Hivision Channel

latest news

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകവില വില കുറഞ്ഞു

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചക വാതകവില വില കുറഞ്ഞു. സിലിണ്ടറിന് 42 രൂപ വീതമാണ് കുറഞ്ഞിരിക്കുന്നത്. ഗാര്‍ഹിക സിലിണ്ടറിന്റെ വില മാറ്റമില്ലാതെ തുടരുകയാണ്.

ഹോട്ടല്‍ നടത്തിപ്പുകാര്‍ക്ക് ഏറെ സന്തോഷം നല്‍കുന്ന പ്രഖ്യാപനമാണ് പുറത്തുവന്നിരിക്കുന്നത്. 19 കിലോയുള്ള വാണിജ്യ സിലിണ്ടറിന് കൊച്ചിയില്‍ 1769 രൂപയാണ് നല്‍കേണ്ടി വരിക. വിവിധ നഗരങ്ങളില്‍ ഈ വിലയില്‍ നേരിയ വ്യത്യാസമുണ്ടാകും. രാജ്യാന്തരതലത്തില്‍ എല്‍പിജി വിലയില്‍ വന്നമാറ്റമാണ് ഇവിടെയും പ്രതിഫലിച്ചിരിക്കുന്നത്.

ഇടിമിന്നലോടുകൂടിയ മഴക്കും കാറ്റിനും സാധ്യത

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ വേനല്‍ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രില്‍ 3ന് പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. 4 ന് എറണാകുളം, തൃശൂര്‍ ജില്ലകളിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

ഇന്നും നാളെയും കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും ജാഗ്രത പുലര്‍ത്തണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മുടി മുറിച്ച് പ്രതിഷേധിച്ച് ആശാ വര്‍ക്കര്‍മാര്‍

സെക്രട്ടറിയേറ്റിന് മുന്നിലെ അനിശ്ചിതകാല രാപ്പകല്‍ സമരം കടുപ്പിച്ച് ആശാ വര്‍ക്കേഴ്‌സ്. മുടി മുറിച്ചാണ് ആശമാരുടെ സമരം. സമര വേദിക്ക് മുന്നില്‍ മുടി അഴിച്ചു പ്രകടനം നടത്തിയ ശേഷമാണ് മുടി മുറിച്ച് പ്രതിഷേധിച്ചത്. സര്‍ക്കാരിനെതിരെ മുദ്രവാക്യം വിളിച്ചാണ് ആശമാര്‍ മുടി മുറിച്ച് പ്രതിഷേധിച്ച്ത്. ഒരാള്‍ തലമുണ്ഡനം ചെയ്തു. സമരം അമ്പതാം ദിനത്തിലേക്ക് കടന്നതോടെയാണ് സമരമാര്‍ഗം ആശമാര്‍ കടുപ്പിച്ചത്.

കഴിഞ്ഞ മാസം 10ന് ആണ് കേരള ആശാ ഹെല്‍ത്ത് വര്‍ക്കേഴ്‌സ് അസോസിയേഷന്‍ സമരം ആരംഭിച്ചത്. ഓണറേറിയം 21000 ആക്കുക, വിരമിക്കല്‍ ആനുകൂല്യമായി അഞ്ച് ലക്ഷം രൂപ നല്‍കുക, ഇന്‍സെന്‍ടീവിലെ വ്യവസ്ഥകള്‍ ഒഴിവാക്കുക തുടങ്ങിയതായിരുന്നു ആവശ്യങ്ങള്‍.

67, 000 കടന്ന് സ്വര്‍ണ്ണവില

റെക്കോര്‍ഡുകള്‍ കടന്ന് കുതിച്ച് സ്വര്‍ണവില. ചരിത്രത്തില്‍ ഇന്ന് ആദ്യമായി സ്വര്‍ണവില 67000 കടന്നു. 520 രൂപയാണ് ഇന്ന് ഒറ്റയടിക്ക് വര്‍ധിച്ചത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണിവില 67400 രൂപയാണ്.

കഴിഞ്ഞ അഞ്ച് ദിവസംകൊണ്ട് 1920 രൂപയാണ് സ്വര്‍ണത്തിന് വര്‍ധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 8425 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 6910 രൂപയാണ്.

ചെറിയ പെരുന്നാള്‍ ദിനം ഒരുമയുടെ ആഘോഷമായി മാറട്ടെ ; ആശംസകളുമായി മുഖ്യമന്ത്രി

ചെറിയ പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശമുയര്‍ത്തിപ്പിടിച്ച റംസാന്‍ കാലമാണ് കഴിഞ്ഞുപോയതെന്നും മറ്റുള്ളവരുടെ ദുഃഖങ്ങളിലും ക്ലേശങ്ങളിലും സാന്ത്വന സ്പര്‍ശമായി മാറുന്ന ഉന്നതമായ മാനവികതയുടേതാണ് റംസാനെന്നും മുഖ്യമന്ത്രി പറഞ്ഞു.

വേര്‍തിരിവുകളില്ലാതെ ലോകമെമ്പാടുമുള്ളവര്‍ ഈദ് ആഘോഷങ്ങളില്‍ പങ്കുചേരുകയാണ്. പരസ്പര വിശ്വാസത്തിലും സാഹോദര്യത്തിലുമൂന്നിയ സാമൂഹ്യ ബന്ധങ്ങളുടെ തിളക്കമാണ് ഈ ആഘോഷങ്ങളുടെ പ്രധാന സവിശേഷതയെന്ന് കാണാം. വൈവിധ്യങ്ങളുടെ സമ്പന്നതയെ ഭയക്കുന്ന വെറുപ്പിന്റെ രാഷ്ട്രീയം ഇന്ന് ലോകത്തെങ്ങും വര്‍ഗീയതയുടെ വിഷ വിത്തുകള്‍ വിതയ്ക്കുകയാണ്. ആളുകളെ ഭിന്നിപ്പിച്ചും തമ്മിലടിപ്പിച്ചും വില കുറഞ്ഞ രാഷ്ട്രീയ നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന പ്രതിലോമ ശക്തികളെ മനുഷ്യത്വത്തിന്റെയും മൈത്രിയുടെയും കൈകോര്‍ക്കലുകളിലൂടെ ചെറുക്കേണ്ടതുണ്ട്. ഈ ചെറിയ പെരുന്നാള്‍ ദിനം ഒരുമയുടെ വലിയ ആഘോഷമായി മാറട്ടെ. എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ ചെറിയ പെരുന്നാള്‍ ആശംസകള്‍ – മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് ചെറിയ പെരുന്നാള്‍

ഇസ്ലാമത വിശ്വാസികള്‍ക്ക് ഇന്ന് ചെറിയ പെരുന്നാള്‍. ഇത്തവണ നോമ്പ് 29 പൂര്‍ത്തിയാക്കിയാണ് വിശ്വാസികള്‍ ഈദുല്‍ ഫിത്തര്‍ ആഘോഷിക്കുന്നത്. വ്രതത്തിലൂടെ നേടിയ പവിത്രതയും ചൈതന്യവും ജീവിതത്തില്‍ കാത്തു സൂക്ഷിക്കാം എന്ന പ്രതിജ്ഞയോടെയാണ് ഓരോ വിശ്വാസിയും ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്.

ശവ്വാല്‍ മാസപ്പിറ കണ്ടതോടെ പള്ളികളില്‍നിന്ന് തക്ബീര്‍ ധ്വനികള്‍ ഉയര്‍ന്നു. പെരുന്നാള്‍ നമസ്‌കാരത്തിന് മുമ്പ് ഫിത്തര്‍ സക്കാത്ത് വിതരണവും പൂര്‍ത്തിയാക്കി.

ഈദ് ഗാഹുകളിലും പള്ളികളിലും നടന്ന പെരുന്നാള്‍ നിസ്‌കാരത്തിന് നൂറ്കണക്കിനാളുകള്‍ പങ്കെടുത്തു.

കത്രിക കാണിക്കുമ്പോൾ ഖേദംപ്രകടിപ്പിക്കുന്നത് ഉചിതമാണോ?; മോഹൻലാൽ സ്വയം ചിന്തിക്കണമെന്ന് ബിനോയ് വിശ്വം

ആരെങ്കിലും കത്രിക കാണിക്കുമ്പോള്‍ ഖേദം പ്രകടിപ്പിക്കുന്നത് ഉചിതമായോ എന്ന് മോഹന്‍ലാല്‍ സ്വയം ചിന്തിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഇല്ലാത്ത നേരമുണ്ടാക്കി താന്‍ സിനിമ കണ്ടത് കത്രിക വെക്കുംമുന്‍പ് കാണാനുള്ള എന്റെ അവകാശത്തിന്റെ പേരിലാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.

കത്രിക വയ്ക്കും മുന്‍പ് ഒന്ന് കണുക എന്നത് ഒരു സിനിമാ പ്രേമിയുടെ അവകാശമാണ്. അതുകൊണ്ട് വന്നതാണ്. സെന്‍സറിങ് ഒന്ന് കഴിഞ്ഞു. അത് എല്ലായ്‌പോഴും ഉള്ളതാണ്. ഇപ്പോള്‍ രണ്ടാം സെന്‍സറിങ് വരാന്‍ പോകുന്നു. വൊളണ്ടറി സെന്‍സറിങ് എന്താണെന്ന് മനസ്സിലായിട്ടില്ല. എന്തായാലും ചരിത്രവും സത്യവുമൊന്നും ആര്‍ക്കും കത്രികകൊണ്ടോ വാളുകൊണ്ടോ വെട്ടിമാറ്റാന്‍ പറ്റില്ല, അദ്ദേഹം പറഞ്ഞു.

ഈ സിനിമയിലെ പത്തോ പതിനേഴോ സീനുകള്‍ വെട്ടിമാറ്റിയതുകൊണ്ട് ആ സംഭവത്തിന്റെ സത്യങ്ങളൊന്നും മാഞ്ഞുപോകാന്‍ പോകുന്നില്ല. ഗുജറാത്ത് കലാപവും ആ കലാപത്തിന്റെ പുറകിലെ പങ്കാളികളും അവരുടെ രാഷ്ട്രീയത്തിന്റെ നിറവുമെല്ലാം ഇന്ത്യയ്ക്കറിയാം. എംപുരാന്‍ സിനിമയില്‍ അത് തത്കാലം വെട്ടിമാറ്റി, ആ ഭാഗം ഒഴിവാക്കി കാണിച്ചാലും ആ സത്യമൊന്നും മാഞ്ഞുപോകാന്‍ പോകുന്നില്ല. സത്യം ഏത് കത്രികയേക്കാളും വലുതാണ്, അദ്ദേഹം പറഞ്ഞു.

ഒരു വലിയ കലാകാരനെ ഇങ്ങനെയൊരു അവസ്ഥയിലേയ്ക്ക് എത്തിക്കാന്‍ പാടില്ലായിരുന്നു. സംഘപരിവാറിന്റെ സെന്‍സര്‍ ബോര്‍ഡിലെ നോമിനികള്‍ അവരുടെ ദൗത്യം വേണ്ടപോലെ നിറവേറ്റിയില്ല എന്ന് അവര്‍ പറഞ്ഞുകഴിഞ്ഞു. അതിന്റെ അര്‍ഥമെന്താണ്? മോഹന്‍ലാലിനേപ്പോലെ ഒരു വലിയ നടന്‍ ഖേദപ്രകടനം നടത്തേണ്ടിവന്നെങ്കില്‍ നമ്മുടെ സിനിമാലോകം ബിജെപി ഭരണത്തിന് കീഴില്‍ എത്തിപ്പെട്ടിരിക്കുന്ന അവസ്ഥയുടെ തെളിവാണത്. അത് വളരെ ഖേദകരമായ സ്ഥിതിയാണ്. കലാകാരന്‍മാര്‍ക്ക് ഇതുപോലെ മാപ്പിരക്കേണ്ട അവസ്ഥയുണ്ടാകുന്നതും ഖേദിക്കേണ്ട അവസ്ഥയുണ്ടാകുന്നതും ക്ഷമാപണം ചെയ്യേണ്ട അവസ്ഥയുണ്ടാകുന്നതും ബിജെപി രാഷ്ട്രീയത്തിന്റെ ഭീകരതയാണ്. ആരെങ്കിലും കത്രിക കാണിച്ചപ്പോള്‍, ആരെങ്കിലും വാളെടുത്തപ്പോള്‍ ഖേദിച്ച് രംഗത്തുവന്നത് ഉചിതമായോ എന്ന് അദ്ദേഹം സ്വയം ചിന്തിക്കണം, ബിനോയ് വിശ്വം പറഞ്ഞു.

ലഹരിയുടെ വേരറുക്കണം, കുട്ടികളുടെ സമ്മർദം കുറയ്ക്കാൻ സ്കൂളിൽ സുംബാ ഡാൻസ് പോലുള്ള വിനോദങ്ങൾ വേണം: മുഖ്യമന്ത്രി

ലഹരി മാഫിയക്ക് എതിരെ മാത്രമല്ല കുട്ടികളെ അതിക്രമങ്ങളിലേക്ക് തള്ളിവിടുന്ന സാമൂഹിക സാഹചര്യങ്ങൾക്കെതിരെയും ജാഗ്രത വേണമെന്ന് ഓര്‍മ്മിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. മനുഷ്യ രൂപം മാത്രമുള്ള ജീവികളായി കുട്ടികൾ മാറുന്നത് ഒഴിവാക്കണം. മാറിയ കാലത്തിന് അനുസരിച്ച് പാഠ്യപദ്ധതി പരിഷ്കരണത്തിന് ഒപ്പം കുട്ടികളിലെ സമ്മര്‍ദ്ദം കുറക്കാൻ സ്കൂളിലെ അവസാന അര മണിക്കൂര്‍ സുംബാ ഡാൻസ് അടക്കം കായിക വിനോദങ്ങൾക്ക് മാറ്റിവക്കണമെന്നും മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. സമഗ്ര മേഖലയിലും ലഹരി മാഫിയ പിടിമുറുക്കി. ലഹരിക്കെതിരെ കര്‍ശന നടപടി എടുക്കുകയും ശിക്ഷ ഉറപ്പാക്കുകയും ചെയ്യുന്ന സംസ്ഥാനങ്ങളിൽ കേരളം മുന്നിലാണ്. ഇങ്ങനെയൊക്കെ ആണെങ്കിലും കുട്ടികളടങ്ങുന്ന വലിയ വിഭാഗം അതിക്രമങ്ങളിലേക്കും ലഹരിയിലേക്കും തിരിയുന്നത് സാമൂഹിക സാഹചര്യങ്ങൾകൊണ്ട് കൂടിയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞ് വച്ചത്. കാലം മാറിയതിന് അനുസരിച്ച് പാഠ്യപദ്ധതിയിലെ മാറ്റത്തിൽ തുടങ്ങി രക്ഷിതാക്കളുടേയും അധ്യാപകരുടേയും ഇടപെടലുകളിലുണ്ടാകേണ്ട മാറ്റം വരെ പ്രതിപാദിച്ചായിരുന്നു പ്രസംഗം. “കുട്ടികൾ മുറിയിൽ ഒറ്റപ്പെട്ട് പോകുന്ന സാഹചര്യമാണ്. ഇത് കുട്ടികളുടെ മനസിനെ സ്വാധീനിക്കും. മയക്കുമരുന്ന് ഏജന്‍റുമാർ കുട്ടികളെ ബന്ധപ്പെടാൻ ശ്രമിക്കുന്നു. കുട്ടികളെ നാശത്തിലേക്ക് തള്ളി വിടുന്ന അപകടകാരികളായി മയക്കുമരുന്ന് ഏജന്‍റുമാർ മാറുകയാണ്. പല കുടുംബങ്ങളും ഇതിന്റെ പ്രയാസം അനുഭവിക്കുകയാണ്. മനുഷ്യ രൂപം മാത്രമുള്ള ജീവിയായി കുട്ടി മാറുന്നു. വയലൻസിന്‍റെ സ്വാധീനം കുട്ടികളിൽ കൂടുന്നു. അഭിപ്രായങ്ങളുടെയും നിർദേശങ്ങളുടെയും അടിസ്ഥാനത്തിൽ സമഗ്രമായ ഒരു പദ്ധതി പല തലത്തിൽ ആവിഷ്കരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്”- മുഖ്യമന്ത്രി പറയുന്നു.

അതേസമയം കുട്ടികൾ സമപ്രായക്കാരുമായി കൂട്ടുകൂടുന്നതിന് മാതാപിതാക്കൾ തടസം നിൽക്കരുതെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. നല്ല രീതിയിൽ കൂട്ട് കൂടണം. അക്രമം പ്രോത്സാഹിപ്പിക്കുന്ന റീലുകൾ, സിനിമകൾ, സംഭാഷണങ്ങൾ എന്നിവയിൽ നിന്ന് കുട്ടികളെ അകറ്റി നിർത്തണം. അറിവ് പകർന്നു കിട്ടുന്ന സൈറ്റുകളിലേക്കാണ് കുട്ടികൾ കടന്നു ചെല്ലുന്നത് എന്ന് ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു.

സമൂഹത്തിന്‍റെ വിവിധ മേഖലകളിൽ നിന്നുള്ളവരുടെ പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുക്കുന്നത്. ഉയരുന്ന അഭിപ്രായങ്ങൾ ക്രോഡീകരിച്ച് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉള്ള സമിതി സമഗ്രമായ കര്‍മ്മ പദ്ധതി ഒരുക്കും. ലഹരി രക്ഷാ ബോധവത്കരണ പരിപാടികൾ അതിനുസരിച്ചാകും സര്‍ക്കാര്‍ ചിട്ടപ്പെടുത്തുക.

കാസർകോട് സ്കൂട്ടറിൽ ടാങ്കർ ലോറിയിടിച്ച് പൊലീസ് ഉദ്യോ​ഗസ്ഥന് ദാരുണാന്ത്യം

കാസര്‍കോട് പടന്നക്കാട് വാഹനാപകടത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലെ സിപിഒ കരിവെള്ളൂര്‍ സ്വദേശി വിനീഷ് ആണ് മരിച്ചത്. ഇദ്ദേഹം സഞ്ചരിച്ച സ്കൂട്ടറില്‍ ടാങ്കര്‍ ലോറി ഇടിച്ചാണ് അപകടം. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.  

നാദാപുരത്ത് പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷക്കിടെ ഉണ്ടായ ആൾമാറാട്ടം: തുടർനടപടിക്കൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്

കോഴിക്കോട് നാദാപുരത്ത് പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷക്കിടെ ഉണ്ടായ ആൾമാറാട്ടം അന്വേഷിക്കുമെന്ന് വിദ്യാഭ്യാസവകുപ്പ്. പരീക്ഷയെഴുതേണ്ട വിദ്യാർത്ഥിക്കെതിരെ ജുവനൈൽ ജസ്റ്റീസ് ബോർഡിന് റിപ്പോർട്ട് നൽകും. ആൾമാറാട്ടത്തിൽ വിദ്യാഭ്യാസ വകുപ്പും അന്വേഷണം നടത്തുന്നുണ്ട്. കടമേരിയിലെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിലെ വിദ്യാർത്ഥികളാണ് ഇരുവരും. പ്ലസ് വൺ വിദ്യാർത്ഥിക്ക് പകരം ബിരുദ വിദ്യാർത്ഥിയായ ഇസ്മയിൽ എത്തി പരീക്ഷയെഴുതുകയായിരുന്നു. പരീ​ക്ഷ നടക്കുന്നതിനിടെ ഇൻവിജിലേറ്റർക്ക് സംശയം തോന്നി നടത്തിയ പരിശോധനയിലാണ് ആൾമാറാട്ടം വ്യക്തമായത്. ആൾമാറാട്ടം നടത്തിയ ഇസ്മയിലിലെ പൊലീസ് ഇന്നലെ തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ റിമാൻഡ് ചെയ്തിരിക്കുകയാണ്. ഇപ്പോൾ പരീക്ഷയെഴുതേണ്ട വിദ്യാർത്ഥിക്ക് നേരെയും അന്വേഷണം നടത്താൻ പൊലീസ് ഒരുങ്ങുകയാണ്. ജൂവനൈൽ ജസ്റ്റീസ് ബോർഡിനാണ് റിപ്പോർട്ട് നൽകുക. വിദ്യാർത്ഥിക്കെതിരെ വിദ്യാഭ്യാസവകുപ്പും അന്വേഷണം നടത്തും. ആൾമാറാട്ടത്തിൽ വിദ്യാഭ്യാസ സ്ഥാപനത്തിന് പങ്കുണ്ടോ എന്ന കാര്യവും അന്വേഷിക്കും. വിദ്യാർത്ഥിയുടെ പ്ലസ് വൺ രജിസ്‌ട്രേഷൻ റദ്ദാക്കാനും സാധ്യതയുണ്ട്. പരീക്ഷ എഴുതേണ്ട വിദ്യാർത്ഥിയും ആൾമാറാട്ടം നടത്തിയ ആളും താമസിക്കുന്നത് ഒരേ ഹോസ്റ്റലിലാണ്. ഇരുവരും പഠിക്കുന്നതും ഒരേ സ്ഥാപനത്തിലാണ്.