നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയ്ക്ക് തൂക്കുകയര്‍. 20 ലക്ഷം പിഴയും അടയ്ക്കണം. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ശിക്ഷാവിധിയിന്മേല് വാദം കേട്ടശേഷം വിധി പറയാന്‍ മാറ്റുകയായിരുന്നു. ബാക്കിയുള്ളവരുടെ ജീവന് കൂടി ഭീഷണിയാകുന്ന പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന് വാദം. സാഹചര്യ തെളിവുകള്‍ മാത്രമുള്ള കേസില്‍ കുറഞ്ഞ ശിക്ഷ മാത്രമേ നല്‍കാവൂ എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. 2025 ജനുവരി 27ന് പോത്തുണ്ടി ബോയന്‍ നഗര്‍ സ്വദേശി സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിലാണ് കോടതി വിധി പറഞ്ഞത്.
പൊതിച്ചോര്‍ വിവാദവുമായി ബന്ധപ്പെട്ട് താന്‍ പറഞ്ഞ കാര്യങ്ങളില്‍ മലക്കം മറിച്ചിലില്‍ ഇല്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്. ആലപ്പുഴയിലെ ക്രിട്ടിക്കല്‍ കെയറിലെ ജീവനക്കാരി ജോലിക്ക് എത്തിയപ്പോള്‍ സേവാഭാരതിക്കാര്‍ ഇത് ഞങ്ങളുടെ സ്ഥലമാണ് ഇവിടെ പ്രവര്‍ത്തനം നടത്തണമെങ്കില്‍ ഞങ്ങള്‍ക്ക് മറ്റൊരു സ്ഥലം അനുവദിച്ച് നല്‍കണം എന്നാണ് പറഞ്ഞത്. ഇത് സര്‍ക്കാരിന്റെ സ്വത്താണ് അല്ലാതെ വ്യക്തികളുടെയോ സംഘടനകളുടെയോ സ്വത്തല്ല. അതുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം ആലപ്പുഴ ജില്ലയ്ക്ക് വേണ്ടി എടുത്തതെന്ന് മന്ത്രി വ്യക്തമാക്കി.
അന്നം മുടക്കിയതല്ല. ഭൂമി കൈയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്. ഭക്ഷണം കൊടുക്കുന്നതിനൊന്നും ഒരു തടസ്സവുമില്ല.പക്ഷെ സ്ഥലം കൈയ്യേറി വലിയ ബാനര്‍ വെച്ച് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്ത കൂടാന്‍ പാടില്ലാത്ത കാര്യമാണ്. കമ്മ്യൂണിറ്റി കിച്ചന് ആലപ്പുഴയില്‍ മാത്രം കൊണ്ടുവരാനുള്ള തീരുമാനമാണ് ഉണ്ടായിരിക്കുന്നത്. ആലപ്പുഴയില്‍ കമ്മ്യൂണിറ്റി കിച്ചന് ഉടന്‍ തുടങ്ങും. മറ്റിടങ്ങളില്‍ ഇപ്പോള്‍ നടക്കുന്നതുപോലെ നടക്കട്ടെ. മറ്റ് ഏതെങ്കിലും സ്ഥലത്ത് നിന്ന് പരാതികള്‍ ലഭിക്കുകയാണെങ്കില്‍ അവിടെയും നടപടികള്‍ സ്വീകരിക്കേണ്ടി വരും.
ഡിവൈഎഫ്ഐയും സേവാഭാരതിയും പ്രതിഷേധവുമായി രംഗത്തുണ്ട്. രണ്ടു കൂട്ടരും വലിയ കൊടികള്‍ വച്ചുകെട്ടി ആശുപത്രിയിലെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയാണ്. ആശുപത്രിക്ക് രാഷ്ട്രീയ നേതാക്കളുടെ പേരിടുന്നതും ബാനറും വലിച്ചു കെട്ടി ആശുപത്രിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നതും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ. വയനാട് ദുരന്തത്തില്‍ ഭക്ഷണം നല്കിയ വൈറ്റ് ഗാര്‍ഡുകാരോട് ചെയ്തത് മറന്നോയെന്നും മന്ത്രി കെ മുരളീധരന് പറഞ്ഞു.
നാടിനെ നടുക്കിയ നെന്മാറ ഇരട്ടക്കൊല കേസില്‍ പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്. പാലക്കാട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി വിധി പറയും. കഴിഞ്ഞ വര്‍ഷം ജനുവരി 27ന് ആണ് അയല്‍വാസികളായ അമ്മയേയും മകനേയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. വിധി പറയുമ്പോള്‍ മിറ്റിഗേഷന്‍ റിപ്പോര്‍ട്ട് പരിഗണിക്കരുതെന്ന് പ്രോസിക്യൂഷന്. ആദ്യം കൊലപാതക നടത്തിയശേഷം പ്രതിയെ തിരുത്താന്‍ സിസ്റ്റം തയാറായില്ലെന്നും പ്രതിക്ക് അനുകൂലമായ രീതിയില്‍ തയാറക്കിയ മിറ്റിഗേഷന്‍ റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ലെന്നും പ്രോസിക്യൂഷന് വാദിച്ചു. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസീക്യൂഷന് ആവശ്യപ്പെട്ടു.
ജയിലില്‍ ജോലി ചെയ്യുന്ന പണം കൊല്ലപ്പെട്ട സുധാകരന്റെ മക്കള്‍ക്ക് നല്‍കാമെന്ന് പ്രതി ചെന്താമരയുടെ വാദം അംഗീകരിക്കാന്‍ ആകില്ലെന്നും പ്രോസിക്യൂഷന്. പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര കൊലപ്പെടുത്തിയത് 2025 ജനുവരി 27-ന്. 2026 ഫെബ്രുവരി 23നു ഇരട്ടകൊലയിലുള്ള വിചാരണ ആരംഭിച്ചത്. 81 സാക്ഷികളില്‍ 46 പേരുടെ മൊഴികള്‍ കോടതി പ്രതിക്ക് വായിച്ചുകേള്‍പ്പിച്ചു. എല്ലാ ആരോപണങ്ങളും ചെന്താമര നിഷേധിച്ചു കേസില്‍ പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി കഴിഞ്ഞയാഴ്ചയോടെ തന്നെ അന്തിമ വാദങ്ങള്‍ പൂര്‍ത്തിയാക്കിയത്.
2025 ജനുവരി 27നാണ് സുധാകരനെയും അമ്മ ലക്ഷ്മിയെയും ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. ശേഷം സമീപത്തെ മലയിലേക്ക് കടന്ന പ്രതിയെ തണ്ടര്‍ബോള്‍ട്ടിന്റെയും പൊലീസിന്റെയും നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിനൊടുവില്‍ 29നു രാത്രി പിടികൂടി. 2025 ഒക്ടോബര്‍ 18നു സജിത വധക്കേസില്‍ ചെന്താമരയ്ക്ക് പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ഇരട്ട ജീവപര്യന്തവും പിഴയും വിധിച്ചിരുന്നു.
അഞ്ചരക്കണ്ടി ദന്തല്‍ കോളജ് ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ അധ്യാപകന് ഡോ. എം കെ റാം പിടിയില്‍. കുടകില്‍ നിന്നാണ് റാമിനെ പിടികൂടിയത്. അധ്യാപകനെ കണ്ണൂരിലുള്ള ക്രൈം ബ്രാഞ്ച് ഓഫീസില്‍ എത്തിച്ചു. റാമിനെ അറസ്റ്റ് ചെയ്യാന്‍ സാധിക്കാത്തതില്‍ കുടുംബം വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
കഴിഞ്ഞ ഒരാഴ്ചയിലേറെയായി കണ്ണൂരില്‍ നിന്നുള്ള പ്രത്യേക അന്വേഷണം സംഘം കര്‍ണാടകയിലും റാമിന്റെ ജന്മനാടായ ആന്ധ്രയിലും എത്തി തിരച്ചില്‍ നടത്തിയിരുന്നു. ഇയാളുടെ അമ്മയുടെ ഫോണ്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയിരുന്നത്. സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ നീക്കത്തിനൊടുവിലാണ് പ്രതി പിടിയിലായത്.
നിതിന്‍ രാജ് ഏപ്രില്‍ 10-നാണ് കോളജ് കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. സംഭവം നടന്ന് ഏകദേശം മൂന്ന് മാസം കഴിഞ്ഞു, അതിനിടെയാണ് മുഖ്യ പ്രതി പിടിയിലാകുന്നത്.
സര്‍ക്കാര്‍ ആശുപത്രികളിലെ പൊതിച്ചോര്‍ വിതരണം വേണ്ടെന്ന ആരോഗ്യ മന്ത്രി കെ മുരളീധരന്റെ തീരുമാനത്തെ വിമര്‍ശിച്ചു ബിജെപി നേതാവ് കെ.സുരേന്ദ്രന്. ഭക്ഷണ പൊതി വിതരണത്തെ സര്‍ക്കാര്‍ തടയേണ്ട കാര്യമില്ല. ഭക്ഷണം നല്കുന്നതില് രാഷ്ട്രീയം കാണേണ്ടതില്ല. പൊതിച്ചോറ് കഴിച്ചവരൊക്കെ അതു കൊടുത്തവര്‍ക്ക് വോട്ടുചെയ്തിരുന്നെങ്കില്‍ കെ. മുരളീധരന് ഉള്‍പ്പെടെ പലരും സഭ കാണില്ലായിരുന്നെന്നും കെ സുരേന്ദ്രന് പറഞ്ഞു.
ഭക്ഷണം കൊടുക്കുന്നവരുടെ ഐഡന്റിറ്റി അറിയുന്നത് നല്ലതാണ്. കമ്മ്യൂണിറ്റി കിച്ചണ്‍ കേരളത്തില്‍ നടപ്പാവില്ലെന്നും ആരോഗ്യ മന്ത്രി ദുരഭിമാനം വെടിയണമെന്നും കെ.സുരേന്ദ്രന് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമര്‍ശനം. ഭക്ഷണ വിതരണത്തെ സര്‍ക്കാര്‍ തടസപ്പെടുത്തുന്നതിന്റെ കാര്യം മനസിലാകുന്നില്ലെന്നും കെ സുരേന്ദ്രന് പറഞ്ഞു.
പിഎസ്സി പരീക്ഷാക്രമക്കേട് അന്വേഷണത്തില്‍ നിര്‍ണായക നീക്കവുമായി ക്രൈംബ്രാഞ്ച്. ആസൂത്രണ ബോര്‍ഡ് പരീക്ഷയുടെ ഓണ്‍സ്ക്രീന്‍ മാര്‍ക്കിങ് രീതി കാണണമെന്ന് ആവശ്യപ്പെട്ട് പിഎസ്സിക്ക് അന്വേഷണ സംഘം കത്ത് നല്കി. നാളെ ക്രൈംബ്രാഞ്ച് സംഘം പിഎസ്സി ആസ്ഥാനത്ത് വീണ്ടും പരിശോധന നടത്തും. വിവാദങ്ങള്‍ക്കിടെ നാളെ വീണ്ടും പിഎസ്സി യോഗം ചേരും.
ആസൂത്രണ ബോര്‍ഡിലെ മൂന്ന് തസ്തികകളിലേക്ക് 100 മാര്‍ക്കിനായിരുന്നു പൊതുപരീക്ഷ നടന്നത്. ഇതില്‍ 58 മാര്‍ക്ക് ഒഴിവാക്കി 42 മാര്‍ക്കിന് മാത്രം മൂല്യനിര്‍ണയം നടത്തി ഇടതു സംഘടനാ നേതാക്കള്‍ക്ക് ഒന്നാം റാങ്കും നിയമനവും നല്കി എന്നാണ് പരാതി. അതിനാല്‍ മൂല്യനിര്‍ണയം എങ്ങനെ നടന്നു എന്നത് കണ്ടെത്തേണ്ടതുണ്ട്. ഓണ്‍സ്ക്രീന്‍ മാര്‍ക്കിംഗ് സംവിധാനത്തിന്റെ ഡെമോ കാണണമെന്നാണ് ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് പി എസ് സിക്ക് കത്ത് നല്കി.
നാളെ പട്ടത്തെ പിഎസ്സി ആസ്ഥാനത്ത് അന്വേഷണസംഘം ഡെമോ പരിശോധന നടത്തും. ഉദ്യോഗാര്‍ത്ഥികളുടെ മാര്‍ക്ക് വിവരങ്ങള്‍ പിഎസ്സി കൈമാറിയെങ്കിലും ഉത്തരക്കടലാസുകളും ഉത്തരസൂചികകളും കൈമാറിയിട്ടില്ല. പിഎസ്സി ആസ്ഥാനത്തെത്തി നേരിട്ട് പരിശോധിക്കണമെന്നാണ് അന്വേഷണ സംഘം അറിയിച്ചിരിക്കുന്നത്. ഇക്കാര്യവും നാളെ പരിശോധിക്കും. ക്രൈംബ്രാഞ്ചിന്റെയും ആഭ്യന്തര വിജിലന്‍സിന്റെയും അന്വേഷണം പുരോഗമിക്കവേ, നിര്‍ണായക പി.എസ്.സി യോഗം തിങ്കളാഴ്ച ചേരും.
സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. മലബാര്‍ മേഖലയിലാണ് ഇന്ന് മഴ കനക്കാന്‍ സാധ്യതയുള്ളത്. അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്. നാളെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
വടക്കന്‍ കേരളത്തിനും മാന്നാര്‍ ഉള്‍ക്കടലിനും മുകളിലായി നിലനില്‍ക്കുന്ന രണ്ട് ചക്രവാതച്ചുഴികളാണ് മഴയ്ക്ക് കാരണം. മഴയ്ക്കൊപ്പം ശക്തിയേറിയ കാറ്റിനും സാധ്യതയുണ്ട് എന്നും കേന്ദ്ര കാലാവസ്ഥാകേന്ദ്രം പ്രവചിക്കുന്നു. 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശാനാണ് സാധ്യതയുള്ളത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്. തിങ്കളാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ പ്രവചിക്കപ്പെടുന്നുണ്ട്.
കേരളത്തിലെ ശിശുമരണനിരക്ക് ഉയര്‍ന്നതായി റിപ്പോര്‍ട്ട്. ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം 2024ല്‍ സംസ്ഥാനത്തെ ശിശുമരണനിരക്ക് അഞ്ചില്‍ നിന്ന് എട്ടിലേക്ക് ഉയര്‍ന്നു. നവജാതശിശുക്കളുടെ മരണകണക്കിലെ മാറ്റം ഗൗരവത്തോടെ പരിശോധിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. വാക്സിനേഷനോടുള്ള വിമുഖതയും അശാസ്ത്രീയരീതികള്‍ പിന്തുടരുന്നതും സൂചിക ഉയരാന്‍ കാരണമാണോ എന്നും പരിശോധിക്കേണ്ടതുണ്ട്.
ശിശുമരണനിരക്ക് അമേരിക്കയിലേതിനേക്കാള്‍ കുറവ്- കഴിഞ്ഞ കുറെക്കാലങ്ങളിലായി സംസ്ഥാനം ഉയര്‍ത്തിക്കാട്ടുന്ന ഏറ്റവും പ്രധാന ആരോഗ്യ നേട്ടമായിരുന്നു അത്. എന്നാല്‍ ഏറ്റവും ഒടുവില്‍ പുറത്തുവന്ന സാംപില്‍ റജിസ്ട്രേഷന് സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം 2024ല്‍ കേരളത്തിന്റെ ഇന്‍ഫന്റ് മോര്‍ട്ടാലിറ്റി റേറ്റ്, അഥവ ശിശുമരണ നിരക്ക് അഞ്ചില്‍ നിന്ന് എട്ടിലേക്ക് ഉയര്‍ന്നു. ആയിരം കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ എട്ട് കുഞ്ഞുങ്ങള്‍ മരിക്കുന്നു. ഒരു വയസ്സാകുന്നതിന് മുന്നേയുള്ള കണക്കാണ് പരിഗണിക്കുന്നത്. ദീര്‍ഘകാലത്തെ അതിതീവ്ര പരിശ്രമങ്ങള്‍ക്ക് സംസ്ഥാനത്തെ ശിശുമരണ നിരക്ക് രണ്ടക്കത്തില്‍ നിന്ന് ഒരക്കത്തിലേക്ക് താഴ്ത്തിയത്. 1970കളില്‍ 58 ആയിരുന്നു സൂചിക. 2010 മുതലുള്ള കാലയളവില്‍ ദീര്‍ഘനാള്‍ 12ല്‍ തന്നെ തുടര്‍ന്നു. എന്ത് കൊണ്ടാണ് ശിശുമരണക്ക് നിരക്ക് കുറയാത്തത് എന്ന് പഠനം നടത്തി, പ്രശ്നങ്ങള്‍ കണ്ടെത്തി പരിഹരിക്കാന്‍ ആരോഗ്യകേരളം ഒന്നിച്ച് പ്രയത്നിച്ചു. പോഷകക്കുറവ് പരിഹരിക്കാനുള്ള ശ്രമം നടത്തി. ഹൃദ്യം പോലെയുള്ള പദ്ധതികള്‍ ആവിഷ്കരിച്ചു. ഒടുവില്‍ 2018ല്‍ ശിശുമരണനിരക്ക് അഞ്ചില്‍ എത്തി. എക്കാലത്തെയും കുറഞ്ഞ നിരക്ക്.
ആ കണക്കാണ് വീണ്ടും ഉയരുന്നത്. ദേശീയ തലത്തില്‍ ശിശുമരണക്ക് 24 ആണ്. പട്ടികയില്‍ കേരളത്തിന് തൊട്ടുതാഴെയുള്ള തമിഴ്നാട്ടിലും ദില്ലിയിലും ഇത് 11ആണ്. ദേശീയ ശരാശരിയേക്കാളും മറ്റ് സംസ്ഥാനങ്ങളേക്കാളും ഏറെ മെച്ചപ്പെട്ട നിലയിലാണ് കേരളം ഇപ്പോഴും. എന്നാല്‍ മരണനിരക്ക് ഉയര്‍ന്നതിനെ ഗൗരവത്തോടെ തന്നെ വിലയിരുത്തണമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്കുന്നു. ജനിക്കുമ്പോള്‍ തന്നെ തൂക്കക്കുറവും, ആരോഗ്യപ്രശ്നങ്ങളുമുള്ള കുഞ്ഞുങ്ങളെ അതീവശ്രദ്ധയോടെ പരിചരിച്ചാണ് ആശുപത്രിയില്‍ നിന്ന് വിടുന്നത്. പ്രസവസമയത്തെ മരണം ഏറെക്കുറെ ഒഴിവാകുന്നു. ആശുപത്രി വിട്ടതിന് ശേഷം പലപ്പോഴും ഈ അതീവശ്രദ്ധ പാളുന്നു. പ്രതിരോധമരുന്ന് വിതരണത്തില്‍ പോരായ്മകളുണ്ടോ എന്ന് പരിശോധിക്കണമെന്നും അഭിപ്രായമുണ്ട്. വാക്സിനേഷനോടുള്ള വിമുഖതയും വിരുദ്ധതയും ഒക്കെ തിരിച്ചടിയാകാം എന്നാണ് സംശയങ്ങള്‍. വീട്ടിലെ പ്രസവം, അക്യുപങ്ചര്‍ പ്രസവം പോലെയുള്ള അശാസ്ത്രീയ പ്രവണതകളും തടയേണ്ടതുണ്ട്. 12ല്‍ നിന്ന് ശിശുമരണനിരക്ക് അഞ്ചായതിന്റെ യഥാര്‍ത്ഥ വശങ്ങള് കൂടി കണക്കാക്കേണ്ടുണ്ടെന്നാണ് പുതിയ പശ്ചാതലത്തില്‍ ചില വിദഗ്ധരെങ്കിലും ചൂണ്ടിക്കാട്ടുന്നത്.
ആശുപത്രി പരിസരത്ത് ഡിവൈഎഫ്ഐ പൊതിച്ചോറ് നല്‍കുന്നതിനെതിരെ വീണ്ടും ആരോഗ്യ മന്ത്രി കെ മുരളീധരന്. ആശുപത്രികള്‍ക്കകത്ത് രാഷ്ട്രീയ പ്രവര്‍ത്തനം അനുവദിക്കില്ലെന്നും എന്തുവിലകൊടുത്തും തടയുമെന്നും മന്ത്രി പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ നയമാണത്. കമ്മ്യൂണിറ്റി കിച്ചന് വഴി മാത്രം ആശുപത്രിക്കുള്ളില്‍ ഭക്ഷണം നല്‍കാവൂ. സന്നദ്ധ സംഘടനകളുമായി ഉടന്‍ ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പത്തനംതിട്ടയില്‍ പറഞ്ഞു.
ഡിവൈഎഫ്ഐ എന്നല്ല യൂത്ത് കോണ്ഗ്രസിന്റെയൊ സേവാഭാരതിയുടെയൊ രാഷ്ട്രീയ പ്രവര്‍ത്തനം ആശുപത്രിക്ക് ഉള്ളില്‍ അനുവദിക്കില്ലെന്നും കെ മുരളീധരന് വ്യക്തമാക്കി. മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ ടെന്നീസ് ക്ലബ് അംഗത്വവുമായി ബന്ധപ്പെട്ടും മന്ത്രി പ്രതികരിച്ചു. വകുപ്പിന് അത്തരം ഒരു അംഗത്വം ആവശ്യമില്ല. അടിയന്തര റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നും നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.
എംബിബിഎസ് ഫീസ് ഇനി നാലരവര്‍ഷം മാത്രം. നാഷണല്‍ മെഡിക്കല്‍ കമ്മീഷന് നിര്‍ദേശപ്രകാരം സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ഫീസ് റെഗുലേറ്ററി കമ്മിറ്റി ഫീസ് ഘടന പുതുക്കി നിശ്ചയിക്കും.
അധിക ഫീസ് തിരികെ നല്കുന്നതില് തീരുമാനം ഹൈക്കോടതി വിധി പ്രകാരമായിരിക്കും. 2024ലെ ഗ്രാജ്വേറ്റ് മെഡിക്കല്‍ എജുക്കേഷന്‍ ചട്ടപ്രകാരം എംബിബിഎസ് കോഴ്സിന്റെ അക്കാദമിക് കാലാവധി നാലര വര്‍ഷമാണ്. എന്നാല്‍, നാലര വര്‍ഷ കോഴ്സ് അഞ്ച് വര്‍ഷമായി കണക്കാക്കി മെഡിക്കല്‍ കോളജുകള്‍ വാങ്ങിയിരുന്നത് ലക്ഷങ്ങളാണ്. ഇതിനെതിരെ വ്യാപകമായ പരാതി ഉയര്‍ന്നിരുന്നു. തുടര്‍ന്ന്, ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തി വിഷയത്തില്‍ പരിഹാരമുണ്ടാക്കണമെന്ന് തീരുമാനമായിരുന്നു. പിന്നാലെയാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്.