Hivision Channel

Kerala news

കേരള ഹൈക്കോടതിക്ക് 5 പുതിയ ജഡ്ജിമാര്‍ കൂടി

കേരള ഹൈക്കോടതിയില്‍ അഞ്ച് അഡീഷണല്‍ ജഡ്ജിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ പി കൃഷ്ണകുമാര്‍,ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ കെ വി ജയകുമാര്‍,കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ല ആന്റ് സെഷന്‍സ് ജഡ്ജി എസ് മുരളികൃഷ്ണ,ഹൈക്കോടതിയിലെ ജില്ല ജുഡീഷ്യറി ജോബിന്‍ സെബാസ്റ്റ്യന്‍, തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ല ആന്റ് സെഷന്‍സ് ജഡ്ജി പി വി ബാലകൃഷ്ണന്‍ എന്നിവരാണ് ഹൈക്കോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്യുക.

സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ ചെയ്ത 5 പേരെ നിയമിച്ച് രാഷ്ട്രപതി നേരത്തെ വിജ്ഞാപനം ഇറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ അഞ്ചുപേരും സത്യപ്രതിജ്ഞ ചെയ്യുന്നത്. സത്യപ്രതിജ്ഞ ചടങ്ങില്‍ ചീഫ് ജസ്റ്റിസ് ഇവര്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. ഇതോടെ ഹൈക്കോടതിയില്‍ ജഡ്ജിമാരുടെ എണ്ണം 45 ആയി ഉയരും.

എഡിഎമ്മിന്റെ മരണം;പി പി ദിവ്യ ഇന്ന് കോടതിയില്‍ ജാമ്യ ഹര്‍ജി സമര്‍പ്പിക്കും

എഡിഎം നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ പ്രേരണ കുറ്റം ചുമത്തി റിമാന്‍ഡ് ചെയ്ത പി പി ദിവ്യ ഇന്ന് കോടതിയില്‍ ജാമ്യ ഹര്‍ജി സമര്‍പ്പിക്കും. തലശ്ശേരി പ്രിന്‍സിപ്പല്‍ സെക്ഷന്‍സ് കോടതിയിലാണ് ജാമ്യ ഹര്‍ജി നല്‍കുക. നവീന്‍ ബാബുവിന്റെ മരണം അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഇന്ന് യോഗം ചേരും.

നിലവില്‍ ദിവ്യയെ കൂടുതല്‍ ചോദ്യം ചെയ്യാനായി കസ്റ്റഡിയില്‍ വേണമെന്ന അപേക്ഷ പോലീസ് കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല. ഇക്കാര്യത്തില്‍ അന്വേഷണസംഘം ഇന്ന് തീരുമാനമെടുത്തേക്കും. അതിനിടെ സിപിഎമ്മിന്റെ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയേറ്റ് യോഗവും ഇന്ന് ചേരും. ദിവ്യയുടെ അറസ്റ്റിനു ശേഷമുള്ള സാഹചര്യങ്ങള്‍ യോഗം ചര്‍ച്ച ചെയ്യും. ദിവ്യക്കെതിരായ സംഘടന നടപടിയും ഇന്നത്തെ സെക്രട്ടറിയേറ്റ് യോഗം ചര്‍ച്ച ചെയ്യുമെന്നാണ് സൂചന.

കാപ്പി തൈ വിതരണം ചെയ്തു

കൊട്ടിയൂര്‍:ജനകീയസൂത്രണ പദ്ധതി 2024-25 പദ്ധതി പ്രകാരം കൊട്ടിയൂര്‍ കൃഷി ഭവനില്‍ കാപ്പി തൈ വിതരണം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം വിതരണോദ്ഘാടനം നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പന്‍ തുരുത്തിയില്‍, സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ ഷാജി പൊട്ടയില്‍, കൃഷി ഓഫീസര്‍ ആന്‍സ അഗസ്റ്റിന്‍,പഞ്ചായത്തംഗം തോമസ് പൊട്ടനാനി,മറ്റ് മെമ്പര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

ആട്ടിന്‍ വളം പൊടിക്കുന്ന മെഷീന്‍ കൈമാറി

കൊട്ടിയൂര്‍:കുടുംബശ്രീ മിഷന്റെ നേതൃത്വത്തില്‍ കൊട്ടിയൂര്‍ സിഡിഎസിലെ ഗ്രൂപ്പ് അംഗങ്ങള്‍ക്ക് മൃഗസംരക്ഷണ മേഖലയില്‍ കര്‍ഷകരുടെ സംഭരണ വിപണന മേഖലയില്‍ ബിസിനസ് സാധ്യത വിലയിരുത്തി വരുമാനം ഉറപ്പാക്കി പ്രവര്‍ത്തനം നടപ്പിലാക്കാന്‍ ആട്ടിന്‍ വളം പൊടിക്കുന്ന മെഷീന്‍ തരുണി പ്രൊഡ്യൂസര്‍ ഗ്രൂപ്പിന് കൈമാറി.പഞ്ചായത്ത് ഓഫീസില്‍ നടന്ന ചടങ്ങില്‍ പഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം മെഷീന്‍ കൈമാറി.പഞ്ചയാത്ത് വൈസ് പ്രസിഡന്റ് ഫിലോമിന തുമ്പന്‍തുരുത്തിയില്‍ അധ്യക്ഷത വഹിച്ചു.സിഡിഎസ് വൈസ് ചെയര്‍പേഴ്സണ്‍
പുഷ്പ കുമാരി,ചെയര്‍പേഴ്സണ്‍ ബീന പുതുശ്ശേരി എന്നിവര്‍ സംസാരിച്ചു.

സുല്‍ത്താന്റെ ജീവന്‍ രക്ഷിക്കാന്‍ കേളകത്തെ ഹരിത കര്‍മ്മ സേന അംഗങ്ങളുടെ സഹായഹസ്തം

കേളകം:ആറ് വയസുകാരന്‍ സുല്‍ത്താന്റെ ജീവന്‍ രക്ഷിക്കാന്‍ കേളകത്തെ ഹരിത കര്‍മ്മ സേന അംഗങ്ങളുടെ സഹായഹസ്തം. ഹരിത കര്‍മ്മ സേനഅംഗങ്ങള്‍ തങ്ങള്‍ക്ക് കിട്ടുന്ന വരുമാനത്തില്‍ നിന്ന് ഒരു വിഹിതം സുല്‍ത്താന്റെ ചികിത്സ സഹായത്തിനു കമ്മിറ്റി ഭാരവാഹികള്‍ക്ക് നല്‍കി മാതൃകയായി.കണ്‍സോഷ്യം സെക്രട്ടറി റെയ്ഹാനത്, പ്രസിഡന്റ് ബിന്ദു എന്നിവര്‍ ചേര്‍ന്ന് സുല്‍ത്താന്‍ ചികില്‍സ കമ്മറ്റി ഭാരവാഹികള്‍ക്ക് ധനസഹായം കൈമാറി.

എഡിഎമ്മിന്റെ മരണം; പിപി ദിവ്യ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങി

എഡിഎമ്മിന്റെ മരണത്തില്‍ പ്രതിയായ പിപി ദിവ്യ കേസന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ കീഴടങ്ങി. ഇവരെ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുകയാണ്. പോലീസ് കസ്റ്റഡിയിലാണ് ചോദ്യം ചെയ്യല്‍.

പൊതുവിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉയര്‍ത്താന്‍ പദ്ധതി;അധ്യാപകര്‍ പ്രധാനപങ്ക് വഹിക്കണമെന്ന് മുഖ്യമന്ത്രി

പൊതുവിദ്യാഭ്യാസത്തിന്റെ ഗുണമേന്മ ഉയര്‍ത്താന്‍ ജനപങ്കാളിത്തത്തോടെ പദ്ധതി നടപ്പാക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. വിദ്യാഭ്യാസ മേഖലയുടെ ഉന്നതിക്ക് പൊതുബോധം മാറ്റിയെടുക്കാനാവണമെന്നും അതില്‍ അധ്യാപകര്‍ക്ക് പ്രധാന പങ്ക് വഹിക്കാനാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാഭ്യാസ ഗുണമേന്മ ഉറപ്പാക്കുന്നതിന് അധ്യാപകര്‍ക്കാണ് പ്രധാന പങ്ക് വഹിക്കാനാവുക. അധ്യാപന ശേഷി മെച്ചപ്പെടുത്താനാവശ്യമായ പരിശീലനങ്ങള്‍ നല്‍കണം. ഓരോ സ്‌കൂളിന്റെയും നില മെച്ചപ്പെടുത്തുന്നതിനുള്ള ഇടപെടല്‍ വേണം. അതിന് സ്‌കൂള്‍തല ആസൂത്രണം നടത്തണം.കുട്ടികളുടെ വായന എഴുത്ത് എന്നിവ ഉറപ്പാക്കണം.

ഓരോ കുട്ടിയുടെയും പിറകില്‍ അധ്യാപകര്‍ ഉണ്ടെന്ന് ഉറപ്പാക്കണം. മെന്ററിങ്ങ് ഫലപ്രദമായി നടപ്പാക്കണം. മോണിറ്ററിങ്ങ് ശക്തിപ്പെടുത്തണം. മുഖാമുഖ പഠനത്തിന് ആവശ്യമായ സമയം കിട്ടുന്നില്ലെന്ന പരാതി ഗൗരവമായി പരിശോധിക്കണം. എ ഇ ഒ, ഡി ഇ ഒമാര്‍ അക്കാദമിക് കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. ഇംഗ്ലീഷ് ഭാഷ പഠിപ്പിക്കാന്‍ ഇംഗ്ലീഷ് അധ്യാപകര്‍ വേണമെന്ന തീരുമാനം സമയബന്ധിതമായി നടപ്പാക്കണം. പ്രീപ്രൈമറി വിദ്യാഭ്യാസത്തിന് പൊതുമാനദണ്ഡം നിശ്ചയിക്കണം. പ്രധാന അധ്യാപകര്‍ക്കും വിദ്യാഭ്യാസ ഓഫീസര്‍മാക്കും മാനേജ്‌മെന്റ് പരിശീലനം ഉറപ്പാക്കണം. അക്കാദമിക് ഗുണമേന്മ മെച്ചപ്പെടുത്താന്‍ സംഘടനകളുടെ സഹകണം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

യോഗത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാം, പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് എന്നിവരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു.

പി.പി.ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ കേസില്‍, മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യക്ക് മുന്‍കൂര്‍ ജാമ്യമില്ല. തലശ്ശേരി കോടതിയാണ് വിധി പറഞ്ഞത്. നവീന്‍ ബാബു മരിച്ച് പതിനഞ്ചാം ദിവസമാണ് ദിവ്യയുടെ ജാമ്യഹര്‍ജിയില്‍ വിധി. കേസില്‍ ദിവ്യ മാത്രമാണ് പ്രതി. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് പൊലീസ് ദിവ്യക്കെതിരെ കേസെടുത്തത്.

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; ഒരു പവന്‍ സ്വര്‍ണത്തിന് 59,000 രൂപ

സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. പവന് 480 രൂപയാണ് ഇന്ന് മാത്രം കൂടിയത്. ഇതോടെ വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 59,000 രൂപയായി.

അന്താരാഷ്ട്ര സ്വര്‍ണവില ഉയര്‍ന്നതാണ് സംസ്ഥാന വിപണിയില്‍ പ്രതിഫലിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 7375 രൂപയാണ് ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 6075 രൂപയാണ്.

70 വയസിന് മുകളിലുള്ളവരുടെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് ഇന്ന് മുതല്‍; പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും

കുടുംബത്തിന്റെ വാര്‍ഷിക വരുമാനം പരി?ഗണിക്കാതെ 70 കഴിഞ്ഞ എല്ലാവരെയും ആയുഷ്മാന്‍ ഭാരത് ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷയില്‍ ഉള്‍പ്പെടുത്തുന്ന പദ്ധതി ഇന്ന് മുതല്‍ പ്രാബല്യത്തില്‍. 4.5 കോടി കുടുംബങ്ങളിലെ ആറ് കോടി മുതിര്‍ന്ന പൗരന്മാര്‍ക്ക് അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് ലഭ്യമാക്കുകയാണ് ലക്ഷ്യം. പദ്ധതി പ്രകാരം അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് പ്രത്യേകമായ കാര്‍ഡ് വിതരണം ചെയ്യും.

പദ്ധതി പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന ( AB PM-JAY)യ്ക്ക് കീഴിലാണിത്. 70 വയസും അതില്‍ കൂടുതലുമുള്ള എല്ലാ മുതിര്‍ന്ന പൗരന്മാര്‍ക്കും അവരുടെ സാമൂഹിക-സാമ്പത്തിക നില പരിഗണിക്കാതെ തന്നെ AB PM-JAY യുടെ ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ അര്‍ഹതയുണ്ട്.

അപേക്ഷ സമര്‍പ്പിക്കേണ്ടതെങ്ങനെ?

അപേക്ഷ സമര്‍പ്പിക്കുന്നതിനായി PMJAY സൈറ്റ് വഴിയോ ആപ്പ് വഴിയോ അല്ലെങ്കില്‍ csc സെന്റര്‍ വഴിയോ പുതിയ കാര്‍ഡ് ലഭിക്കാന്‍ അപേക്ഷ നല്‍കണം.

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ayushman app ഡൗണ്‍ലോഡ് ചെയ്തു നിങ്ങള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം.
അടുത്തുള്ള CSC വഴി അപേക്ഷ നല്‍കാം
https://beneficiary.nha.gov.in സൈറ്റില്‍ കയറി രജിസ്റ്റര്‍ ചെയ്യാം.