രാജ്യത്ത് വിതരണം ചെയ്യുന്ന 49 മരുന്നുകള്‍ ഗുണനിലവാരമില്ലാത്തതെന്ന് സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍. സെപ്തംബറില്‍ 3000 മരുന്നുകളുടെ സാംപിളുകളില്‍ നടത്തിയ പരിശോധനയിലാണ് കാല്‍സ്യം 500, വിറ്റാമിന്‍ ഡി 3 അടക്കമുള്ള മരുന്നുകള്‍ ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയത്. ലൈഫ് മാക്‌സ് കാന്‍സര്‍ ലാബോറട്ടറീസ് നിര്‍മ്മിക്കുന്ന വൈറ്റമിന്‍ ഡി 3, കാല്‍സ്യം 500എംജി ടാബ്ലെറ്റുകളാണ് ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടത്.
വ്യാജ കമ്പനികള്‍ നിര്‍മ്മിക്കുന്ന് നാല് വ്യാജമരുന്നുകളും സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ കണ്ടെത്തിയിട്ടുണ്ട്. ഗുണനിലവാരം ഉറപ്പിക്കാനാവാത്ത മരുന്നുകളുടെ ബാച്ചുകള്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കുന്നതായി സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ വിശദമാക്കി. ഒരു ശതമാനം മരുന്നുകളാണ് ഗുണനിലവാര പരിശോധനയില്‍ പരാജയപ്പെട്ടതെന്നാണ് സെന്‍ട്രല്‍ ഡ്രഗ്സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ മേധാവി രാജീവ് സിംഗ് രഘുവംശി വിശദമാക്കിയത്.
കൂടുതല്‍ കര്‍ശനമായ പരിശോധനകളുടെ ഫലമാണ് ഇതെന്നും ഇദ്ദേഹം ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്. ആമാശയത്തിലെ അണുബാധകള്‍ ചികിത്സിക്കാന്‍ വ്യാപകമായി ഉപയോഗിക്കുന്ന മരുന്നായ ഹിന്ദുസ്ഥാന്‍ ആന്റിബയോട്ടിക്‌സിന്റെ മെട്രോണിഡാസോള്‍, റെയിന്‍ബോ ലൈഫ് സയന്‍സിന്റെ ഡോംപെരിഡോണ്‍ ടാബ്ലെറ്റുകള്‍, പുഷ്‌കര്‍ ഫാര്‍മയുടെ ഓക്‌സിടോസില്‍ ഇന്‍ജക്ഷന്‍ എന്നിവയെക്കുറിച്ചും ഗുണനിലവാര പരിശോധനയില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സ്വിസ് ബയോടെക് പാരന്റെലാരല്‍സിന്റെ മെറ്റ്‌ഫോര്‍മിന്‍, ആല്‍ക്കെം ലാബിന്റെ പാന്‍ 40, കര്‍ണാടക ആന്റി ബയോട്ടിക്‌സിന്റെ പാരസെറ്റാമോള്‍ ടാബ്ലെറ്റ് എന്നിവയ്‌ക്കെതിരെയും ഗുണനിലവാര പരിശോധനയില്‍ പരാമര്‍ശങ്ങളുണ്ട്. പ്രതിമാസ പരിശോധനയുടെ ഭാഗമായി കഴിഞ്ഞ മാസം നടന്ന പരിശോധനയില്‍ 53ഓളം മരുന്നുകളാണ് ഗുണനിലവാരമില്ലെന്ന് കണ്ടെത്തിയത്. ഇതിലും കാല്‍സ്യം, വിറ്റാമിന്‍ ഡി3 സപ്ലിമെന്റുകള്‍ ഉള്‍പ്പെട്ടിരുന്നു.