Hivision Channel

latest news

യാത്രക്കാരുടെ സൗകര്യം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ റെയില്‍വേ;ഓണ്‍ലൈന്‍ ബുക്കിംഗില്‍ വരുന്നത് വലിയ മാറ്റം

യാത്രക്കാരുടെ സൗകര്യം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് ഇന്ത്യന്‍ റെയില്‍വേ ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ട് വന്നു. മൊബൈല്‍ ആപ്പ് വഴി റിസര്‍വ് ചെയ്യാത്ത ടിക്കറ്റുകളും പ്ലാറ്റ്ഫോം ടിക്കറ്റുകളും ബുക്ക് ചെയ്യുന്നതിനുള്ള ദൂര നിയന്ത്രണമാണ് നീക്കിയിട്ടുള്ളത്. യാത്രക്കാര്‍ക്ക് ഇപ്പോള്‍ ഏത് സ്റ്റേഷനില്‍ നിന്നും ടിക്കറ്റുകള്‍ ബുക്ക് ചെയ്യാമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

മുമ്പ്, യാത്രക്കാരുടെ സ്ഥലത്തിന് സമീപമുള്ള ഒരു സ്റ്റേഷനില്‍ നിന്ന് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് 50 കിലോമീറ്റര്‍ എന്ന ദൂര പരിധിയുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍, ഈ നിയന്ത്രണം ഒഴിവാക്കി. ഇത്തരം പരിമിതികളില്ലാതെ യാത്രക്കാര്‍ക്ക് ഇനി ടിക്കറ്റ് ബുക്ക് ചെയ്യാവുന്നതാണ്. ടിക്കറ്റ് ബുക്കിംഗ് പ്രക്രിയ ലളിതമാക്കാനും യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ സേവനം ഉപയോഗപ്പെടുത്താനും വേണ്ടിയാണ് ഈ മാറ്റമെന്ന് സീനിയര്‍ ഡിവിഷണല്‍ കൊമേഴ്സ്യല്‍ മാനേജര്‍ സൗരഭ് കതാരിയ പറഞ്ഞു.

യുടിഎസ് മൊബൈല്‍ ആപ്പ് ഉപയോഗിക്കുന്നതിലൂടെ, യാത്രക്കാര്‍ക്ക് ടിക്കറ്റ് കൗണ്ടറുകളിലെ നീണ്ട ക്യൂ ഒഴിവാക്കാനും ഓണ്‍ലൈനില്‍ സൗകര്യപ്രദമായി ടിക്കറ്റ് ബുക്ക് ചെയ്യാനും കഴിയും. ഉപയോക്തൃ-സൗഹൃദ ഇന്റര്‍ഫേസിന് പേരുകേട്ട യുടിഎസ് മൊബൈല്‍ ആപ്പ്, റെയില്‍ ഉപയോക്താക്കള്‍ക്കിടയില്‍ പ്രത്യേകിച്ച് ലോക്കല്‍ ട്രെയിനുകളില്‍ പതിവായി യാത്ര ചെയ്യുന്നവര്‍ അല്ലെങ്കില്‍ റിസര്‍വ് ചെയ്യാത്ത ടിക്കറ്റുകള്‍ ആവശ്യമുള്ളവര്‍ക്കിടയില്‍ വലിയ രീതിയില്‍ ഉപയോഗിക്കുന്നുണ്ട്.

ഇപ്പോള്‍ ദൂര നിയന്ത്രണങ്ങള്‍ നീക്കിക്കൊണ്ട് ഇന്ത്യന്‍ റെയില്‍വേ ഡിജിറ്റലൈസേഷന്‍ പ്രോത്സാഹിപ്പിക്കുകയും യാത്രക്കാരുടെ സൗകര്യം ഉറപ്പാക്കുകയും ചെയ്തിരിക്കുകയാണ്. ടിക്കറ്റ് ബുക്കിങ്ങിനായി യുടിഎസ് മൊബൈല്‍ ആപ്പ് ഉപയോഗിക്കാന്‍ കൂടുതല്‍ ആളുകളെ പ്രോത്സാഹിപ്പിക്കുമെന്നും ആത്യന്തികമായി നീണ്ട ക്യൂവില്‍ നില്‍ക്കാനുള്ള ബുദ്ധിമുട്ട് കുറയ്ക്കാനും ഈ നീക്കം സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഡ്രൈവിങ്ങ് ടെസ്റ്റ് പരിഷ്‌കരണം നടപ്പാക്കാം; ഡ്രൈവിങ്ങ് സ്‌കൂളുകളുടെ ഹര്‍ജി തള്ളി ഹൈക്കോടതി

കേരളത്തില്‍ ഗതാഗത വകുപ്പ് നടപ്പാക്കിയ ഡ്രൈവിങ്ങ് ടെസ്റ്റ് പരിഷ്‌കരണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഡ്രൈവിങ്ങ് സ്‌കൂള്‍ ഉടമകളും മറ്റ് സംഘടനകളും നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് തള്ളി. മെയ് ഒന്നാം തീയതി മുതല്‍ ഡ്രൈവിങ്ങില്‍ ടെസ്റ്റില്‍ മാറ്റം വരുത്തി കൊണ്ട് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ പുറത്തിറക്കിയ സര്‍ക്കുലര്‍ സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഡ്രൈവിങ്ങ് സ്‌കൂള്‍ ഉടമകളും മറ്റും ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

പുതിയ പരിശീലന രീതിയും ടെസ്റ്റും സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളിയതോടെ സര്‍ക്കാരിന് ഈ പരിഷ്‌കാരങ്ങളുമായി മുന്നോട്ട് പോകാനാകും. ഡ്രൈവിങ്ങ് സ്‌കൂള്‍ ഉടമകളുടെ ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കുന്നത് അവധിക്കാലത്തിന് ശേഷമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാനത്തെ ഡ്രൈവിങ്ങ് സ്‌കൂള്‍ ഉടമകളും ലൈസന്‍സ് ടെസ്റ്റിനെത്തിയവരും പുതിയ പരിഷ്‌കാരത്തില്‍ പ്രതിഷേധിച്ച് ടെസ്റ്റ് ബഹിഷ്‌കരിച്ചിരുന്നു.

ഡ്രൈവിങ്ങ് ടെസ്റ്റിനുള്ള ഗ്രൗണ്ടുകള്‍ ഉള്‍പ്പെടെ പരിഷ്‌കരിക്കാതെ ടെസ്റ്റില്‍ മാറ്റം വരുത്തുകയും ടെസ്റ്റിന് ഹാജരാകുന്ന ആളുകളുടെ എണ്ണത്തില്‍ കുറവ് വരുത്തിയതുമാണ് ഡ്രൈവിങ്ങ് സ്‌കൂള്‍ ഉടമകള്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്തത്. എന്നാല്‍, ഗതാഗത വകുപ്പ് വരുത്തിയ പരിഷ്‌കരണങ്ങളുമായി മുന്നോട്ട് പോകുന്നതിനുള്ള സാഹചര്യമാണ് ഹൈക്കോടതി ഇപ്പോള്‍ ഒരുക്കിയിരിക്കുന്നത്. ഇന്നലെ മുതല്‍ തന്നെ സംസ്ഥാനത്ത് പരിഷ്‌കരണം നടപ്പാക്കി തുടങ്ങിയിരുന്നു.

കേരളം ആദ്യമായി ഉഷ്ണതരംഗ മാപ്പില്‍; വരുംവര്‍ഷങ്ങളിലും ഉഷ്ണതരംഗം തുടരുമെന്ന് പഠനം

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണതരംഗ മാപ്പില്‍ ഒടുവില്‍ കേരളവും പെട്ടു. ആദ്യമായാണ് കേരളം ഈ മാപ്പില്‍ എത്തുന്നത്. ഈ വര്‍ഷം ഇതുവരെ കേരളത്തില്‍ ഉഷ്ണതരംഗം അനുഭവപ്പെട്ടത് അഞ്ചുദിവസമാണ്.

കടല്‍ച്ചൂടും കടല്‍ തിളച്ചുമറിയുന്ന ദിനങ്ങളും വര്‍ധിക്കുന്നതോടെ സംസ്ഥാനത്ത് അനുഭവപ്പെടുന്ന ഉഷ്ണതരംഗം വരുംവര്‍ഷങ്ങളിലും തുടരും. കടല്‍ തിളച്ചുമറിയുന്ന ദിനങ്ങള്‍ 12 ഇരട്ടിവരെ വര്‍ധിക്കുന്നതോടെ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ താപനില 2.7 ഡിഗ്രിവരെ വര്‍ധിച്ചേക്കാമെന്നും പുണെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മെറ്റീരിയോളജിയുടെ പഠനം വ്യക്തമാക്കുന്നു.

ഇന്ത്യന്‍ മഹാസമുദ്രത്തിലെ ചൂട് 1950 മുതല്‍ 2020 വരെയുള്ള കാലത്ത് ഒരു ദശാബ്ദത്തില്‍ 0.12 ഡിഗ്രി സെല്‍ഷ്യസ് എന്ന തരത്തില്‍ വര്‍ധിച്ചതായി പഠനം പറയുന്നു. ഇത് ഇന്ത്യന്‍ മഹാസമുദ്രത്തിന് അരികിലെ പ്രദേശങ്ങളില്‍ വലിയഭീഷണിയാണ് ഉണ്ടാക്കുന്നത്.

2020 മുതല്‍ 2100 വരെയുള്ള ഓരോ പത്തുവര്‍ഷത്തിലും 0.17 മുതല്‍ 0.38 ഡിഗ്രി സെല്‍ഷ്യസ് എന്ന നിലയില്‍ താപവര്‍ധനയുണ്ടാകും. ഇത് കടല്‍ച്ചൂട് 28.5 ഡിഗ്രി സെല്‍ഷ്യസ്മുതല്‍ 30.7 ഡിഗ്രി സെല്‍ഷ്യസ്വരെ എന്ന തരത്തിലാക്കും. സമുദ്രതാപം 28 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്കെത്തുന്നത് ചുഴലിക്കാറ്റുകളുടെ എണ്ണവും തീവ്രതയും വര്‍ധിപ്പിക്കാമെന്നും പഠനം വ്യക്തമാക്കുന്നു.

നിലവില്‍ ശരാശരി 28 ദിവസമാണ് കടലിലെ താപനില പരിധിവിട്ട് ഉയരുന്നത്. ഇത് 220 ദിവസംമുതല്‍ 250 ദിവസം എന്ന തരത്തിലേക്ക് മാറും. സമുദ്രോപരിതലത്തിലെ ചൂട് അമിതമായി വര്‍ധിക്കുന്നതോടെ ഓക്‌സിജന്‍, കാര്‍ബണ്‍, പോഷകങ്ങള്‍ തുടങ്ങിയവയുടെ അടിത്തട്ടിലേക്കുള്ള കൈമാറ്റം തടയപ്പെടും.

അന്തരീക്ഷത്തിലെ കാര്‍ബണ്‍ഡൈ ഓക്‌സൈഡിന്റെ വര്‍ധന സമുദ്രജലത്തെ അമ്ലവത്കരിക്കുന്നത് വേഗത്തലാക്കും. ഇത് പവിഴപ്പുറ്റ് ഉള്‍പ്പെടെയുള്ളവയുടെ നിലനില്‍പ്പിനെ ബാധിക്കുമെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

പുണെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കല്‍ മിറ്റീരിയോളജിയിലെ ശാസ്ത്രജ്ഞന്‍ റോക്സി മാത്യു കോളിന്റെ നേതൃത്വത്തില്‍ ജെ.എസ്. ശരണ്യ, അതിഥി മോദി, അനുശ്രീ അശോക് എന്നിവരാണ് പഠനം നടത്തിയത്. ‘എല്‍സെവിയര്‍’ പ്രസിദ്ധീകരണമായ ‘ദി ഇന്ത്യന്‍ ഓഷ്യന്‍ ആന്‍ഡ് ഇറ്റ്സ് റോള്‍ ഇന്‍ ദി ഗ്ലോബല്‍ ക്ലൈമറ്റ് സിസ്റ്റം’ ഇരുപതാം അധ്യായമായാണ് പഠനം ഉള്‍പ്പെടുത്തിയിരിക്കുന്നത്.

പഠനത്തിലെ കണ്ടെത്തലുകള്‍ ശരിവെക്കുന്ന സംഭവങ്ങളാണ് ഉണ്ടാകുന്നതെന്ന് ഇന്ത്യന്‍ നാഷണല്‍ സെന്റര്‍ ഫോര്‍ ഓഷ്യന്‍ ഇന്‍ഫര്‍മേഷന്‍ സര്‍വീസിലെ (ഇന്‍കോയ്സ്) ഓഷ്യന്‍ മോഡലിങ് അപ്ലൈഡ് റിസര്‍ച്ച് ആന്‍ഡ് സര്‍വീസസ് ഗ്രൂപ്പ് ഡയറക്ടറും ശാസ്ത്രജ്ഞനുമായ ഡോ. ബാലകൃഷ്ണന്‍ നായര്‍ ടി.എം. പറഞ്ഞു. തെക്കേ ഇന്ത്യന്‍ മഹാസമുദ്രത്തിലെ ശക്തിയേറിയ കാറ്റ് ഏതാനും ദിവസങ്ങള്‍ക്കകം ശക്തമായ കടലാക്രമണത്തിന് വഴിയൊരുക്കിയേക്കുമെന്നും അദ്ദേഹം പറഞ്ഞു.

നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരും

സംസ്ഥാനത്ത് കനത്ത ചൂട് കണക്കിലെടുത്ത് പാലക്കാട്, തൃശൂര്‍, കോഴിക്കോട്, ആലപ്പുഴ ജില്ലകളില്‍ ഉഷ്ണ തരംഗം മുന്നറിയിപ്പ് തുടരും. സൂര്യാഘാതം ഏറ്റ് ഇന്നലെ മാത്രം സംസ്ഥാനത്ത് രണ്ട് മരണം സംഭവിച്ചു. കനത്ത ചൂടിനെ തുടര്‍ന്ന് പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ മാസം 6 വരെ അടച്ചിടുകയാണ്. സംസ്ഥാനത്ത് ജോലി സ്ഥലങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വലിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചില ജില്ലകളില്‍ രാത്രി താപനില മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. പാലക്കാട് ഇന്നലെ വീണ്ടും ഉയര്‍ന്ന താപനില 40 ഡിഗ്രി സെല്‍ഷ്യസ് കടന്നു. 39 ഡിഗ്രി സെല്‍ഷ്യസ് ചൂട് കൊല്ലം, കോഴിക്കോട്, തൃശൂര്‍ ജില്ലകളില്‍ രേഖപ്പെടുത്തി. അതിനിടെ ചൂടിന് ആശ്വാസമായി വേനല്‍ മഴ തുടരുമെന്നും പ്രവചനം ഉണ്ട്.

നവജാത ശിശുവിനെ ഫ്‌ളാറ്റില്‍ നിന്ന് താഴേക്ക് എറിഞ്ഞുകൊന്നു

കൊച്ചി പനമ്പള്ളിനഗറിലെ വിദ്യാനഗറില്‍ നവജാത ശിശുവിനെ എറിഞ്ഞുകൊലപ്പെടുത്തി. സമീപത്തുള്ള ഫ്‌ളാറ്റില്‍ നിന്നാണ് കുഞ്ഞിനെ താഴേക്ക് എറിയുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. ഫ്‌ളാറ്റില്‍ നിന്ന് താഴേക്ക് എറിയുന്ന ദൃശ്യങ്ങളാണ് സിസിടിവിയില്‍ ഉള്ളത്. ആണ്‍കുഞ്ഞിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ എട്ടുമമിയോടെയാണ് സംഭവം നടന്നത്.

വെള്ളത്തുണിയില്‍ പൊതിഞ്ഞാണ് കുട്ടിയെ താഴേക്കെറിഞ്ഞത്. പൊലീസ് സ്ഥലത്തെത്തി തുടര്‍നപടികള്‍ സ്വീകരിച്ചു. ഫ്‌ളാറ്റിലുള്ളവരുടെ വിവരങ്ങള്‍ ശേഖരിച്ചു. ഫ്‌ളാറ്റില്‍ ഉള്ളവര്‍ തന്നെയാണോ കുഞ്ഞിനെ കൊലപ്പെടുത്തിയത് എന്നാണ് പൊലീസ് പരിശോധിക്കുന്നത്. കുഞ്ഞിനെ ഉപേക്ഷിച്ചത് എന്നായിരുന്നു ആദ്യം കരുതിയിരുന്നത്. തുടര്‍ന്ന് സമീപത്തെ സിസിടിവി പരിശോധിച്ചപ്പോഴാണ് കുഞ്ഞിനെ ഫ്‌ളാറ്റില്‍ നിന്ന് എറിയുന്ന ദൃശ്യങ്ങള്‍ ലഭിക്കുന്നത്.

ബ്രോഷർ പ്രകാശനം ചെയ്തു.

ഇരിട്ടി: യുവ എഴുത്തുകാരി വിദ്യ വിമലിൻ്റെ കഥകളും കവിതകളും ചേർന്നുള്ള ആദ്യ പുസ്തക പ്രകാശനത്തിൻ്റെ ഭാഗമായുള്ള ബ്രോഷർ സാഹിത്യകാരൻ നന്ദാത്മജൻ കെതേരി
പ്രകാശനം ചെയ്തു. സി.കെ.ശശിധരൻ അധ്യക്ഷനായി സി.കെ.ലളിത മുഖ്യ പ്രഭാഷണം നടത്തി.
ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ കെ.ഇ.ശ്രീജ മുഖ്യാതിഥിയായി.വിദ്യ വിമൽ, ഷെൽനതുളസി റാം, ബുഷ്റസലാം, മിനി രാജീവ്, മനോജ് അത്തി തട്ട്,കെ.കെ.ശിവദാസൻ, ബീന ട്രീസ ,പ്രീത ബാബു, വി.ശോഭന എന്നിവർ സംസാരിച്ചു.

ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആറുവരെ അവധി

ചൂട് വർധിച്ച് ഉഷ്ണ തരംഗ സമാനമായ സാഹചര്യം നിലവിലുള്ളതിനാൽ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മെയ് ആറുവരെ അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
സമ്മർ ക്ലാസ്സ്, സ്വകാര്യ ട്യൂഷൻ സെൻററുകൾ, സ്കൂളിലെ അഡീഷണൽ ക്ലാസുകൾ എന്നിവക്കും അവധി ബാധകമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഓൺലൈൻ വഴി ക്ലാസുകൾ നടത്താം.
കായിക മത്സരങ്ങൾ, കായികപരിശീലന പരിപാടികൾ, പരേഡുകൾ, എൻസിസി, എൻഎസ്എസ് സ്കൗട്ട് & ഗൈഡ്സ് തുടങ്ങിയവയുടെ അസംബ്ലികളും ഒഴിവാക്കേണ്ടതാണെന്ന് കലക്ടർ അറിയിച്ചു.
മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്കും, സർവകലാശാല പരീക്ഷകൾക്കും അവധി ബാധകമല്ല.

ജില്ലയില്‍ അധ്യാപകര്‍ക്കായി കൈറ്റിന്റെ എ ഐ പ്രായോഗിക പരിശീലനം തുടങ്ങി

കണ്ണൂര്‍:ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (എ ഐ) സാധ്യതകള്‍ പൊതുവിദ്യാഭ്യാസ മേഖലയില്‍ ഫലപ്രദമായി പ്രയോജനപ്പെടുത്താന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് കൈറ്റിന്റെ നേതൃത്വത്തില്‍ നടത്തുന്ന മൂന്നു ദിവസത്തെ പ്രായോഗിക പരിശീലനം ജില്ലയിലെ ഏഴ് കേന്ദ്രങ്ങളില്‍ ആരംഭിച്ചു. എട്ടു മുതല്‍ പന്ത്രണ്ടുവരെ ക്ലാസുകളില്‍ പഠിപ്പിക്കുന്ന 6563 അധ്യാപകര്‍ക്കാണ് ആഗസ്ത് വരെ നീണ്ടു നല്‍ക്കുന്ന പരിശീലനം.
ലാപ്ടോപ്പും സ്മാര്‍ട്ട് ഫോണും ഉപയോഗിച്ചാണ് 25 പേരടങ്ങുന്ന വിവിധ ബാച്ചുകളിലായി അധ്യാപകര്‍ പരിശീലനത്തില്‍ പങ്കെടുക്കുന്നത്. എ ഐ ടൂളുകള്‍ ഉപയോഗിക്കുമ്പോള്‍ സ്വകാര്യത ഉറപ്പാക്കാന്‍ കൈറ്റ് നല്‍കിയ ജി-സ്യൂട്ട് അക്കൗണ്ടുകള്‍ ഉപയോഗിക്കും. കൈറ്റിന്റെ വിദഗ്ധ സമിതി പരിശോധിച്ച് നിര്‍ദേശിക്കുന്ന എ ഐ ടൂളുകളായിരിക്കും അതത് സമയങ്ങളില്‍ പരിശീലനത്തിന് ഉപയോഗിക്കുന്നത്. ഓരോ കുട്ടിക്കും അനുയോജ്യമായ വിധത്തില്‍ പഠന പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും റിസോഴ്സുകള്‍ ഭിന്നശേഷി സൗഹൃദമായി പരുവപ്പെടുത്താനും പരിശീലനം വഴി അധ്യാപകര്‍ക്ക് അവസരം നല്‍കും. മെയ് മാസത്തില്‍ കൂടുതലും ഹയര്‍ സെക്കണ്ടറി അധ്യാപകര്‍ക്കായിരിക്കും പരിശീലനം. ഇതിന് കൈറ്റ് വെബ്സൈറ്റിലെ ട്രെയിനിങ് മാനേജ്മെന്റ് സിസ്റ്റത്തില്‍ രജിസ്റ്റര്‍ ചെയ്യണം. സെപ്റ്റംബര്‍-ഡിസംബര്‍ മാസങ്ങളിലായി പ്രൈമറി അധ്യാപകര്‍ക്കും പരിശീലനം നല്‍കും.

ഉയര്‍ന്ന ചൂട്; പൊതുജനങ്ങള്‍ക്കായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു

കണ്ണൂര്‍:ജില്ലയില്‍ ഉയര്‍ന്ന ചൂട് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ക്കായി ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് ഉയര്‍ന്ന ചൂട് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം.
പകല്‍ 11 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക. പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. നിര്‍ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാര്‍ബണേറ്റഡ് ശീതള പാനീയങ്ങള്‍ തുടങ്ങിയവ പകല്‍ സമയത്ത് ഒഴിവാക്കുക.
അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക. പുറത്തിറങ്ങുമ്പോള്‍ പാദരക്ഷകള്‍ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും.
പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ഒ ആര്‍ എസ് ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.
കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ പകല്‍ 11 മുതല്‍ മൂന്ന് മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതെയിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങള്‍ക്ക് എളുപ്പത്തില്‍ സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യതയുള്ളതിനാല്‍ ഇവരുടെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തേണ്ടതാണ്.
ഇരുചക്ര വാഹനങ്ങളില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണം നടത്തുന്നവര്‍ ഉച്ച സമയത്ത് (11 മുതല്‍ വൈകിട്ട് മൂന്ന് മണി വരെ) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങള്‍ ഉറപ്പുവരുത്തേണ്ടതാണ്. അവര്‍ക്ക് ചൂടേല്‍ക്കാതിരിക്കാനുതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താന്‍ നിര്‍ദേശം നല്‍കുകയും, ആവശ്യമെങ്കില്‍ യാത്രക്കിടയില്‍ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നല്‍കുകയും ചെയ്യേണ്ടതാണ്.
മാധ്യമപ്രവര്‍ത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്ത്(11 മുതല്‍ വൈകിട്ട് മൂന്ന് മണിവരെ) കുടകള്‍ ഉപയോഗിക്കുകയും നേരിട്ട് വെയില്‍ ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്കു കുടിവെള്ളം നല്‍കി നിര്‍ജലീകരണം തടയുവാന്‍ സഹായിക്കണം.
പൊതുപരിപാടികള്‍, സമ്മേളനങ്ങള്‍ എന്നിവ നടത്തുമ്പോള്‍ പങ്കെടുക്കുന്നവര്‍ക്ക് ആവശ്യമായ കുടിവെള്ളം, തണല്‍ എന്നിവ ലഭ്യമാണെന്ന് സംഘാടകര്‍ ഉറപ്പുവരുത്തണം. 11 മുതല്‍ മൂന്ന് മണി വരെ കഴിവതും സമ്മേളനങ്ങള്‍ ഒഴിവാക്കുക.
യാത്രയിലേര്‍പ്പെടുന്നവര്‍ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. കുടിവെള്ളം കരുതണം.
നിര്‍മാണത്തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, വഴിയോരക്കച്ചവടക്കാര്‍, മറ്റേതെങ്കിലും കാഠിന്യമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ എന്നിവര്‍ ജോലി സമയം ക്രമീകരിക്കുക. ജോലിയില്‍ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.
ഉച്ചവെയിലില്‍ കന്നുകാലികളെ മേയാന്‍ വിടുന്നതും മറ്റു വളര്‍ത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ജല ലഭ്യത ഉറപ്പാക്കുക.
കുട്ടികളെയോ വളര്‍ത്തുമൃഗങ്ങളെയോ പാര്‍ക്ക് ചെയ്ത വാഹനങ്ങളില്‍ ഇരുത്തി പോകാന്‍ പാടില്ല.
അസ്വസ്ഥകള്‍ അനുഭവപ്പെട്ടാല്‍ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.
കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.
ചൂട് അധികരിക്കുന്ന സാഹചര്യത്തില്‍ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുള്ളതിനാല്‍ വനമേഖലയോട് ചേര്‍ന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. വനം വകുപ്പിന്റെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
ജലം പാഴാക്കാതെ ഉപയോഗിക്കാനും മഴ ലഭിക്കുമ്പോള്‍ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കണം.

മുന്നറിയിപ്പില്ലാതെ അവധിയെടുത്ത് മുങ്ങി; കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ കൂട്ട നടപടി

മുന്നറിയിപ്പില്ലാതെ അവധിയെടുത്ത് മുങ്ങിയ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കെതിരെ കൂട്ട നടപടി. പത്തനാപുരം ഡിപ്പോയിലെ 14 ജീവനക്കാര്‍ക്കെതിരെയാണ് നടപടി. കൂട്ട അവധിയെടുത്തതിന് 16 സ്ഥിരം ഡ്രൈവര്‍മാരെ സ്ഥലംമാറ്റി.നാല് ഡ്രൈവര്‍മാരെ സര്‍വീസില്‍ നിന്ന് മാറ്റി.

മദ്യപിച്ച് ജോലിക്കെത്തുന്നവരെ പിടികൂടാന്‍ കെ എസ് ആര്‍ ടി സി വിജിലന്‍സ് എത്തിയത് അറിഞ്ഞാണ് ജീവനക്കാര്‍ മുങ്ങിയത്. മുന്നറിയിപ്പില്ലാതെഅവധിയെടുത്തതിനാല്‍ പത്തനാപുരം യൂണിറ്റിലെ നിരവധി സര്‍വീസുകള്‍ റദ്ദ് ചെയ്തു. യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തിന് പുറമേ 1,88,665 രൂപയുടെ സാമ്പത്തിക നഷ്ടവും കെഎസ്ആര്‍ടിസിക്കുണ്ടായി.

ഒരു വിഭാഗം ജീവനക്കാരുടെ നിരുത്തരവാദപരമായ രീതികള്‍ ഒരു തരത്തിലും അനുവദിക്കാന്‍ കഴിയില്ലെന്നും ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നും കെഎസ്ആര്‍ടിസി ചെയര്‍മാന്‍ ആന്റ് മാനേജിംഗ് ഡയറക്ടറുടെ ഓഫീസ് പുറത്തിറക്കിയ കുറിപ്പില്‍ പറഞ്ഞു.