Hivision Channel

latest news

ആറളം നെയ്യമൃത് മഠത്തില്‍ നെയ്യമൃത് സംഘം കലശംകുളിച്ച് മഠത്തില്‍ പ്രവേശിച്ചു

ഇരിട്ടി:ആറളം നെയ്യമൃത് മഠത്തില്‍ നെയ്യമൃത് സംഘം കലശംകുളിച്ച് മഠത്തില്‍ പ്രവേശിച്ചു. ടി.കാരണവര്‍ പി കുഞ്ഞിരാമന്‍ നമ്പ്യാര്‍, കാപ്പാടന്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍, പടുവിലാന്‍ പദ്മനാഭന്‍ നമ്പ്യാര്‍, പട്ടറത്ത് ഗോപിനാഥന്‍ നമ്പ്യാര്‍, കൈതേരി ഗോവിന്ദന്‍ നമ്പ്യാര്‍, കാര്യത്ത് പടുവിലാല്‍ പങ്കജാക്ഷന്‍ നമ്പ്യാര്‍,കാവളാന്‍ ആദിത്യ നമ്പ്യാര്‍, ഗണപതിയാടാന്‍ അനുനന്ദ് നമ്പ്യാര്‍ എന്നിവരാണ് ഈ വര്‍ഷം കലശംകുളിച്ച് മഠത്തില്‍ പ്രവേശിച്ചത്.

ഡ്രൈവിങ് സ്‌കൂള്‍ സമരം പിന്‍വലിച്ചു

സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റ് പരിഷ്‌കരണത്തിനെതിരെ ഡ്രൈവിംഗ് സ്‌കൂള്‍ സമര സമിതി നടത്തിവന്നിരുന്ന സമരം പിന്‍വലിച്ചു. ഡ്രൈവിംഗ് പരിഷ്‌കരണത്തില്‍ വിട്ടുവീഴ്ചക്ക് ഗതാഗത വകുപ്പ് മന്ത്രിയും മോട്ടോര്‍ വാഹന വകുപ്പും തയ്യാറായതോടെയാണ് ഇന്ന് വൈകിട്ട് നടന്ന ചര്‍ച്ചയില്‍ സമരം പിന്‍വലിക്കാന്‍ ഡ്രൈവിങ് സ്‌കൂള്‍ യൂണിയന്‍ സമരസമിതി തീരുമാനിച്ചത്.

ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാറുമായും ഗതാഗത വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുമായും നടത്തിയ ചര്‍ച്ചയിലാണ് പ്രശ്‌ന പരിഹാരമായത്. സമരം നടത്തിവന്നിരുന്ന മുഴുവന്‍ യൂണിയനുകളും സമരം പിന്‍വലിച്ചു. ചര്‍ച്ചക്കുശേഷം പുതിയ തീരുമാനങ്ങളും മന്ത്രി കെബി ഗണേഷ് കുമാര്‍ വിശദീകരിച്ചു. ടെസ്റ്റ് വാഹനങ്ങളുടെ പഴക്കം 15 വര്‍ഷത്തില്‍ നിന്ന് 18 വര്‍ഷമാക്കി ഉയര്‍ത്താന്‍ തീരുമാനിച്ചതായി മന്ത്രി പറഞ്ഞു.

ചര്‍ച്ച പോസിറ്റീവായിരുന്നു. ഡ്രൈവിംഗ് പരിഷ്‌കരണ സര്‍ക്കുലര്‍ പിന്‍വലിക്കില്ല. എന്നാല്‍, സര്‍ക്കുലറില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തും. രണ്ട് ക്ലച്ചും ബ്രേക്കുമുള്ള വാഹനങ്ങള്‍ ഉപയോഗിക്കാം. മറ്റൊരു സംവിധാനം ഒരുക്കുന്നതുവരെയായിരിക്കും ഈ ഇളവുകള്‍. ക്വാളിറ്റിയുള്ള ലൈസന്‍സ് ഉറപ്പാക്കുകയാണ് ലക്ഷ്യം. ടെസ്റ്റ് വാഹനങ്ങളിലെ ക്യാമറ മോട്ടോര്‍ വാഹന വകുപ്പ് വെക്കും.

പ്രതിദിന ടെസ്റ്റുകളുടെ എണ്ണത്തിലും മാറ്റും വരുത്തി. ഒരു എംവിഐ മാത്രമുള്ള സ്ഥലത്ത് പ്രതിദിനം 40 ടെസ്റ്റുകളും രണ്ട് എംവിഐമാരുള്ള സ്ഥലത്ത് 80 ടെസ്റ്റുകളും പ്രതിദിനം നടത്തും. ഡ്രൈവിംഗ് സ്‌കൂള്‍ പരിശീലന ഫീസ് ഏകോപിപ്പിക്കാനും തീരുമാനിച്ചു. ഇത് പഠിക്കാന്‍ പുതിയ കമ്മീഷനെ നിയോഗിക്കും. പഴയതുപോലെ ആദ്യം എച്ച് ടെസ്റ്റും അതിനുശേഷം റോഡ് ടെസ്റ്റും നടത്തും. കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്‌കൂളുകള്‍ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

എച്ച് ടെസ്റ്റിന് പകരമുള്ള മാതൃകകള്‍ പരിശോധിക്കും. പുതിയ മാതൃക കണ്ടെത്തും. ലൈസന്‍സ് അപേക്ഷ കെട്ടികിടക്കുന്ന ആര്‍ടിഒകള്‍ പരിശോധിച്ച് വേണ്ട നടപടിയുണ്ടാകും. ഈ സ്ഥലങ്ങളില്‍ വേഗം ടെസ്റ്റുകള്‍ നടത്താന്‍ ക്രമീകരണം നടത്തും. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇന്ന് ശമ്പളം കൊടുത്തുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അടക്കാത്തോട് ടൗണില്‍ 18 ന് ജനകീയ ശുചീകരണ യജ്ഞം നടത്തും

കേളകം:മഴക്കാല രോഗങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി കേളകം ഗ്രാമ പഞ്ചായത്തിന്റെ നേതൃത്യത്തില്‍ അടക്കാത്തോട് ടൗണില്‍ 18 ന് ജനകീയ ശുചീകരണ യജ്ഞം നടത്തും. ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍
ജനപ്രതിനിധികളുടെയും രാഷ്ട്രീയ സാമൂഹ്യ സേവന രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവരുടെയും, വിവിധ സംഘടനാ പ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം അടക്കാത്തോട് വ്യാപാര ഭവന്‍ ഹാളില്‍ നടത്തി.പഞ്ചായത്ത് പ്രസിഡണ്ട് സി.ടി.അനീഷ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് തങ്കമ്മ മേലെക്കുറ്റ്, മെമ്പര്‍ ബിനു മാനുവല്‍, ഷാന്റി സജി,വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സിക്രട്ടറി വി.ഐ. സൈദ് കുട്ടി, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ ജോര്‍ജ്കുട്ടി കുപ്പക്കാട്ട്, കട്ടക്കല്‍ സോണി,
തുടങ്ങിയവര്‍ പങ്കെടുത്തു.

പെരുമ്പാമ്പിനെ പിടികൂടി

കേളകം:പെരുമ്പാമ്പിനെ പിടികൂടി.കേളകം പെരുന്താനത്തെ ചെറുക്കപറമ്പില്‍ മണിയുടെ വീടിന് സമീപത്ത് നിന്നാണ് പാമ്പിനെ പിടികൂടിയത്.ഫോറസ്റ്റ് താല്കാലിക വാച്ചറും മാര്‍ക്ക് പ്രവര്‍ത്തകനുമായ ഫൈസല്‍ വിളക്കോട് ആണ് പാമ്പിനെ പിടികൂടിയത്.

ഡെങ്കിപ്പനി മുമ്പ് വന്നവരും വരാത്തവരും ഒരുപോലെ ശ്രദ്ധിക്കണം;ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

ഇടവിട്ടുള്ള മഴ ഡെങ്കിപ്പനി വ്യാപനത്തിന് കാരണമാകുന്നതിനാല്‍ ഊര്‍ജിത പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. വിവിധ വകുപ്പുകള്‍ തമ്മില്‍ ഏകോപിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഇതില്‍ പ്രധാന പങ്ക് വഹിക്കാനാകും. പൊതുജന പങ്കാളിത്തത്തോടെ മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. വ്യക്തികള്‍ക്ക് സ്വന്തം നിലയിലും സമൂഹത്തിനും ഡെങ്കിപ്പനി പകരുന്നത് തടയുന്നതില്‍ പ്രധാന പങ്കുവഹിക്കാനാകും. വീടിനും സ്ഥാപനത്തിനും അകത്തും പുറത്തും അല്‍പം പോലും വെള്ളം കെട്ടി നിര്‍ത്താതെ നോക്കുകയാണ് പ്രധാനം. വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കൊതുക് വളരാന്‍ സാധ്യതയുള്ള ഇടങ്ങള്‍ കണ്ടെത്തി അതിനുള്ള സാധ്യത ഇല്ലാതെയാക്കണം. ഡെങ്കിപ്പനി വന്നവരും അല്ലാത്തവരും ഒരുപോലെ മുന്‍കരുതലുകളെടുക്കണം. ഒരു തവണ രോഗം ബാധിച്ചവര്‍ക്ക് വീണ്ടും രോഗം വന്നാല്‍ ഗുരുതരമാകാന്‍ സാധ്യതയുള്ളതിനാല്‍ വളരെ ശ്രദ്ധിക്കണം. നീണ്ടു നില്‍ക്കുന്ന പനിയാണെങ്കില്‍ എത്രയും വേഗം വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.

മേയ് 16നാണ് ഈ വര്‍ഷത്തെ ദേശീയ ഡെങ്കിപ്പനി ദിനം. ‘സാമൂഹ്യ പങ്കാളിത്തതോടെ ഡെങ്കിപ്പനിയെ നിയന്ത്രിക്കാം’ എന്നതാണ് ഈ വര്‍ഷത്തെ ദേശീയ ഡെങ്കിപ്പനി ദിനാചരണ സന്ദേശം. ഡെങ്കിപ്പനി പ്രതിരോധത്തിലും നിയന്ത്രണത്തിലും സമൂഹത്തിന് പ്രധാന പങ്ക് വഹിക്കാനാകും. സംസ്ഥാനതല ദിനാചരണത്തിന്റെ ഭാഗമായി തിരുവനന്തപുരത്ത് ഡെങ്കിപ്പനി ഉള്‍പ്പെടെയുള്ള കൊതുകുജന്യ രോഗങ്ങളുടെയും മറ്റ് പകര്‍ച്ചവ്യാധികളുടെയും പ്രതിരോധ, നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി വിവിധ വകുപ്പുകളുടെ പ്രാതിനിധ്യത്തോടെ യോഗം സംഘടിപ്പിക്കുന്നു. മഴക്കാല രോഗങ്ങളുടെ പ്രതിരോധത്തിനും നിയന്ത്രണത്തിനും വിവിധ വകുപ്പുകളുടെ ഒരുമിച്ചുള്ള പ്രവര്‍ത്തനം അനിവാര്യമായതിനാലാണ് ഇത്തരമൊരു യോഗം സംഘടിപ്പിക്കുന്നത്.

കാലവര്‍ഷം മെയ് 19 ഓടു കൂടി എത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കാലവര്‍ഷം മെയ് 19 ഓടു കൂടി തെക്കന്‍ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, തെക്കന്‍ ആന്‍ഡമാന്‍ കടല്‍ നിക്കോബര്‍ ദ്വീപ് എന്നിവിടങ്ങളില്‍ എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.

തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിനും ശ്രീലങ്കക്കും മുകളിലായി ചക്രവാതചുഴി നിലനില്‍ക്കുന്നു. ചക്രവാതചുഴിയില്‍ നിന്നും ലക്ഷദ്വീപിലേക്ക് ന്യുന മര്‍ദ്ദ പാത്തി നിലനില്‍ക്കുന്നു.

തെക്കന്‍ കര്‍ണാടകക്ക് മുകളില്‍ നിന്ന് വിദര്‍ഭയിലേക്ക് മറ്റൊരു ന്യുനമര്‍ദ്ദപാത്തിയും രൂപപെട്ടിട്ടുണ്ട്.

ഇതിന്റെ ഫലമായി കേരളത്തില്‍ അടുത്ത 7 ദിവസം ഇടി / മിന്നല്‍ / കാറ്റോടു കൂടിയ മിതമായ / ഇടത്തരം മഴക്ക് സാധ്യത.

ഒറ്റപെട്ട സ്ഥലങ്ങളില്‍ മെയ് 19 ന് അതി ശക്തമായ മഴക്കും, മെയ് 15 മുതല്‍ 19 വരെ ഒറ്റപെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

കെഎസ്ആര്‍ടിസി ബസില്‍ ലഘുഭക്ഷണം നല്‍കും;പ്രൊപ്പോസല്‍ ക്ഷണിച്ചു

ബസ് യാത്രകളില്‍ ലഘുഭക്ഷണം നല്‍കിക്കൊണ്ട് യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട യാത്രാസൗകര്യം ഒരുക്കുന്നതിനുള്ള സംരംഭം ആരംഭിക്കുന്നുവെന്ന് കെഎസ്ആര്‍ടിസി. ലഘുഭക്ഷണം ഉള്‍പ്പെടെ ഷെല്‍ഫുകളും വെന്‍ഡിങ് മെഷീനുകളും സ്ഥാപിച്ച് വിതരണം ചെയ്യുന്നതിനായി താല്പര്യമുള്ളവരില്‍ നിന്നും നിര്‍ദേശങ്ങള്‍ ക്ഷണിക്കുന്നുവെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.

ബസ് യാത്രകള്‍ക്ക് അനുയോജ്യമായ ലഘുഭക്ഷണങ്ങള്‍ നല്‍കണം. ലഘുഭക്ഷണങ്ങള്‍ പാക്ക് ചെയ്തതും ബസ് പരിതസ്ഥിതിയില്‍ എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതുമായിരിക്കണം. നിര്‍ദ്ദിഷ്ട ഗുണനിലവാരവും ശുചിത്വവും പാലിക്കുന്നതായിരിക്കണം. ബസ്സുകള്‍ക്കുള്ളില്‍ ഷെല്‍ഫ്/ വെന്‍ഡിങ് മെഷീന്‍ സ്ഥാപിക്കുന്നതിനുള്ള സ്ഥല സൗകര്യം കെഎസ്ആര്‍ടിസി നല്‍കും. പദ്ധതി നടത്തിപ്പിനെ സംബന്ധിച്ച അന്തിമ തീരുമാനം കെഎസ്ആര്‍ടിസി ചെയര്‍മാന്‍ & മാനേജിങ് ഡയറക്ടറില്‍ നിക്ഷിപ്തമായിരിക്കുമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.

പ്രൊപ്പോസലുകള്‍ മുദ്രവച്ച കവറില്‍ തിരുവനന്തപുരത്തെ കെഎസ്ആര്‍ടിസി ആസ്ഥാനമായ ട്രാന്‍സ്‌പോര്‍ട്ട് ഭവനിലെ ഗ്രൗണ്ട് ഫ്‌ലോറിലെ തപാല്‍ സെക്ഷനില്‍ നേരിട്ടെത്തിക്കണമെന്നാണ് നിര്‍ദേശം. ഓരോ പ്രൊപ്പോസലും ‘ലഘുഭക്ഷണ വിതരണത്തിനുള്ള നിര്‍ദ്ദേശം – കെഎസ്ആര്‍ടിസി ബസ്സുകളില്‍’ എന്ന് വ്യക്തമായി അടയാളപ്പെടുത്തി മെയ് 24ന് 5 മണിക്ക് മുന്‍പ് സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കുമായി estate@kerala.gov.in എന്ന ഇ- മെയിലിലോ 9188619384 (എസ്റ്റേറ്റ് ഓഫീസര്‍ ) എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടാമെന്നും കെഎസ്ആര്‍ടിസി അറിയിച്ചു.

പത്തനംതിട്ടയില്‍ 14 വയസുകാരനെ കാണാതായി; സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നുവെന്ന് മാതാപിതാക്കള്‍ക്ക് കുറിപ്പ്

മല്ലപ്പള്ളിയില്‍ നിന്നും 14 വയസുകാരനെ കാണാതായി. മല്ലപ്പള്ളി മഞ്ഞത്താനം സ്വദേശി അഭിലാഷിന്റെ മകന്‍ ആദിത്യന്‍ അഭിലാഷിനെയാണ് ഇന്നലെ രാവിലെ മുതല്‍ കാണാതായത്. ട്യൂഷന് പോകുന്നു എന്ന് പറഞ്ഞ് വീട്ടില്‍ നിന്ന് ഇറങ്ങിയ കുട്ടി പിന്നീട് തിരികെ എത്തിയില്ല.

കുട്ടിയുടെ സൈക്കിള്‍ മല്ലപ്പള്ളി ബസ്റ്റാന്‍ഡിന് സമീപത്തു നിന്നും കണ്ടെടുത്തു. താന്‍ സിനിമയില്‍ അഭിനയിക്കാന്‍ പോകുന്നു എന്നും അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം മടങ്ങിയെത്തുമെന്നും വീട്ടില്‍ കത്തെഴുതി വെച്ച ശേഷമാണ് കുട്ടി പോയത്. ജോലി ചെയ്ത് പണമുണ്ടാക്കണം. എന്നിട്ട് മാതാപിതാക്കള്‍ക്ക് പണം നല്‍കുമെന്നും കത്തില്‍ പറയുന്നു. അഭിനയവും എഴുത്തുമാണ് തന്റെ ഹോബി. അഞ്ച് വര്‍ഷം കഴിഞ്ഞ് ടിവിയില്‍ കാണാമെന്നും കുറിപ്പിലുണ്ട്. കീഴ്‌വായ്പൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

സംസ്ഥാനത്ത് ശക്തമായ വേനല്‍ മഴക്ക് സാധ്യത

സംസ്ഥാനത്ത് ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് യല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. 64.5 മീറ്റര്‍ മുതല്‍ 115.5 മീറ്റര്‍ വരെ മഴ ലഭിച്ചേക്കും. ശക്തമായ മഴ മുന്നറിയിപ്പ് ഉള്ള സാഹചര്യത്തില്‍ അധികൃതരുടെ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത ഒരാഴ്ച മഴ തുടരാനാണ് സാധ്യത. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. കടല്‍ക്രമണത്തിന് സാധ്യത ഉള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കാസര്‍ഗോഡ് വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന എട്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച

കാസര്‍ഗോഡ് വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന എട്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി കവര്‍ച്ച.പുലര്‍ച്ചെ രണ്ടരയോടെ പടന്നക്കാട് ഒഴിഞ്ഞവളപ്പിലാണ് സംഭവം. കുട്ടിയുടെ കാതിലുണ്ടായിരുന്ന സ്വര്‍ണക്കമ്മല്‍ മോഷണം പോയി.

മുത്തശന്‍ പശുവിനെ കറക്കാന്‍ പോയപ്പോഴാണ് തട്ടിക്കൊണ്ടുപോയത്. അടുക്കള ഭാഗത്തെ കതക് തുറന്ന് കുട്ടിയെ കൊണ്ടുപോവുകയായിരുന്നു. നാട്ടുകാരുടെ തിരച്ചിലില്‍ കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി . കണ്ണിനും കഴുത്തിനും പരുക്കേറ്റ കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയില്‍ പ്രവേശിപ്പിച്ചു.