സ്വര്‍ണ വില കുറഞ്ഞു. പവന് 480 രൂപ കുറഞ്ഞ് 37,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 4,735 രൂപയായി. 38,360 രൂപയായിരുന്നു കഴിഞ്ഞ ദിവസം സ്വര്‍ണത്തിന് വില. ഗ്രാമിന് 4,795 രൂപയുമായിരുന്നു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് ഓഗസ്റ്റ് ഒന്നിനാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 4,710 രൂപയും പവന് 37,680 രൂപയുമായിരുന്നു അന്ന് സ്വര്‍ണത്തിന്റെ വില.
കോഴിക്കോട് വടകരയില്‍ തെങ്ങ് ദേഹത്തേക്ക് വീണ് നാല് കുട്ടികള്‍ക്ക് പരുക്ക്. പുതിയാപ്പില്‍ നിന്ന് സ്‌കൂളില്‍ പോവുകയായിരുന്ന കുട്ടികള്‍ക്കാണ് പരുക്കേറ്റത്. കാറ്റില്‍ തെങ്ങ് മുറിഞ്ഞ് വീഴുകയായിരുന്നു. ആരുടെയും പരുക്കുകള്‍ ഗുരുതരമല്ല. രാവിലെ ട്യൂഷന്‍ ക്ലാസിലേക്ക് പോകുകയായിരുന്ന കുട്ടികളുടെ ദേഹത്തേക്ക് തെങ്ങ് വീഴുകയായിരുന്നു. അതിശക്തമായ കാറ്റും മഴയും ഉണ്ടായിരുന്നു. ഈ കാറ്റില്‍ തെങ്ങ് മുറിഞ്ഞ് കുട്ടികളുടെ ദേഹത്തേക്ക് വീഴുകയായിരുന്നു. ഉടന്‍തന്നെ നാട്ടുകാര്‍ ഓടിയെത്തി കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റി.ഇതില്‍ രണ്ട് കുട്ടികളെ കൂടുതല്‍ വൈദ്യപരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കശ്മീരില്‍ സൈനിക ക്യാമ്പില്‍ ചാവേറാക്രമണം. മൂന്ന് സൈനികര്‍ക്ക് വീരമൃത്യു. രണ്ട് ജവാന്‍മാര്‍ക്ക് പരിക്കേറ്റു. രണ്ട് ഭീകരരെ സൈന്യം വധിച്ചു. പ്രദേശം വളഞ്ഞ് സൈന്യം. നടപടി തുടരുന്നതായി റിപ്പോര്‍ട്ട്. രണ്ട് ഭീകരര്‍ ആര്‍മി ക്യാമ്പിന്റെ വേലി ചാടിക്കടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സൈന്യം തിരിച്ചടിച്ചത്. ഇതോടെ സൈന്യവും ഭീകരരും തമ്മിലേറ്റുമുട്ടലുണ്ടായി. ചാവേര്‍ ആക്രമണം ലക്ഷ്യമിട്ടാണ് ഭീകരരെത്തിയതെന്ന് സൈന്യം സ്ഥിരീകരിച്ചു. കൂടുതല്‍ ഭീകരരെത്തിയിട്ടുണ്ടാകാമെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ പ്രദേശത്ത് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. കൂടുതല്‍ സൈന്യത്തെയും സ്ഥലത്തേക്ക് അയച്ചതായാണ് റിപ്പോര്‍ട്ട്.
മട്ടന്നൂർ: നഗരസഭാ തെരഞ്ഞെടുപ്പിൽ മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കണമെന്ന്് എല്ലാ രാഷ്ട്രീയ പാർട്ടികളോടും സ്ഥാനാർഥികളോടും ജില്ലാ കലക്ടർ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയിൽ ചേർന്ന പെരുമാറ്റച്ചട്ടം സംബന്ധിച്ച ജില്ലാതല മോണിറ്ററിങ്ങ് കമ്മിറ്റി നിർദേശിച്ചു. തെരഞ്ഞെടുപ്പ് പൊതുനിരീക്ഷക ആർ കീർത്തിയുടെ സാന്നിധ്യത്തിലായിരുന്നു യോഗം.തെരഞ്ഞെടുപ്പ് സമാധാനപരവും നീതിപൂർവ്വവുമായി നടത്താൻ എല്ലാ രാഷ്ട്രീയപാർട്ടികളുടെയും സഹകരിക്കണമെന്ന് കലക്ടർ അഭ്യർഥിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണം, വോട്ടെടുപ്പ് എന്നീ പ്രവർത്തനങ്ങളെല്ലാം സമാധാനപരമായിരിക്കുമെന്ന് പാർട്ടി നേതൃത്വം ഉറപ്പുവരുത്തണം. താഴെ തട്ടിലുള്ള പ്രവർത്തകരിൽ വരെ ഈ സന്ദേശം എത്തിക്കാൻ രാഷ്ട്രീയപാർട്ടികൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാ ബൂത്തുകളിലും വെബ്കാസ്റ്റിംഗ് ഏർപ്പെടുത്താൻ നടപടി സ്വീകരിച്ചതായി കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണർ ആർ ഇളങ്കോ അറിയിച്ചു. പ്രചാരണ സാമഗ്രികൾ നശിപ്പിച്ചതായ ചില പരാതികൾ ലഭിച്ചിട്ടുണ്ട്. ഇത്തരം കാര്യങ്ങളിൽ ശക്തമായ നടപടി പൊലീസ് സ്വീകരിക്കും. വോട്ടെടുപ്പ് ദിവസം സമീപ പഞ്ചായത്തുകളിൽ നിന്ന് ആളുകൾ മട്ടന്നൂരിൽ കേന്ദ്രീകരിക്കുന്നത് തടയാനുള്ള നടപടികളും കൈക്കൊള്ളുമെന്നും സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. പ്രചാരണം അവസാനിക്കുന്ന ദിവസത്തെ ക്രമീകരണങ്ങൾക്കായി മട്ടന്നൂരിൽ ആഗസ്റ്റ് 13ന് രാഷ്ട്രീയപാർട്ടികളുടെ യോഗം ചേരും. നഗരസഭയുടെ പ്രസിദ്ധീകരണം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിക്കുന്നതായ പരാതിയിൽ പരിശോധിച്ച് നടപടി ആവശ്യമെങ്കിൽ കൈക്കൊള്ളുമെന്ന് കലക്ടർ അറിയിച്ചു.ജില്ലാ ഇലക്ഷൻ ഡെപ്യൂട്ടി കലക്ടർ ലിറ്റി ജോസഫ്, റിട്ടേണിംഗ് ഓഫീസർ പി കാർത്തിക്, സിറ്റി ഡിവൈഎസ്പി പി കെ ധനഞ്ജയ ബാബു, ജില്ലാ ഇൻഫർമേഷൻ ഓഫീസർ ഇ കെ പത്മനാഭൻ, സ്റ്റേഷൻ ഹൗസ് ഓഫീസർ എം കൃഷ്ണൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.
സ്വാതന്ത്ര്യത്തിന്റെ അമൃതവർഷം 75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സർക്കാർ ഓഫീസുകളിലും സ്ഥാപനങ്ങളിലും ദേശീയപതാകയിലെ നിറങ്ങളിലുള്ള ദീപാലങ്കാരം നടത്താം. ഏറ്റവും നന്നായി അലങ്കരിച്ച ഓഫീസിന് സമ്മാനം നൽകും. ദീപാലങ്കാര മത്സരത്തിൽ പങ്കെടുക്കുന്ന ഓഫീസുകളുടെ പേര് വിവരം കണ്ണൂർ തഹസിൽദാരെ ആഗസ്റ്റ് 13നകം അറിയിക്കണമെന്ന് ജില്ലാ കലക്ടർ അറിയിച്ചു. ഫോൺ: 04972700225
കണ്ണൂർ:സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കെ എസ് ആർ ടി സി കണ്ണൂർ ബജറ്റ് ടൂറിസം സെല്ലിന്റെ നേതൃത്വത്തിൽ വിനോദയാത്ര നടത്തുന്നു. വെള്ളിയാഴ്ച രാത്രി ഏഴ് മണിക്ക് കണ്ണൂരിൽ നിന്നും പുറപ്പെട്ട് തിങ്കളാഴ്ച രാവിലെ തിരിച്ചെത്തും. ആദ്യ ദിവസം കെ എസ് ആർ ടി സി ഡബിൾ ഡെക്കർ ബസിൽ തിരുവനന്തപുരം നഗരം ചുറ്റിക്കാണും. പത്മനാഭസ്വാമി ക്ഷേത്രം, കുതിരമാളിക, മ്യൂസിയം, പ്ലാനറ്റേറിയം, കോവളം ബീച്ച്, ശംഖുമുഖം ബീച്ച്, ലുലുമാൾ എന്നിവയും കാണാൻ സൗകര്യമൊരുക്കും. രണ്ടാം ദിവസം കുമരകത്ത് ഹൗസ് ബോട്ടിൽ കായൽ സഞ്ചാരവും മറൈൻ ഡ്രൈവിംഗിൽ സൈറ്റ് സീൻ സൗകര്യവും ഒരുക്കും. ഡോർമിറ്ററിയിലെ താമസം ഉൾപ്പടെ ഒരാൾക്ക് 3400 രൂപയാണ് നിരക്ക്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 8089463675, 9496131288, 9048298740 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക
ഉരുള്‍പൊട്ടല്‍ നാശം വിതച്ച കണിച്ചാര്‍, കോളയാട് പഞ്ചായത്തുകളിലെ വിവിധ പ്രദേശങ്ങളില്‍ സന്നദ്ധ പ്രവര്‍ത്തനവുമായി യൂണിഫോം സേനയിലേക്ക് പരിശീലനം നേടിയ ഉദ്യോഗാര്‍ഥികള്‍. വിവിധ യൂണിഫോം സേനകളിലേക്ക് ജില്ലാ പഞ്ചായത്തിന്റെ പരിശീലനം ലഭിച്ച പട്ടിക വര്‍ഗത്തിലെ 130 ഓളം യുവതീ യുവാക്കളാണ് സന്നദ്ധ പ്രവര്‍ത്തനത്തിനായി ഒരു ദിവസം രംഗത്തിറങ്ങിയത്. മയ്യില്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഡ്രോണ്‍ അക്കാദമിയിലെ കുട്ടികളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. സേവന പ്രവൃത്തി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ. ബിനോയ് കുര്യന്‍ നിര്‍വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ വി കെ സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഗീത സംസാരിച്ചു.
കണ്ണൂർ:സംസ്ഥാനത്തെ അജൈവ മാലിന്യങ്ങളുടെ ശേഖരണവും സംസ്‌കരണവും ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി ജില്ലയിലെ 33 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഈ മാസം അവസാനത്തോടെ ഹരിതമിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിങ് ആപ്ലിക്കേഷൻ നിലവിൽ വരുന്നു. എരഞ്ഞോളി, കതിരൂർ, പന്ന്യന്നൂർ, മാങ്ങാട്ടിടം, കോട്ടയം, ചിറ്റാരിപ്പറമ്പ്, അഞ്ചരക്കണ്ടി, വേങ്ങാട്, പിണറായി, ചെമ്പിലോട്, പെരളശ്ശേരി, കരിവെള്ളൂർ-പെരളം, രാമന്തളി, കടന്നപ്പളളി, ഉദയഗിരി, ചെങ്ങളായി, കണ്ണപുരം, ചെറുതാഴം, ചെറുകുന്ന്, പാപ്പിനിശ്ശേരി, കുറ്റിയാട്ടൂർ, മലപ്പട്ടം, കോളയാട്, കണിച്ചാർ, പേരാവൂർ, മാലൂർ, കേളകം, പടിയൂർ, പയ്യാവൂർ, പായം, കൂടാളി ഗ്രാമപഞ്ചായത്തുകളിലും ആന്തൂർ ഉൾപ്പടെ രണ്ട് നഗരസഭകളിലുമാണ് പദ്ധതി നടപ്പാക്കുക. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും പരിശീലനം പൂർത്തിയായി. എരഞ്ഞോളി ഗ്രാമ പഞ്ചായത്തിലും ആന്തൂർ നഗരസഭയിലും സർവേ ആരംഭിച്ചു. മറ്റിടങ്ങളിൽ ഈ മാസം സർവേ നടത്തും.ഹരിത കർമസേന അംഗങ്ങൾ ഹരിതമിത്രം ആപ് ഡൗൺലൗഡ് ചെയ്ത് വീടുകളിലും കടകളിലും കയറിയാണ് വിവരശേഖരണം നടത്തുന്നത്. ശേഷം ക്യൂ ആർ കോഡ് പതിക്കും. തുടർന്നുള്ള മാസങ്ങളിൽ ഇവിടങ്ങളിൽ ശേഖരിക്കുന്ന മാലിന്യങ്ങളുടെ വിവരങ്ങൾ ക്യൂ ആർ കോഡ് വെച്ച് പുതുക്കാനാവും. ആപ്പ് നിലവിൽവരുന്നതോടെ പൊതുജനങ്ങൾക്ക് സേവനങ്ങൾ ആവശ്യപ്പെടാം. പരാതികൾ ഉന്നയിക്കാനും മാലിന്യം തള്ളുന്നത് റിപ്പോർട്ട് ചെയ്യാനും കഴിയും. തദ്ദേശ സ്ഥാപന അധ്യക്ഷർ, അംഗങ്ങൾ, ഹരിതകർമസേന അംഗങ്ങൾ, സൂപ്പർവൈസർമാർ, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ, ക്ലീൻ കേരള കമ്പനി, ശുചിത്വമിഷൻ, ഹരിത കേരള മിഷൻ എന്നീ വിഭാഗക്കാർക്ക് ആപ്പിലൂടെ വിവരങ്ങൾ ലഭിക്കും. പ്ലേ സ്റ്റോറിൽ നിന്ന് ഡൗൺലോഡ് ചെയ്ത് ഇത് ഓഫ്ലൈനായും ഓൺലൈനായും ഉപയോഗിക്കാം. തദ്ദേശം, ജില്ല, സംസ്ഥാനതലം വരെ മോണിറ്റർ ചെയ്യാനുള്ള സംവിധാനമാണ് കെൽട്രോണിന്റെ സാങ്കേതിക സഹായത്തോടെ നടപ്പാക്കുന്ന ഹരിതമിത്രം ഗാർബേജ് ആപ്പിലുള്ളത്.
വാരം സിഎച്ച്എം ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താംതരം തുല്യതാ പഠിതാവായ സബ്രീനയുടെ ആഗ്രഹം എന്തെങ്കിലും ജോലി സമ്പാദിക്കണം തുടർപഠനം നടത്തണം എന്നതാണ്. അവശതകൾ മറികടന്ന് പലതും ചെയ്യാൻ കഴിയും എന്ന തിരിച്ചറിവുണ്ടായത് പത്താം തരം തുല്യതാ ക്ലാസിൽ എത്തിയപ്പോഴാണെന്ന് സബ്രീന പറയുന്നു. പഠനത്തോടൊപ്പം എംബ്രോയ്ഡ്റിയും പാട്ടും സബ്രീന സ്വായത്തമാക്കിയിട്ടുണ്ട്. എല്ലാവരും അംഗീകരിക്കുന്ന ഈ സമയത്ത് പ്രേരക് രശ്മിയോടും പഠനത്തിന് അവസരം ഒരുക്കിയ സാക്ഷരതാ മിഷനോടുമാണ് സബ്രീനയ്ക്ക് നന്ദി പറയാനുള്ളത്.തുടർപഠനം നടത്താൻ ഏറെ ആഗ്രഹം ഉണ്ടെങ്കിലും രണ്ടാം വയസ്സിൽ പോളിയോ ബാധിച്ചതിനെ തുടർന്ന് ആഗ്രഹങ്ങളെ തളച്ചിടേണ്ടി വന്നു. സ്‌കൂൾ വിദ്യാഭ്യാസം ചെയ്തുവെങ്കിലും പത്താം ക്ലാസ് പാസ്സാവാൻ കഴിഞ്ഞില്ല. മറ്റുള്ളവരുടെ സഹതാപമല്ല പിന്തുണയാണ് വേണ്ടതെന്ന് മനസ്സിൽ കരുതിയ നിമിഷമാണ് തുടർ പഠനത്തിനുള്ള ഈ പരിശ്രമം തുടങ്ങിയത്. എംബ്രോയ്ഡ്റി കാര്യക്ഷമമായി എടുക്കണം, പത്താം ക്ലാസ്സ് നന്നായി പാസ്സാവണം, ഒന്നുമല്ലെന്ന് തോന്നിയവർക്ക് മുന്നിൽ എല്ലാമാണെന്ന് കാണിച്ചു കൊടുക്കണം-സബ്രീന പറയുന്നു. അഞ്ചു വയസ്സുകാരി മകളും സബ്രീനയ്ക്ക് കൂട്ടിനുണ്ട്. ഇരുപത്തിയെട്ടാം വയസിലായിരുന്നു സബ്രീനയുടെ വിവാഹം.
കണിച്ചാർ പഞ്ചായത്തിലെ ആഫ്രിക്കൻ പന്നിപ്പനി ബാധിച്ച ഫാമുകളുടെ ഉടമസ്ഥരായ കർഷകർക്കുള്ള നഷ്ടപരിഹാര വിതരണം ആഗസ്റ്റ് 11 വ്യാഴാഴ്ച വൈകീട്ട് 3.30ന് കണ്ണൂർ കക്കാട് റോഡിലെ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ നടക്കും. മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നഷ്ടപരിഹാര തുക വിതരണം നിർവഹിക്കും. രണ്ട് കർഷകരുടെ 247 പന്നികളെയാണ് ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി ബാധിച്ചതിനെ തുടർന്ന് ഉൻമൂലനം ചെയ്ത് സംരക്ഷണ നടപടികൾ സ്വീകരിച്ചത്.
ഇതിന്റെ ഭാഗമായുള്ള സെമിനാർ കണ്ണൂർ കോർപറേഷൻ മേയർ അഡ്വ. ടി ഒ മോഹനൻ ഉദ്ഘാടനം ചെയ്യും. രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ അധ്യക്ഷനാവും. എംപിമാരായ കെ സുധാകരൻ, അഡ്വ. പി സന്തോഷ് കുമാർ എന്നിവർ ഉപഹാര സമർപ്പണം നടത്തും. പന്നിപ്പനി രോഗപ്രതിരോധ കിറ്റ് വിതരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ നിർവഹിക്കും.