Hivision Channel

Kerala news

ലഹരി വില്‍പ്പന; പുന്നാട് സ്വദേശി പിടിയില്‍

ഇരിട്ടി: വിദ്യാര്‍ത്ഥികള്‍ക്കുള്‍പ്പെടെ ലഹരി വില്‍പ്പന നടത്തുന്ന പുന്നാട് സ്വദേശി പിടിയില്‍.പുന്നാട് പുറിപ്പാറയിലെ എം.കെ ഹൗസില്‍ മുസ്തഫ (50)യെയാണ് ഇരിട്ടി എസ് ഐ ഷാജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം എടക്കാനം വായനശാലയ്ക്ക് സമീപത്ത് വച്ച് പിടികൂടിയത്. ഇയാളില്‍ നിന്ന് 75 പാക്കറ്റ് ഹാന്‍സും 4000 രൂപയും കണ്ടെടുത്തു. കര്‍ണ്ണാടകയില്‍ നിന്നുള്‍പ്പെടെ ലഹരി ഉല്‍പ്പന്നങ്ങള്‍ കടത്തികൊണ്ടു വന്ന് ഇരിട്ടി മേഖലയിലെ കടകളിലും പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികള്‍ക്കും വില്‍പ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് ഇയാളെന്നാണ് പൊലീസ് പറയുന്നത്.

കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവേട്ട

കണ്ണൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണവേട്ട. ഒന്നര കിലോയിലധികം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. കോഴിക്കോട് സ്വദേശി മുഹമ്മദ് സാബിറില്‍ നിന്നാണ് സ്വര്‍ണം പിടിച്ചത്. 1634 ഗ്രാം സ്വര്‍ണമാണ് ഇയാളുടെ പക്കല്‍ ഉണ്ടായിരുന്നത്. സ്വര്‍ണ പ്ലേറ്റുകളാക്കി എമര്‍ജന്‍സി ലൈറ്റിനകത്ത് ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം.

ആലോചനാ യോഗം ചേര്‍ന്നു

ആറളം: ഫാമില്‍ നിന്നും വിവിധ കാലയളവുകളിലായി പിരിഞ്ഞു പോയ പി. എഫ് പെന്‍ഷന് അര്‍ഹരായ തൊഴിലാളികളുടെ കൂട്ടായ്മ രൂപീകരിക്കുവാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായി കാക്കയങ്ങാട് വ്യാപാരഭവനില്‍ ആലോചനാ യോഗം ചേര്‍ന്നു. മുന്‍തൊഴിലാളി കെ. എന്‍ ശങ്കരന്‍ യോഗം ഉദ്ഘാടനം ചെയ്തു. ഇ. ജി സുകുമാരന്‍, എ. വി ജോസ്, വി. യു ജോസ് എന്നിവര്‍ നേതൃത്വം നല്‍കി. യോഗത്തില്‍ എഴുപത്തി അഞ്ചില്‍പരം തൊഴിലാളികള്‍ പങ്കെടുത്തു. അടുത്ത ആലോചനായോഗം കീഴ്പ്പള്ളിയില്‍ വിളിച്ചു ചേര്‍ക്കുവാന്‍ തീരുമാനിച്ചു.

സംസ്ഥാന സ്‌കൂള്‍ കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ യോഗ്യത നേടി ജോയല്‍ ബാബു

കോളയാട്: സെപ്റ്റംബര്‍ 24-ന് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസ് മാങ്ങാട്ടുപറമ്പ് വച്ച് നടന്ന ജില്ലാ തല കരാട്ടെ ചാമ്പ്യഷിപ്പിലാണ് കോളയാട് -വായന്നൂര്‍ സ്വദേശി ജോയല്‍ ചാമ്പ്യനായത്. സംസ്ഥാന -ജില്ലാതല മത്സരങ്ങളില്‍ പങ്കെടുക്കുകയും നിരവധി സമ്മാനങ്ങള്‍ നേടുകയും ചെയ്തിട്ടുണ്ട്. കതിരൂര് അലന്‍ തിലക് കരാട്ടെ സെന്ററില്‍ കോച്ച് സുമേഷ് സെന്‍ സായിയുടെ കീഴില്‍ 10 വര്‍ഷമായി കരാട്ടെ പരിശീലനം നടത്തുന്നു. പേരാവൂര്‍ സെന്‍് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു സയന്‍സ് വിദ്യാര്‍ത്ഥിയാണ് ജോയല്‍ ബാബു. വായന്നൂര്‍ സ്ഥലമണ്ഡപത്തില്‍ വീട്ടില്‍ ഫിലോമിന – ബാബു ദമ്പതികളുടെ മകനാണ്.

എ.ഐ.സി.സി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സ്ഥിരീകരിച്ച് ശശി തരൂര്‍

എഐസിസി തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് സ്ഥിരീകരിച്ച് ശശി തരൂര്‍.പ്രവര്‍ത്തകരുടെ അഭ്യര്‍ത്ഥന കണക്കിലെടുത്താണ് മത്സരിക്കാന്‍ തയാറായതെന്ന് ശശി തരൂര്‍ പറഞ്ഞു. കേരളത്തില്‍ ചിലരുടെ പിന്തുണയുണ്ട്, ചിലര്‍ പിന്തുണക്കുന്നില്ലെന്നും തരൂര്‍ വ്യക്തമാക്കി. ശശി തരൂര്‍ രാഹുല്‍ ഗാന്ധിയുമായി ഇന്ന് കൂടിക്കാഴ്ച്ച നടത്തും. പട്ടാമ്പിയിലാണ് കൂടിക്കാഴ്ച്ച. ഇതിനായി ശശി തരൂര്‍ പട്ടാമ്പിയില്‍ എത്തി. എഐസിസി അധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുക്കുന്ന പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച്ച. വൈകുന്നേരത്തെ പദയാത്രയിലും തരൂര്‍ പങ്കെടുക്കും.

ഓണ്‍ലൈന്‍ അവതാരകയോട് അസഭ്യം പറഞ്ഞെന്ന കേസില്‍ നടന്‍ ശ്രീനാഥ് ഭാസി ഇന്ന് ഹാജരായില്ല

ഓണ്‍ലൈന്‍ അവതാരകയോട് അസഭ്യം പറഞ്ഞെന്ന കേസില്‍ നടന്‍ ശ്രീനാഥ് ഭാസി ഇന്ന് ഹാജരായില്ല. ഇന്ന് രാവിലെ 10 മണിക്ക് മരട് പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനായിരുന്നു നോട്ടീസ് നല്‍കിയത്. ഹാജരാകാന്‍ ശ്രീനാഥ് ഭാസി സാവകാശം തേടുകയായിരുന്നു. നാളെ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് നിര്‍ദ്ദേശം നല്‍കിയത്. കഴിഞ്ഞ 22-ാം തീയതിയാണ് ശ്രീനാഥ് ഭാസിക്കെതിരെ പൊലീസില്‍ പരാതി ലഭിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ ചോദ്യം ചെയ്യാന്‍ എത്തണമെന്നാവശ്യപ്പെട്ട് മരട് പൊലീസ് ശ്രീനാഥ് ഭാസിക്ക് നോട്ടീസ് നല്‍കിയിരുന്നു. സ്ത്രീത്വത്തെ അപമാനിക്കും വിധം അപമര്യാദയായി പെരുമാറിയെന്നാണ് മാധ്യമ പ്രവര്‍ത്തകയുടെ പരാതി. പരാതിക്കാരിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. കൊച്ചിയില്‍ ‘ചട്ടമ്പി’ എന്ന സിനിമയുടെ പ്രചാരണവുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെയാണ് സംഭവം. യാതൊരു പ്രകോപനവുമില്ലാതെ മോശമായി സംസാരിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് മാധ്യപ്രവര്‍ത്തകയുടെ പരാതിയില്‍ പറയുന്നത്. കൊച്ചിയിലെ ഹോട്ടലില്‍ നടന്ന അഭിമുഖത്തിന്റെ ദൃശ്യങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്. ഹോട്ടലിലെ സി സി ടി വി ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണായകമായേക്കും. എന്നാല്‍ താന്‍ മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച് സംസാരിച്ചിട്ടില്ലെന്നും അസഭ്യം പറഞ്ഞിട്ടില്ലെന്നുമാണ് ശ്രീനാഥ് ഭാസിയുടെ പ്രതികരണം. എന്റെ ഭാഗത്തുനിന്ന് തെറ്റൊന്നും സംഭവിച്ചിട്ടില്ല. ഞാന്‍ എന്നെ അപമാനിച്ചതിന്റെ പേരില്‍ ഒരു സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ പ്രതികരിച്ചു എന്നേ ഉള്ളൂ. ആരെയും തെറി വിളിച്ചിട്ടില്ല. മോശമായി സംസാരിച്ചിട്ടില്ലെന്നും ശ്രീനാഥ് ഭാസി പറഞ്ഞു. ഇക്കാര്യത്തില്‍ പ്രതികരണവുമായി ‘ചട്ടമ്പി’ സിനിമയുടെ സംവിധായകന്‍ അഭിലാഷ് എസ് കുമാറും രംഗത്ത് എത്തിയിരുന്നു. പരാതിയില്‍ പറയും പോലെ മോശം പെരുമാറ്റം ഉണ്ടായെങ്കില്‍ അത് അംഗീകരിക്കാനാവാത്തതാണെന്ന് സംവിധായകന്‍ അഭിലാഷ് എസ് കുമാര്‍ പറഞ്ഞു. എന്നാല്‍ ഈ സംഭവത്തിന്റെ പേരില്‍ തന്റെ സിനിമയെ മോശമാക്കാന്‍ മനപൂര്‍വമായ ശ്രമം നടക്കുന്നുണ്ടെന്നും സംവിധായകന്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു. അതിനിടെ ഒരു റേഡിയോ അഭിമുഖത്തിനിടെ നടന്‍ ശ്രീനാഥ് ഭാസി അവതാരകനോട് മോശമായി പെരുമാറുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ മര്‍ദ്ദിച്ച സംഭവം; പ്രതികളെ അറസ്റ്റ് ചെയ്യേണ്ടത് പൊലീസെന്ന് മന്ത്രി

കാട്ടാക്കടയില്‍ അച്ഛനേയും മകളേയും ആക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്യേണ്ടത് പൊലീസാണെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. സംഭവത്തില്‍ പ്രതികളായ ജീവനക്കാരെ മാനേജ്മെന്റ് ആദ്യമെ സസ്പെന്‍ഡ് ചെയ്തു. കൂടുതല്‍ അച്ചടക്ക നടപടി എടുക്കുന്നതിന് നിയമപരമായ നടപടിക്രമങ്ങളുണ്ട്. അതിന് ശേഷം നടപടിയെടുക്കും. എന്നാല്‍ പൊലീസിന് വീഴ്ച ഉണ്ടായെന്ന് പറയാന്‍ പറ്റില്ലെന്നും മന്ത്രി തിരുവനന്തപുരത്ത് പറഞ്ഞു.പ്രതികളെ അറസ്റ്റ് ചെയ്യേണ്ടത് പൊലീസാണ്. എവിടെ ഒളിച്ചാലും പൊലീസ് അവരെ കണ്ടു പിടിക്കും. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം കിട്ടുക അത്ര എളുപ്പമല്ലെന്നും ആന്റണി രാജു പറഞ്ഞു. കാട്ടക്കടയില്‍ അച്ഛനെയും മകളെയും കെഎസ്ആര്‍ടിസി ജീവനക്കാര്‍ മര്‍ദ്ദിച്ച കേസില്‍ പ്രതികളെ പിടിക്കാതെ ഇരുട്ടില്‍ തപ്പുകയാണ് പൊലീസ്. ഒളിവിലുള്ള പ്രതികളെ കണ്ടെത്താന്‍ ആകുന്നില്ലെന്നാണ് പൊലീസ് വിശദീകരണം. പ്രതികളെ പിടികൂടിയില്ലെങ്കില്‍ കോടതിയെ സമീപിക്കാനാണ് മര്‍ദ്ദനത്തിനിരയായ അച്ഛന്റേയും മകളുടേയും തീരുമാനം.

ഡോളറിനെതിരെ ഇന്ത്യന്‍ രൂപ 81.52 ലേക്ക് ഇടിഞ്ഞു; ചരിത്രത്തിലെ താഴ്ന്ന നില

ഇന്ത്യന്‍ രൂപയുടെ വിനിമയ മൂല്യത്തില്‍ വീണ്ടും ഇടിവ്. ഡോളറിനെതിരെ ഇന്ന് രൂപയുടെ മൂല്യം 43 പൈസ കൂടി ഇടിഞ്ഞ് 81.52 ലേക്കെത്തി. അമേരിക്കന്‍ കറന്‍സി ശക്തിയാര്‍ജ്ജിക്കുന്നതിന്റെ പ്രതിഫലനമാണ് ഇന്ത്യന്‍ രൂപയെ പുറകോട്ട് വലിക്കുന്നത്. ഇന്ത്യന്‍ രൂപയുടെ ചരിത്രത്തില്‍ ഡോളറിനെതിരെ ഏറ്റവും താഴ്ന്ന വിനിമയ നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. പണപ്പെരുപ്പം നിയന്ത്രിക്കാന്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് നികുതി നിരക്കുകള്‍ ഉയര്‍ത്തുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തില്‍ രൂപയുടെ മൂല്യം ഇനിയും താഴേക്ക് പോകുമെന്നാണ് വിദഗ്ദ്ധര്‍ അഭിപ്രായപ്പെടുന്നത്. സാമ്പത്തിക രംഗത്തെ വിദഗ്ദ്ധരുടെ വിലയിരുത്തല്‍ അനുസരിച്ച് ഡോളറിനെതിരെ വരും ദിവസങ്ങളില്‍ ഇന്ത്യന്‍ രൂപ 82 രൂപ മുതല്‍ 83.5 രൂപ വരെ ഇടിയുമെന്നാണ് കരുതുന്നത്. ഇതോടെ ഈയാഴ്ച നടക്കാനിരിക്കുന്ന റിസര്‍വ് ബാങ്ക് യോഗം നിര്‍ണായകമാകും. റിസര്‍വ് ബാങ്കും പലിശ നിരക്ക് ഉയര്‍ത്തിയേക്കും. 50 ബേസിസ് പോയിന്റ് വരെ നിരക്ക് വര്‍ധനവുണ്ടാകുമെന്നാണ് കരുതുന്നത്. രൂപയുടെ നിലവാരം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ കേന്ദ്രസര്‍ക്കാരിന്റെയും റിസര്‍വ് ബാങ്കിന്റെയും ഭാഗത്ത് നിന്നുണ്ടാകും. അതേസമയം സെന്‍സെക്സ് ഇന്ന് 1.37 ശതമാനം ഇടിഞ്ഞ് 57301.19 പോയിന്റിലാണ് വ്യാപാരം ആരംഭിച്ചത്. നിഫ്റ്റിയില്‍ 1.51 ശതമാനം ഇടിവുണ്ടായി. 17066.55 പോയിന്റിലാണ് വ്യാപാരം. വിദേശ ഇന്‍സ്റ്റിറ്റിയൂഷണല്‍ ഇന്‍വെസ്റ്റര്‍മാരാണ് ഇന്ത്യന്‍ ഓഹരി വിപണിയിലെ നെറ്റ് സെല്ലര്‍മാര്‍. വെള്ളിയാഴ്ച മാത്രം ഇവര്‍ 29000 കോടി രൂപയുടെ ഓഹരികളാണ് വിറ്റഴിച്ചതെന്നാണ് സ്റ്റോക് എക്സ്ചേഞ്ച് ഡാറ്റ വ്യക്തമാക്കുന്നത്.

സ്വതന്ത്ര സോഫ്റ്റ് വെയര്‍ അല്ലാതെ പൊതുവിദ്യാലയങ്ങളില്‍ ഉപയോഗിച്ചാല്‍ കര്‍ശന നടപടി; മന്ത്രി വി.ശിവന്‍കുട്ടി

പൊതുവിദ്യാഭ്യാസ മേഖലയില്‍ സ്വതന്ത്ര സോഫ്റ്റ് വെയറുകള്‍ അല്ലാതെ ഉടമസ്ഥാവകാശമുള്ള സോഫ്റ്റ് വെയറുകള്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതിനെതിരെ കര്‍ശന നടപടിയെടുക്കും എന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. പൊതുജനങ്ങള്‍ക്കും സ്വതന്ത്ര സോഫ്റ്റ്വെയര്‍ പരിശീലനം നല്‍കാന്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കൈറ്റും ഡി.എ.കെ.എഫും സംഘടിപ്പിച്ച സോഫ്റ്റ് വെയര്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം കൈറ്റ് വിക്ടേഴ്സിലൂടെ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. രണ്ടു പതിറ്റാണ്ടായി നടന്നു വരുന്ന കേരളത്തിലെ ഐ.ടി. വിദ്യാഭ്യാസം മാതൃകയാകുന്നത് പൂര്‍ണമായും സ്വതന്ത്ര സോഫ്റ്റ്വെയര്‍ അധിഷ്ഠിതമായതുകൊണ്ട് കൂടിയാണെന്നും തത്ഫലമായി 3000 കോടി രൂപ ലാഭിക്കാനായതും അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധിക്കപ്പെട്ട കാര്യമാണെന്നും മന്ത്രി പറഞ്ഞു. സ്വതന്ത്ര സോഫ്റ്റ്വെയര്‍ വ്യാപനം പോലെതന്നെ പ്രധാനമാണ് ഇന്റര്‍നെറ്റ് ഗവേണന്‍സുമായി ബന്ധപ്പെട്ട സങ്കീര്‍ണ പ്രശ്നങ്ങളെന്നും ഇതിനും സമൂഹ പങ്കാളിത്തം ആവശ്യമാണെന്നും അമര്‍നാഥ് രാജ അനുസ്മരണ പ്രഭാഷണം നടത്തിക്കൊണ്ട് ഐകാന്‍ ഉപദേശക സമിതി അംഗം സതീഷ് ബാബു പറഞ്ഞു. കൈറ്റ് സി.ഇ.ഒ. കെ.അന്‍വര്‍ സാദത്ത് പദ്ധതി വിശദീകരണം നടത്തി. തുടര്‍ന്ന് സംസ്ഥാനത്തെ 14 ജില്ലാ കേന്ദ്രങ്ങളിലും സ്വതന്ത്ര സോഫ്റ്റ് വെയര്‍ മേഖലയിലെ 14 വിഷയങ്ങളില്‍ വിദഗ്ധര്‍ പ്രഭാഷണം നടത്തുകയും അത് തത്സമയം ലൈവായി പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഉച്ചയ്ക്ക് പൊതുജനങ്ങള്‍ക്ക് സൗജന്യ സ്വതന്ത്ര സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാള്‍ ഫെസ്റ്റ് നടത്തിക്കൊണ്ടാണ് സോഫ്റ്റ്വെയര്‍ ദിനാഘോഷത്തിന് തിരശീല വീണത്. ക്ലാസുകള്‍ www.kite.kerala.gov.in/SFDay2022 ലിങ്ക് വഴി കാണാവുന്നതാണ്.

ഹയര്‍സെക്കന്‍ഡറി വൊക്കേഷണല്‍ വെയ്റ്റിംഗ് ലിസ്റ്റ് പ്രവേശനം; അവസാന തീയതി സെപ്റ്റംബര്‍ 27

ഹയര്‍സെക്കന്‍ഡറി (വൊക്കേഷണല്‍) ഒന്നാം വര്‍ഷ ഏകജാലക പ്രവേശനത്തിന്റെ മുഖ്യ, സപ്ലിമെന്ററി ഘട്ട അലോട്ട്മെന്റുകള്‍ക്ക് ശേഷം സ്‌കൂളുകളില്‍ ഒഴിവുള്ള സീറ്റുകളിലേക്കും, പുതിയതായി വരുന്ന ഒഴിവുകളിലേക്കും വെയ്റ്റിംഗ് ലിസ്റ്റ് പ്രകാരം പ്രവേശനം നല്‍കും. ഇതിലേക്ക് പരിഗണിക്കുന്നതിന് ഇതുവരെ അപേക്ഷ നല്‍കാത്തവര്‍ www.vhscap.kerala.gov.in വെബ് സൈറ്റിലെ Create Candidate Login ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്ത ശേഷം അപേക്ഷ സമര്‍പ്പിക്കണം. നേരത്തെ അപേക്ഷിച്ചവര്‍ Candidate Login വഴി അപേക്ഷ പുതുക്കണം. അവസാന തീയതി 27ന് വൈകിട്ട് 4 ന്.