Hivision Channel

വൈകല്യങ്ങളെ മറികടന്ന് പത്താം തരം തുല്യതാ പരീക്ഷക്ക് 35കാരി

വൈകല്യങ്ങളെ വകവെക്കാതെ ആത്മവിശ്വാസത്തോടെ പത്താം ക്ലാസ് യോഗ്യത നേടിയെടുക്കാനുള്ള കഠിന ശ്രമത്തിലാണ് 35 വയസ്സുകാരിയായ കണ്ണൂർ സ്വദേശിനി സബ്രീന. 

വാരം സിഎച്ച്എം ഹയർ സെക്കൻഡറി സ്‌കൂളിലെ പത്താംതരം തുല്യതാ പഠിതാവായ സബ്രീനയുടെ ആഗ്രഹം എന്തെങ്കിലും ജോലി സമ്പാദിക്കണം തുടർപഠനം നടത്തണം എന്നതാണ്. അവശതകൾ മറികടന്ന് പലതും ചെയ്യാൻ കഴിയും എന്ന തിരിച്ചറിവുണ്ടായത് പത്താം തരം തുല്യതാ ക്ലാസിൽ എത്തിയപ്പോഴാണെന്ന് സബ്രീന പറയുന്നു. പഠനത്തോടൊപ്പം എംബ്രോയ്ഡ്റിയും പാട്ടും സബ്രീന സ്വായത്തമാക്കിയിട്ടുണ്ട്. എല്ലാവരും അംഗീകരിക്കുന്ന ഈ സമയത്ത് പ്രേരക് രശ്മിയോടും പഠനത്തിന് അവസരം ഒരുക്കിയ സാക്ഷരതാ മിഷനോടുമാണ് സബ്രീനയ്ക്ക് നന്ദി പറയാനുള്ളത്.തുടർപഠനം നടത്താൻ ഏറെ ആഗ്രഹം ഉണ്ടെങ്കിലും രണ്ടാം വയസ്സിൽ പോളിയോ ബാധിച്ചതിനെ തുടർന്ന് ആഗ്രഹങ്ങളെ തളച്ചിടേണ്ടി വന്നു. സ്‌കൂൾ വിദ്യാഭ്യാസം ചെയ്തുവെങ്കിലും പത്താം ക്ലാസ് പാസ്സാവാൻ കഴിഞ്ഞില്ല. മറ്റുള്ളവരുടെ സഹതാപമല്ല പിന്തുണയാണ് വേണ്ടതെന്ന് മനസ്സിൽ കരുതിയ നിമിഷമാണ് തുടർ പഠനത്തിനുള്ള ഈ പരിശ്രമം തുടങ്ങിയത്. എംബ്രോയ്ഡ്റി കാര്യക്ഷമമായി എടുക്കണം, പത്താം ക്ലാസ്സ് നന്നായി പാസ്സാവണം, ഒന്നുമല്ലെന്ന് തോന്നിയവർക്ക് മുന്നിൽ എല്ലാമാണെന്ന് കാണിച്ചു കൊടുക്കണം-സബ്രീന പറയുന്നു. അഞ്ചു വയസ്സുകാരി മകളും സബ്രീനയ്ക്ക് കൂട്ടിനുണ്ട്. ഇരുപത്തിയെട്ടാം വയസിലായിരുന്നു സബ്രീനയുടെ വിവാഹം.

Leave a Comment

Your email address will not be published. Required fields are marked *