംഗങ്ങളെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. ആരോഗ്യം നിയന്ത്രിക്കാന്‍ എല്ലാ മേഖലയും വേണം. അത് സ്വകാര്യവത്കരണമായിട്ട് ആരും കാണണ്ട. എനിക്ക് റിപ്പോര്‍ട്ട് നല്‍കുന്ന ചുമതല മാത്രമേയുള്ളു – അദ്ദേഹം വിശദമാക്കി. ആയുഷ് വകുപ്പിലെ ഡോക്ടര്‍മാര്‍, മൃഗസംരക്ഷണ വകുപ്പ്, ഭക്ഷ്യ സുരക്ഷാ വകുപ്പ് എന്നിവയില്‍ നിന്നുള്ള വിദഗ്ധന്‍മാരും കമ്മിറ്റിയില്‍ ഉള്‍പ്പെടും. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.സംസ്ഥാനത്ത് ഈ മാസം 70 ഷിഗല്ല കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്ന് ആരോഗ്യമന്ത്രി കെ. മുരളീധരന്‍ വിശദമാക്കി. ഈ വര്‍ഷം 146 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഷിഗല്ല ബാധിച്ച് അഞ്ചുപേര്‍ മരിച്ചു. മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകളിലാണ് ഷിഗല്ല ബാധിച്ച് മരണം റിപ്പോര്‍ട്ട് ചെയ്തത്. പത്തനംതിട്ടയാണ് ഇതുവരെ ഷിഗല്ല റിപ്പോര്‍ട്ട് ചെയ്യാത്ത ജില്ല. നിപയില്‍ എല്ലാ മരുന്നുകളും സ്റ്റോക്ക് ഉണ്ട്. 38 പരിശോധനകള്‍ നടത്തി. എല്ലാം നെഗറ്റീവാണ് – അദ്ദേഹം പറഞ്ഞു.

ടെലിഗ്രാമിന് ഇന്ത്യയിൽ നിയന്ത്രണം; നീറ്റ് ചോദ്യപേപ്പർ ചോർച്ച തടയാൻ കേന്ദ്ര നടപടി, ജൂൺ 22 വരെ താത്കാലിക നിയന്ത്രണം

ടെലിഗ്രാമിന് ഇന്ത്യയിൽ താൽക്കാലിക നിയന്ത്രണം. ജൂൺ 22 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. നീറ്റ് പുന പരീക്ഷയ്ക്ക് മുന്നോടിയായാണ് നടപടി. നടപടി സ്വാഗതം ചെയ്തു എൻടിഎ. ടെലിഗ്രാമിലൂടെയുള്ള തട്ടിപ്പ് തടയുന്നതിന്റെ ഭാഗമായാണ് നടപടി. ടെലിഗ്രാം പ്ലാറ്റ്ഫോമിലെ ആക്സസുകളിലാണ് നിയന്ത്രണം. ഇലക്ട്രോണിക്‌സ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രാലയം നിർദ്ദേശത്തെ തുടർന്ന് ആണ് നടപടി.

നേരത്തെ തന്നെ നീറ്റ് പരീക്ഷാ പേപ്പർ ചോർന്നതായി അവകാശപ്പെട്ട് ടെലിഗ്രാമിൽ സജീവമായിരുന്ന നിരവധി ചാനലുകൾക്കെതിരെ നാഷണൽ ടെസ്റ്റിങ് ഏജൻസി (എന്‍ടിഎ) പരാതിപ്പെട്ടിരുന്നു.PAPER LEAKED NEET, Re-NEET 2026, ‘Private Mafia’ തുടങ്ങിയ പേരുകളിൽ പ്രവർത്തിക്കുന്ന ചാനലുകൾ പണം വാങ്ങി ചോദ്യപേപ്പർ നൽകാമെന്ന് വാഗ്ദാനം ചെയ്ത് വിദ്യാർഥികളെയും രക്ഷിതാക്കളെയും കബളിപ്പിച്ചതായി പരാതികളും ഉയര്‍ന്നിരുന്നു.ഇത്തരം ചാനലുകളെ ഓരോന്നായി നീക്കം ചെയ്തതുകൊണ്ട് മാത്രം തട്ടിപ്പ് സംഘങ്ങളെ നിയന്ത്രിക്കാൻ കഴിയില്ലെന്നാണ് എൻടിഎ വിലയിരുത്തല്‍. തുടർന്നാണ് കർശന നടപടിയായി പ്ലാറ്റ്‌ഫോമിന് നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനിച്ചത്. ഇന്ത്യൻ സൈബർ ക്രൈം കോർഡിനേഷൻ സെന്ററിന്റെ ഇടപെടലുകളും ഫലപ്രദമാകാതിരുന്ന സാഹചര്യത്തിലാണ് നടപടി.

രാജ്യത്ത് ഇനി ഡോക്ടറുടെ കുറിപ്പടിയില്ലാതെ കഫ് സിറപ്പുകൾ കിട്ടില്ല; കര്‍ശന ഉത്തരവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

രാജ്യത്ത് ഇനി ഡോക്ടറുടെ കുറിപ്പടിയില്ലാതെ കഫ് സിറപ്പുകൾ കിട്ടില്ല; കര്‍ശന ഉത്തരവുമായി കേന്ദ്ര ആരോഗ്യമന്ത്രാലയം

രാജ്യത്ത് കഫ് സിറപ്പുകൾ വാങ്ങുന്നതിന് ഡോക്ടറുടെ കുറിപ്പടി നിർബന്ധമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് ഇനി നേരിട്ട് സിറപ്പുകൾ വാങ്ങുന്ന രീതി ഇല്ലാതാവും. കഫ് സിറപ്പുകൾ ഉൾപ്പടെ എല്ലാ സിറപ്പുകൾക്കും കേന്ദ്ര ആരോഗ്യമന്ത്രാലത്തിന്‍റെ ഉത്തരവ് ബാധകമാണ്. മെഡിക്കൽ സ്റ്റോറുകളുടെ കൗണ്ടറിൽ നിന്ന് സിറപ്പിന്റെ പേര് പറഞ്ഞ് നേരിട്ട് വാങ്ങുന്നത് നിയമവിരുദ്ധമായി കണക്കാകുമെന്നാണ് ഉത്തരവ്. വ്യാജ സിറപ്പ് കഴിച്ച് മധ്യപ്രദേശിലെയും രാജസ്ഥാനിലെയും നിരവധി കുട്ടികൾ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം കർശന നടപടി സ്വീകരിച്ചത്.

കഫ് സിറപ്പുകളുടെ സുരക്ഷിത ഉപയോഗവും പൊതുജനങ്ങളുടെ ആരോഗ്യവും ലക്ഷ്യമിട്ടാണ് പുതിയ നടപടി. രാജ്യവ്യാപകമായി പരാതികൾ ഉയ‍ർന്നതിന്റെ അടിസ്ഥാനത്തിലാണ് സിറപ്പുകൾ വാങ്ങുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മധ്യപ്ര‌ദേശിൽ ഇരുപത്തോളം കുട്ടികൾ വ്യാജ സിറപ്പുകൾ കുടിച്ച് മരിച്ചിരുന്നു. ഈ സംഭവത്തിന്റെ അടിസ്ഥാനത്തിൽ കുട്ടികൾക്ക് നൽകുന്ന സിറപ്പുകൾക്ക് നിലവിൽ എല്ലാ സംസ്ഥാനങ്ങളിലും ഈ നിയമം നിലനിൽക്കുന്നുണ്ട്. 1945 ലെ ഡ്ര​ഗ് റൂൾസിലെ അ‍ഞ്ചാമത്തെ അമൻമെന്റായിട്ടാണ് ഈ ഭേദ​ഗതി ഇപ്പോൾ കൊണ്ടുവരുന്നത്. ഇതോടെ, കഫ് സിറപ്പുകൾ നേരിട്ട് ഫാർമസികളിൽനിന്ന് വാങ്ങുന്നതിന് പകരം ഡോക്ടർ നൽകുന്ന കുറിപ്പടി ഹാജരാക്കിയാൽ മാത്രമേ ലഭിക്കൂ

2027 ലെ ജനസംഖ്യാ കണക്കെടുപ്പ്; സെല്‍ഫ് എന്യുമറേഷന് നാളെ തുടക്കമാകും

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെല്‍ഫ് എന്യുമറേഷന് നാളെ തുടക്കമാകും. സെന്‍സസിന്റെ പോര്‍ട്ടലില്‍ നാളെ മുതല്‍ 15 ദിവസം കുടുംബവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ രേഖപ്പെടുത്താം. വീടുകളിലെത്തിയുളള കണക്കെടുപ്പ് ജൂലൈ 1 മുതല്‍ 30വരെയാണ്. എവിടെയാണോ താമസിക്കുന്നത് അവിടത്തെ വിവരങ്ങളാണ് ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായി കൈമാറേണ്ടത്.

സ്വാതന്ത്ര്യം ലഭിച്ച ശേഷം നടക്കുന്ന എട്ടാം ജനസംഖ്യാ കണക്കെടുപ്പിനാണ് നാളെ മുതല്‍ തുടക്കം കുറിക്കുന്നത്. സെന്‍സസ് ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഡിജിറ്റല്‍ സംവിധാനം വഴി വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ അവസരം ഒരുക്കുന്നത്. ഡിജിറ്റല്‍ പ്‌ളാറ്റ് ഫോം വഴി വിവരങ്ങള്‍ സമര്‍പ്പിക്കാന്‍ കഴിയാത്തവര്‍ക്ക് പഴയത് പോലെ എന്യൂമറേറ്റര്‍മാര്‍ വീടുകളില്‍ എത്തുമ്പോള്‍ വിവരങ്ങള്‍ കൈമാറാം.
അടഞ്ഞു കിടക്കുന്ന വീടുകളുടെയും പ്രവാസികളുടെയും വിവരങ്ങള്‍ ജനസംഖ്യാ കണക്കെടുപ്പില്‍ ഉള്‍പ്പെടില്ല. എവിടെയാണോ സ്ഥിരതാമസം അവിടത്തെ വിവരങ്ങളാണ് എന്യൂമറേറ്റര്‍മാര്‍
ശേഖരിക്കുക.

സെന്‍സസ് വിവരശേഖരണത്തിനായി 61282 എന്യൂമറേറ്റര്‍മാരെയും 10189 സൂപ്പര്‍ വൈസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. എന്യൂമറേറ്റര്‍മാരായ സ്‌കൂള്‍ കോളജ് അധ്യാപകര്‍ക്ക് ഡ്യൂട്ടി ക്രമീകരണം നല്‍കിക്കൊണ്ടുളള തീരുമാനം വൈകാതെ ഉണ്ടാകും.

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണു

മന്ത്രി ബിന്ദു കൃഷ്ണയുടെ തലയില്‍ ചൂട് പായസം വീണു. കൊല്ലം കെഎസ്ആര്‍ടിസി ഡിപ്പോയില്‍ നടന്ന പ്രിയദര്‍ശിനി ബസ് ഉദ്ഘാടന വേളയിലായിരുന്നു സംഭവം. സൗജന്യ യാത്ര ആരംഭിച്ചതിന്റെ സന്തോഷത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിതരണം ചെയ്ത പായസമാണ് മന്ത്രിയുടെ തലയില്‍ വീണത്.

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരന്‍ മരിച്ചു

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല ബാധിച്ച് മരണം. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരന്‍ മലപ്പുറം കോഡൂര്‍ സ്വദേശിയായ രണ്ടാം ക്ലാസ് വിദ്യാര്‍ഥി ആര്‍ജവാണ് മരിച്ചത്. ഈ മാസം 12 നാണ് പനിയും വയറിളക്കത്തെയും തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആദ്യഘട്ടത്തില്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സതേടിയെങ്കിലും ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു.

ഇന്നലെ കോഴിക്കോട് ജില്ലയില്‍ മാത്രമായി 2 പേര്‍ക്കാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. കുന്ദമംഗലം സ്വദേശിയായ ഒരു വയസുകാരനും പയ്യോളി സ്വദേശിയായ ഒന്‍പത് വയസുകാരനുമാണ് രോഗം സ്ഥിരീകരിച്ചത്. കേരളത്തില്‍ ഇതുവരെ 135 ഓളം ഷിഗെല്ല കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. അതില്‍ തന്നെ 68 ഓളം കേസുകള്‍ കോഴിക്കോട് ജില്ലയിലാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഈ മാസം 13 ഓളം ഷിഗെല്ല കേസുകളാണ് കോഴിക്കോട് ജില്ലയില്‍ സ്ഥിരീകരിച്ചിട്ടുള്ളത്. സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത 4 മരണങ്ങളില്‍ 3 ഉം കോഴിക്കോട് ജില്ലയില്‍ നിന്നാണ്.

പ്രിയദര്‍ശിനി പദ്ധതിയുമായി ബന്ധപ്പെട്ട് സ്വകാര്യ ബസുകള്‍ക്ക് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

പ്രിയദര്‍ശിനി പദ്ധതിയുമായി ബന്ധപ്പെട്ട് സ്വകാര്യ ബസുകള്‍ക്ക് ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസുകള്‍ ഇല്ലാത്ത സ്ഥലത്ത് സ്വകാര്യ ബസും പദ്ധതിയുടെ ഭാഗമാണ്. സ്വകാര്യ ബസുടമകള്‍ക്കും പ്രയോജനകരമാകുന്ന രീതിയിലുള്ള അന്തരീക്ഷം കൂടി ഈ സര്‍ക്കാര്‍ ഒരുക്കും. കേരളത്തിന്റെ പൊതു ഗതാഗത രംഗം ഏറ്റവും മികച്ചതാക്കണം എന്നുള്ളതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രിയദര്‍ശിനി പദ്ധതി മൂലം സ്വകാര്യ മേഖലയില്‍ എതെങ്കിലും തരത്തിലുള്ള നഷ്ട്ടം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് നികത്താനുള്ള നടപടി സര്‍ക്കാര്‍ സ്വീകരിക്കും. ഒരു മേഖലയും തളരരുത്. എല്ലാ മേഖലകളെയും താങ്ങി നിര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കെ.എസ്.ആര്‍.ടി.സി ബസുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര പദ്ധതി തമ്പാനൂര്‍ സെന്‍ട്രല്‍ ബസ് സ്റ്റേഷനില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളോട് പറഞ്ഞ വാക്ക് പാലിക്കാനായെന്ന സന്തോഷത്തോടെയാണ് ഈ ബസില്‍ യാത്ര തുടങ്ങുന്നത്. ഇത് വെറുമൊരു ബസ് യാത്രയല്ല, കേരളത്തിലെ സ്ത്രീകളുടെ ആത്മാഭിനം ഉയര്‍ത്തിപ്പിടിക്കുകയും അവരെ സ്വയംപര്യാപ്തതയിലേക്കും സാമ്പത്തിക സുരക്ഷിതത്വത്തിലേക്കും നയിക്കുന്നൊരു യാത്രയുടെ തുടക്കമാണ്. പുതുയുഗ കേരളത്തിലേക്കുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ നിര്‍ണായക ചുവടുവയ്പ് കൂടിയാണ് ഈ യാത്രയെന്ന് വി ഡി സതീശന്‍ പറഞ്ഞു.

പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും. പ്രത്യേകിച്ചും ജോലി സംബന്ധമായി കിലോമീറ്ററുകളോളം സഞ്ചരിക്കേണ്ടി വരുന്ന പതിനായിരക്കണക്കിന് സ്ത്രീകള്‍ക്ക്. ഇത്രയും നാള്‍ ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മാറട്ടെ. അത് ആ സ്ത്രീയുടെ ആത്മവിശ്വാസവും മനക്കരുത്തും വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

പേരാവൂര്‍:തൊണ്ടിയില്‍ സെന്റ് ജോണ്‍സ് യു പി സ്‌കൂള്‍, പേരാവൂര്‍ സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിക്ക് ഇരിട്ടി 4യു ഫൗണ്ടേഷന്‍ പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ കുട്ടികള്‍ക്കുള്ള പഠനോപകരണങ്ങള്‍ സ്‌കൂള്‍ മാനേജര്‍ മാത്യു തെക്കേമുറിയും, സെന്റ് ജോണ്‍സ് യു പി സ്‌കൂള്‍ വിദ്യാര്‍ത്ഥിക്കുള്ള പഠനോപകരനങ്ങള്‍ സിസ്റ്റര്‍.വി സി ആന്‍സിയും ഏറ്റു വാങ്ങി. ആര്‍ച്ച് പ്രീസ്റ്റ് മാത്യു തെക്കേമുറി ഉദ്ഘാടനംനിര്‍വ്വഹിച്ചു.വാര്‍ഡ് മെമ്പര്‍ ആഷ ബിജു അധ്യക്ഷത വഹിച്ചു.4യു മാനേജിങ് ട്രസ്റ്റി ജെയിംസ് എന്‍ പോള്‍, ട്രസ്റ്റി ജിസ്‌ന ജോസ്,സാന്ത്വനം സ്‌പോര്‍ട്‌സ് അക്കാദമി പ്രസിഡന്റ് തങ്കച്ചന്‍ കോക്കാട്ട് എന്നിവര്‍ സംസാരിച്ചു.100 കുട്ടികള്‍ക്കാണ് പഠനോപകരണങ്ങള്‍ വിതരണം ചെയ്തത്.