Hivision Channel

Kerala news

ഇരു വൃക്കകളും തകരാറിലായ യുവാവ് തുടര്‍ ചികിത്സയ്ക്ക് സഹായം തേടുന്നു

കോളയാട്: യുവാവ് ചികിത്സ സഹായം തേടുന്നു.കോളയാട് ഗ്രാമപഞ്ചായത്തിലെ പള്ളിപ്പാലത്ത് താമസിക്കുന്ന കോറോത്ത് ബിജുമാണ് സുമനസുകളുടെ സഹായം തേടുന്നത്. അടിയന്തിരമായി വൃക്ക മാറ്റിവച്ചാല്‍ മാത്രമേ ഇരു വൃക്കകളും തകരാറിലായ ബിജുവിന് ജീവന്‍ നലനിര്‍ത്താന്‍ സാധിക്കുകയുള്ളു.ഭാര്യയും രണ്ട് പിഞ്ചുകുട്ടികളും ഹൃദ്രോഗിയായ അച്ഛനും അമ്മയുമടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്ന ബിജു ഹൃദയ സംബന്ധമായ പ്രശ്നങ്ങളെ തുടര്‍ന്ന് 2 തവണ ആന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയനായിരുന്നു.മാതാവ് വൃക്ക നല്‍കാന്‍ തയ്യാറാണെങ്കിലും ചികിത്സ ചിലവിനായുള്ള 30 ലക്ഷത്തോളം രൂപ കണ്ടെത്താന്‍ കുടുംബത്തിന് സാധിക്കാത്ത സാഹചര്യത്തില്‍ ഗ്രാമ പഞ്ചയാത്ത് പ്രസിഡന്റ് എം റിജി ,കോളയാട് സെന്റ് കോര്‍ണേലിയൂസ് പള്ളി വികാരി ഫാ ബോണി,വിശുദ്ധ അല്‍ഫോന്‍സ പള്ളി വികാരി ഫാ. ഡോ. ജോബി കാരക്കാട്ട് എന്നിവര്‍ രക്ഷാധികാരികളായും വാര്‍ഡ് മെമ്പര്‍ ഉഷ മോഹന്‍ ചെയര്‍മാനായും ജോളി ഫിലിപ്പ് കണ്‍വീനറായും ചികിത്സ സഹായ കമ്മറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ബിജുവിനെ സഹായിക്കാന്‍ താല്‍പര്യമുള്ള സുമനസുകള്‍ക്ക് സ്റ്റേബാങ്ക് ഓഫ് ഇന്ത്യയുടെ കോളയാട് ബ്രാഞ്ചില്‍ ആരംഭിച്ച A/C NO 41270106194 ,IFSC SBIN 0061415 എന്ന അക്കൗണ്ടിലേക്ക് പണം അയക്കാവുന്നതാണ്‌.

ബോധവത്കരണ ക്ലാസ്

ചെട്ടിയാംപറമ്പ്: ഗവ. യു.പി സ്‌കൂളില്‍ പോഷണ്‍ അഭിയാന്റെ ഭാഗമായി പോഷണ ഭക്ഷണങ്ങളെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ പവിത്രന്‍ ഗുരുക്കള്‍ ക്ലാസെടുത്തു. വാര്‍ഡ് മെമ്പര്‍ ലീലാമ്മ ജോണി, ഹെഡ്മിസ്ട്രസ് പി.കെ കുമാരി, പി.ടി.എ പ്രസിഡണ്ട് വിനോദ് ടി.ബി, ഷീന ബോബി, വിജയശ്രീ പി വി തുടങ്ങിയവര്‍ സംസാരിച്ചു.

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത വര്‍ധിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ക്ഷാമബത്ത നാല് ശതമാനം വര്‍ധിപ്പിച്ചു.
ഇന്ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം.നാല് ശതമാനം വര്‍ധനവോടുകൂടെ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത 38 ശതമാനം ആകും.പണപ്പെരുപ്പം കണക്കിലെടുത്താണ് ക്ഷാമബത്ത കൂട്ടാനുള്ള തീരുമാനം.ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ഇത് ബാധകമാണ്. 50 ലക്ഷത്തോളം ജീവനക്കാര്‍ക്കും 65 ലക്ഷത്തോളം പെന്‍ഷന്‍ക്കാര്‍ക്കും പുതിയ തീരുമാനത്തിന്റെ ഗുണം ലഭിക്കും.
നിലവില്‍ കേന്ദ്ര ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും 34 ശതമാനമായിരുന്നു ക്ഷാമബത്ത.

അട്ടപ്പാടി മധു കേസ്; സാക്ഷി വിസ്താരം വീഡിയോയില്‍ പകര്‍ത്തും

അട്ടപ്പാടി മധു കേസില്‍ സാക്ഷി വിസ്താരം വീഡിയോയില്‍ ചിത്രീകരിക്കും. മധുവിന്റെ അമ്മ മല്ലിയുടെ ആവശ്യം കോടതി അംഗീകരിച്ചു. കേസില്‍ വിചാരണ നടത്തുന്ന മണ്ണാര്‍ക്കാട് പട്ടികജാതി – പട്ടികവര്‍ഗ വിചാരണ കോടതിയാണ് മല്ലിയുടെ ആവശ്യം അംഗീകരിച്ചത്. മധുവിന്റെ അമ്മ മല്ലി , സഹോദരി, സഹോദരീ ഭര്‍ത്താവ് എന്നിവരുടെ വിസ്താരം വീഡിയോയില്‍ ചിത്രീകരിക്കാനാണ് നിലവില്‍ അനുമതി നല്‍കിയിട്ടുള്ളത്. കേസിലെ മുഴുവന്‍ വിചാരണ നടപടികളും ചിത്രീകരിക്കണമെന്ന പ്രോസിക്യൂഷന്റെ ഹര്‍ജിയില്‍ കോടതി നാളെ വിധി പറയും. ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള 11 പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി.

ഒക്ടോബര്‍ 3-ന് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്തെ പ്രെഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍വ്വകലാശാലാ പഠനവിഭാഗങ്ങള്‍ക്കും ഒക്ടോബര്‍ മൂന്നിന് അവധി. നവരാത്രിയോടനുബന്ധിച്ചാണിത്.
ഇതിനു പകരം മറ്റേതെങ്കിലും ദിവസം പുനക്രമീകരണം ആവശ്യമെങ്കില്‍ അതതു സ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാവുന്നതാണ്. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.പൂജപ്രമാണിച്ച് ഒക്ടോബര്‍ മൂന്നിന് കൂടി അവധി നല്‍കിയതോടെ ഫലത്തില്‍ അടുത്തയാഴ്ച മൂന്ന് ദിവസം അവധി ലഭിക്കും.മഹാനവമി ദിനമായ ചൊവ്വാഴ്ചയും വിജയദശമി ദിനമായ ബുധനാഴ്ചയും നേരത്തെ തന്നെ അവധിനല്‍കിയിരുന്നു.

ചന്ദനമുട്ടികളുമായി മൂന്ന് പേര്‍ പിടിയില്‍

കണ്ണവം: ചന്ദനമുട്ടികളുമായി മൂന്ന് പേര്‍ പിടിയില്‍.കണ്ണവം റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണവം കോളനി വെങ്ങളംഭാഗത്ത് രാജന്‍ എന്നയാളുടെ വീട്ടില്‍ അനധികൃതമായി സൂക്ഷിച്ച 60 കിലോയോളം ചന്ദന മുട്ടികളും വെട്ടുപോളുകളുമാണ് പിടികൂടിയത്.സംഭവത്തില്‍ ഓട്ടോറിക്ഷയും ആയുധങ്ങളും പിടികൂടുകയും ചെയ്തു. രാജന്‍, പി. ഹരീഷ്, രഞ്ജിത്ത് എന്നിവരാണ് പിടിയിലായത്. റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അഖില്‍ നാരായണന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ സുനില്‍കുമാര്‍ സി,ഗ്രേഡ് ഫോറസ്റ്റര്‍മാരായ സജിവ്കുമാര്‍ എസ്,പ്രമോദ് കുമാര്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ജിഷ്ണു എം, ഫോറസ്റ്റ് വാച്ചര്‍മാരായ സത്യന്‍ സി,മോളി ,ഡ്രൈവര്‍ ബിജു എന്നിവരും ഉണ്ടായിരുന്നു.

പ്രാപ്തി വികസന പരിശീലന പരിപാടി ലീഡ്‌സ് 2022-23

പേരാവൂര്‍: കേരള കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ്, ആത്മ കണ്ണൂര്‍ പേരാവൂര്‍ ബ്ലോക്ക്, കൃഷി ഭവന്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ പ്രാപ്തി വികസന പരിശീലന പരിപാടി ലീഡ്‌സ് 2022-23 സംഘടിപ്പിച്ചു. പേരാവൂര്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടത്തിയ പരിശീലന പരിപാടി പേരാവൂര്‍ കൃഷി ഓഫീസര്‍ ഇന്‍ ചാര്‍ജ് പി.ജെ വിനോദിന്റെ അധ്യക്ഷതയില്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ പി.രാജശ്രീ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫീസര്‍മാരായ കെ.ജെ ജോര്‍ജ്, കെ.ജെ സുനില്‍, കൃഷി അസിസ്റ്റന്റുമായ അനീഷ് പി.എസ്, പി.എം രഘു, ബി.ടി.എം കാവ്യ തുടങ്ങിയവര്‍ സംസാരിച്ചു. പരിശീലന പരിപാടിയില്‍ കുരുമുളകിലെ ഗ്രാഫ്റ്റിംങ്ങ് രീതികള്‍ എന്ന വിഷയത്തില്‍ മാട്ടീല്‍ അലവി ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി.

കാടുകള്‍ വെട്ടിതെളിച്ചു

പേരാവൂര്‍: നബിദിനാഘോഷത്തിന്റെ ഭാഗമായി പേരാവൂര്‍ മുനീറുല്‍ ഇസ്ലാം സഭ കമ്മിറ്റിയുടേയും നബിദിന സ്വാഗത സംഘം കമ്മിറ്റിയുടേയും നേതൃത്വത്തില്‍ ബംഗ്ലക്കുന്ന് മുതല്‍ പേരാവൂര്‍ വരെയുള്ള റോഡിന് ഇരുവശത്തുമുള്ള കാടുകള്‍ വെട്ടിതെളിച്ചു. മൂസ മൗലവി ഉദ്ഘാടനം ചെയ്തു. എ.കെ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. പൂക്കോത്ത് അബൂബക്കര്‍ ഹാജി, പൊയില്‍ ഉമ്മര്‍ ഹാജി, യു.വി റഹീം, പൂക്കോത്ത് സിറാജ്, റഷീദ് കെ.പി, അരിപ്പയില്‍ മജീദ്, ബി.കെ സക്കരിയ, കൊട്ടാരത്തില്‍ അഷ്‌ക്കര്‍, വി.കെ സാദിക്ക് എന്നിവര്‍ ശുചീകരണത്തിന് നേതൃത്വം നല്‍കി.

യുവ നടിമാര്‍ക്ക് എതിരെ നടന്ന അതിക്രമം; പോലീസ് അന്വേഷണം ആരംഭിച്ചു

സിനിമാ പ്രൊമോഷനിടെ, കോഴിക്കോട് സ്വകാര്യ മാളില്‍ യുവ നടിമാര്‍ക്ക് എതിരെ നടന്ന അതിക്രമം സംഭവത്തില്‍ പൊലീസ് അന്വേഷണം തുടങ്ങി. നിര്‍മാതാക്കളില്‍ നിന്ന് കിട്ടിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അതിക്രമം നടന്ന ഹൈലൈറ്റ് മാളില്‍ പൊലീസ് സംഘമെത്തി. ഇവിടുത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കും. ഇതിനിടെ അക്രമത്തിന് ഇരയായ, യുവ നടിമാരുടെ മൊഴി രേഖപ്പെടുത്താന്‍ പൊലീസ് നീക്കം തുടങ്ങി.ഇവരുടെ വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാകും കേസ് രജിസ്റ്റര്‍ ചെയ്യുക. കോഴിക്കോട് സ്വകാര്യ മാളില്‍ യുവ നടിമാര്‍ക്ക് എതിരെ നടന്ന അതിക്രമം അപലപനീയവും വളരെ ആശങ്ക ഉണ്ടാക്കുന്നതുമാണെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍. സംഭവത്തില്‍ പൊലീസ് ഇടപെട്ട് കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി.സതീദേവി ആവശ്യപ്പെട്ടു.

പോപ്പുലര്‍ ഫ്രണ്ട് ഓഫീസുകള്‍ സീല്‍ ചെയ്യാന്‍ പൊലീസ് നടപടി തുടങ്ങി

പോപ്പുലര്‍ ഫ്രണ്ടിനേയും എട്ട് അനുബന്ധ സംഘടനകളേയും നിരോധിച്ചതോടെ ഓഫീസുകള്‍ സീല്‍ ചെയ്യാന്‍ നടപടി തുടങ്ങി സംസ്ഥാന പൊലീസ്. കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവ് സംസ്ഥാന പൊലീസിന് ലഭിച്ചു. പിഎഫ്‌ഐ അക്കൗണ്ടുകള്‍ മരവിപ്പിക്കും.

നിരോധനം നിലവില്‍ വരുന്നതോടെ പി.എഫ്.ഐയുടേയും അനുബന്ധ സ്ഥാപനങ്ങളുടേയും ഓഫീസുകളും ബാങ്ക് അക്കൗണ്ടുകളും ഉടന്‍ മരവിപ്പിക്കും. എല്ലാ ജില്ലാ പൊലീസ് മേധാവിമാര്‍ക്കും ഇതിനോടകം ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ ജില്ലാ ഭരണകൂടവുമായി ചേര്‍ന്നാവും തുടര്‍ന്നുളള നീക്കങ്ങള്‍.