Hivision Channel

latest news

കേരള കലാമണ്ഡലം ഭരതനാട്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായി ആര്‍ എല്‍ വി രാമകൃഷ്ണന്‍

ചരിത്ര തീരുമാനവുമായി കേരള കലാമണ്ഡലം. കലാഭവന്‍ മണിയുടെ സഹോദരന്‍ ആര്‍ എല്‍ വി രാമകൃഷ്ണന്‍ അസിസ്റ്റന്റ് പ്രൊഫസറായി ഇന്ന് കലാമണ്ഡലത്തില്‍ ജോലിയില്‍ പ്രവേശിക്കും. ഭരതനാട്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായാണ് നിയമനം. നൃത്ത അധ്യാപനത്തിനായി പുരുഷനെ നിയമിക്കുന്നത് ചരിത്രത്തിലാദ്യമാണ്.

കലാമണ്ഡലം നടത്തിയ അഭിമുഖത്തിലടക്കം മികച്ച പ്രകടനം കാഴ്ച വച്ചാണ് ആര്‍ എല്‍ വി രാമകൃഷ്ണന്‍ ജോലി നേടിയത്. പുരുഷന്‍മാര്‍ മോഹിനിയാട്ടം അവതരിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ആര്‍ എല്‍ വി രാമകൃഷ്ണനെതിരെ നര്‍ത്തകി സത്യഭാമ വിമര്‍ശനമുന്നയിച്ചത് വന്‍ വിവാദമായിരുന്നു. അപ്പോഴും നൃത്തത്തെ ചേര്‍ത്ത് പിടിക്കുന്ന നിലപാടായിരുന്നു രാമകൃഷ്ണന്‍ സ്വീകരിച്ചിരുന്നത്.

കോടതികളില്‍ പുരുഷന്മാര്‍ക്കും, സ്ത്രീകള്‍ക്കും, ഭിന്നശേഷിക്കാര്‍ക്കും, ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും പ്രത്യേക ടോയ്ലറ്റുകള്‍ വേണം;സുപ്രീംകോടതി

എല്ലാ കോടതികളിലും പുരുഷന്മാര്‍ക്കും, സ്ത്രീകള്‍ക്കും, ഭിന്നശേഷിക്കാര്‍ക്കും, ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും പ്രത്യേക ടോയ്‌ലറ്റ് സൗകര്യം ഉറപ്പാക്കണമെന്ന് സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഹൈക്കോടതികള്‍ക്കും സുപ്രീംകോടതിയുടെ നിര്‍ദ്ദേശം. ശൗചാലയങ്ങള്‍, വിശ്രമമുറികള്‍ എന്നിവ കേവലം സൗകര്യങ്ങള്‍ക്കായി മാത്രമല്ലെന്നും, മനുഷ്യവകാശത്തിന്റെ ഭാഗമാണെന്നും പറഞ്ഞ കോടതി, ഇവയുടെ അപര്യാപ്തത നീതിന്യായ വ്യവസ്ഥയുടെ പിഴവിനെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.

അസമില്‍ നിന്നുള്ള അഭിഭാഷകന്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജിയിലാണ് ബുധനാഴ്ച കോടതി വിധി പറഞ്ഞത്. പൊതുജനാരോഗ്യം പ്രധാനമാണെന്നും ടോയ്‌ലറ്റ് സൗകര്യം ലഭ്യമാക്കുന്നതിലൂടെ സ്വകാര്യത സംരക്ഷിക്കപ്പെടുകയും , സ്ത്രീകള്‍ക്കും ട്രാന്‍സ്ജെന്‍ഡറുകള്‍ക്കും എതിരെയുള്ള ഭീഷണി ഇല്ലാതാക്കാന്‍ സാധിക്കുമെന്നും ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, ആര്‍ മഹാദേവന്‍ എന്നിവരുടെ ബെഞ്ച് പറഞ്ഞു.

ശൗചാലയ നിര്‍മ്മാണത്തിനും പരിപാലനത്തിനും സംസ്ഥാന സര്‍ക്കാരുകള്‍ ഫണ്ട് അനുവദിക്കണം. പദ്ധതി ആവിഷ്‌ക്കരിക്കുന്നതിനും അത് നടപ്പിലാക്കി എന്ന് ഉറപ്പുവരുത്താനായി കമ്മിറ്റി രൂപീകരിക്കുന്നതിന് ഓരോ ഹൈകോടതികള്‍ക്കും സുപ്രീം കോടതി ആറാഴ്ച സമയം നല്‍കിയിട്ടുണ്ട്. ഹൈക്കോടതി ചീഫ് ജസ്റ്റിസ് നാമനിര്‍ദ്ദേശം ചെയ്യുന്ന ഒരു ജഡ്ജിയായിരിക്കും പാനലിന്റെ അധ്യക്ഷന്‍.നാല് മാസത്തിനകം ഹൈക്കോടതികളില്‍ നിന്ന് റിപ്പോര്‍ട്ട് നല്‍കാനും സുപ്രീം കോടതി ആവശ്യപ്പെട്ടു.

വിവാഹാഘോഷത്തിനിടെ ഉഗ്രശേഷിയുളള പടക്കം പൊട്ടിച്ചു, കണ്ണൂരില്‍ കൈക്കുഞ്ഞ് ഗുരുതരാവസ്ഥയില്‍

വിവാഹ ആഘോഷത്തിനിടെ ഉഗ്രശേഷിയുള്ള പടക്കം പൊട്ടിച്ച ശബ്ദം കേട്ട് കുഞ്ഞിന് ഗുരുതര ആരോഗ്യ പ്രശ്‌നം. കണ്ണൂര്‍ തൃപ്പങ്ങോട്ടൂരിലാണ് സംഭവം. 22 മാസം പ്രായമുള്ള കുഞ്ഞ് കണ്ണൂര്‍ ആശുപത്രിയില്‍ ചികിത്സയില്‍.

ഞായറാഴ്ച രാത്രി 10 മണിയോടെയാണ് ആദ്യ സംഭവമുണ്ടായത്. വന്‍ പൊട്ടിത്തെറിയാണുണ്ടായത്. പെട്ടന്നുണ്ടായ ശബ്ദത്തെ തുടര്‍ന്ന് കുഞ്ഞ് വായയും കണ്ണ് തുറന്ന നിലയിലായി. അല്‍പ്പസമയം കഴിഞ്ഞാണ് സ്വാഭാവിക നിലയിലേക്ക് എത്തിയത്. തിങ്കളാഴ്ചയായിരുന്നു കല്യാണം. അന്ന് വൈകിട്ടും സമാനമായ രീതിയില്‍ വലിയ പടക്കം പൊട്ടിച്ചു

അപസ്മാരമുള്‍പ്പെടെയുണ്ടായതിനെ തുടര്‍ന്ന് തൃപ്പങ്ങോട്ടൂര്‍ സ്വദേശികളായ അഷ്‌റഫ്- റഫാന ദമ്പതികളുടെ കുഞ്ഞ് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഞായറാഴ്ചയും തിങ്കളാഴ്ചയുമായി സമീപത്തെ വീട്ടില്‍ നടന്ന വിവാഹാഘോഷത്തിനിടെയാണ് ഉഗ്രശേഷിയുളള പടക്കങ്ങള്‍ ഉപയോഗിച്ചത്.

ഗോപന്‍ സ്വാമിയുടെ സമാധി വിവാദം; വിഷം ഉള്ളില്‍ ചെന്നിട്ടുണ്ടോ? ദുരൂഹത നീക്കാന്‍ പോസ്റ്റ്‌മോര്‍ട്ടത്തില്‍ ത്രിതല പരിശോധന

നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ പോസ്റ്റുമോര്‍ട്ടം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നടക്കും. പോസ്റ്റുമോര്‍ട്ടത്തില്‍ മൂന്നു തലത്തിലുള്ള പരിശോധനയെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. വിഷം ഉള്ളില്‍ ചെന്നിട്ടുണ്ടോ എന്നതടക്കം പരിശോധിക്കും. വിഷാശം കണ്ടത്താനായി ആന്തരിക അവയവങ്ങളുടെ സാമ്പിള്‍ ശേഖരിക്കും. പരിക്കേറ്റാണോ സ്വഭാവിക മരണം ആണോയെന്നും കണ്ടെത്താന്‍ ശ്രമം.

ഈ പരിശോധനയുടെ ഫലം വരാന്‍ ഒരാഴ്ച എങ്കിലും എടുക്കും. പരിക്കുകള്‍ ഉണ്ടോ എന്ന് കണ്ടെത്താന്‍ റേഡിയോളജി, എക്സറേ പരിശോധന നടത്തും. ഇതിന്റെ ഫലം ഇന്ന് തന്നെ ലഭിക്കും. മൂന്നാമത്തെ പരിശോധന സ്വാഭാവിക മരണമാണോ എന്നതാണ്. ഇതിനായി രോഗവസ്ഥ അടക്കം പല സാഹചര്യങ്ങള്‍ വിലയിരുത്തിയാണ് ഇതില്‍ തീരുമാനം. മരിച്ചത് ഗോപന്‍ തന്നെ എന്ന് ഉറപ്പു ശാസ്ത്രീയമായി തെളിയിക്കാന്‍ ഡിഎന്‍എ പരിശോധനയും നടത്തും.

രാവിലെയാണ് ഗോപന്‍ സ്വാമിയുടെ വിവാദ സമാധി കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്തത്. ഇരിക്കുന്ന നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കല്ലറയില്‍ ഭസ്മവും പൂജാ ദ്രവ്യങ്ങളും കണ്ടെത്തി. ആദ്യം മേല്‍ ഭാഗം മാത്രമാണ് പൊളിച്ചത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ശരീരം അഴുകിയ നിലയിലാണ്. കഴുത്ത് വരെ ഭസ്മം ഇട്ടിരുന്നു. ഹൈക്കോടതി നിര്‍ദേശം ലഭിച്ചതിന് പിന്നാലെയാണ് കല്ലറ പൊളിക്കാന്‍ തീരുമാനിച്ചത്.

നെയ്യാറ്റിന്‍കര കേസ് മേല്‍നോട്ടം റൂറല്‍ എസ് പി കെ എസ് സുദര്‍ശനനാണ്. പ്രദേശത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയായിരുന്നു പൊലീസിന്റെ നീക്കം. മൃതദേഹം കാവി വസ്ത്രത്തില്‍ പൊതിഞ്ഞ നിലയിലാണ് കണ്ടെത്തിയത്. മൃതദേഹത്തില്‍ മറ്റു പരിക്കുകള്‍ ഇല്ലെന്നും പ്രാഥമിക നിഗമനം. മൃതദേഹത്തിന് കാര്യമായ പഴക്കമില്ല. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു.

സ്പേസ് ഡോക്കിങ് ദൗത്യം വിജയകരം

രാജ്യം കാത്തിരുന്ന സ്പേസ് ഡോക്കിങ് ദൗത്യം വിജയകരം. ബഹിരാകാശത്ത് വച്ച് ഉപഗ്രഹങ്ങളെ കൂട്ടിച്ചേര്‍ത്തു. പരീക്ഷണം വിജയിച്ചത് ഇന്ന് രാവിലെ. സ്പേസ് ഡോക്കിങ് നടത്തുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ. ബഹിരാകാശത്ത് എത്തിയ ഇരട്ട ഉപഗ്രഹങ്ങളായ ടാര്‍ഗറ്റും ചേസറും കൂട്ടിച്ചേര്‍ക്കുന്ന ദൗത്യമാണ് സ്പേസ് ഡോക്കിംങ്. ഉപഗ്രഹങ്ങള്‍ തമ്മിലുള്ള ദൂരം കുറച്ച് ആണ് ദൗത്യം വിജയകരമാക്കിയത്.

ദൗത്യം സാങ്കേതിക കാരണങ്ങളാല്‍ മുന്‍പ് രണ്ട് തവണ മാറ്റിവച്ചിരുന്നു. എന്നാല്‍ ഉപഗ്രഹങ്ങളുടെ വേഗം പ്രതീക്ഷിച്ചതിലും കൂടുതലായതിനാലാണ് മാറ്റിവെക്കേണ്ടി വന്നത്. രണ്ട് ഉപഗ്രഹങ്ങള്‍ ഇരുപത് കിലോമീറ്റര്‍ വ്യത്യാസത്തില്‍ ഭ്രമണപഥത്തില്‍ എത്തിച്ച ശേഷം തമ്മിലുള്ള ദൂരം കുറച്ച് കൊണ്ടുവന്ന് ഡോക് ചെയ്യുക എന്നതായിരുന്നു സ്‌പേഡെക്സ് ദൗത്യം.

അറുപത്തിയാറ് ദിവസം നീണ്ടുനില്‍ക്കുന്ന ദൗത്യത്തില്‍ ഏത് ദിവസം വേണമെങ്കിലും ഡോക്കിങ് നടക്കാമെന്നായിരുന്നു മുന്‍പ് അറിയിച്ചിരുന്നത്. 2024 ഡിസംബര്‍ 30നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ ഒന്നാം വിക്ഷേപണ തറയില്‍ നിന്ന് ഐഎസ്ആര്‍ഒ സ്‌പേസ് ഡോക്കിംഗ് പരീക്ഷണത്തിനായി രണ്ട് സ്‌പേഡെക്സ് ഉപഗ്രഹങ്ങള്‍ വിക്ഷേപിച്ചത്. ഏകദേശം 220 കിലോ ഭാരമുള്ള ചേസര്‍ SDX01, Target SDX02 എന്നീ രണ്ട് പ്രത്യേക ഉപഗ്രഹങ്ങളുടെ വിക്ഷേപണം ഈ ദൗത്യത്തില്‍ ഉള്‍പ്പെടുന്നു. PSLV- c60 ആണ് ചരിത്ര ദൗത്യവുമായി ആകാശത്ത് കുതിച്ചുയര്‍ന്നത്.

കാട്ടുപന്നി കുറുകെ ചാടി ഇരുചക്രവാഹനം മറിഞ്ഞ് യുവാവിന് പരിക്ക്

ഇരിട്ടി:കാട്ടുപന്നി കുറുകെ ചാടി ഇരുചക്രവാഹനം മറിഞ്ഞ് യുവാവിന് പരിക്ക്.പടിയൂര്‍ പൂവം സ്വദേശി ശഹനാജിനാണ് പരിക്കേറ്റത്.പടിയൂര്‍ നിടിയോടി വായനശാലക്ക് സമീപം വെച്ച് കഴിഞ്ഞ ദിവസം രാത്രി 10.30 തോടെ ഇരിട്ടിയിലേക്ക് ബൈക്കില്‍ പോകുന്നതിനിടയില്‍ പെട്ടന്ന് കാട്ടുപന്നി മുന്നില്‍ ചാടി ബൈക്ക് മറിഞ്ഞാണ് പരിക്കേറ്റത്.ശഹനാജ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

വയനാട് ഉരുള്‍പൊട്ടല്‍;കാണാതായവരെ മരിച്ചവരായി കണക്കാക്കും

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സുപ്രധാന തീരുമാനവുമായി സംസ്ഥാന സര്‍ക്കാര്‍. കാണാതായവരെ മരിച്ചവരായി കണക്കാക്കാനാണ് തീരുമാനം. ഇതിനായി പട്ടിക തയ്യാറാക്കും. മരിച്ചവര്‍ക്കുള്ള ധന സഹായത്തിന് രണ്ട് സമിതികള്‍ രൂപീകരിക്കുകയും ചെയ്തു. തുടര്‍ നടപടികള്‍ക്കായി പ്രാദേശിക സമിതിയും സംസ്ഥാന തല സമിതിയുമാണ് രൂപീകരിക്കുക. പ്രാദേശിക സമിതി ആദ്യം മരിച്ചവരുടെ പട്ടിക തയ്യാറാക്കും. കാണാതായവരുടെ കുടുംബത്തിനും സഹായം എന്നത് ദുരിത ബാധിതരുടെ പ്രധാന ആവശ്യമായിരുന്നു. ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പ്പൊട്ടല്‍ ദുരന്തമുണ്ടായി നാല് മാസം പിന്നിട്ടിട്ടും 32 പേര്‍ ഇനിയും കാണാമറയത്താണ്.

മസാജ് യന്ത്രത്തില്‍ നിന്ന് ഷോക്കേറ്റ് വിദ്യാത്ഥി മരിച്ചു

മസാജ് യന്ത്രത്തില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ചു.ചെമ്മാട് സി കെ നഗര്‍ സ്വദേശി അഴുവളപ്പില്‍ വഹാബ് – കടവത്ത് വീട്ടില്‍ നസീമ എന്നിവരുടെ മകന്‍ മുഹമ്മദ് നിഹാല്‍ (14) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി എട്ടിന് കുണ്ടൂരിലുള്ള ഉമ്മയുടെ വീട്ടില്‍ വെച്ചാണ് സംഭവം. മസാജ് യന്ത്രം പ്രവര്‍ത്തിപ്പിക്കുന്നതിനിടെ ഇതില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു.

പീച്ചി ഡാം റിസര്‍വോയറില്‍ വീണ നാല് പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു

പീച്ചി ഡാം റിസര്‍വോയറില്‍ വീണ നാല് പെണ്‍കുട്ടികളില്‍ ഒരാള്‍ മരിച്ചു. തൃശൂര്‍ പട്ടിക്കാട് സ്വദേശി അലീന ആണ് മരിച്ചത്. തൃശൂര്‍ സെന്റ് ക്ലയേഴ്‌സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. റിസര്‍വോയറില്‍ വീണ മറ്റ് മൂന്നു പേര്‍ ചികില്‍സയില്‍ തുടരുകയാണ്. ആന്‍ ഗ്രേയ്‌സ്, എറിന്‍, നിമ എന്നിവരാണ് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലുളളത്. സുഹൃത്തിന്റെ വീട്ടില്‍ തിരുന്നാള്‍ ആഘോഷത്തിന് വന്നതായിരുന്നു പെണ്‍കുട്ടികള്‍. ഡാം റിസര്‍വോയറില്‍ ചെരുപ്പ് വീണത് എടുക്കാന്‍ ശ്രമിക്കുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്.

ശബരിമലയില്‍ മകരവിളക്ക് ദര്‍ശനം നാളെ

ശബരിമലയില്‍ മകരവിളക്ക് ദര്‍ശനം നാളെ. സന്നിധാനത്തേക്ക് തീര്‍ത്ഥാടക തിരക്ക് വര്‍ധിച്ചു. സൂര്യന്‍ ധനു രാശിയില്‍ നിന്നും മകര രാശിയിലേക്ക് കടക്കുന്ന നാളെ രാവിലെ 8.45 ന് മകര സംക്രമ പൂജയും, അഭിഷേകവും നടക്കും. അയ്യപ്പന് ചാര്‍ത്താനുള്ള തിരുവാഭരണ ഘോഷയാത്ര നാളെ വൈകിട്ട് സന്നിധാനത്ത് എത്തും.

തുടന്ന് വിശേഷാല്‍ ദീപാരാധന നടക്കും. ഇതിന് ശേഷം പൊന്നമ്പല മേട്ടില്‍ മകരവിളക്കും ആകാശത്ത് മകര നക്ഷത്രവും തെളിയും. ഇന്ന് വെര്‍ച്ചല്‍ , സ്‌പോട്ട് ബുക്കിംഗിലൂടെ അന്‍പത്തി അയ്യായിരം തീര്‍ത്ഥാടകരെ കൂടി സന്നിധാനത്തെക്ക് പ്രതീക്ഷിക്കുന്നു. ആയിരക്കണക്കിന് തീര്‍ത്ഥാടകരാണ് മകരവിളക്ക് ദര്‍ശിക്കാന്‍ സന്നിധാനത്ത് വിരിവെച്ച് കഴിയുന്നത്.

ആചാരപ്പെരുമയില്‍ തന്നെയാണ് ഇത്തവണത്തെയും തിരുവാഭരണ ഘോഷയാത്ര. പന്തളം കൊട്ടാരത്തില്‍ നിന്നും രാവിലെ തന്നെ തിരുവാഭരണം വലിയ കോയിക്കല്‍ ക്ഷേത്രത്തിലേക്ക് മാറ്റി. തുടര്‍ന്ന് 12 മണി വരെ ഭക്തജനങ്ങള്‍ക്ക് കാണാനുള്ള അവസരം ഒരുക്കി. ശേഷം പ്രത്യേക പൂജകള്‍. കൃത്യം ഒരു മണിക്ക് തന്നെ തിരുവാഭരണം വഹിച്ചു കൊണ്ടുള്ള ഘോഷയാത്ര പന്തളത്തു നിന്നും ശബരിമലയിലേക്ക് പുറപ്പെട്ടിരിക്കുന്നത്.

ഇത്തവണയും ഗുരുസ്വാമി കുളത്തിനാല്‍ ഗംഗാധരന്‍ പിള്ളയുടെ നേതൃത്വത്തിലുള്ള 26 അംഗ സംഘമാണ് തിരുവാഭരണം വഹിക്കുന്നത്. മകരവിളക്ക് ദിവസം അഞ്ചുമണിയോടെ ശരംകുത്തിയിലെത്തുന്ന തിരുവാഭരണ ഘോഷയാത്ര ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ സ്വീകരിക്കും. തുടര്‍ന്നാണ് സന്നിധാനത്തെ ചടങ്ങുകള്‍.