Hivision Channel

latest news

എം.ഡി.എം.എ കേസിലെ മുഖ്യകണ്ണി ഇരിട്ടി പോലീസിന്റെ പിടിയില്‍

ഇരിട്ടി: കൂട്ടുപുഴയില്‍ 29 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായ കേസിലെ മുഖ്യപ്രതിയെ ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ആതിരകം സ്വദേശി വിശാഖിനെയാണ് കണ്ണൂരിലെ ഫ്‌ലാറ്റില്‍ നിന്ന് പോലീസ് പിടികൂടിയത്.

ഇരിട്ടി ഡിവൈ.എസ്.പി.യുടെ നിര്‍ദേശപ്രകാരം ഇരിട്ടി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.വി. ഉമേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായിട്ടുള്ളയാളാണ് വിശാഖെന്ന് പോലീസ് അറിയിച്ചു.
കേസിലെ ഇയാളുടെ കൂട്ടാളിയും പേരാവൂര്‍ വേക്കളം സ്വദേശിയുമായ സതീഷിനെ കഴിഞ്ഞ ദിവസം കൂട്ടുപുഴയില്‍ വച്ച് ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്ന് 29 ഗ്രാം എം.ഡി.എം.എയാണ് പിടികൂടിയത്.

എം.ഡി.എം.എ കേസിലെ മുഖ്യകണ്ണി ഇരിട്ടി പോലീസിന്റെ പിടിയില്‍ Read More »

സ്വര്‍ണവില ഇന്നും കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. വന്‍ കയറ്റത്തിനൊടുവിലാണ് വിലയില്‍ ഇടിവുണ്ടായിരിക്കുന്നത്. 24 മണിക്കൂറിനിടെ ഒരു പവന്‍ സ്വര്‍ണത്തിന് കുറഞ്ഞത് 2320 രൂപയാണ്. ഇതോടെ ഗ്രാമിന് 14650 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന് 117200 രൂപയും ഇന്ന് നല്‍കേണ്ടി വരും.

സ്വര്‍ണവില ഇന്നും കുറഞ്ഞു Read More »

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടില്ല. എന്നാല്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.

മണിക്കൂറില്‍ 30 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍ അടച്ചുറപ്പില്ലാത്ത വീടുകളില്‍ താമസിക്കുന്നവരും മേല്‍ക്കൂര ശക്തമല്ലാത്ത വീടുകളില്‍ താമസിക്കുന്നവരും പ്രത്യേക ജാഗ്രത പാലിക്കേണ്ടതാണ്. അപകടാവസ്ഥ മുന്നില്‍ കാണുന്നവര്‍ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി മാറി താമസിക്കണം.

കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തിരുവനന്തപുരം (കാപ്പില്‍ മുതല്‍ പൊഴിയൂര്‍ വരെ), കൊല്ലം (ആലപ്പാട്ട് മുതല്‍ ഇടവ വരെ) ജില്ലകളിലെ തീരങ്ങളില്‍ ഇന്ന് (27/08/2026) രാവിലെ 8.30 മുതല്‍ (28/08/2026) വൈകിട്ട് 05.30 വരെ 0.9 മുതല്‍ 1.2 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര വിവര വിശകലന കേന്ദ്രം അറിയിച്ചു.

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത Read More »

ഇടുക്കി പൂപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ തോട്ടം തൊഴിലാളി മരിച്ചു.

ഇടുക്കി പൂപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ തോട്ടം തൊഴിലാളി മരിച്ചു. തമിഴ്‌നാട് ബോഡിനായ്ക്കന്നൂര്‍ സ്വദേശി ഒച്ചു തേവര്‍ (62) ആണ് മരിച്ചത്. തലക്കുളം എസ്റ്റേറ്റിലാണ് സംഭവം. പ്രദേശത്ത് രാവിലെ മുതല്‍ കാട്ടാനക്കൂട്ടം തമ്പടിച്ചിരുന്നു.രാവിലെ തോട്ടം ജോലിക്കായി എത്തിയതായിരുന്നു ഇയാള്‍ . പ്രദേശത്ത് കാട്ടാനക്കൂട്ടം ഉണ്ടെന്ന് ആര്‍ ആര്‍ ടി വിവരം നല്‍കിയിരുന്നു . എന്നാല്‍ കനത്ത മൂടല്‍ മഞ്ഞും മഴയും കാരണം കാട്ടാനക്കൂട്ടം എത്തിയത് ഒച്ചു തേവര്‍ അറിഞ്ഞില്ല. കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ഇയാളെ സമീപത്തുണ്ടായിരുന്ന തൊഴിലാളികളാണ് കണ്ടത്. തുടര്‍ന്ന് വനംവകുപ്പിനെ വിവരമറിയിക്കുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തില്‍ തൊഴിലാളികളും നാട്ടുകാരും പ്രതിഷേധിച്ചു.

ഇടുക്കി പൂപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ തോട്ടം തൊഴിലാളി മരിച്ചു. Read More »

പ്രശസ്ത സാഹിത്യകാരന്‍ ടി. കെ. ഡി. മുഴപ്പിലങ്ങാട് അന്തരിച്ചു

പ്രശസ്ത സാഹിത്യകാരന്‍ ടി. കെ. ഡി. മുഴപ്പിലങ്ങാട് അന്തരിച്ചു. 80 വയസ്സായിരുന്നു. വാഹനാപകടത്തെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെയോടെയായിരുന്നു അന്ത്യം

നോവല്‍, കഥ, കവിത, നാടകം, ബാലസാഹിത്യം തുടങ്ങി എഴുത്തിന്റെ എല്ലാ മേഖലകളിലും അദ്ദേഹം തന്റേതായ കയ്യൊപ്പ് ചാര്‍ത്തി.

കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, കേരള സംഗീത നാടക അക്കാദമി പുരസ്‌കാരം, സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് അവാര്‍ഡ് തുടങ്ങി നിരവധി ആദരങ്ങള്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. മികച്ചൊരു എഴുത്തുകാരന്‍ എന്നതിലുപരി പ്രശസ്തനായ ഒരു അഭിനേതാവ് കൂടിയായിരുന്നു അദ്ദേഹം. പെരുന്തച്ചന്‍, കടല്‍ക്കാക്ക, ഒരു വിലക്ക് എന്നീ സിനിമകളിലും നിരവധി ടെലിഫിലിമുകളിലും സീരിയലുകളിലും അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങള്‍ കൈകാര്യം ചെയ്തു.

പ്രശസ്ത സാഹിത്യകാരന്‍ ടി. കെ. ഡി. മുഴപ്പിലങ്ങാട് അന്തരിച്ചു Read More »

കൂത്താട്ടുകുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് 35 യാത്രക്കാര്‍ക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം; അപകടത്തില്‍പെട്ടത് വിവാഹസംഘം

എറണാകുളം കൂത്താട്ടുകുളം കാക്കൂരില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. വിവാഹസംഘവുമായി പോയ ബസാണ് മറിഞ്ഞത്. ബസിലുണ്ടായിരുന്ന 35 പേര്‍ക്ക് പരിക്കേറ്റു. നാലുപേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.

കാലടിയില്‍ നിന്ന് ഇലഞ്ഞിയിലേക്ക് പോവുകയായിരുന്നു വിവാഹസംഘം. ഇടതുവശത്തുകൂടി പോയ ഇരുചക്രവാഹന യാത്രികന്‍ വലതുവശത്തുള്ള പെട്രോള്‍ പമ്പിലേക്ക് പെട്ടെന്ന് കയറാന്‍ ശ്രമിച്ചതാണ് അപകടത്തിനിടയാക്കിയത്. ഇരുചക്രവാഹന യാത്രികനെ ഇടിക്കാതിരിക്കാനായി ബസ് വെട്ടിച്ചതോടെ പെട്രോള്‍ പമ്പിന്റെ മുന്‍ഭാഗത്തേക്ക് ഇടിച്ചുകയറുകയും മറിയുകയുമായിരുന്നു. പമ്പിന് സമീപം നിന്ന ബൈക്ക് യാത്രികന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു.

കൂത്താട്ടുകുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞ് 35 യാത്രക്കാര്‍ക്ക് പരിക്ക്, 4 പേരുടെ നില ഗുരുതരം; അപകടത്തില്‍പെട്ടത് വിവാഹസംഘം Read More »

സംസ്ഥാനത്ത് ഓണക്കാലത്ത് റെക്കോര്‍ഡ് മദ്യ വില്‍പ്പന

സംസ്ഥാനത്ത് ഓണക്കാലത്ത് റെക്കോര്‍ഡ് മദ്യ വില്‍പ്പന. 25-ാം തീയതി വരെ 771.29 കോടിയുടെ മദ്യം വിറ്റു. എട്ടു ദിവസത്തെ കണക്കാണ് ഇത്. ഉത്രാട ദിവസം മാത്രം വിറ്റത് 126.31 കോടി രൂപയുടെ മദ്യമാണ്.

ഓണം സീസണിലെ ആദ്യ മൂന്ന് ദിവസങ്ങളില്‍ മാത്രം 279.12 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 28.16 കോടി രൂപയുടെ അധിക വില്പനയാണ് ഇത്തവണ രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ഓണക്കാലത്ത് ആദ്യ മൂന്ന് ദിവസത്തെ മദ്യവില്പന 250.96 കോടി രൂപയായിരുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ മാത്രം വന്‍ തോതിലുള്ള വില്പനയാണ് നടന്നിട്ടുള്ളത്. കണക്കുകള്‍ പ്രകാരം, ശനിയാഴ്ച 102.28 കോടി രൂപയുടെ മദ്യം വിറ്റു. വരും ദിവസങ്ങളിലും വില്പന ഇനിയും ഉയരാനാണ് സാധ്യതയെന്നാണ് വിലയിരുത്തല്‍.

ഈ ഓണം സീസണ്‍ ആരംഭിച്ചതിനു ശേഷം ഇതുവരെ ആകെ 771.29 കോടി രൂപയുടെ മദ്യമാണ് ബെവ്‌കോ ഔറ്റ്ലെറ്റുകള്‍ വഴി വിറ്റത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ഇത് 460.80 കോടി രൂപയായിരുന്നു.

സംസ്ഥാനത്ത് ഓണക്കാലത്ത് റെക്കോര്‍ഡ് മദ്യ വില്‍പ്പന Read More »

വൈദ്യുതി ബില്‍ ഇനി സമയം നോക്കി! പകല്‍ കുറഞ്ഞ നിരക്ക്, രാത്രിയില്‍ ഉയര്‍ന്ന നിരക്ക്

പകല്‍ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതല്‍ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താന്‍ അടക്കമുള്ള നിര്‍ദേശങ്ങളുമായി അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്‌കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍. 2024 വരെ കെഎസ്ഇബിക്കുണ്ടായ നഷ്ടം ഉപഭോക്താക്കളില്‍ നിന്ന് 2027 മുതല്‍ തിരിച്ചു പിടിക്കാനും നിര്‍ദേശമുണ്ട്.

2027 മുതല്‍ 2032 വരെ വൈദ്യുതി നിരക്ക് പരിഷ്‌കരണം എങ്ങനെയാകണമെന്നുള്ള മാര്‍ഗനിര്‍ദേശങ്ങളുടെ കരടാണ് വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍ പ്രസിദ്ധീകരിച്ചത്. സമയം നോക്കി നിരക്ക് കൂടുതല്‍ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശമുണ്ട്. നിലവില്‍ മാസം 250 യൂണിറ്റിന് മുകളില്‍ ഉപയോഗിക്കുന്നവര്‍ക്കാണ് ടിഒഡി സംവിധാനമുള്ളത്. സോളാര്‍ വൈദ്യുതി സുലഭമായ പകല്‍ സമയത്ത് കുറഞ്ഞ നിരക്ക്. അപ്പോള്‍ ഉയര്‍ന്ന വൈദ്യുതി ഉപയോഗമുള്ള രാത്രിയില്‍ ഉയര്‍ന്ന നിരക്ക്. ഉന്നം പീക്ക് സമയത്തെ വൈദ്യുതി ആവശ്യകത കുറയ്ക്കുകയെന്നതാണ്.

ബാറ്ററി സ്റ്റോറേജ് സംവിധാനമുള്ള പുരപ്പുറ സോളാര്‍ ഉത്പാദകര്‍ക്ക് പീക്ക് സമയത്ത് നിരക്ക് ഇളവ് നല്‍കുന്നതിനെക്കുറിച്ചും കെഎസ്ഇബിക്ക് നിര്‍ദേശം സമര്‍പ്പിക്കാം. ഫിക്‌സഡ് ചാര്‍ജ്ജ് കണക്കാക്കുന്ന രീതിയിലും മാറ്റം വരാം. ഇപ്പോള്‍ സ്ലാബ് അനുസരിച്ചാണ് ഫിക്‌സ്ഡ് ചാര്‍ജ്ജ്. മീറ്റര്‍ സംവിധാനം ആയാല്‍ ആകെ ഉപഭോഗം നോക്കി ഫിക്‌സഡ് ചാര്‍ജ് നിശ്ചയിക്കണമെന്നാണ് നിര്‍ദേശം. ഇന്ധന സര്‍ചാര്‍ജ്ജ് മാസം തോറും പിരിക്കുന്നവെന്ന് ഉറപ്പാക്കാനുള്ള നിര്‍ദേശവുണ്ട്. വൈദ്യുതി വാങ്ങാന്‍ ചെലവായ തുക നിരക്കിലൂടെ ഈടാക്കാന്‍ കഴിയാത്തുമൂലം 2024 വരെ കെഎസ്ഇബിക്ക് ഉണ്ടായ നഷ്ടം 2031ന് മുന്‍പ് നികത്തണമെന്നാണ് സുപ്രീം കോടതി നിര്‍ദേശം. ഇത് 2027 മുതല്‍ പിരിക്കുമ്പോള്‍ ചാര്‍ജില്‍ വര്‍ധനയുണ്ടാകും. അതേസമയം, വൈദ്യുതി വാങ്ങല്‍ ചെലവ് കുറയ്ക്കാന്‍ നല്ല ശ്രമം വേണമെന്നാണ് കമ്മീഷന്‍ നിര്‍ദേശം. ദീര്‍ഘകാല ഇടക്കാല കരാറുകള്‍ക്ക് മുന്‍കൂര്‍ അനുമതി വേണം. എന്നാല്‍, പുനരുപയോഗ ഊര്‍ജ്ജം ഇടപാടുകള്‍ക്ക് ഇളവുണ്ട്. വൈദ്യുതി സംഭരണം പദ്ധതികള്‍ക്ക് പ്രോത്സാഹനം നല്‍കാനും കരടില്‍ നിര്‍ദേശമുണ്ട്. പൊതു ജനങ്ങള്‍ക്ക് അടുത്ത മാസം 25 വരെ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാം.

വൈദ്യുതി ബില്‍ ഇനി സമയം നോക്കി! പകല്‍ കുറഞ്ഞ നിരക്ക്, രാത്രിയില്‍ ഉയര്‍ന്ന നിരക്ക് Read More »

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്

ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ്. 6 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ബാക്കി ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. കാസര്‍കോട് കണ്ണൂര് കോഴിക്കോട് വയനാട് എറണാകുളം ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് മുന്നറിയിപ്പ്.

പുതുക്കിയ മഴ മുന്നറിയിപ്പ് അനുസരിച്ച് ഇന്ന് എല്ലാ ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പ് ഉണ്ട്. ഒറ്റപ്പെട്ട തീവ്രവും ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നതെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മറ്റു ജില്ലകളിലെല്ലാം ശക്തമായ മഴയ്ക്കുള്ള യെല്ലോ അലര്‍ട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്. തിരുവോണ ദിവസമായ നാളെയോടെ ( ബുധനാഴ്ച) മഴ ദുര്‍ബലമാകുമെന്നും കാലാവസ്ഥ വകുപ്പിന്റെ പ്രവചനത്തില്‍ പറയുന്നു. നാളെ പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളില്‍ മാത്രമാണ് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നത്. ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഗംഗാതീര പശ്ചിമ ബംഗാളിനും സമീപ ഝാര്‍ഖണ്ഡ്, വടക്കന്‍ ഒഡീഷ പ്രദേശങ്ങള്‍ക്കും മുകളിലായാണ് ന്യൂനമര്‍ദ്ദം തുടരുന്നത്.

സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ് Read More »

ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍

ലോകമെമ്പാടുമുള്ള മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. മലയാളത്തിന്റെ മഹനീയ സങ്കല്‍പമാണ് ഓണം. ജാതി മത ചിന്തകള്‍ക്ക് അതീതമായി എല്ലാ മലയാളികളുടെയും അഭിമാനകരമായ ആഘോഷം. അതിജീവനത്തിന് പ്രേരിപ്പിക്കുകയും ആത്മവിശ്വാസം നല്‍കുകയും പ്രതിസന്ധികളില്‍ നമ്മള്‍ ഒറ്റയ്ക്കല്ലെന്ന തിരിച്ചറിവുണ്ടാക്കുന്നതുമാണ് ഓരോ ഓണാഘോഷങ്ങളും. സങ്കടങ്ങളും പ്രയാസങ്ങളും മാറ്റിവച്ച്, കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം എല്ലാവര്‍ക്കും ഓണം ആഘോഷിക്കാന്‍ സാധിക്കട്ടെയെന്നും അദ്ദേഹം കുറിച്ചു.

പ്രകൃതി ദുരന്തമുണ്ടാക്കിയ പ്രയാസങ്ങള്‍ ഇപ്പോഴും മാറിയിട്ടില്ല. പക്ഷെ അതിജീവനത്തിനുളള കരുത്തും ആത്മവിശ്വാസവുമാണ് ഒരോ ആഘോഷങ്ങളിലൂടെയും നാം കൈവരിക്കുന്നത്. വിലക്കയറ്റമില്ലാത്ത ഓണാഘോഷത്തിനു വേണ്ടിയുള്ള എല്ലാ സംവിധാനങ്ങളും സര്‍ക്കാര്‍ ഒരുക്കിയിട്ടുണ്ട്. സന്തോഷവും മുന്നോട്ടുള്ള യാത്രയില്‍ കരുത്തും നല്‍കുന്നതാകട്ടെ ഇത്തവണത്തെ തിരുവോണം.

സമൂഹത്തില്‍ വെറുപ്പും വിദ്വേഷവും വിതച്ച് ഭിന്നിപ്പുണ്ടാക്കി അതില്‍ നിന്നും ലാഭമുണ്ടാക്കുന്നവര്‍ തക്കം പാര്‍ത്തിരിക്കുന്ന ഈ കാലത്ത് ജാതി മത വ്യത്യാസങ്ങള്‍ ഇല്ലാതെ ഒറ്റക്കെട്ടായി ഒന്നിച്ച് നില്‍ക്കാനാകണം. അതു തന്നെയാണ് ഓണാഘോഷത്തിന്റെ സന്ദേശവും. കേരളത്തിലെ മാത്രമല്ല, ലോകമെങ്ങുമുള്ള മലയാളികള്‍ ഓണം ആഘോഷിക്കുകയാണ്. അവര്‍ക്കെല്ലാം ഊഷ്മളമായ ആശംസകള്‍ നേരുന്നുവെന്നും മുഖ്യമന്ത്രി കുറിച്ചു.

ഓണാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍ Read More »