
ഇടുക്കി പൂപ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ തോട്ടം തൊഴിലാളി മരിച്ചു. തമിഴ്‌നാട് ബോഡിനായ്ക്കന്നൂര്‍ സ്വദേശി ഒച്ചു തേവര്‍ (62) ആണ് മരിച്ചത്. തലക്കുളം എസ്റ്റേറ്റിലാണ് സംഭവം. പ്രദേശത്ത് രാവിലെ മുതല്‍ കാട്ടാനക്കൂട്ടം തമ്പടിച്ചിരുന്നു.രാവിലെ തോട്ടം ജോലിക്കായി എത്തിയതായിരുന്നു ഇയാള്‍ . പ്രദേശത്ത് കാട്ടാനക്കൂട്ടം ഉണ്ടെന്ന് ആര്‍ ആര്‍ ടി വിവരം നല്‍കിയിരുന്നു . എന്നാല്‍ കനത്ത മൂടല്‍ മഞ്ഞും മഴയും കാരണം കാട്ടാനക്കൂട്ടം എത്തിയത് ഒച്ചു തേവര്‍ അറിഞ്ഞില്ല. കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ ഇയാളെ സമീപത്തുണ്ടായിരുന്ന തൊഴിലാളികളാണ് കണ്ടത്. തുടര്‍ന്ന് വനംവകുപ്പിനെ വിവരമറിയിക്കുകയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തില്‍ തൊഴിലാളികളും നാട്ടുകാരും പ്രതിഷേധിച്ചു.














