മുഴക്കുന്ന്: നിഹാന്‍ ഷോട്ടോഖാന്‍ കരാട്ടെ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ നടന്ന കളര്‍ ബെല്‍റ്റ് വിജയികള്‍ക്കുള്ള ബെല്‍റ്റും സര്‍ട്ടിഫിക്കറ്റും മുഴക്കുന്ന് യു.പി സ്‌കൂളില്‍ വെച്ച് ഷിഹാന്‍ വിനോദ് കുമാര്‍ വിതരണം ചെയ്തു. ജില്ല ചീഫ് ഇന്‍സ്ട്രക്ടര്‍ റെന്‍ഷി പി.പി ഭാസ്‌കരന്‍ അധ്യക്ഷത വഹിച്ചു. ഭവിന്‍ദാസ്, രാജീവന്‍ മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു
ഈ വര്‍ഷം കണ്ണൂര്‍ നഗരത്തിലെ നവരാത്രി ആഘോഷങ്ങള്‍ ഹരിത പെരുമാറ്റച്ചട്ടം പാലിച്ച് നടത്തും. ‘കണ്ണൂര്‍ ദസറ ഹരിതോത്സവം’ എന്ന പേരില്‍ പരിസ്ഥിതി സൗഹൃദമാക്കി നവരാത്രി ആഘോഷം നടത്തുമെന്ന് നഗരത്തിലേയും നഗരപ്രാന്തത്തിലേയും കോവിലുകളുടെ ഭാരവാഹികള്‍ ജില്ലാ കലക്ടര്‍ക്ക് ഉറപ്പ് നല്‍കി. ഇത് സംബന്ധിച്ച് കലക്ടര്‍ എസ് ചന്ദ്രശേഖറിന്റെ അധ്യക്ഷതയില്‍ കോവില്‍ ഭാരവാഹികളുടെയും ഉദ്യോഗസ്ഥരുടേയും യോഗം ചേര്‍ന്നു. ഫ്ളക്സ് ബോര്‍ഡുകള്‍, പ്ലാസ്റ്റിക് തോരണങ്ങള്‍ ഒഴിവാക്കും. ക്ഷേത്രപരിസരങ്ങള്‍ വൃത്തിയായി സൂക്ഷിക്കും, തുണി സഞ്ചി പ്രോത്സാഹിക്കും. ഭക്ഷണം സ്റ്റീല്‍ പാത്രങ്ങളില്‍ നല്‍കും. പ്രസാദ വിതരണത്തിന്ന് ഇല, തുണി സഞ്ചി, പേപ്പര്‍ ബാഗ് എന്നിവ ഉപയോഗിക്കും. ഡിസ്പോസിബിള്‍ പ്ലേറ്റ്, ഗ്ലാസ് എന്നിവ ഒഴിവാക്കും. ഭക്ഷണ അവശിഷ്ടങ്ങള്‍ നഗരസഭയുമായി ചേര്‍ന്ന് സംസ്‌കരിക്കും. ഇക്കുറി സെപ്റ്റംബര്‍ 26 മുതല്‍ ഒക്ടോബര്‍ അഞ്ച് വരെയാണ് നവരാത്രി ഉത്സവം നടക്കുന്നത്. കണ്ണൂര്‍ ദസറ ഹരിതോത്സവമാക്കാന്‍ ടൂറിസം വകുപ്പിന്റെ പിന്തുണയുണ്ടാകുമെന്ന് ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ.എസ് ഷൈന്‍ യോഗത്തെ അറിയിച്ചു. കോവില്‍ ഭാരവാഹികള്‍ക്ക് പുറമെ ഹരിത കേരള മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ഇ കെ സോമശേഖരന്‍, ഡിടിപിസി സെക്രട്ടറി ജെ കെ ജിജേഷ് കുമാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ തടങ്ങിയവര്‍ പങ്കെടുത്തു.
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിന്റെ വികസനത്തിനായി 20,01,89,000 രൂപയുടെ ഭരണാനുമതി നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആശുപത്രി ഉപകരണങ്ങള്‍ക്കും ശസ്ത്രക്രിയ ഉപകരണങ്ങള്‍ക്കുമായി 9,90,55,000 രൂപയും ലാബ് അനുബന്ധ ഉപകരണങ്ങള്‍ക്കായി 5,99,97,000 രൂപയും, വിവിധ ആശുപത്രി അനുബന്ധ സാമഗ്രികള്‍ക്കായി 4,11,37,000 രൂപയുമാണ് അനുവദിച്ചത്. കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. മെഡിക്കല്‍ കോളേജില്‍ നിലവിലുണ്ടായിരുന്ന ഡോക്ടര്‍മാരേയും നഴ്‌സുമാരേയും സ്ഥിരപ്പെടുത്താനുള്ള നടപടി സ്വീകരിച്ചിരുന്നു. ആവശ്യമായ ഡോക്ടര്‍മാരെ നിയമിച്ച് പ്ലാസ്റ്റിക് സര്‍ജറി വിഭാഗം പുതുതായി ആരംഭിച്ചു. ലെവല്‍ 2 ട്രോമ കെയര്‍ നിര്‍മ്മാണം ആരംഭിക്കാനുള്ള നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ട്. കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കുന്നത് പരിഗണയിലാണ്. ഹോസ്റ്റല്‍ നിര്‍മ്മാണത്തിനായി 50.87 കോടി രൂപ അനുവദിച്ചു. മെഡിക്കല്‍ കോളേജിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഇതിനെല്ലാം പുറമേയാണ് 20 കോടി രൂപ അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു. അനേസ്‌തേഷ്യ വിഭാഗത്തില്‍ 10 അനസ്‌തേഷ്യ വര്‍ക്ക് സ്റ്റേഷന്‍, ഏഴ് മള്‍ട്ടിപാരമീറ്റര്‍ മോണിറ്റര്‍, പോര്‍ട്ടബിള്‍ അള്‍ട്രാസൗണ്ട് മെഷീന്‍, വീഡിയോ ഇന്‍ട്യുബേറ്റിംഗ് ബ്രോങ്കോസ്‌കോപ്പ്, ഏഴ് ഇലക്ട്രിക്കല്‍ ഓപ്പറേഷന്‍ ടേബിള്‍, കാര്‍ഡിയോളജി വിഭാഗത്തില്‍ പോര്‍ട്ടബിള്‍ എക്കോ കാര്‍ഡിയോഗ്രാഫി, കാര്‍ഡിയാക് ഒസിടി വിത്ത് എഫ്എഫ്ആര്‍, ബയോകെമിസ്ട്രി വിഭാഗത്തില്‍ ആട്ടോമേറ്റഡ് എലിസ പ്രോസസര്‍, കോളേജ് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സില്‍ സ്‌പെക്ട്രോ ഫോട്ടോമീറ്റര്‍, ഡിജിറ്റല്‍ ഡിഫറന്‍ഷ്യല്‍ സ്‌കാനിംഗ് കൊളോറിമെട്രി, സിഎസ്എസ്ഡി വിഭാഗത്തില്‍ വാഷര്‍ ഡിസിന്‍ഫെക്ടര്‍, ഡബിള്‍ ഡോര്‍ സ്റ്റീം സ്റ്റെറിലൈസര്‍, സിവിടിഎസില്‍ കാര്‍ഡിയോ വാസ്‌കുലാര്‍ അള്‍ട്രാസൗണ്ട് മെഷീന്‍, ഹൈ എന്‍ഡ് അനസ്തീഷ്യ വര്‍ക്ക് സ്റ്റേഷന്‍, ഡെര്‍മറ്റോളജി വിഭാഗത്തില്‍ പള്‍സ് ഡൈ ലേസര്‍, എമര്‍ജന്‍സി മെഡിസിനില്‍ എംആര്‍ഐ കോംപാറ്റബിള്‍ വെന്റിലേറ്റര്‍, സെന്‍ട്രല്‍ ലാബില്‍ ഫുള്ളി ആട്ടോമേറ്റഡ് യൂറിന്‍ അനലൈസര്‍, ഒഫ്ത്താല്‍മോളജി വിഭാഗത്തില്‍ ഹംഫ്രി ഫീല്‍ഡ് അനലൈസര്‍, പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തില്‍ ഹൈ എന്‍ഡ് സര്‍ജിക്കല്‍ ഓപ്പറേറ്റിംഗ് മൈക്രോസ്‌കോപ്പ് എന്നിവയ്ക്കായാണ് തുക അനുവദിച്ചത്.
സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതല്‍ സ്വീകരിക്കണമെന്നും ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുതെന്നും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശിച്ചു.
വാരപീടികയില്‍: കാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം. മറ്റൊരു വാഹനത്തിന് സൈഡ് നല്‍കുന്നതിനിടെയാണ് അപകടം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. മഞ്ചേരി സ്വദേശിയുടേതാണ് അപകടത്തില്‍പ്പെട്ട കാര്‍.
തില്ലങ്കേരി: ടൗണില്‍ തെരുവ് നായ ശല്യം രൂക്ഷമായതിനാല്‍ തില്ലങ്കേരി വ്യാപാരി വ്യവസായി ഏകോപന സമിതി യുണിറ്റ് സെക്രട്ടറി കെ മുഹമ്മദിന്റെ നേതൃത്വത്തില്‍ സി. ബൈജു ചോലയില്‍, നാസര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നല്‍കി.
സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മാനസികാരോഗ്യം ഉറപ്പാക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകളില്‍ മാനസികാരോഗ്യ ഉപദേശകസമിതി രൂപവത്കരിക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശം. ആറു മുതല്‍ പന്ത്രണ്ട് വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികളില്‍ എന്‍.സി.ഇ.ആര്‍.ടി. നടത്തിയ സര്‍വേ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തിലാണ് നടപടി.പ്രിന്‍സിപ്പലായിരിക്കണം ഉപദേശക സമിതിയുടെ അധ്യക്ഷന്‍. യോഗ പോലുള്ളവ പതിവായി പരിശീലിപ്പിക്കണം. സമ്മര്‍ദം ഫലപ്രദമായി കൈകാര്യം ചെയ്യാന്‍ ഇത് കുട്ടികളെ പ്രാപ്തരാക്കും.കുട്ടികളിലെ മാനസികാരോഗ്യപ്രശ്‌നങ്ങള്‍ നേരത്തേ കണ്ടെത്തുന്നതിനും ഇടപെടുന്നതിനും അധ്യാപകര്‍ക്ക് സൈക്കോസോഷ്യല്‍ പ്രഥമശുശ്രൂഷയില്‍ പ്രത്യേക പരിശീലനം നല്‍കണം. അധ്യാപകരെ സഹായിക്കാന്‍ അനുബന്ധ പരിചരണക്കാരെയും സജ്ജരാക്കണം. മാനസികമായ പ്രശ്‌നങ്ങള്‍, വേര്‍പിരിയല്‍ ഉത്കണ്ഠ, ആശയവിനിമയ പ്രശ്‌നങ്ങള്‍, വിഷാദാവസ്ഥ, പെരുമാറ്റ വൈകല്യങ്ങള്‍, അമിത ഇന്റര്‍നെറ്റ് ഉപയോഗം, ഹൈപ്പര്‍ ആക്റ്റിവിറ്റി, പഠനവൈകല്യങ്ങള്‍ എന്നിവയുടെ ആദ്യലക്ഷണങ്ങള്‍ തിരിച്ചറിയാനും അധ്യാപകര്‍ക്ക് പരിശീലനം നല്‍കണം.ലഹരിവസ്തുക്കളുടെ ഉപയോഗം, സ്വയം ദേഹോപദ്രവമേല്‍പ്പിക്കല്‍, വിഷാദം, ആശങ്കകള്‍ എന്നിവ തിരിച്ചറിയുന്നതിനും പ്രഥമശുശ്രൂഷ നല്‍കുന്നതിനും ഓരോ സ്‌കൂളിനും നിര്‍ദിഷ്ടവ്യവസ്ഥ ഉണ്ടായിരിക്കണം.എല്ലാമാസവും ഒരു പ്രത്യേക വിഷയം അടിസ്ഥാനമാക്കി വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കുന്ന ആരോഗ്യമാസിക സ്‌കൂളുകളില്‍ പുറത്തിറക്കണം.കുട്ടികള്‍ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെടുന്ന സാഹചര്യങ്ങള്‍ തിരിച്ചറിയാന്‍ വിദ്യാര്‍ത്ഥികളെ അധ്യാപകര്‍ ബോധവത്കരിക്കണം. അത്തരം വിഷയങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ രക്ഷിതാക്കളുമായും സ്‌കൂള്‍ കൗണ്‍സലര്‍മാരുമായും ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കണം. വിഷയത്തില്‍ കാര്യക്ഷമമായി ഇടപെടാന്‍ വിവിധ പങ്കാളികളെ ബോധവത്കരിക്കണമെന്നും മന്ത്രാലയം പുറത്തിറക്കിയ മാന്വലില്‍ പറയുന്നു.
കേരള നിയമസഭയുടെ ഇരുപത്തിനാലാം സ്പീക്കറായി എ എന്‍ ഷംസീര്‍. 96 വോട്ടുകള്‍ക്കാണ് ഷംസീറിന്റെ വിജയം. പ്രതിപക്ഷ സ്ഥാനാര്‍ത്ഥിയായ അന്‍വര്‍ സാദത്തിന് 40 വോട്ടുകളാണ് ലഭിച്ചത്. ഇന്ന് രാവിലെ പത്തിനാണ് തെരഞ്ഞെടുപ്പ് നടന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ എ എന്‍ ഷംസീറിനെ അഭിനന്ദിച്ചു. മികവാര്‍ന്ന പാരമ്പര്യം തുടരാനാകട്ടെ. നിയമ നിര്‍മ്മാണത്തില്‍ ചാലക ശക്തിയാകണം. എം ബി രാജേഷിന്റെ പാത പിന്തുടരാനാകട്ടെയെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിയായി നിയമിതനായ എം ബി രാജേഷ് രാജിവച്ച ഒഴിവിലാണ് തെരഞ്ഞെടുപ്പ് നടന്നത്. ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ആണ് തെരഞ്ഞെടുപ്പ് നടപടികള്‍ നിയന്ത്രിച്ചത്.ഫലപ്രഖ്യാപനത്തിനുശേഷം മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷനേതാവ് വി.ഡി.സതീശനും ചേര്‍ന്ന് പുതിയ സ്പീക്കറെ ഇരിപ്പിടത്തിലേക്ക് ആനയിച്ചു.
കരിയാല്‍: സ്‌നേഹ ദീപം സ്വാശ്രയ സംഘത്തിന്റെ മൂന്നാം വാര്‍ഷികാഘോഷവും കുടുംബ സംഗമവും കരിയാലില്‍ നടന്നു. ഫാ. മാര്‍ട്ടിന്‍ പറപ്പള്ളിയാട്ടില്‍ ഉദ്ഘാടനം ചെയ്തു. ബെന്നി പുളിയാനികാട്ടില്‍ അധ്യക്ഷനായി. ഫാ. വര്‍ക്കി, സിസ്റ്റര്‍ ആല്‍ഫി, സിസ്റ്റര്‍ മേരി തെരേസ്, സിസ്റ്റര്‍ അനുപമ,ജോസ് ഇലവുങ്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.