തില്ലങ്കേരി:കാവുമ്പടി സി എച്ച് എം ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മാലിന്യ മുക്ത കേരളം പദ്ദതിയുടെ ഭാഗമായി ഹരിത വിദ്യാലയം പ്രഖ്യാപനം നടത്തി. പി.ടി.എ പ്രസിഡന്റ് പി.ബിജുവിന്റെ അധ്യക്ഷതയില്‍ തില്ലങ്കേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീമതി ഉദ്ഘാടനം ചെയ്തു.ഇന്ദിര. കെ പദ്ദതി വിശദീകരിച്ചു.ഹെഡ്മിസ്ട്രസ് മിനി ജോസഫ് ശുചിത്വ മിഷന് കോര്‍ഡിനേറ്റര്‍ സജിത പി, ജിംജോസ് എന്നിവര്‍ സംസാരിച്ചു.
ഇരിട്ടി:കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന് കീഴൂര്‍ യൂണിറ്റ് കേരളപ്പിറവി ദിനാഘോഷവും സാംസ്ക്കാരിക സംഗമവും നടത്തി.പയഞ്ചേരി മുക്ക് ഇരിട്ടി ക്ഷീര സംഘം ഹാളില്‍ ടി.പി. പത്മാവതി ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.പി.ബി സദാനന്ദന് അധ്യക്ഷത വഹിച്ചു.കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ മലയാളം എംഎ പരീക്ഷയില്‍ രണ്ടാം സ്ഥാനം നേടിയ യൂണിറ്റ് അംഗം പി കെ ചന്ദ്രന്റെ മകള്‍ പി കെ അണിമയെ ജില്ലാ കൗണ്‍സിലര്‍ കെ കിഷോര്‍ അനുമോദിച്ചു.സാംസ്കാരിക സമിതി കണ്‍വീനര്‍ കെ പി കൃഷ്ണന് , ബ്ലോക്ക് ജോ.സി ക്രട്ടറി രവീന്ദ്രനാഥ്, യൂണിറ്റ് സിക്രട്ടറി സി പുരുഷു, വനിത വിഭാഗം കണ്‍വീനര്‍ ശാരദ,ചന്ദ്രന് എന്നിവര്‍ സംസാരിച്ചു.
ഇരിട്ടി:ഹരിത കേരള മിഷന്റെ നിര്‍ദ്ദേശപ്രകാരം ഉളിക്കല്‍ ഗ്രാമപഞ്ചായത്തിലെ വിദ്യാലയങ്ങളിലും സ്ഥാപനങ്ങളിലുംകുടു0ബശ്രീ അയല്‍ക്കൂട്ടങ്ങളിലും നടത്തിയ ഹരിതഗ്രേഡിങ്ങില് എപ്ലസ്,എ ഗ്രേഡുകള്‍ നേടിയ സ്ഥാപനങ്ങളില്‍ ഹരിതസ്ഥാപന,ഹരിത വിദ്യാലയപ്രഖ്യാപനം നടത്തി.പഞ്ചായത്തിലെ വിദ്യാലയങ്ങളില്‍ 19 എണ്ണം ഹരിതവിദ്യാലയ സര്‍ട്ടിഫിക്കറ്റിന് അര്‍ഹമായി.6 സ്ഥാപനങ്ങളും,34 അ0ഗ9വാടികളും 254 കുടുംബശ്രീ യൂണിറ്റുകളും ഹരിത പദവിക്ക് അര്‍ഹമായി.പഞ്ചായത്ത്തല പ്രഖ്യാപനം പുറവയല്‍ ഗവ: ഫാമിലി ഹെല്‍ത്ത് സെന്ററില്‍ വെച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.സി.ഷാജി നിര്‍വ്വഹിച്ചു.വൈസ് പ്രസിഡണ്ട് സമീറ പള്ളിപ്പാത്ത് അധ്യക്ഷത വഹിച്ചു.ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റി0ഗ് കമ്മിറ്റി ചെയര്മാന് അഷറഫ് പാലിശ്ശേരി ,ഗ്രാമപഞ്ചായത്ത് സെക്രട്ടറി മനോജന് .എസ്.പി,പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ രജിത്ത് ,കില റിസോര്‍സ് പേര്‍സണ്‍ സോണിയ തുടങ്ങിയവര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.സുദീപ് ജോസ് രാജേഷ് .വി.ജെയിംസ് സംസാരിച്ചു.
എസ്എസ്എല്‍സി പരീക്ഷ മുന്നൊരുക്കം ആരംഭിച്ചെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 3 മുതല്‍ 26 വരെ നടക്കുമെന്ന് മന്ത്രി അറിയിച്ചു. എസ്എസ്എല്‍സി മോഡല്‍ പരീക്ഷ ഫെബ്രുവരി 17 മുതല്‍ 21 വരെയും നടക്കും. 72 ക്യാമ്പുകളിലായി മൂല്യനിര്‍ണയം നടക്കും. ഫലം മെയ് മൂന്നാം വാരം പ്രഖ്യാപിക്കും.
ഒന്നാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 6 മുതല്‍ 29 വരെ നടക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. രണ്ടാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 3 മുതല്‍ 26 വരെയും നടക്കും. 25000 അധ്യാപകരെ പരീക്ഷ ഡ്യൂട്ടിക്കായി നിയോഗിക്കും. എല്ലാ പരീക്ഷകളും ഉച്ചയ്ക്കു ശേഷമാകും നടക്കുക.
ഒന്നാം വര്‍ഷ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് 6 മുതല്‍ 29 വരെയും രണ്ടാംവര്‍ഷ പരീക്ഷ മാര്‍ച്ച് 3 മുതല്‍ 26 വരെയും നടക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. ഒന്ന് മുതല്‍ ഒന്‍പത് വരെ ക്ലാസുകളിലേക്കുള്ള പരീക്ഷ ഫെബ്രുവരി അവസാനം ആരംഭിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രാജ്യത്ത് വാണിജ്യാവശ്യത്തിനുള്ള എല്‍പിജി സിലിണ്ടര്‍ വില വീണ്ടും കൂട്ടി. 19 കിലോ സിലിണ്ടറിന് 61 രൂപ 50 പൈസയാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല. കൊച്ചിയിലെ വില 1810 രൂപ 50 പൈസയാണ്. നേരത്തെ 1749 രൂപയായിരുന്നു.
ഡല്‍ഹിയില്‍ വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വില 1802 രൂപയായി. മുംബൈയില്‍ 1754 രൂപയും കൊല്‍ക്കത്തയില്‍ 1911 രൂപയുമായാണ് വില ഉയര്‍ന്നത്.
കഴിഞ്ഞമാസം വാണിജ്യാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിന്റെ വിലയില്‍ 50 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. സെപ്തംബറില്‍ 39 രൂപയാണ് വര്‍ധിപ്പിച്ചത്. നാലുമാസത്തിനിടെ 157.50 രൂപയാണ് കൂടിയത്.
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ റിമാന്‍ഡിലായ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യയെ ഇന്ന് വൈകിട്ട് അഞ്ച് മണി വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. വൈകിട്ട് അഞ്ച് മണിക്ക് ദിവ്യയെ തിരികെ കോടതിയില്‍ ഹാജരാക്കണമെന്ന് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വ്യക്തമാക്കി. രണ്ട് ദിവസത്തേക്കാണ് ദിവ്യയെ പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ആദ്യ ദിവസം അറസ്റ്റിലായപ്പോള്‍ തന്നെ ചോദ്യം ചെയ്തതിനാല്‍ ഇനിയും കൂടുതല്‍ സമയം ആവശ്യമാണോയെന്ന് കോടതി ചോദിച്ചു. അതിനിടെ ജിവ്യയുടെ ജാമ്യ ഹര്‍ജി ഇന്ന് തലശേരി കോടതി പരിഗണിക്കും. ഹര്‍ജിയില്‍ നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ കക്ഷി ചേരും. കോടതി മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതിനു പിന്നാലെയാണ് കഴിഞ്ഞദിവസം ദിവ്യ അന്വേഷണ സംഘത്തിന് മുന്നില്‍ കീഴടങ്ങിയത്. 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യപ്പെട്ട ദിവ്യ പള്ളിക്കുന്ന് വനിതാ ജയിലിലാണ് കഴിഞ്ഞിരുന്നത്. കെ.വിശ്വനാണ് ദിവ്യയ്ക്ക് വേണ്ടി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ജാമ്യഹര്‍ജി സമര്‍പ്പിച്ചത്.
കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ സംസ്ഥാനത്തെ പൊലീസില്‍ സമാനതകളില്ലാത്ത മാറ്റം ദൃശ്യമായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആര്‍ക്കും നിര്‍ഭയം കടന്നുചെല്ലാവുന്ന സ്ഥലമായി പൊലീസ് സ്റ്റേഷനുകള്‍ മാറി. കുറ്റവാളികള്‍ക്കെതിരെ മുഖംനോക്കാതെ പൊലീസ് നടപടിയെടുക്കുന്നുണ്ടെന്നും ഒരിക്കലും പിടികൂടില്ലെന്ന് കരുതിയവരെ വരെ പൊലീസ് കല്‍ത്തുറുങ്കിലാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് തടയാന്‍ പൊലിസ് നല്ല പ്രചരണം നടത്തുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പൊലീസിന്റെ പോര്‍ട്ടലില്‍ 31107 പരാതികളാണ് സെപ്തംബര്‍ വരെ എത്തിയത്. 79 കോടിയിലധികം രൂപ തിരിച്ചു പിടിച്ചു. 37807 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. പൊലീസില്‍ ചിലര്‍ ജനങ്ങളുടെ യജമാനന്മാരെന്ന ഭാവത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് 108 പൊലീസുകാരെ പിരിച്ചുവിട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സേനയ്ക്ക് അവമതിപ്പുണ്ടാക്കുന്ന ആരും സേനയില്‍ വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്. പിരിച്ചുവിടല്‍ നടപടികള്‍ ഇനിയും തുടരുമെന്ന് പറഞ്ഞ മുഖ്യമന്ത്രി കുറ്റവാളികളായ ആരെയും പൊലീസില്‍ തുടരാന്‍ അനുവദിക്കില്ലെന്നും വ്യക്തമാക്കി.
ഇന്ന് നവംബര്‍ ഒന്ന്, കേരളപ്പിറവി ദിനം. ദൈവത്തിന്റെ സ്വന്തം നാടായ കേരള സംസ്ഥാനം രൂപം കൊണ്ടിട്ട് ഇന്നേക്ക് 68 വര്‍ഷം തികയുന്നു. 1956 നവംബര്‍ ഒന്നിനാണ് മലബാര്‍, കൊച്ചി, തിരുവതാംകൂര്‍ എന്നീ നാട്ടുരാജ്യങ്ങള്‍ ഒത്തുചേര്‍ന്ന് കേരളം രൂപീകരിക്കുന്നത്.
ഇന്ന് 14 ജില്ലകളും 20 ലോകസഭാ മണ്ഡലങ്ങളും 140 നിയമസഭാ മണ്ഡലങ്ങളും കേരളത്തിന് ഉണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ള മലയാളികള്‍ ഇന്ന് കേരളപ്പിറവി ദിനം കൊണ്ടാടുന്നു. ഇത്തവണ സംസ്ഥാനം ഉപതിരഞ്ഞെടുപ്പ് ചൂടില്‍ നില്‍ക്കുമ്പോഴാണ് കേരളപ്പിറവി ദിനം എത്തിയിരിക്കുന്നത്.
ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് ഒന്‍പത് വര്‍ഷത്തിന് ശേഷമാണ് കേരളം ഉണ്ടാകുന്നത്. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുനര്‍സംഘടിപ്പിക്കാനുള്ള ഇന്ത്യാഗവണ്മെന്റിന്റെ തീരുമാനപ്രകാരം തിരുവിതാംകൂര്‍, കൊച്ചി രാജ്യങ്ങള്‍ മദ്രാസ് പ്രസിഡന്‍സിയുടെ മലബാര്‍ പ്രദേശങ്ങള്‍ ഇങ്ങനെ മലയാളം പ്രധാനഭാഷയായ പ്രദേശങ്ങളെല്ലാം കൂട്ടിച്ചേര്‍ത്തുകൊണ്ട് 1956 നവംബര്‍ ഒന്നിന് കേരളം എന്ന സംസ്ഥാനം രൂപവത്കരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ നവംബര്‍ ഒന്ന് കേരളപ്പിറവിദിനമായി ആഘോഷിക്കപ്പെടുന്നു.
കോട്ടയത്ത് വീട്ടില്‍ പണിക്കെത്തിച്ച മണ്ണുമാന്തി യന്ത്രത്തിനിടയില്‍ തല കുരുങ്ങി വീട്ടുടമയ്ക്ക് ദാരുണാന്ത്യം. കരൂര്‍ സ്വദേശി പോള്‍ ജോസഫ് ആണ് മരിച്ചത്. വീട്ടില്‍ പണിക്ക് എത്തിച്ച ഹിറ്റാച്ചിയില്‍ കയറി സ്വയം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണ് സംഭവം.
പുരയിടം നിരപ്പാക്കാനെത്തിയ മണ്ണുമാന്തി യന്ത്രത്തിനുള്ളില്‍ പോളിന്റെ തല കുടുങ്ങുകയായിരുന്നു. വിവരമറഞ്ഞ് പൊലീസും അഗ്നിസേന ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഫോള്‍ ജോസഫിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
സംസ്ഥാനത്തെ ആദിവാസി മേഖലകളിലെ ജനങ്ങളുടെ ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്നതിന് ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ പട്ടികവര്‍ഗ വകുപ്പ്, സാമൂഹ്യനീതി വകുപ്പ്, വനിത ശിശുവികസന വകുപ്പ് എന്നീ വകുപ്പുകള്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നുണ്ട്.
ഈ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് ഫലപ്രദമായി നടപ്പിലാക്കാന്‍ സ്റ്റാന്റേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജിയര്‍ (എസ്.ഒ.പി.) തയ്യാറാക്കും. ആദിവാസി മേഖലയിലെ പോഷണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, അമ്മയും കുഞ്ഞും പദ്ധതി, മാതൃ ശിശു മരണങ്ങള് കുറയ്ക്കുക, അരിവാള്‍ രോഗികളുടെ പ്രശ്നങ്ങള്‍, ജീവിതശൈലീ രോഗങ്ങള്‍, മാനസികാരോഗ്യം, വിമുക്തി തുടങ്ങിയ വിവിധ പ്രശ്നങ്ങള്‍ വിലയിരുത്തിയാകും ആക്ഷന്‍പ്ലാനും എസ്.ഒ.പിയും തയ്യാറാക്കുകയെന്നും മന്ത്രി വ്യക്തമാക്കി.