Hivision Channel

latest news

സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ തിരുവോണം ബംബര്‍ ലോട്ടറി ജില്ലാതല പ്രകാശനം പി.ആര്‍. ചേംബറില്‍ ടി.ഒ മോഹനന്‍ എം.എല്‍.എ നിര്‍വഹിച്ചു.

കണ്ണൂര്‍ കോര്‍പ്പറേഷന്‍ വികസനകാര്യ സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അഡ്വ. ലിഷ ദീപക് അധ്യക്ഷത വഹിച്ചു. എഡി.എം പി.എന്‍ പുരഷോത്തമന്‍ മുഖ്യാതിഥിയായി.

ഓള്‍ കേരള ലോട്ടറി ഏജന്റ്സ് ആന്‍ഡ് സെല്ലേഴ്സ് ജില്ലാ പ്രസിഡന്റ് പി.വി സജേഷ്, ലോട്ടറി തൊഴിലാളി യൂണിയന്‍ ജില്ലാ സെക്രട്ടറി ബാലകൃഷ്ണന്‍ മടപ്പള്ളി, ഓള്‍ കേരള ലോട്ടറി ട്രേഡേഴ്സ് യൂണിയന്‍ ജില്ലാ സെക്രട്ടറി എം മനോജ്, ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ എം.കെ രജിത്കുമാര്‍, ജില്ലാ ഭാഗ്യക്കുറി അസിസ്റ്റന്റ് ഓഫീസര്‍ ടി പ്രദീപന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഒന്നാം സമ്മാനം 30 കോടി രൂപയാക്കി ഉയര്‍ത്തിയാണ് ഇത്തവണ തിരുവോണം ബംബര്‍ ഭാഗ്യക്കുറി പുറത്തിറക്കിയത്. ഒരു കോടി രൂപ വീതം 20 പേര്‍ക്ക് രണ്ടാം സമ്മാനം നല്‍കുന്നു. ഒന്നാം സമ്മാനത്തിന് അര്‍ഹമാകുന്ന ടിക്കറ്റ് വില്‍പ്പന നടത്തുന്ന ഏജന്റിന് മൂന്ന് കോടി രൂപ ഏജന്‍സി സമ്മാനമായും നല്‍കുന്നു.

തിരുവോണം ബംബര്‍ ഭാഗ്യക്കുറിയിലൂടെ ഇത്തവണ 22 കോടിപതികളെ സൃഷ്ടിക്കാന്‍ കഴിയുന്നവിധമാണ് സമ്മാനങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. മൂന്നാം സമ്മാനം 25 ലക്ഷം വീതം 20 പേര്‍ക്കും, നാലാം സമ്മാനം അഞ്ച് ലക്ഷം രൂപവീതം 10 പേര്‍ക്കും, അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപവീതം 10 പേര്‍ക്കും നല്‍കും. ഇതിന് പുറമെ 5000 മുതല്‍ 500 രൂപവരെയുള്ള നിരവധി സമ്മാനങ്ങളും നല്‍കുന്നു.

ഏജന്റുമാര്‍ക്ക് ഡിസ്‌ക്കൗണ്ട് നിരക്കിന് പുറമെ ഒരു ടിക്കറ്റിന് ഒരു രൂപ വീതം ഇന്‍സന്റീവും ഇത്തവണ നല്‍കുന്നുണ്ട്. ഭാഗ്യക്കുറിയില്‍ നിലവിലുള്ള സുരക്ഷാസംവിധാനങ്ങള്‍ക്ക് പുറമെ ഇത്തവണ ഫ്ളൂറസെന്റ് മഷിയുള്ള അച്ചടി കൂടി ഉള്‍പ്പെടുത്തിയിട്ടുണ്ട്. 10 പരമ്പരകളായി പുറത്തിറങ്ങിയ ടിക്കറ്റിന് ഒന്നിന് 500 രൂപയാണ് വില.
സെപ്തംബര്‍ 26 ന് ഭാഗ്യക്കുറി നറുക്കെടുക്കും.

മാനന്തവാടി- ബോയ്സ് ടൗണ്‍- വിമാനത്താവളം റോഡ്;സ്ഥലം ഏറ്റെടുക്കല്‍ പ്രവൃത്തികള്‍ വേഗത്തിലാക്കും

മാനന്തവാടി -ബോയ്സ് ടൗണ്‍- പേരാവൂര്‍-ശിവപുരം- മട്ടന്നൂര്‍ വിമാനത്താവളം റോഡിന്റെ സ്ഥലം ഏറ്റെടുക്കല്‍ പ്രവൃത്തികള്‍ വേഗത്തിലാക്കാന്‍ ജില്ലാ കളക്ടര്‍ പി വിഷ്ണുരാജിന്റെ അദ്ധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

റോഡ് കടന്നുപോകുന്ന സ്ഥലത്തെ കെട്ടിടങ്ങളുടെയും മരങ്ങളുടെയും കണക്കെടുത്ത് മഹസ്സര്‍ തയ്യാറാക്കുന്നതിനും വില നിര്‍ണയം നടത്തുന്നതിനും സമയബന്ധിതമായി നടപടികള്‍ കൈക്കൊള്ളണം. ഇതിനായി നിലവിലുള്ളതിന് പുറമെ കൂടുതല്‍ ഉദ്യോഗസ്ഥരെ നിയോഗിക്കും. സര്‍വെ നടപടികള്‍ ത്വരിതപ്പെടുത്തുന്നതിനായി കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. സര്‍വെ നടപടികളുടെ ഭാഗമായി കൂടുതല്‍ ഉപകരണങ്ങളും ജീവനക്കാരെയും ലഭ്യമാക്കും.

ഡിജിറ്റല്‍ സര്‍വെ പൂര്‍ത്തിയായ വില്ലേജുകളില്‍ സര്‍വെ വിഭാഗവുമായി ചേര്‍ന്ന് നടപടികള്‍ വേഗത്തിലാക്കും. കെ.ആര്‍.എഫ്.ബി യുമായി ചേര്‍ന്ന് റോഡ് കടന്നുപോകുന്ന ഭാഗങ്ങളില്‍ സംയുക്ത പരിശോധന നടത്തും. എത്രയും വേഗം സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി കൈമാറാന്‍ കഴിയണമെന്ന് ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

റവന്യു, സര്‍വെ തുടങ്ങി വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

നെന്മാറ ഇരട്ടക്കൊലക്കേസ്;ചെന്താമരയ്ക്ക് തൂക്കുകയര്‍, 20 ലക്ഷം പിഴ

നെന്മാറ ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയ്ക്ക് തൂക്കുകയര്‍. 20 ലക്ഷം പിഴയും അടയ്ക്കണം. പാലക്കാട് അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറഞ്ഞത്. പ്രതി ചെന്താമര കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. ശിക്ഷാവിധിയിന്മേല്‍ വാദം കേട്ടശേഷം വിധി പറയാന്‍ മാറ്റുകയായിരുന്നു. ബാക്കിയുള്ളവരുടെ ജീവന് കൂടി ഭീഷണിയാകുന്ന പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. സാഹചര്യ തെളിവുകള്‍ മാത്രമുള്ള കേസില്‍ കുറഞ്ഞ ശിക്ഷ മാത്രമേ നല്‍കാവൂ എന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. 2025 ജനുവരി 27ന് പോത്തുണ്ടി ബോയന്‍ നഗര്‍ സ്വദേശി സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തിയ കേസിലാണ് കോടതി വിധി പറഞ്ഞത്.

പൊതിച്ചോര്‍ വിവാദം; അന്നം മുടക്കിയതല്ല, കൈയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്; നിലവിലെ തീരുമാനം ആലപ്പുഴയില്‍ മാത്രം, മന്ത്രി കെ മുരളീധരന്‍

പൊതിച്ചോര്‍ വിവാദവുമായി ബന്ധപ്പെട്ട് താന്‍ പറഞ്ഞ കാര്യങ്ങളില്‍ മലക്കം മറിച്ചിലില്‍ ഇല്ലെന്ന് ആരോഗ്യമന്ത്രി കെ മുരളീധരന്‍. ആലപ്പുഴയിലെ ക്രിട്ടിക്കല്‍ കെയറിലെ ജീവനക്കാരി ജോലിക്ക് എത്തിയപ്പോള്‍ സേവാഭാരതിക്കാര്‍ ഇത് ഞങ്ങളുടെ സ്ഥലമാണ് ഇവിടെ പ്രവര്‍ത്തനം നടത്തണമെങ്കില്‍ ഞങ്ങള്‍ക്ക് മറ്റൊരു സ്ഥലം അനുവദിച്ച് നല്‍കണം എന്നാണ് പറഞ്ഞത്. ഇത് സര്‍ക്കാരിന്റെ സ്വത്താണ് അല്ലാതെ വ്യക്തികളുടെയോ സംഘടനകളുടെയോ സ്വത്തല്ല. അതുകൊണ്ടാണ് ഇങ്ങനെ ഒരു തീരുമാനം ആലപ്പുഴ ജില്ലയ്ക്ക് വേണ്ടി എടുത്തതെന്ന് മന്ത്രി വ്യക്തമാക്കി.

അന്നം മുടക്കിയതല്ല. ഭൂമി കൈയ്യേറ്റക്കാരെ ഒഴിപ്പിച്ചതാണ്. ഭക്ഷണം കൊടുക്കുന്നതിനൊന്നും ഒരു തടസ്സവുമില്ല.പക്ഷെ സ്ഥലം കൈയ്യേറി വലിയ ബാനര്‍ വെച്ച് ഇത്തരം പ്രവര്‍ത്തികള്‍ ചെയ്ത കൂടാന്‍ പാടില്ലാത്ത കാര്യമാണ്. കമ്മ്യൂണിറ്റി കിച്ചന്‍ ആലപ്പുഴയില്‍ മാത്രം കൊണ്ടുവരാനുള്ള തീരുമാനമാണ് ഉണ്ടായിരിക്കുന്നത്. ആലപ്പുഴയില്‍ കമ്മ്യൂണിറ്റി കിച്ചന്‍ ഉടന്‍ തുടങ്ങും. മറ്റിടങ്ങളില്‍ ഇപ്പോള്‍ നടക്കുന്നതുപോലെ നടക്കട്ടെ. മറ്റ് ഏതെങ്കിലും സ്ഥലത്ത് നിന്ന് പരാതികള്‍ ലഭിക്കുകയാണെങ്കില്‍ അവിടെയും നടപടികള്‍ സ്വീകരിക്കേണ്ടി വരും.

ഡിവൈഎഫ്‌ഐയും സേവാഭാരതിയും പ്രതിഷേധവുമായി രംഗത്തുണ്ട്. രണ്ടു കൂട്ടരും വലിയ കൊടികള്‍ വച്ചുകെട്ടി ആശുപത്രിയിലെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയാണ്. ആശുപത്രിക്ക് രാഷ്ട്രീയ നേതാക്കളുടെ പേരിടുന്നതും ബാനറും വലിച്ചു കെട്ടി ആശുപത്രിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നതും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ. വയനാട് ദുരന്തത്തില്‍ ഭക്ഷണം നല്‍കിയ വൈറ്റ് ഗാര്‍ഡുകാരോട് ചെയ്തത് മറന്നോയെന്നും മന്ത്രി കെ മുരളീധരന്‍ പറഞ്ഞു.

നെന്മാറ ഇരട്ടക്കൊല കേസ്: പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്

നാടിനെ നടുക്കിയ നെന്മാറ ഇരട്ടക്കൊല കേസില്‍ പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഇന്ന്. പാലക്കാട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി വിധി പറയും. കഴിഞ്ഞ വര്‍ഷം ജനുവരി 27ന് ആണ് അയല്‍വാസികളായ അമ്മയേയും മകനേയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. വിധി പറയുമ്പോള്‍ മിറ്റിഗേഷന്‍ റിപ്പോര്‍ട്ട് പരിഗണിക്കരുതെന്ന് പ്രോസിക്യൂഷന്‍. ആദ്യം കൊലപാതക നടത്തിയശേഷം പ്രതിയെ തിരുത്താന്‍ സിസ്റ്റം തയാറായില്ലെന്നും പ്രതിക്ക് അനുകൂലമായ രീതിയില്‍ തയാറക്കിയ മിറ്റിഗേഷന്‍ റിപ്പോര്‍ട്ട് അംഗീകരിക്കാനാകില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. പ്രതിക്ക് പരമാവധി ശിക്ഷ നല്‍കണമെന്നും പ്രോസീക്യൂഷന്‍ ആവശ്യപ്പെട്ടു.

ജയിലില്‍ ജോലി ചെയ്യുന്ന പണം കൊല്ലപ്പെട്ട സുധാകരന്റെ മക്കള്‍ക്ക് നല്‍കാമെന്ന് പ്രതി ചെന്താമരയുടെ വാദം അംഗീകരിക്കാന്‍ ആകില്ലെന്നും പ്രോസിക്യൂഷന്‍. പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും ചെന്താമര കൊലപ്പെടുത്തിയത് 2025 ജനുവരി 27-ന്. 2026 ഫെബ്രുവരി 23നു ഇരട്ടകൊലയിലുള്ള വിചാരണ ആരംഭിച്ചത്. 81 സാക്ഷികളില്‍ 46 പേരുടെ മൊഴികള്‍ കോടതി പ്രതിക്ക് വായിച്ചുകേള്‍പ്പിച്ചു. എല്ലാ ആരോപണങ്ങളും ചെന്താമര നിഷേധിച്ചു കേസില്‍ പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി കഴിഞ്ഞയാഴ്ചയോടെ തന്നെ അന്തിമ വാദങ്ങള്‍ പൂര്‍ത്തിയാക്കിയത്.

2025 ജനുവരി 27നാണ് സുധാകരനെയും അമ്മ ലക്ഷ്മിയെയും ക്രൂരമായി വെട്ടിക്കൊലപ്പെടുത്തി. ശേഷം സമീപത്തെ മലയിലേക്ക് കടന്ന പ്രതിയെ തണ്ടര്‍ബോള്‍ട്ടിന്റെയും പൊലീസിന്റെയും നേതൃത്വത്തില്‍ നടത്തിയ തിരച്ചിലിനൊടുവില്‍ 29നു രാത്രി പിടികൂടി. 2025 ഒക്ടോബര്‍ 18നു സജിത വധക്കേസില്‍ ചെന്താമരയ്ക്ക് പാലക്കാട് അഡീഷണല്‍ ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍സ് കോടതി ഇരട്ട ജീവപര്യന്തവും പിഴയും വിധിച്ചിരുന്നു.

നിതിന്‍ രാജിന്റെ മരണം; ഒളിവില്‍ കഴിഞ്ഞിരുന്ന ഡോ.എം.കെ റാം പിടിയില്‍

അഞ്ചരക്കണ്ടി ദന്തല്‍ കോളജ് ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തില്‍ അധ്യാപകന്‍ ഡോ. എം കെ റാം പിടിയില്‍. കുടകില്‍ നിന്നാണ് റാമിനെ പിടികൂടിയത്. അധ്യാപകനെ കണ്ണൂരിലുള്ള ക്രൈം ബ്രാഞ്ച് ഓഫീസില്‍ എത്തിച്ചു. റാമിനെ അറസ്റ്റ് ചെയ്യാന്‍ സാധിക്കാത്തതില്‍ കുടുംബം വിമര്‍ശനം ഉയര്‍ത്തിയിരുന്നു.

കഴിഞ്ഞ ഒരാഴ്ചയിലേറെയായി കണ്ണൂരില്‍ നിന്നുള്ള പ്രത്യേക അന്വേഷണം സംഘം കര്‍ണാടകയിലും റാമിന്റെ ജന്മനാടായ ആന്ധ്രയിലും എത്തി തിരച്ചില്‍ നടത്തിയിരുന്നു. ഇയാളുടെ അമ്മയുടെ ഫോണ്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയിരുന്നത്. സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യം തള്ളിയതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ നീക്കത്തിനൊടുവിലാണ് പ്രതി പിടിയിലായത്.

നിതിന്‍ രാജ് ഏപ്രില്‍ 10-നാണ് കോളജ് കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. സംഭവം നടന്ന് ഏകദേശം മൂന്ന് മാസം കഴിഞ്ഞു, അതിനിടെയാണ് മുഖ്യ പ്രതി പിടിയിലാകുന്നത്.

‘ഭക്ഷണ പൊതി വിതരണത്തെ സര്‍ക്കാര്‍ തടയേണ്ട കാര്യമില്ല; കമ്മ്യൂണിറ്റി കിച്ചണ്‍ കേരളത്തില്‍ നടപ്പാവില്ല’; വിമര്‍ശിച്ച് കെ സുരേന്ദ്രന്‍

സര്‍ക്കാര്‍ ആശുപത്രികളിലെ പൊതിച്ചോര്‍ വിതരണം വേണ്ടെന്ന ആരോഗ്യ മന്ത്രി കെ മുരളീധരന്റെ തീരുമാനത്തെ വിമര്‍ശിച്ചു ബിജെപി നേതാവ് കെ.സുരേന്ദ്രന്‍. ഭക്ഷണ പൊതി വിതരണത്തെ സര്‍ക്കാര്‍ തടയേണ്ട കാര്യമില്ല. ഭക്ഷണം നല്‍കുന്നതില്‍ രാഷ്ട്രീയം കാണേണ്ടതില്ല. പൊതിച്ചോറ് കഴിച്ചവരൊക്കെ അതു കൊടുത്തവര്‍ക്ക് വോട്ടുചെയ്തിരുന്നെങ്കില്‍ കെ. മുരളീധരന്‍ ഉള്‍പ്പെടെ പലരും സഭ കാണില്ലായിരുന്നെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

ഭക്ഷണം കൊടുക്കുന്നവരുടെ ഐഡന്റിറ്റി അറിയുന്നത് നല്ലതാണ്. കമ്മ്യൂണിറ്റി കിച്ചണ്‍ കേരളത്തില്‍ നടപ്പാവില്ലെന്നും ആരോഗ്യ മന്ത്രി ദുരഭിമാനം വെടിയണമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമര്‍ശനം. ഭക്ഷണ വിതരണത്തെ സര്‍ക്കാര്‍ തടസപ്പെടുത്തുന്നതിന്റെ കാര്യം മനസിലാകുന്നില്ലെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

പിഎസ്സി പരീക്ഷാക്രമക്കേട് അന്വേഷണത്തില്‍ നിര്‍ണായക നീക്കവുമായി ക്രൈംബ്രാഞ്ച്

പിഎസ്സി പരീക്ഷാക്രമക്കേട് അന്വേഷണത്തില്‍ നിര്‍ണായക നീക്കവുമായി ക്രൈംബ്രാഞ്ച്. ആസൂത്രണ ബോര്‍ഡ് പരീക്ഷയുടെ ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിങ് രീതി കാണണമെന്ന് ആവശ്യപ്പെട്ട് പിഎസ്സിക്ക് അന്വേഷണ സംഘം കത്ത് നല്‍കി. നാളെ ക്രൈംബ്രാഞ്ച് സംഘം പിഎസ്സി ആസ്ഥാനത്ത് വീണ്ടും പരിശോധന നടത്തും. വിവാദങ്ങള്‍ക്കിടെ നാളെ വീണ്ടും പിഎസ്സി യോഗം ചേരും.

ആസൂത്രണ ബോര്‍ഡിലെ മൂന്ന് തസ്തികകളിലേക്ക് 100 മാര്‍ക്കിനായിരുന്നു പൊതുപരീക്ഷ നടന്നത്. ഇതില്‍ 58 മാര്‍ക്ക് ഒഴിവാക്കി 42 മാര്‍ക്കിന് മാത്രം മൂല്യനിര്‍ണയം നടത്തി ഇടതു സംഘടനാ നേതാക്കള്‍ക്ക് ഒന്നാം റാങ്കും നിയമനവും നല്‍കി എന്നാണ് പരാതി. അതിനാല്‍ മൂല്യനിര്‍ണയം എങ്ങനെ നടന്നു എന്നത് കണ്ടെത്തേണ്ടതുണ്ട്. ഓണ്‍സ്‌ക്രീന്‍ മാര്‍ക്കിംഗ് സംവിധാനത്തിന്റെ ഡെമോ കാണണമെന്നാണ് ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് പി എസ് സിക്ക് കത്ത് നല്‍കി.

നാളെ പട്ടത്തെ പിഎസ്സി ആസ്ഥാനത്ത് അന്വേഷണസംഘം ഡെമോ പരിശോധന നടത്തും. ഉദ്യോഗാര്‍ത്ഥികളുടെ മാര്‍ക്ക് വിവരങ്ങള്‍ പിഎസ്സി കൈമാറിയെങ്കിലും ഉത്തരക്കടലാസുകളും ഉത്തരസൂചികകളും കൈമാറിയിട്ടില്ല. പിഎസ്സി ആസ്ഥാനത്തെത്തി നേരിട്ട് പരിശോധിക്കണമെന്നാണ് അന്വേഷണ സംഘം അറിയിച്ചിരിക്കുന്നത്. ഇക്കാര്യവും നാളെ പരിശോധിക്കും. ക്രൈംബ്രാഞ്ചിന്റെയും ആഭ്യന്തര വിജിലന്‍സിന്റെയും അന്വേഷണം പുരോഗമിക്കവേ, നിര്‍ണായക പി.എസ്.സി യോഗം തിങ്കളാഴ്ച ചേരും.

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. മലബാര്‍ മേഖലയിലാണ് ഇന്ന് മഴ കനക്കാന്‍ സാധ്യതയുള്ളത്. അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ടുള്ളത്. നാളെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

വടക്കന്‍ കേരളത്തിനും മാന്നാര്‍ ഉള്‍ക്കടലിനും മുകളിലായി നിലനില്‍ക്കുന്ന രണ്ട് ചക്രവാതച്ചുഴികളാണ് മഴയ്ക്ക് കാരണം. മഴയ്ക്കൊപ്പം ശക്തിയേറിയ കാറ്റിനും സാധ്യതയുണ്ട് എന്നും കേന്ദ്ര കാലാവസ്ഥാകേന്ദ്രം പ്രവചിക്കുന്നു. 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റുവീശാനാണ് സാധ്യതയുള്ളത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്. തിങ്കളാഴ്ച വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴ പ്രവചിക്കപ്പെടുന്നുണ്ട്.

കേരളത്തിലെ ശിശുമരണനിരക്ക് ഉയര്‍ന്നതായി റിപ്പോര്‍ട്ട്

കേരളത്തിലെ ശിശുമരണനിരക്ക് ഉയര്‍ന്നതായി റിപ്പോര്‍ട്ട്. ദേശീയ സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം 2024ല്‍ സംസ്ഥാനത്തെ ശിശുമരണനിരക്ക് അഞ്ചില്‍ നിന്ന് എട്ടിലേക്ക് ഉയര്‍ന്നു. നവജാതശിശുക്കളുടെ മരണകണക്കിലെ മാറ്റം ഗൗരവത്തോടെ പരിശോധിക്കണമെന്ന് ആരോഗ്യവിദഗ്ധര്‍ പറയുന്നു. വാക്‌സിനേഷനോടുള്ള വിമുഖതയും അശാസ്ത്രീയരീതികള്‍ പിന്തുടരുന്നതും സൂചിക ഉയരാന്‍ കാരണമാണോ എന്നും പരിശോധിക്കേണ്ടതുണ്ട്.

ശിശുമരണനിരക്ക് അമേരിക്കയിലേതിനേക്കാള്‍ കുറവ്- കഴിഞ്ഞ കുറെക്കാലങ്ങളിലായി സംസ്ഥാനം ഉയര്‍ത്തിക്കാട്ടുന്ന ഏറ്റവും പ്രധാന ആരോഗ്യ നേട്ടമായിരുന്നു അത്. എന്നാല്‍ ഏറ്റവും ഒടുവില്‍ പുറത്തുവന്ന സാംപില്‍ റജിസ്‌ട്രേഷന്‍ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കല്‍ റിപ്പോര്‍ട്ട് പ്രകാരം 2024ല്‍ കേരളത്തിന്റെ ഇന്‍ഫന്റ് മോര്‍ട്ടാലിറ്റി റേറ്റ്, അഥവ ശിശുമരണ നിരക്ക് അഞ്ചില്‍ നിന്ന് എട്ടിലേക്ക് ഉയര്‍ന്നു. ആയിരം കുഞ്ഞുങ്ങള്‍ ജനിക്കുമ്പോള്‍ എട്ട് കുഞ്ഞുങ്ങള്‍ മരിക്കുന്നു. ഒരു വയസ്സാകുന്നതിന് മുന്നേയുള്ള കണക്കാണ് പരിഗണിക്കുന്നത്. ദീര്‍ഘകാലത്തെ അതിതീവ്ര പരിശ്രമങ്ങള്‍ക്ക് സംസ്ഥാനത്തെ ശിശുമരണ നിരക്ക് രണ്ടക്കത്തില്‍ നിന്ന് ഒരക്കത്തിലേക്ക് താഴ്ത്തിയത്. 1970കളില്‍ 58 ആയിരുന്നു സൂചിക. 2010 മുതലുള്ള കാലയളവില്‍ ദീര്‍ഘനാള്‍ 12ല്‍ തന്നെ തുടര്‍ന്നു. എന്ത് കൊണ്ടാണ് ശിശുമരണക്ക് നിരക്ക് കുറയാത്തത് എന്ന് പഠനം നടത്തി, പ്രശ്‌നങ്ങള്‍ കണ്ടെത്തി പരിഹരിക്കാന്‍ ആരോഗ്യകേരളം ഒന്നിച്ച് പ്രയത്‌നിച്ചു. പോഷകക്കുറവ് പരിഹരിക്കാനുള്ള ശ്രമം നടത്തി. ഹൃദ്യം പോലെയുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ചു. ഒടുവില്‍ 2018ല്‍ ശിശുമരണനിരക്ക് അഞ്ചില്‍ എത്തി. എക്കാലത്തെയും കുറഞ്ഞ നിരക്ക്.

ആ കണക്കാണ് വീണ്ടും ഉയരുന്നത്. ദേശീയ തലത്തില്‍ ശിശുമരണക്ക് 24 ആണ്. പട്ടികയില്‍ കേരളത്തിന് തൊട്ടുതാഴെയുള്ള തമിഴ്‌നാട്ടിലും ദില്ലിയിലും ഇത് 11ആണ്. ദേശീയ ശരാശരിയേക്കാളും മറ്റ് സംസ്ഥാനങ്ങളേക്കാളും ഏറെ മെച്ചപ്പെട്ട നിലയിലാണ് കേരളം ഇപ്പോഴും. എന്നാല്‍ മരണനിരക്ക് ഉയര്‍ന്നതിനെ ഗൗരവത്തോടെ തന്നെ വിലയിരുത്തണമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ജനിക്കുമ്പോള്‍ തന്നെ തൂക്കക്കുറവും, ആരോഗ്യപ്രശ്‌നങ്ങളുമുള്ള കുഞ്ഞുങ്ങളെ അതീവശ്രദ്ധയോടെ പരിചരിച്ചാണ് ആശുപത്രിയില്‍ നിന്ന് വിടുന്നത്. പ്രസവസമയത്തെ മരണം ഏറെക്കുറെ ഒഴിവാകുന്നു. ആശുപത്രി വിട്ടതിന് ശേഷം പലപ്പോഴും ഈ അതീവശ്രദ്ധ പാളുന്നു. പ്രതിരോധമരുന്ന് വിതരണത്തില്‍ പോരായ്മകളുണ്ടോ എന്ന് പരിശോധിക്കണമെന്നും അഭിപ്രായമുണ്ട്. വാക്‌സിനേഷനോടുള്ള വിമുഖതയും വിരുദ്ധതയും ഒക്കെ തിരിച്ചടിയാകാം എന്നാണ് സംശയങ്ങള്‍. വീട്ടിലെ പ്രസവം, അക്യുപങ്ചര്‍ പ്രസവം പോലെയുള്ള അശാസ്ത്രീയ പ്രവണതകളും തടയേണ്ടതുണ്ട്. 12ല്‍ നിന്ന് ശിശുമരണനിരക്ക് അഞ്ചായതിന്റെ യഥാര്‍ത്ഥ വശങ്ങള്‍ കൂടി കണക്കാക്കേണ്ടുണ്ടെന്നാണ് പുതിയ പശ്ചാതലത്തില്‍ ചില വിദഗ്ധരെങ്കിലും ചൂണ്ടിക്കാട്ടുന്നത്.