Hivision Channel

Kerala news

പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ആറു വയസുകാരന്‍ ചികിത്സ സഹായം തേടുന്നു

കേളകം:പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ആറു വയസുകാരന്‍ ചികിത്സ സഹായം തേടുന്നു.അടക്കാത്തോടിലെ സുല്‍ത്താന്‍ എന്ന ആറു വയസുകാരനാണ് കോഴിക്കോട് മിംസ് ആശുപത്രില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്.

കേളകം അടക്കാത്തോട് സ്വദേശി മല്ലുശ്ശേരി സിയാദിന്റെ മകന്‍ ആറു വയസുകാരന്‍ സുല്‍ത്താനാണ് പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്.പനി മുര്‍ച്ചിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് മിംസ് ആശുപത്രിയില്‍ കഴിയുന്ന സുല്‍ത്താന് വൈറസ് ബാധകൂടി പിടിപെട്ടതോടെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. സുല്‍ത്താന്റെ ജീവന്‍ രക്ഷിക്കാന്‍ ലക്ഷക്കണത്തിന് രൂപ ചികിത്സക്കായി വേണമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്.
നിര്‍ദ്ധന കുടുംബമായ സിയാദിനാകട്ടെ ചികിത്സക്കുള്ള തുക കണ്ടെത്താന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ്. കേളകം ഗ്രാമ പഞ്ചായത്തും മഹല്ലു കമ്മറ്റിയും അമ്പലക്കമ്മറ്റിയും ചേര്‍ന്ന് ചികിത്സാ സഹായത്തിനായി മുന്നിട്ടിറങ്ങിയിട്ടുണ്ട്. സുല്‍ത്താനെ ചികിത്സക്കായി സഹായിക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഫെഡറല്‍ ബാങ്ക് കേളകം ശാഖയില്‍ ആരംഭിച്ച അക്കൗണ്ടില്‍ പണം അയക്കാം
SIYAD MA
A/c:11630100252296
IFSC:FDRL0001163
BRANCH :KELAKAM
FEDERAL BANK
G pay/phone pay number :9745193131

രാജ്യത്ത് വിതരണം ചെയ്യുന്ന 49 മരുന്നുകള്‍ ഗുണനിലവാരമില്ലാത്തതെന്ന് സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍

രാജ്യത്ത് വിതരണം ചെയ്യുന്ന 49 മരുന്നുകള്‍ ഗുണനിലവാരമില്ലാത്തതെന്ന് സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍. സെപ്തംബറില്‍ 3000 മരുന്നുകളുടെ സാംപിളുകളില്‍ നടത്തിയ പരിശോധനയിലാണ് കാല്‍സ്യം 500, വിറ്റാമിന്‍ ഡി 3 അടക്കമുള്ള മരുന്നുകള്‍ ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയത്. ലൈഫ് മാക്‌സ് കാന്‍സര്‍ ലാബോറട്ടറീസ് നിര്‍മ്മിക്കുന്ന വൈറ്റമിന്‍ ഡി 3, കാല്‍സ്യം 500എംജി ടാബ്ലെറ്റുകളാണ് ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടത്.

വ്യാജ കമ്പനികള്‍ നിര്‍മ്മിക്കുന്ന് നാല് വ്യാജമരുന്നുകളും സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ കണ്ടെത്തിയിട്ടുണ്ട്. ഗുണനിലവാരം ഉറപ്പിക്കാനാവാത്ത മരുന്നുകളുടെ ബാച്ചുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കുന്നതായി സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ വിശദമാക്കി. ഒരു ശതമാനം മരുന്നുകളാണ് ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടതെന്നാണ് സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ മേധാവി രാജീവ് സിംഗ് രഘുവംശി വിശദമാക്കിയത്.

കൂടുതല്‍ കര്‍ശനമായ പരിശോധനകളുടെ ഫലമാണ് ഇതെന്നും ഇദ്ദേഹം ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്. ആമാശയത്തിലെ അണുബാധകള്‍ ചികിത്സിക്കാന്‍ വ്യാപകമായി ഉപയോഗിക്കുന്ന മരുന്നായ ഹിന്ദുസ്ഥാന്‍ ആന്റിബയോട്ടിക്‌സിന്റെ മെട്രോണിഡാസോള്‍, റെയിന്‍ബോ ലൈഫ് സയന്‍സിന്റെ ഡോംപെരിഡോണ്‍ ടാബ്ലെറ്റുകള്‍, പുഷ്‌കര്‍ ഫാര്‍മയുടെ ഓക്‌സിടോസില്‍ ഇന്‍ജക്ഷന്‍ എന്നിവയെക്കുറിച്ചും ഗുണനിലവാര പരിശോധനയില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

സ്വിസ് ബയോടെക് പാരന്റെലാരല്‍സിന്റെ മെറ്റ്‌ഫോര്‍മിന്‍, ആല്‍ക്കെം ലാബിന്റെ പാന്‍ 40, കര്‍ണാടക ആന്റി ബയോട്ടിക്‌സിന്റെ പാരസെറ്റാമോള്‍ ടാബ്ലെറ്റ് എന്നിവയ്‌ക്കെതിരെയും ഗുണനിലവാര പരിശോധനയില്‍ പരാമര്‍ശങ്ങളുണ്ട്. പ്രതിമാസ പരിശോധനയുടെ ഭാഗമായി കഴിഞ്ഞ മാസം നടന്ന പരിശോധനയില്‍ 53ഓളം മരുന്നുകളാണ് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയത്. ഇതിലും കാല്‍സ്യം, വിറ്റാമിന്‍ ഡി3 സപ്ലിമെന്റുകള്‍ ഉള്‍പ്പെട്ടിരുന്നു.

ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിമാനത്തില്‍ ഇരുമുടിക്കെട്ടില്‍ നാളികേരം കൊണ്ടുപോകാന്‍ അനുമതി

ശബരിമല തീര്‍ത്ഥാടകര്‍ക്ക് വിമാനത്തില്‍ ഇരുമുടിക്കെട്ടില്‍ നാളികേരം കൊണ്ടുപോകാന്‍ അനുമതി. വ്യോമയാന മന്ത്രാലയം ഇത് സംബന്ധിച്ച് ഉത്തരവിറക്കി. സുരക്ഷ മുന്‍നിര്‍ത്തിയാണ് മുന്‍പ് ഇരുമുടിക്കെട്ടില്‍ നാളികേരം വച്ച് വിമാനത്തില്‍ സഞ്ചരിക്കാനാകില്ലെന്ന് വ്യവസ്ഥയുണ്ടായിരുന്നത്.

ചെക് ഇന്‍ ബാഗേജില്‍ നാളികേരം ഉള്‍പ്പെടുത്താമെങ്കിലും ഇരുമുടിക്കെട്ടില്‍ നാളികേരം വച്ച് അത് കൈയിലുള്ള ബാഗില്‍ കയറ്റി കൊണ്ടുപോകാന്‍ മുന്‍പ് സാധിക്കില്ലായിരുന്നു. ഇതിലാണ് ഇപ്പോള്‍ മാറ്റമുണ്ടായിരിക്കുന്നത്. നിശ്ചിത കാലയളവിലേക്ക് മാത്രമാണ് വിലക്ക് നീക്കിയിരിക്കുന്നത്.

ശബരിമല തീര്‍ത്ഥാടകരുടെ ദീര്‍ഘകാലത്തെ അഭ്യര്‍ത്ഥന മാനിച്ചാണ് വ്യോമയാന മന്ത്രാലയം ഉത്തരവിറക്കിയിരിക്കുന്നത്. മകരവിളക്ക്, മണ്ഡലകാലം മുതലായവ പരിഗണിച്ചാകും തീര്‍ത്ഥാടകര്‍ക്ക് താത്ക്കാലിക ഇളവ് നല്‍കുക. ജനുവരി 20 വരെയാണ് നിലവില്‍ വിലക്ക് നീക്കിയിരിക്കുന്നത്. സുരക്ഷാ പരിശോധനകളോട് തീര്‍ത്ഥാടകര്‍ സഹകരിക്കണമെന്നും വ്യോമയാന മന്ത്രാലയം അറിയിച്ചു.

കേരളത്തില്‍ പരക്കെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

ദാന ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ പരക്കെ ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. മധ്യ-തെക്കന്‍ കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. പുതുക്കിയ മഴ മുന്നറിയിപ്പ് പ്രകാരം ഇന്ന് എട്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ എന്നീ എട്ടു ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേര്‍ട്ട് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ദാന ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിലാണ് കേരളത്തിലും ശക്തമായ മഴ പെയ്യുന്നത്. അതേസമയം, ഒഡീഷ – പശ്ചിമബംഗാള്‍ തീരം തൊട്ട ദാന ചുഴലിക്കാറ്റ് ആളപായമോ കാര്യമായ നാശനഷ്ടങ്ങളോ ഉണ്ടാക്കിയിട്ടില്ലെന്ന് ഒഡീഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാജി പറഞ്ഞു. പലയിടങ്ങളിലും വീടുകള്‍ തകര്‍ന്നു, മരങ്ങള്‍ കടപുഴകിവീണു, വൈദ്യുതി ബന്ധവും തകരാറിലായിട്ടുണ്ട്. ശക്തമായ മഴയും തുടരുന്നതിനാല്‍ ജാഗ്രത തുടരുകയാണ്. ഇന്നലെ അര്‍ദ്ധരാത്രി കരതൊട്ട ചുഴലിക്കാറ്റ് രാവിലെ 8 മണിയോടെ പൂര്‍ണമായും കരയിലേക്ക് പ്രവേശിച്ചു. അടുത്ത ആറ് മണിക്കൂറിന് ശേഷം ശക്തി കുറഞ്ഞ് തീവ്ര ന്യൂനമര്‍ദമായി മാറും. ഒഡീഷയിലും പശ്ചിമബംഗാളിലെയും വിമാനത്താവളങ്ങളുടെ അടക്കം പ്രവര്‍ത്തനം പുനരാരംഭിച്ചു. ചുഴലിക്കാറ്റ് മുന്നറിയിപ്പിന്റെ ഭാഗമായി ഒഡീഷയില്‍ അഞ്ച് ലക്ഷത്തിലധികം പേരെയും, പശ്ചിമബംഗാളില്‍ രണ്ടര ലക്ഷം പേരെയും ക്യാമ്പുകളിലേക്ക് മാറ്റിയിരുന്നു.

എഡിഎം നവീന്‍ ബാബുവിന്റെ മരണം; പ്രത്യേക പൊലീസ് സംഘത്തിന് അന്വേഷണം കൈമാറി

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ പ്രത്യേക പൊലീസ് സംഘത്തിന് അന്വേഷണം കൈമാറി. കണ്ണൂര്‍ ജില്ലാ പൊലീസ് മേധാവി അജിത്ത് കുമാറിന്റെ നേതൃത്വത്തിലുള്ളതാണ് പ്രത്യേക അന്വേഷണ സംഘം. കണ്ണൂര്‍ റേഞ്ച് ഡിഐജിക്ക് അന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല നല്‍കിയിട്ടുണ്ട്. ഉത്തരമേഖലാ ഐജിയാണ് വിവാദ സംഭവത്തില്‍ അന്വേഷണം നടത്തിയത്. കേസില്‍ ആത്മഹത്യാ പ്രേരണക്കുറ്റ ചുമത്തപ്പെട്ട മുന്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പിപി ദിവ്യയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഈ മാസം 29 ന് തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയും.

അതേസമയം റവന്യൂ വകുപ്പിന്റെ ആഭ്യന്തര അന്വേഷണം പൂര്‍ത്തിയാക്കിയ ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീത ഇന്നലെ റിപ്പോര്‍ട്ട് സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ന് നിലവില്‍ കേസന്വേഷിക്കുന്ന പൊലീസ് സംഘം എഡിഎമ്മിനെതിരെ കൈക്കൂലി പരാതി ഉന്നയിച്ച പ്രശാന്തിന്റെ ഭാര്യാസഹോദരനെ വിളിച്ചുവരുത്തി മൊഴിയെടുത്തിരുന്നു.

എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു

തിരുവനന്തപുരത്ത് എലിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചു. വര്‍ക്കല ഇടവപ്പാറ സ്വദേശിനി സരിതയാണ് മരിച്ചത്. പനി മൂര്‍ച്ഛിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. തൊഴിലുറപ്പ് തൊഴിലാളിയാണ് മരിച്ച സരിത. ജോലിക്കിടയില്‍ രോഗബാധയേറ്റെന്നാണ് സംശയം.

മഴക്കാലരോഗങ്ങളില്‍ പ്രധാനമാണ് എലിപ്പനി അഥവാ ലെപ്‌റ്റോസ്‌പൈറോസിസ്. എലിപ്പനി എന്ന പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ മൃഗങ്ങളില്‍നിന്ന് മനുഷ്യരിലേക്കു പകരുന്ന ജന്തുജന്യരോഗങ്ങളിലൊന്നു കൂടിയാണ് എലിപ്പനി. പ്രധാന രോഗവാഹകരായ എലികളുടെ വൃക്കകളില്‍ വാസമുറപ്പിക്കുകയും പെരുകുകയും ചെയ്യുന്ന ലെപ്‌റ്റോസ്‌പൈറ എന്ന ബാക്ടീരിയ രോഗാണുക്കള്‍ എലികളില്‍ യാതൊരു ആരോഗ്യപ്രശ്‌നങ്ങളുമുണ്ടാക്കില്ല.

എലിപ്പനിയെ പ്രതിരോധിക്കാം

ചര്‍മത്തില്‍ മുറിവോ, വൃണമോ, കീറലോ ഉണ്ടെങ്കില്‍ രോഗാണുവിന് അനായാസം ശരീരത്തിനുള്ളില്‍ കടക്കാനാവും. മുറിവുകള്‍ ഉണ്ടെങ്കില്‍ അയഡിന്‍ അടങ്ങിയ ലേപനങ്ങള്‍ പുരട്ടി മുറിവിനു പുറത്ത് ബാന്‍ഡേജ് ഒട്ടിക്കണം. പാടത്തേയും പറമ്പിലേയും കെട്ടിനില്‍ക്കുന്ന ജലത്തില്‍ മുഖം കഴുകരുത്. കെട്ടിനില്‍ക്കുന്ന വെള്ളത്തിലും മലിനജലത്തിലും ഇറങ്ങുന്നതും കുളിക്കുന്നതും ഒഴിവാക്കണം.

മൃഗങ്ങളുടെ വിസര്‍ജ്യങ്ങളും ശരീരസ്രവങ്ങളും സ്പര്‍ശിക്കാനിടവന്നാല്‍ സോപ്പിട്ട് വൃത്തിയായി കഴുകണം. പശു, എരുമ, പന്നി, ആട്, നായ തുടങ്ങിയ വളര്‍ത്തുമൃഗങ്ങളുടെ ഗര്‍ഭമലസിയ അവശിഷ്ടങ്ങളും മറ്റും കൈകാര്യം ചെയ്യുമ്പോള്‍ കയ്യുറയും ഗംബൂട്ടുകളും നിര്‍ബന്ധമായും ഉപയോഗിക്കാന്‍ ശ്രദ്ധിക്കണം.

മണ്ഡലകാലം;ഗുരുവായൂരില്‍ തീര്‍ഥാടകര്‍ക്കാവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും

ശബരിമല മണ്ഡല മകര വിളക്ക് സീസണില്‍ ഗുരുവായൂരില്‍ പ്ലാസ്റ്റിക് കാരിബാഗിന്റെയും ഒറ്റത്തവണ ഉപയോഗിക്കുന്ന സാധനങ്ങളുടെയും നിരോധനം കര്‍ശനമാക്കാന്‍ തീരുമാനിച്ചു. സീസണില്‍ ഗുരുവായൂരില്‍ എത്തുന്ന തീര്‍ഥാടകര്‍ക്ക് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനായി നഗരസഭ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനം. ട്രാഫിക് സംവിധാനങ്ങള്‍ കുറ്റമറ്റതാക്കും. കിഴക്കേ നടയില്‍ ടൂ വീലര്‍ പാര്‍ക്കിങ് പൂര്‍ണമായും ഒഴിവാക്കും. ടോയ്ലറ്റ് സംവിധാനങ്ങള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കും.

സുരക്ഷ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ തീരുമാനിച്ചു. തീര്‍ഥാടകര്‍ക്ക് ആരോഗ്യ പരിരക്ഷ ഒരുക്കുന്നതിനായി വൃശ്ചികം ഒന്നു മുതല്‍ മണ്ഡലകാലം അവസാനിക്കുന്നത് വരെ നഗരസഭാ ഓഫീസ് പരിസരത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഫസ്റ്റ് എയ്ഡ് ബൂത്ത് ആരംഭിക്കാനും തീരുമാനിച്ചു.

സംസ്ഥാനത്ത് രണ്ട് ദിവസം അതിശക്തമായ മഴക്ക് സാധ്യത

സംസ്ഥാനത്ത് രണ്ട് ദിവസം അതിശക്ത മഴയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇത് പ്രകാരം ഇന്നും നാളെയും കേരളത്തിലെ വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും നാളെ കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍ ജില്ലകളിലുമാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലും യെല്ലോ അലര്‍ട്ട് ഉണ്ടായിരിക്കും.

പിപി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി വിധി പറയുന്നത് ഈ മാസം 29 ലേക്ക് മാറ്റി

എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പിപി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി വിധി പറയാന്‍ മാറ്റി. ഈ മാസം 29 നാണ് കേസില്‍ കോടതി വിധി പറയുക. ജാമ്യത്തിനായി ദിവ്യയുടെ അഭിഭാഷകന്‍ എഡിഎമ്മിനെ കുറ്റപ്പെടുത്തിയപ്പോള്‍, നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ അഭിഭാഷകനും പ്രോസിക്യൂഷനും ദിവ്യയെ കുറ്റപ്പെടുത്തി വാദമുഖങ്ങള്‍ നിരത്തി. മണിക്കൂറുകളോളം നീണ്ട വാദത്തിനൊടുവിലാണ് ദിവ്യയുടെ ഹര്‍ജി വിധിപറയാന്‍ മാറ്റിയത്.

ഹരിതകര്‍മ സേന അംഗങ്ങളുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

പേരാവൂര്‍ ഗ്രാമ പഞ്ചായത്ത് 1, 2, 3, 8, 11 , 12 വാര്‍ഡുകളില്‍ ഹരിതകര്‍മ സേന അംഗങ്ങളുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

മാനദണ്ഡങ്ങള്‍

മേല്‍ വാര്‍ഡുകളിലെ കുടുംബശ്രീ അംഗങ്ങള്‍ക്ക് മുന്‍ഗണന,
മൊബൈല്‍ ഉപയോഗിക്കാനറിയണം.
45 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് മുന്‍ഗണന
കായികക്ഷമത ഉണ്ടായിരിക്കണം.
അപേക്ഷ , ആധാര്‍കാര്‍ഡ് കോപ്പി എന്നിവ സഹിതം സിഡിഎസ് ഓഫീസില്‍ ഒക്ടോബര്‍ 25ന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കണം

ഒഴിവുകള്‍
വാര്‍ഡ് – 1 ല്‍ – 2 പേര്‍
വാര്‍ഡ് -2-ല്‍ – 2
വാര്‍ഡ് 3 -ല്‍ – 1
വാര്‍ഡ് 8 ല്‍ – 1
വാര്‍ഡ് 11 ല്‍- 2
വാര്‍ഡ് – 12 ല്‍ 1

ഹരിതകര്‍മ സേന അംഗത്തിന്റെ ഒഴിവുള്ള വാര്‍ഡുകളില്‍ നിന്ന് അപേക്ഷ ഇല്ലെങ്കില്‍ മറ്റ് വാര്‍ഡുകളിലെ അപേക്ഷ പരിഗണിക്കും