ഈ വര്‍ഷത്തെ സംസ്ഥാന ഭിന്നശേഷി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചതില്‍ മികച്ച ഭിന്നശേഷി സൗഹൃദ ജില്ലാ പഞ്ചായത്തായി കണ്ണൂരിനെ തെരഞ്ഞെടുത്തു. ജില്ലാ പഞ്ചായത്തിന്റെ 2021-22 വര്‍ഷത്തെ ഭിന്നശേഷി മേഖലയിലുള്ള മികച്ച പദ്ധതി പദ്ധതിയേതര പ്രവര്‍ത്തനങ്ങള്‍ക്കാണ് സാമൂഹ്യനീതി വകുപ്പിന്റെ പുരസ്‌കാരം. ഭിന്നശേഷി ദിനമായ ഡിസംബര്‍ മൂന്നിനു പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യുമെന്ന് സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന് കീഴിലുള്ള എല്ലാ ഹയര്‍ സെക്കണ്ടറി/ഹൈസ്‌കൂള്‍, ജില്ലാ ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള എല്ലാ ഘടക സ്ഥാപനങ്ങളും വികലാംഗ സൗഹൃദ കാര്യാലയങ്ങളായി മാറ്റുന്നതിന് ജില്ലാ പഞ്ചായത്ത് പ്രയത്‌നിച്ചിട്ടുണ്ട്.
2021-22 വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി കരിവെള്ളൂര്‍-പെരളം, രാമന്തളി, ഇരിക്കൂര്‍, എരഞ്ഞോളി എന്നീ നാല് ഗ്രാമപഞ്ചായത്തുകളിലെ ബഡ്‌സ് റീഹാബിലിറ്റേഷന്‍ സെന്ററുകളുടെ നിര്‍മ്മാണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനുമായി ധനസഹായം നല്‍കി. കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ജില്ലയിലെ 71 ഗ്രാമ പഞ്ചായത്തുകളിലെയും ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്ന വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പിനുള്ള ജില്ലാ പഞ്ചായത്ത് വിഹിതം നല്‍കി വരുന്നു.
സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി, മസ്‌കുലാര്‍ അട്രോഫി രോഗബാധിതരായ 10 കുട്ടികള്‍ക്ക് പ്രത്യേകം തയ്യാറാക്കിയ ഇലക്ട്രോണിക് വീല്‍ചെയര്‍ നല്‍കിയത് ജില്ലാ പഞ്ചയാത്തിന്റെ മാതൃകാ പദ്ധതികളില്‍ ഒന്നായിരുന്നു. ഓരോ കുട്ടിക്കും ആവശ്യമാകുന്ന തരത്തില്‍ പ്രത്യേകം രൂപകല്‍പന ചെയ്താണ് ഓരോ ഇലക്ട്രോണിക് വീല്‍ചെയറും വിതരണം ചെയ്തത്.
കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന് കീഴില്‍ തോട്ടടയില്‍ പ്രവൃത്തിക്കുന്ന ബ്ലൈന്‍ഡ് റീഹാബിലിറ്റേഷന്‍ സെന്ററിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും, അടിസ്ഥാന സൗകര്യ വികസനത്തിനും പ്രത്യേകം ശ്രദ്ധ പതിപ്പിക്കുകയും പദ്ധതിയിലുള്‍പ്പെടുത്തി പ്രവൃത്തി നടപ്പാക്കുകയും ചെയ്തിട്ടുണ്ട്.
കോവിഡ് മഹാമാരി കാലത്ത് കോവിഡ് വാക്‌സിന്റെ ദൗര്‍ലഭ്യം കാരണം പൊതുജനങ്ങള്‍ വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്ന സാഹചര്യത്തില്‍ കിടപ്പ് രോഗികളായവര്‍ക്കും അംഗപരിമിതര്‍ ആയവര്‍ക്കും നേരിട്ട് അവരുടെ വീട്ടില്‍ എത്തി കോവിഡ് വാക്‌സിന്‍ ലഭ്യമാക്കുക എന്ന പരമപ്രദമായ കാര്‍ത്തവ്യം നടപ്പാക്കുന്നതിന് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ആരോഗ്യ വകുപ്പുമായി ചേര്‍ന്ന് രണ്ട് മൊബൈല്‍ വാക്‌സിന്‍ യൂണിറ്റ് സജ്ജമാക്കി. മേല്‍ പറഞ്ഞ പദ്ധതി പദ്ധതിയേതര പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായിട്ടാണ് ജില്ലാ പഞ്ചായത്തിന് ഈ അവാര്‍ഡ് ലഭിച്ചത്.