Hivision Channel

Kerala news

ഇരിട്ടിയില്‍ കഞ്ചാവുമായി രാജസ്ഥാന്‍ സ്വദേശി അറസ്റ്റില്‍

ഇരിട്ടി: പുന്നാട് ടൗണില്‍ വെച്ച് വില്‍പ്പന നടത്തുന്നതിനുവേണ്ടി കൊണ്ടുവന്ന 938 ഗ്രാം കഞ്ചാവുമായാണ് രാജസ്ഥാന്‍ സ്വദേശി സോനു മഹേശ്വറിനെ ഇരിട്ടി പോലീസ് പിടികൂടിയത്.ലഹരി വിരുദ്ധ സ്‌ക്വാഡും ഇരിട്ടി എസ് ഐ സുനില്‍ കുമാര്‍, ഗ്രേഡ് എസ് ഐ മനോജ്കുമാര്‍, എസ് ഐ ലിജിമോള്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. പുന്നാട് അത്തപുഞ്ച സ്വദേശി ഓടി രക്ഷപെട്ടു.ഇയാള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

ഇരിട്ടി ഉപജില്ല കലോത്സവം മൂന്നുദിവസം പിന്നിടുമ്പോള്‍ മത്സര രംഗത്ത് സ്‌കൂളുകള്‍ തമ്മില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്.

മണത്തണ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ഇരിട്ടി ഉപജില്ലാ കലോത്സവം മൂന്ന് ദിവസം പിന്നിടുമ്പോൾ മത്സര രംഗത്ത് സ്കൂളുകൾ തമ്മിൽ പോരാട്ടമാണ് നടക്കുന്നത്.ഹയർസെക്കൻഡറി, ഹൈസ്കൂൾ വിഭാഗത്തിൽ യഥാക്രമം 170,168 പോയിന്റോടെ എടൂർ സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളും യുപി വിഭാഗത്തിൽ 53 പോയിന്റോടെ കൊളക്കാട് കാപ്പാട് യു പി സ്കൂളും എൽ പി വിഭാഗത്തിൽ 25 പോയിന്റോടെ വെളിയമ്പ്ര എൽ പി സ്കൂളും എടൂർ സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂളുമാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. ഹയർസെക്കൻഡറി വിഭാഗത്തിൽ 142 പോയിന്റോടെ സേക്രട്ട് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ അങ്ങാടികടവും ഹൈസ്കൂൾ വിഭാഗത്തിൽ 131 പോയിന്റോടെ കുന്നോത്ത് സെൻറ് ജോസഫ് ഹൈസ്കൂളും യു.പി വിഭാഗത്തിൽ 52 പോയിന്റോടെ സെൻറ് തോമസ് ഹൈസ്കൂളും എൽ പി വിഭാഗത്തിൽ 23 പോയിന്റോടെ വായന്നൂർ ഗവൺമെൻറ് എൽ പി സ്കൂളുമാണ് രണ്ടാം സ്ഥാനത്ത് തുടരുന്നത്.ആ എൽപി അറബി വിഭാഗത്തിൽ അയ്യപ്പൻകാവ് എം എൽ പി സ്കൂളും യുപി അറബിക് വിഭാഗത്തിൽ കുളിയിൽ ഗവൺമെൻറ് യുപി സ്കൂളും ഹൈസ്കൂൾ സംസ്കൃതം വിഭാഗത്തിൽ 68 പോയിന്റോടെ എടൂർ സെന്റ് ഹൈസ്കൂളും യുപി വിഭാഗത്തിൽ അമ്പായത്തോട് യുപി സ്കൂളും ഒന്നാം സ്ഥാനത്തുണ്ട്

കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന് ഭിന്നശേഷി സൗഹൃദ പുരസ്‌കാരം

ഈ വര്‍ഷത്തെ സംസ്ഥാന ഭിന്നശേഷി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതില്‍ മികച്ച ഭിന്നശേഷി സൗഹൃദ ജില്ലാ പഞ്ചായത്തായി കണ്ണൂരിനെ തെരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്തിന്റെ 2021-22 വര്‍ഷത്തെ ഭിന്നശേഷി മേഖലയിലുള്ള മികച്ച പദ്ധതി പദ്ധതിയേതര പ്രവര്‍ത്തനങ്ങള്‍ക്കാണ് സാമൂഹ്യനീതി വകുപ്പിന്റെ പുരസ്‌കാരം. ഭിന്നശേഷി ദിനമായ ഡിസംബര്‍ മൂന്നിനു പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന് കീഴിലുള്ള എല്ലാ ഹയര്‍ സെക്കണ്ടറി/ഹൈസ്‌കൂള്‍, ജില്ലാ ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഘടക സ്ഥാപനങ്ങളും വികലാംഗ സൗഹൃദ കാര്യാലയങ്ങളായി മാറ്റുന്നതിന് ജില്ലാ പഞ്ചായത്ത് പ്രയത്‌നിച്ചിട്ടുണ്ട്.
2021-22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി കരിവെള്ളൂര്‍-പെരളം, രാമന്തളി, ഇരിക്കൂര്‍, എരഞ്ഞോളി എന്നീ നാല് ഗ്രാമപഞ്ചായത്തുകളിലെ ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററുകളുടെ നിര്‍മ്മാണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി ധനസഹായം നല്‍കി. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ജില്ലയിലെ 71 ഗ്രാമ പഞ്ചായത്തുകളിലെയും ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിനുള്ള ജില്ലാ പഞ്ചായത്ത് വിഹിതം നല്‍കി വരുന്നു.
സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി, മസ്‌കുലാര്‍ അട്രോഫി രോഗബാധിതരായ 10 കുട്ടികള്‍ക്ക് പ്രത്യേകം തയ്യാറാക്കിയ ഇലക്ട്രോണിക് വീല്‍ചെയര്‍ നല്‍കിയത് ജില്ലാ പഞ്ചയാത്തിന്റെ മാതൃകാ പദ്ധതികളില്‍ ഒന്നായിരുന്നു. ഓരോ കുട്ടിക്കും ആവശ്യമാകുന്ന തരത്തില്‍ പ്രത്യേകം രൂപകല്‍പന ചെയ്താണ് ഓരോ ഇലക്ട്രോണിക് വീല്‍ചെയറും വിതരണം ചെയ്തത്.
കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന് കീഴില്‍ തോട്ടടയില്‍ പ്രവൃത്തിക്കുന്ന ബ്ലൈന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്ററിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും, അടിസ്ഥാന സൗകര്യ വികസനത്തിനും പ്രത്യേകം ശ്രദ്ധ പതിപ്പിക്കുകയും പദ്ധതിയിലുള്‍പ്പെടുത്തി പ്രവൃത്തി നടപ്പാക്കുകയും ചെയ്തിട്ടുണ്ട്.
കോവിഡ് മഹാമാരി കാലത്ത് കോവിഡ് വാക്‌സിന്റെ ദൗര്‍ലഭ്യം കാരണം പൊതുജനങ്ങള്‍ വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്ന സാഹചര്യത്തില്‍ കിടപ്പ് രോഗികളായവര്‍ക്കും അംഗപരിമിതര്‍ ആയവര്‍ക്കും നേരിട്ട് അവരുടെ വീട്ടില്‍ എത്തി കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുക എന്ന പരമപ്രദമായ കാര്‍ത്തവ്യം നടപ്പാക്കുന്നതിന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് രണ്ട് മൊബൈല്‍ വാക്‌സിന്‍ യൂണിറ്റ് സജ്ജമാക്കി. മേല്‍ പറഞ്ഞ പദ്ധതി പദ്ധതിയേതര പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായിട്ടാണ് ജില്ലാ പഞ്ചായത്തിന് ഈ അവാര്‍ഡ് ലഭിച്ചത്.

‘ഹരിതവിദ്യാലയം’ കണ്ണൂര്‍ ജില്ലയില്‍ നിന്നും ആറ് സ്‌കൂളുകള്‍

കൈറ്റ് വിക്ടേഴ്‌സില്‍ സംപ്രേഷണം ചെയ്യുന്ന ഹരിതവിദ്യാലയം റിയാലിറ്റിഷോ മൂന്നാം സീസണിന്റെ പ്രാഥമിക റൗണ്ടിലേക്ക് കണ്ണൂര്‍ ജില്ലയില്‍ നിന്നും ആറ് സ്‌കൂളുകളെ തെരഞ്ഞെടുത്തു. ഈ സ്‌കൂളുകളില്‍ നേരിട്ടുള്ള പരിശോധന കൂടി ഒരാഴ്ചയ്ക്കുള്ളില്‍ നടത്തിയാകും അന്തിമ പട്ടിക നിശ്ചയിക്കുന്നതെന്ന് കൈറ്റ് സി ഇ ഒ കെ അന്‍വര്‍ സാദത്ത് അറിയിച്ചു.
മികച്ച സ്‌കൂളിന് 20 ലക്ഷം രൂപയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് യഥാക്രമം 15, 10 ലക്ഷം രൂപ വീതവുമാണ് സമ്മാന തുക. അവസാന റൗണ്ടിലേക്ക് 10 സ്‌കൂളുകളാണ് തെരഞ്ഞെടുക്കപ്പെടുക. പ്രാഥമിക റൗണ്ടിലെത്തുന്ന മറ്റു സ്‌കൂളുകള്‍ക്ക് 15000 രൂപ വീതം ലഭിക്കും.
പൊതുവിദ്യാഭ്യാസ വകുപ്പിനുവേണ്ടി കൈറ്റ് സി-ഡിറ്റിന്റെ സാങ്കേതിക സഹായത്തോടെയാണ് പരിപാടി സംഘടിപ്പിക്കുക. ഡിസംബര്‍ മാസം മുതല്‍ കൈറ്റ്-വിക്ടേഴ്‌സ് ചാനലില്‍ ഹരിതവിദ്യാലയം റിയാലിറ്റിഷോ സീസണ്‍ 3-യുടെ സംപ്രേഷണം ആരംഭിക്കും. തെരഞ്ഞെടുത്ത സ്‌കൂളുകളുടെ ലിസ്റ്റ് hv.kite.kerala.gov.in ല്‍ ലഭിക്കും.
ജില്ലയില്‍ നിന്നുള്ള സ്‌കൂളുകള്‍-എ വി എസ് ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കരിവെള്ളൂര്‍, ഏര്യം വിദ്യാമിത്രം യു പി സ്‌കൂള്‍, എന്‍ എ എം എച്ച് എസ് എസ് പെരിങ്ങത്തൂര്‍, ഗവ.വി എച്ച് എസ് എസ് കതിരൂര്‍, ജാനകി മെമ്മോറിയല്‍ യു പി സ്‌കൂള്‍ ചെറുപുഴ, ജി യു പി സ്‌കൂള്‍ തലക്കാണി.

കെ എസ് ആര്‍ ടി സി ടൂര്‍ പാക്കേജ്

കെ എസ് ആര്‍ ടി സി ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തില്‍ കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഉല്ലാസയാത്ര ബജറ്റ് ടൂറിസം സെല്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ കെ ജെ റോയ് ഫ്‌ളാഗ് ഓഫ് ചെയ്തു. കാസര്‍കോട് ജില്ലയിലെ റാണിപുരം ഹില്‍ സ്റ്റേഷന്‍, ബേക്കല്‍ കോട്ട, ബേക്കല്‍ ബീച്ച്, പാര്‍ക്ക്, നിത്യാനന്ദാശ്രമം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. രാവിലെ ആറ് മണിക്ക് കണ്ണൂരില്‍ നിന്നും പുറപ്പെട്ട് രാത്രി ഒമ്പതിന് തിരിച്ചെത്തുന്ന വിധമായിരുന്നു യാത്ര.
നവംബര്‍ 25ന് പുറപ്പെടുന്ന വാഗമണ്‍-കുമരകം (3900 രൂപ), 26ന് പുറപ്പെടുന്ന മൂന്നാര്‍ (2150 രൂപ), 29ന് പുറപ്പെടുന്ന കൊച്ചി ആഡംബര കപ്പല്‍ (3850 രൂപ) എന്നീ പാക്കേജുകളിലേക്കുള്ള ബുക്കിങ് തുടരുന്നു. ഫോണ്‍: 9496131288, 8089463675.

ഇ എംഎസ് സ്മാരക പ്രസംഗമത്സര വിജയികള്‍

ദേശീയ യുവജന ദിനത്തോടനുബന്ധിച്ച് സംസ്ഥാന യുവജന കമ്മീഷന്‍ സംസ്ഥാന തലത്തില്‍ യുവജനങ്ങള്‍ക്കായി സംഘടിപ്പിച്ച ഇ എം എസ് സ്മാരക
പ്രസംഗ മത്സരത്തില്‍ കൊല്ലം കൊട്ടാരക്കര സ്വദേശിയും തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസിലെ വിദ്യാര്‍ത്ഥിയുമായ എച്ച് എസ് ആദര്‍ശ് ഒന്നാം സ്ഥാനവും കണ്ണൂര്‍ സ്വദേശിയും തലശ്ശേരി ഗവ. ബ്രണ്ണന്‍ കോളേജ് വിദ്യാര്‍ഥിനിയുമായ കെ അശ്വിനി രണ്ടാം സ്ഥാനവും ആലപ്പുഴ സ്വദേശിയും തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിയുമായ അഖില്‍ ഡി വര്‍ഗീസ് മൂന്നാം സ്ഥാനവും നേടി.
കൊല്ലം പബ്ലിക് ലൈബ്രറി ഹാളില്‍ നടന്ന പ്രസംഗ മത്സരത്തില്‍ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറിലധികം യുവജനങ്ങള്‍ മാറ്റുരച്ചു. വിജയികള്‍ക്കുള്ള ക്യാഷ് പ്രൈസും ഇ എം എസ് സ്മാരക ട്രോഫിയും യുവജനദിനത്തോടനുബന്ധിച്ച് നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും.

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും മാറ്റാന്‍ ബില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും മാറ്റാന്‍ ബില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍. ഇതിനായി പ്രത്യേക നിയമസഭാ സമ്മേളനം ചേരാന്‍ ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗം തീരുമാനിച്ചു. അടുത്തമാസം അഞ്ചു മുതല്‍ 15 വരെ സഭാ സമ്മേളനം വിളിക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും.

ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാന്‍ നേരത്തെ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചിരുന്നു. ഇത് ഗവര്‍ണറുടെ പരിഗണനയിലിരിക്കെയാണ് ബില്‍ കൊണ്ടുവരുന്നതിനുള്ള നീക്കം. ആ ഓര്‍ഡിനന്‍സ് അതിന്റെ വഴിക്ക് തന്നെ പോകട്ടെ. അതേസമയത്ത് ബില്ല് നിയമസഭയില്‍ കൊണ്ടുവന്ന് പാസാക്കി എടുക്കുക എന്നുള്ളതാണ് സര്‍ക്കാര്‍ കാണുന്നത്. അത് അനുസരിച്ചിട്ടുള്ള തീരുമാനം ഇന്നുണ്ടാകുമെന്ന് പൊതുവെ പ്രതീക്ഷിക്കപ്പെട്ടിരുന്നു.

അടുത്ത മാസം അഞ്ച് മുതല്‍ പതിനഞ്ച് വരെ പത്ത് ദിവസത്തേക്കാണ് നിയമസഭാ സമ്മേളനം ചേരുന്നത്. ഇക്കാര്യത്തില്‍ ഗവര്‍ണറോട് ഇന്ന് തന്നെ ശുപാര്‍ശ ചെയ്യും

വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍

കോഴിക്കോട് വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച അധ്യാപകന്‍ അറസ്റ്റില്‍. അത്തോളി കോടശ്ശേരി സ്വദേശി അബ്ദുള്‍ നാസറിനെ ഏലത്തൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.അഞ്ച് കുട്ടികള്‍ പീഡനത്തിനിരയായതായി പൊലീസ് പറയുന്നു.സ്‌കൂളില്‍ നടന്ന കൗണ്‍സിലിംഗിനിടെയാണ് പീഡനത്തിന് ഇരയായ വിവരം കുട്ടികള്‍ അറിയിക്കുന്നത്.ചൈല്‍ഡ് ലൈനാണ് പൊലീസിന് ഈ സംഭവത്തെക്കുറിച്ച് വിവരം നല്‍കുന്നത്. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അഞ്ച് കുട്ടികള്‍ സ്‌കൂളില്‍ അധ്യാപകന്റെ പീഡനത്തിന് ഇരയായതായി മനസ്സിലാക്കുന്നത്. അതിന് പിന്നാലെ അബ്ദുള്‍ നാസറിനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്.

നരവംശ ശാസ്ത്രജ്ഞന്‍ ഡോ.പി.ആര്‍.ജി.മാത്തൂര്‍ അന്തരിച്ചു

ആറ് പതിറ്റാണ്ടായി നരവംശ ശാസ്ത്രമേഖലയില്‍ പ്രവര്‍ത്തിച്ചു വരുന്ന ഡോ.പി.ആര്‍.ജി.മാത്തൂര്‍(88) അന്തരിച്ചു.ഇന്ത്യക്കകത്തും അന്താരാഷ്ട്ര തലങ്ങളിലും നിരവധി പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും,പുസ്തകങ്ങള്‍ രചിക്കുകയും ചെയ്തിട്ടുണ്ട്.1959 മുതല്‍ പതിനാല് വര്‍ഷം ഭാരതസര്‍ക്കാരിന് കീഴിലുള്ള ആന്ത്രോപോളോജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യയില്‍ വിവിധ സ്ഥാനങ്ങളില്‍ സേവനമനുഷ്ടിച്ചശേഷം 1973 മുതല്‍ കാലിക്കറ്റ് സര്‍വകലാശാലയിലും കേരള സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലുള്ള കിര്‍താഡ്സിലും ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗദര്‍ശിയായും പ്രൊഫസറായും 1987 വരെ കിര്‍താഡ്സിന്റെ ഡയറക്ടറുമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

സ്വര്‍ണവില ഉയര്‍ന്നു

സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു. ഇന്നലെ മൂന്ന് തവണയാണ് സ്വര്‍ണവില പരിഷ്‌കരിച്ചത്. രാവിലെ 280 രൂപ ഉയര്‍ന്നെങ്കിലും മണിക്കൂറുകള്‍ക്ക് ശേഷം രണ്ട് തവണയായി 600 രൂപ ഇടിഞ്ഞു. ഇന്ന് രാവിലെ സ്വര്‍ണവില 160 രൂപ ഉയര്‍ന്നിരിക്കുകയാണ്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 38400 രൂപയാണ്.

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 20 രൂപ ഉയര്‍ന്നു. വിപണിയില്‍ നിലവിലെ വില 4800 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില രാവിലെ 15 രൂപ വര്‍ദ്ധിച്ചു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണിയിലെ വില 3985 രൂപയാണ്.