Hivision Channel

channel news

ലോക്സഭയിലേക്കുള്ള നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്; ജനവിധി തേടുന്നത് 96 മണ്ഡലങ്ങൾ

ലോക്സഭ തെരഞ്ഞെടുപ്പ് നാലാം ഘട്ട വോട്ടെടുപ്പ് ഇന്ന്. 9 സംസ്ഥാനങ്ങളിലും ജമ്മു കശ്മീരിലുമായി ആകെ 96 മണ്ഡലങ്ങളാണ് ഇന്ന് ജനവിധി തേടുന്നത്.ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മുഴുവൻ സീറ്റുകളിലേക്കും ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ്. യുപിയിൽ 13ഉം ബംഗാളിൽ എട്ടും സീറ്റുകളിലേക്കുമുള്ള വോട്ടെടുപ്പും ഇന്ന്. യുപിയിൽ അഖിലേഷ് യാദവ് മത്സരിക്കുന്ന കനൗജ്, അധിർ രഞ്ജൻ ചൗധരിയും യൂസഫ് പഠാനും മത്സരിക്കുന്ന ബെഹ്റാംപൂർ എന്നിവിടങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും. മഹുവ മൊയ്ത്ര, ദിലീപ് ഘോഷ്, കേന്ദ്രമന്ത്രി ഗിരിരാജ് സിങ്, അസദുദ്ദീൻ ഉവൈസി എന്നിവരും ഈ ഘട്ടത്തിൽ ജനവിധി തേടുന്ന പ്രമുഖരാണ്.അതേസമയം നാളെ പത്രിക നല്‍കാനിരിക്കെ വരാണസിയില്‍ ഇന്ന് വൈകീട്ട് മോദിയുടെ റോഡ് ഷോ നടക്കും. വൈകീട്ട് 4 മണിക്കാണ് റോഡ് ഷോ. നാളെ രാവിലെ 11.30നാണ് മോദി നാമനിർദേശ പത്രിക സമർപ്പിക്കുന്നത്. മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥും മുതിർന്ന ബിജെപി നേതാക്കളും മോദിക്കൊപ്പം റോഡ് ഷോയില്‍ പങ്കെടുക്കും.

മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ പഞ്ചായത്ത് തല യോഗം നടത്തി

ഉളിക്കൽ -ഉളിക്കൽ ഗ്രാമപഞ്ചായത്ത് മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനു വേണ്ടി ഗ്രാമപഞ്ചായത്ത് ഹാളിൽ വിപുലമായ ജനകീയ യോഗം ചേർന്നു. ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി നേതാക്കൾ, യുവജന സംഘടന പ്രതിനിധികൾ, സ്ഥാപനമേധാവികൾ, വ്യാപാരി- വ്യവസായ സംഘടനകളുടെ പ്രതിനിധികൾ, കുടുംബശ്രീ- തൊഴിലുറപ്പ് പ്രവർത്തകർ, ഹരിതകരണ സേനാംഗങ്ങൾ, വിദ്യാഭ്യാസ സ്ഥാപനം മേധാവികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
യോഗ തീരുമാനങ്ങൾ

മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഉളിക്കൽ ടൗണിൽ15-5-2024ന് ബുധനാഴ്ച രാവിലെ 8 മണി മുതൽ മെഗാ ശുചീകരണ പ്രവർത്തി നടത്താൻ തീരുമാനിച്ചു. വ്യാപാരികൾ, തൊഴിലാളികൾ, രാഷ്ട്രീയ പ്രവർത്തകർ, തൊഴിലുറപ്പ് കുടുംബശ്രീ പ്രവർത്തകർ, ഹരിത സേനാംഗങ്ങൾ, NSS -SPC കേഡറ്റുകൾ തുടങ്ങി 300 ൽ പരം ആളുകളെ പ്രസ്തുത ശുചീകരണ പ്രവർത്തികളിൽ ഭാഗമാക്കാൻ തീരുമാനിച്ചു.അന്നേ ദിവസം രാവിലെ 8 മണി മുതൽ കടകൾ അടച്ച് മെഗാ ശുചീകരണ പ്രവർത്തനങ്ങൾ വിജയിപ്പിക്കാൻ തീരുമാനിച്ചു.

സർക്കാർ നിർദ്ദേശപ്രകാരം എല്ലാ ഞായറാഴ്ചകളിലും ഡ്രൈ ഡേ ആയി ആചരിക്കാൻ തീരുമാനിച്ചു. ആ ദിവസം സ്ഥാപനങ്ങൾ,വീടുകൾ അടക്കം മുഴുവൻ പ്രദേശങ്ങളിലെയും ശുചീകരണ കൊതുക് നശീകരണ പ്രവർത്തനങ്ങൾ നടത്താൻ തീരുമാനിച്ചു.

പഞ്ചായത്തിലുള്ള 20 വാർഡുകളിലും വാർഡ് ശുചീകരണ കമ്മിറ്റികളുടെ യോഗം ചേരാൻ തീരുമാനിച്ചു.

ശുചിത്വ പ്രവർത്തനങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുന്നതിന് വേണ്ടി ഗ്രാമസഭ വിളിച്ച് ചേർക്കാൻ തീരുമാനിച്ചു.

മാലിന്യങ്ങൾ വലിച്ചെറിയുന്ന വരെ കണ്ടെത്തി പിഴ ചുമത്തുന്ന തടക്കമുള്ള ശിക്ഷ നടപടികൾ സ്വീകരിക്കുന്നതിന് തീരുമാനിച്ചു.

യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സമീറ പള്ളിപ്പാത്ത് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി സി ഷാജിയോഗം ഉദ്ഘാടനം ചെയ്തു.സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഒ വി ഷാജു, ഇന്ദിര പുരുഷോത്തമൻ, അഷ്റഫ് പാലശ്ശേരി, വയത്തൂർ വില്ലേജ് ഓഫീസർ വിനീത്, ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് ജെയിംസ്, നവ കേരള മിഷൻ ബ്ലോക്ക് കോഡിനേറ്റർ സുകുമാരൻ, ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, സംഘടന പ്രതിനിധികൾഎന്നിവർ സംസാരിച്ചു. വി ഇ ഒ വിഷ്ണുരാജ് സ്വാഗതവും പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് ആലി നന്ദിയും പറ

മെമ്മറി കാര്‍ഡ് കാണാതായ കേസ്: കണ്ടക്ടറെയും സ്റ്റേഷൻ മാസ്റ്ററെയും വിട്ടയക്കും; യദുവിനെ പൊലീസ് ചോദ്യം ചെയ്യും

 കെഎസ്ആർടിസി ബസിലെ മെമ്മറി കാർഡ് കാണാതായ സംഭവത്തിൽ സ്റ്റേഷൻ മാസ്റ്റർ ലാൽ സജീവിനെയും കണ്ടക്ടറെയും പോലീസ് ചോദ്യം ചെയ്യലിന് ശേഷം വിട്ടയക്കും. കണ്ടക്ടര്‍ സുബിൻ തര്‍ക്കത്തിന് ശേഷം ബസിലെ സിസിടിവി ക്യാമറ പരിശോധിക്കുന്നതുമായി ബന്ധപ്പെട്ട ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് സുബിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. എന്നാൽ മെമ്മറി കാര്‍ഡ് കാണാതായതിൽ തനിക്ക് പങ്കില്ലെന്ന് സുബിൻ ചോദ്യം ചെയ്യലിൽ വ്യക്തമാക്കി. സിസിടിവിയുടെ മോണിറ്റര്‍ നോക്കുക മാത്രമാണ് ചെയ്തതെന്നുമാണ് മൊഴി. സംഭവത്തിൽ ചോദ്യം ചെയ്യലിന് ശേഷം സ്റ്റേഷൻ മാസ്റ്റര്‍ ലാൽ സജീവിനെയും വിട്ടയക്കുമെന്നാണ് വിവരം. സംഭവത്തിൽ ഡ്രൈവര്‍ യദുവിനെ ചോദ്യം ചെയ്യാൻ പൊലീസ് കമ്മീഷണർ ഓഫീസിൽ എത്തിച്ചു.

എന്നാൽ ലാൽ സജീവിനെ അനധികൃതമായി കസ്റ്റഡിയിലെടുത്തെന്ന് ആരോപിച്ച് ഭാര്യ രംഗത്ത് വന്നു. രാവിലെ മുന്നറിയിപ്പില്ലാതെ വീട്ടിൽ നിന്ന് പത്തോളം പോലീസുകാർ പിടിച്ചുകൊണ്ടുപോയെന്നാണ് ആരോപണം. വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ നിന്നുള്ള പോലീസാണെന്ന് പറഞ്ഞാണ് പൊലീസുകാര്‍ വന്നതെന്നും ലാൽ സജീവിനെ വസ്ത്രം മാറാൻ പോലും അനുവദിച്ചില്ലെന്നും ആരോപണമുണ്ട്. മെമ്മറി കാർഡ് കാണാതെയുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനാണ് കൊണ്ടുപോകുന്നത് എന്നാണ് പൊലീസ് പറഞ്ഞതെന്നും ബിന്ദു പറയുന്നു. ഹൃദ്രോഗിയായ ലാൽ സജീവ് ആൻജിയോപ്ലാസ്റ്റിക് വിധേയനായ വ്യക്തിയാണ്. ഇദ്ദേഹത്തിന് വേറെയും ആരോഗ്യ പ്രശ്നങ്ങളുണ്ട്. ഭര്‍ത്താവിനെ കേസിൽപെടുത്താൻ പൊലീസ് ശ്രമിക്കുന്നതായി ബിന്ദു ആരോപിച്ചു.

അതേസമയം സംഭവം നടന്ന ദിവസം രാത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന സ്റ്റേഷൻ മാസ്റ്റര്‍ ലാൽ സജീവാണെന്നും അതിനാലാണ് അദ്ദേഹത്തെ ചോദ്യം ചെയ്തതെന്നും പൊലീസ് പറയുന്നു. കണ്ടക്ടര്‍ സുബിനെയും സ്റ്റേഷൻ മാസ്റ്റര്‍ ലാൽ സജീവിനെയും വിശദമായി ചോദ്യം ചെയ്തു. ഇവരിൽ സംശയിക്കത്തക്കതായി ഒന്നും തന്നെയില്ലെന്ന് വ്യക്തമായി. സാഫല്യം കോംപ്ലക്സിലെ ദൃശ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് കണ്ടക്ടര്‍ സുബിനെ ചോദ്യം ചെയ്തത്. സുബിൻ ബസിൽ വീണ്ടും കയറുന്നത് ദൃശ്യങ്ങളിലുണ്ട്. മെമ്മറി കാർഡ് എടുത്തിട്ടില്ലെന്ന് കണ്ടക്ടർ സുബിൻ മൊഴി നൽകി. 

കോഴിക്കോട്ട് ഏഴുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് ആറുവര്‍ഷം കഠിനതടവും 6,000 രൂപ പിഴയും


ബാലുശ്ശേരിയില്‍ ഏഴു വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതിക്ക് ആറുവര്‍ഷം കഠിനതടവും 6,000 രൂപ പിഴയും വിധിച്ച് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി. ബാലുശ്ശേരി പൂനത്ത് എളേങ്ങള്‍ വീട്ടില്‍ മുഹമ്മദ് (49) ആണ് ശിക്ഷിക്കപ്പെട്ടത്. 2021-ല്‍ ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

സംഭവസമയം കുട്ടി വീട്ടില്‍ ടിവി കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ഈസമയം വീട്ടിലേക്കുവന്ന പ്രതി കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു. ഭയന്ന കുട്ടി ഉടനെതന്നെ ഓടിപ്പോയി അച്ഛമ്മയോട് കാര്യം പറയുകയായിരുന്നു. പിന്നാലെ കുട്ടിയുടെ രക്ഷിതാക്കള്‍ പോലീസില്‍ വിവരം അറിയിച്ചു.

ബാലുശ്ശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ എം.കെ. സുരേഷ്‌കുമാര്‍ ആണ് അന്വേഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡ്വ. പി. ജെതിന്‍ ഹാജരായി. കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജ് എം. സുഹൈബ് ആണ് പോക്‌സോ നിയമ പ്രകാരം ശിക്ഷ വിധിച്ചത്.

കെജ്‌രിവാളിന്റെ ജാമ്യം BJPയുടെ കുത്സിതനീക്കത്തിനേറ്റ തിരിച്ചടി,തിരഞ്ഞെടുപ്പിൽ നിർണായകമാവും- പിണറായി

ജനാധിപത്യത്തെ അട്ടിമറിച്ച് അധികാരദുര്‍വിനിയോഗത്തിലൂടെ ഭരണത്തില്‍ കടിച്ചുതൂങ്ങാനുള്ള ബി.ജെ.പിയുടെ കുത്സിതനീക്കത്തിന് ഏറ്റകനത്ത തിരിച്ചടിയാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം നല്‍കിയ സുപ്രീംകോടതി തീരുമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാജ്യത്തിന്റെ ജനാധിപത്യ ചരിത്രത്തിലും ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം നിശ്ചയിക്കുന്നതിലും നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന ഒന്നായി ഈ വിധി മാറും. എതിര്‍ ശബ്ദങ്ങളെ അടിച്ചമര്‍ത്തി ഒരു സമഗ്രാധിപത്യ ശക്തിക്കും എന്നേക്കുമായി മുന്നോട്ടു പോകാനാവില്ലെന്നും അദ്ദേഹം വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

തിരഞ്ഞെടുപ്പു ഘട്ടത്തില്‍ തന്നെ പ്രതിപക്ഷ മുഖ്യമന്ത്രിയെ തുറുങ്കിലടച്ച് അദ്ദേഹത്തിന്റെ ശബ്ദം അടിച്ചമര്‍ത്തുന്നതിലൂടെ ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളെ തന്നെയാണ് ബി.ജെ.പി. സര്‍ക്കാര്‍ കുഴിച്ചു മൂടാന്‍ നോക്കിയത്. ജനങ്ങളെ വിശ്വാസത്തിലെടുത്തും ജനങ്ങളോട് നേരിട്ട് സംവദിച്ചും തിരഞ്ഞെടുപ്പിനെ നേരിടാന്‍ നരേന്ദ്രമോദി സര്‍ക്കാരിന് ഭയമാണ്. പകരം വര്‍ഗീയ വിദ്വേഷം അഴിച്ചു വിട്ടും അമിതാധികാരം പ്രയോഗിച്ചും പ്രതിപക്ഷത്തെ നിശബ്ദമാക്കിയും ജനവികാരത്തെ മാറ്റിമറിക്കാമെന്ന വ്യാമോഹത്തിനാണ് പരമോന്നത കോടതി ആഘാതമേല്പിച്ചിരിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

തിരഞ്ഞെടുപ്പ് പുരോഗമിക്കുമ്പോള്‍ ബി.ജെ.പിയുടെ നിലപരുങ്ങലിലാവുകയാണ്. അത് തിറിച്ചറിയുമ്പോഴുള്ള വിഭ്രാന്തിയാണ് സമീപനാളുകളില്‍ പുറത്തുവരുന്നത്. കേന്ദ്രസര്‍ക്കാറിന്റെ തെറ്റായ നീക്കങ്ങള്‍ ജുഡീഷ്യല്‍ പരിശോധനയെ അതിജീവിക്കില്ല എന്നതിന്റെ സൂചന കൂടിയാണ് ഈ വിധി. ഇ.ഡിയെപോലുള്ള ഏജന്‍സികളെ രാഷ്ട്രീയ ആയുധമായി മാറ്റുന്നതിനോടുള്ള എതിര്‍പ്പ് കൂടിയാണ് വിധിയില്‍ തെളിയുന്നത്. അരവിന്ദ് കെജ്‌രിവാളിന് ജയില്‍ മോചിതനായി ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടത്തില്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമായി മുന്നേറാന്‍ സാധിക്കട്ടെ എന്നാശംസിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം വേനൽ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം വേനൽ മഴ തുടരാൻ സാധ്യത. വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ച്. 

ഇന്ന് വടക്കൻ കേരളത്തിലും മലയോര മേഖലകളിലും ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. വയനാട് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

നാളെ മുതൽ തെക്കൻ കേരളത്തിലും മധ്യകേരളത്തിലും വേനൽ മഴ ശക്തമാകാൻ സാധ്യതയെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പത്തനംതിട്ട ഇടുക്കി ജില്ലകളിൽ നാളെ യെല്ലോ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരുവനന്തപുരം കൊല്ലം പത്തനംതിട്ട എറണാകുളം ഇടുക്കി ജില്ലകളിൽ ഞായറാഴ്ച യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു.

കോട്ടയത്ത് ടാറിങ് തൊഴിലാളി ഇടിമിന്നലേറ്റ് മരിച്ചു

കോട്ടയത്ത് ടാറിങ് തൊഴിലാളി ഇടിമിന്നലേറ്റ് മരിച്ചു. കോട്ടയം ഇടമറുകിലാണ് സംഭവം. കറുകച്ചാൽ സ്വദേശി ബിനോ മാത്യുവാണ് മരിച്ചത്. 37 വയസായിരുന്നു. വൈകിട്ട് 4 മണിയോടെ ഇടിമിന്നൽ ഏൽക്കുകയായിരുന്നു.

അതേസമയം സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഇടിയോട് കൂടിയ മഴയ്ക്ക സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് മുന്നറിയിപ്പും പ്രഖ്യാപിച്ചു. മലപ്പുറം, വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്.

കൂടുതല്‍ പ്രദേശങ്ങളില്‍ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പ്ലസ്ടു പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു; വിജയശതമാനം 78.69

വിവിധ ഗ്രൂപ്പുകളിലെ വിജയ ശതമാനം

  • സയന്‍സ് – 84.84
  • കൊമേഴ്‌സ് – 76.11
  • ഹ്യുമാനിറ്റിക്‌സ് -67.09


വിജയ ശതമാനം കൂടുതലുള്ള ജില്ല എറണാകുളവും കുറവുള്ള ജില്ല വയനാടുമാണ്. മലപ്പുറം ജില്ലയിലാണ് കൂടുതല്‍ എപ്ലസ്. 105 പേര്‍ ഫുള്‍ മാര്‍ക്ക് നേടി.

63 സ്‌കൂളുകള്‍ സമ്പൂര്‍ണ്ണ വിജയം നേടി ഇതില്‍ 7 സര്‍ക്കാര്‍ സ്‌കുളുകളുമുണ്ട്.ജൂണ്‍ 12 മുതല്‍ 20 വരെ സേ പരീക്ഷ നടക്കും. മെയ് 14 മുതല്‍ പുനര്‍ മൂല്യ നിര്‍ണ്ണയത്തിന് അപേക്ഷിക്കാം


പരീക്ഷ ഫലം അറിയാം
www.keralaresults.nic.in
www.prd.kerala.gov.in
www.result.kerala.gov.in
www.examresults.kerala.gov.in
www.results.kite.kerala.gov.in

ചാലക്കുടി സ്വദേശിനി കാനഡയില്‍ മരിച്ചനിലയില്‍; ഭര്‍ത്താവിനെ കാണാനില്ല

പടിക്കല സാജന്റെയും ഫ്‌ളോറയുടെയും മകള്‍ ഡോണ സാജ(34)നെ കാനഡയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഡോണയുടെ ഭര്‍ത്താവ് ലാല്‍ കെ. പൗലോസിനെ കാണാതായിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെയാണ് മരിച്ചനിലയില്‍ കണ്ടത്. ലാല്‍ കെ. പൗലോസ് കുറ്റിച്ചിറ കണ്ണമ്പുഴ കുടുംബാംഗമാണ്.

എട്ടുവര്‍ഷമായി ഇരുവരും കാനഡയില്‍ അക്കൗണ്ടന്റായി ജോലിചെയ്യുന്നു. മൂന്നുവര്‍ഷമായി ഇവര്‍ വിവാഹിതരായിട്ട്.

വീട് പൂട്ടിക്കിടക്കുന്നത് കണ്ട് സമീപവാസികള്‍ വിവരം നല്‍കിയതിനെത്തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ഡോണയെ മരിച്ചനിലയില്‍ കണ്ടത്. ലാലിനായുള്ള തിരച്ചില്‍ നടക്കുന്നുണ്ട്.

സ്വർണവില കുറഞ്ഞു, പ്രതീക്ഷയിൽ സ്വർണാഭരണ പ്രേമികൾ; വിപണി നിരക്ക് അറിയാം

 സംസ്ഥാനത്ത് ഇന്നും സ്വർണവില കുറഞ്ഞു. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില കുറയുന്നത്. ഒരു പവൻ സ്വർണത്തിന് ഇന്ന് 80  രൂപ കുറഞ്ഞിട്ടുണ്ട്. ഇന്നലെയും 80  രൂപയാണ് കുറഞ്ഞത്. ഇതോടെ സ്വർണവില 53000 ത്തിന് താഴേക്കെത്തി. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 52920 രൂപയാണ്

നാല്‌ ദിവസങ്ങൾക്ക് ശേഷമാണ് ഇന്നലെ സ്വർണവില കുറഞ്ഞത്. സ്വർണവിലയിൽ നേരിയ ഇടിവ് സ്വർണാഭരണ ഉപഭോക്താക്കൾക്ക് ആശ്വാസമാണ്. നാളെ അക്ഷയ തൃതീയ ആയതിനാൽ വില കുറയുന്നത് ഉപഭോക്താക്കളിൽ പ്രതീക്ഷ നൽകുന്നുണ്ട്. 

ശനിയാഴ്ച മുതൽ ചൊവ്വാഴ്ച വരെ സ്വർണവില ഉയരുകയായിരുന്നു. അമേരിക്കയിലുണ്ടാകുന്ന തൊഴിലവസരങ്ങളിലെ ദുർബലമായ വളർച്ചയെത്തുടർന്ന് ഫെഡറൽ റിസർവ് നിരക്ക് കുറയ്ക്കുമെന്ന് നിക്ഷേപകർ പ്രതീക്ഷിക്കുന്നതിനാൽ സ്വർണ്ണ വില ഉയർന്നു. എന്നാൽ കഴിഞ്ഞ രണ്ട് ദിവസമായി നേരിയ ഇടിവുണ്ട് 

ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന്റെ വില ഗ്രാമിന് 10 രൂപ കുറഞ്ഞ് 6615 രൂപയായി.  ഒരു ഗ്രാം 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5 രൂപ കുറഞ്ഞ് 5505 രൂപയായി. വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 88 രൂപയാണ്. ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 103  രൂപയാണ്. 

മേയിലെ സ്വർണവില ഒറ്റനോട്ടത്തിൽ 

മെയ് 1 – ഒരു പവന് സ്വർണത്തിന് 800 രൂപ കുറഞ്ഞു. വിപണി വില 52440 രൂപ 
മെയ് 2 – ഒരു പവന് സ്വർണത്തിന് 560 രൂപ ഉയർന്നു. വിപണി വില 53000 രൂപ 
മെയ് 3 – ഒരു പവന് സ്വർണത്തിന് 400 രൂപ കുറഞ്ഞു. വിപണി വില 52600 രൂപ 
മെയ് 4 – ഒരു പവന് സ്വർണത്തിന് 80 രൂപ ഉയർന്നു. വിപണി വില 52680 രൂപ 
മെയ് 5 – സ്വർണവില ഇന്ന് മാറ്റമില്ലാതെ തുടരുന്നു. വിപണി വില 52680 രൂപ 
മെയ് 6 – ഒരു പവന് സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 52840 രൂപ
മെയ് 7 – ഒരു പവന് സ്വർണത്തിന് 240 രൂപ ഉയർന്നു. വിപണി വില 53080 രൂപ
മെയ് 8 – ഒരു പവന് സ്വർണത്തിന് 80 രൂപ കുറഞ്ഞു. വിപണി വില 53000 രൂപ