Hivision Channel

latest news

ഇന്ത്യയുടെയും സിംഗപൂരിന്റെയും തത്സമയ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനങ്ങള്‍ ബന്ധിപ്പിച്ചു

ഇന്ത്യയുടെയും സിംഗപൂരിന്റെയും തത്സമയ ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനങ്ങള്‍ ബന്ധിപ്പിച്ചു.ഇന്ത്യയുടെ യുപിഐയും സിംഗപ്പൂരിന്റെ പേ നൗവും തമ്മിലുള്ള സംയോജനമാണ് നടപ്പാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ സിയാന്‍ ലൂംഗും ഓണ്‍ലൈന്‍ വഴി പങ്കെടുത്ത ചടങ്ങിലാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്.

ആര്‍ബിഐ ഗവര്‍ണര്‍ ശക്തി കാന്ത് ദാസ്, സിംഗപ്പൂര്‍ മോണിറ്ററി അതോറിറ്റി മാനേജിങ് ഡയറക്ടര്‍ രവി മേനോന്‍ എന്നിവര്‍ ചേര്‍ന്നാണ് പദ്ധതി ഉദ്ഘാടനം ചെയ്തത്. ഇന്ത്യ സിംഗപ്പൂര്‍ ബന്ധത്തിന്റെ പുതിയ നാഴികകല്ലാണ് പദ്ധതി എന്നും, വ്യക്തികള്‍ തമ്മില്‍ പണമിടപാട് നടത്താന്‍ ഇന്ത്യയില്‍ സൗകര്യം ആരംഭിക്കുന്ന ആദ്യ രാജ്യമാണ് സിംഗപ്പൂര്‍ എന്നും പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

പുതിയ പദ്ധതി യാഥാര്‍ത്ഥ്യമായതോടെ ഇന്ത്യ-സിംഗപ്പൂര്‍ രാജ്യങ്ങളിലുള്ളവര്‍ക്ക് കുറഞ്ഞ നിരക്കില്‍ എളുപ്പത്തില്‍ പണമിടപാട് നടത്താന്‍ സാധിക്കും.

ഷുഹൈബ് വധക്കേസില്‍ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരിക്ക് കോടതി നോട്ടീസ് അയച്ചു

ഷുഹൈബ് വധക്കേസില്‍ ഒന്നാം പ്രതിയായ ആകാശ് തില്ലങ്കേരിക്ക് കോടതി നോട്ടീസ് അയച്ചു. ജാമ്യം റദ്ദാക്കണമെന്ന പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.അജിത്ത് കുമാറിന്റെ ഹര്‍ജിയിലാണ് നോട്ടീസ്. മാര്‍ച്ച് ഒന്നിന് തലശ്ശേരി സെഷന്‍സ് കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. മട്ടന്നൂര്‍ പൊലീസാണ് ആകാശിന്റെ ജാമ്യം റദ്ദാക്കാന്‍ കോടതിയെ സമീപിച്ചത്.

കരിങ്കൊടി പ്രതിഷേധത്തിനെതിരായ പൊലീസ് നടപടി ചോദ്യം ചെയ്ത ഹര്‍ജി ഹൈക്കോടതി തള്ളി

കരിങ്കൊടി പ്രതിഷേധത്തിനെതിരായ പൊലീസ് നടപടി ചോദ്യം ചെയ്ത ഹര്‍ജി ഹൈക്കോടതി തള്ളി. പ്രതിഷേധക്കാര്‍ക്കെതിരായ പൊലീസ് നടപടികള്‍ നിയമവിരുദ്ധമാണെന്ന് പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് തള്ളിയത്. പാലാരിവട്ടത്ത് നേരത്തെ മുഖ്യമന്ത്രിയെ കരിങ്കൊടിച്ച് കാണിച്ചതിന് അറസ്റ്റിലായവര്‍ നല്‍കിയ ഹര്‍ജിയാണ് കോടതി തളളിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ചിന്റേതാണ് നടപടി.

ക്യാന്‍സര്‍ ബോധവത്കരണ ക്ലാസ്

പായം: കരിയാല്‍ നവപ്രഭ വായനശാല വനിത വേദിയുടെയും, പായം കുടുംബക്ഷേമ കേന്ദ്രത്തിന്റെയും, പത്താം വാര്‍ഡ് കുടുംബശ്രീയുടെയും സംയുക്താഭിമുഖ്യത്തില്‍ കരിയാല്‍ നവപ്രഭ ബാലകൃഷ്ണന്‍ മാസ്റ്റര്‍ സ്മാരക മന്ദിരത്തില്‍ ക്യാന്‍സര്‍ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പായം പഞ്ചായത്ത് വൈ: പ്രസിഡന്റ് അഡ്വ: എം.വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. എഡിഎസ് മെമ്പര്‍ അരുണ ഉത്തമന്‍ അധ്യക്ഷത വഹിച്ചു. വനിത വേദി സെക്രട്ടി ബിന്ദു.എം.കെ ,ഷിതു കരിയാല്‍, വായനശാല സെക്രട്ടറി കെ.ടി രഞ്ചിത്ത്, സിനി ഉമേഷ്, ആശ വര്‍ക്കര്‍ ശ്രീജ, ഹരീന്ദ്രന്‍, രമണി പി.വി തുടങ്ങിയവര്‍ സംസാരിച്ചു. മുഹമ്മദ് സലീം, മുബഷീറ എന്നിവര്‍ ക്യാന്‍സര്‍ ബോധവത്കരണ ക്ലാസ്സ് എടുത്തു. തുടര്‍ന്ന് പ്രഷര്‍, ഷുഗര്‍ പരിശോധനയും നടത്തി.

ഡ്രൈവിംഗ് ലൈസന്‍സും ആര്‍ സി ബുക്കും ഇനി സ്മാര്‍ട്ടാകും. ഡ്രൈവിങ്ങിങ് ലൈസന്‍സ് പരിഷ്‌കരണത്തിനുള്ള സ്റ്റേ ഹൈക്കോടതി നീക്കി

ഡ്രൈവിംഗ് ലൈസന്‍സും ആര്‍ സി ബുക്കും ഇനി സ്മാര്‍ട്ടാകും. ഡ്രൈവിങ്ങിങ് ലൈസന്‍സ് പരിഷ്‌കരണത്തിനുള്ള സ്റ്റേ ഹൈക്കോടതി നീക്കി. പിവിസി പെറ്റ് ജി കാര്‍ഡില്‍ ലൈസന്‍സ് നല്‍കാനുള്ള നടപടിയുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. ചിപ്പ് ഘടിപ്പിച്ച സ്മാര്‍ട്ട് കാര്‍ഡില്‍ ലൈസന്‍സ് നല്‍കാനുള്ള മുന്‍ തീരുമാനം മാറ്റിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതോടെ പിവിസി കാര്‍ഡ് നിര്‍മിക്കാന്‍ കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഐ ടി ഐ ബാംഗ്‌ളൂരുമായി സര്‍ക്കാരിന് ചര്‍ച്ച തുടരാനും കോടതി അനുമതി നല്‍കി. പുതിയ കാര്‍ഡ് നിര്‍മ്മാണത്തിന് അനുമതി നല്‍കുമ്പോള്‍ ഇക്കാര്യം അറിയിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. സ്വകാര്യ കമ്പനിയായ റോസ്‌മൊര്‍ട്ട കമ്പനിയുടെ എതിര്‍പ്പ് തള്ളിയാണ് ഹൈക്കോടതി തീരുമാനം. ഇക്കാര്യത്തില്‍ 2006 മുതലുള്ള നിയമ തടസമാണ് ഡിവിഷന്‍ ബെഞ്ച് നീക്കിയത്.

വിശ്വനാഥന്റെ മരണം; മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ആദിവാസി യുവാവ് വിശ്വനാഥന്റെ മരണത്തില്‍ ഇതുവരെ പ്രതികളെ ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് റിപ്പോര്‍ട്ട്. അന്വേഷണ ഉദ്യോഗസ്ഥനായ എസിപി കെ സുദര്‍ശന്‍ മനുഷ്യാവകാശ കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കുടുംബം ഉന്നയിച്ച പരാതികള്‍ അടക്കം അന്വേഷിക്കുന്നുണ്ടെന്നും സിസിടിവി ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന ആണ് നടക്കുന്നതെന്നും മനുഷ്യാവകാശ കമ്മീഷന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ആശുപത്രി പരിസരത്ത് ചിലര്‍ കൂട്ടംകൂടി നില്‍ക്കുന്ന ദൃശ്യങ്ങള്‍ ഉണ്ടെന്നാണ് വ്യക്തമാക്കുന്നത്. എന്നാല്‍ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്ന് കമ്മീഷന്‍ നിര്‍ദ്ദേശിച്ചു.

കോഴിക്കോട് മെഡിക്കല്‍ കോളജിന് സമീപത്തെ ആളൊഴിഞ്ഞ പ്രദേശത്താണ് യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യയുടെ പ്രസവത്തിനായി എത്തിയതായിരുന്നു വിശ്വനാഥന്‍. മാതൃശിശു സംരക്ഷണകേന്ദ്രത്തിന് പുറത്ത് കൂട്ടിരിപ്പുകാരനായി നിന്ന വിശ്വനാഥനെ ചിലര്‍ ചോദ്യം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ കണ്ട ആളുകള്‍ ഏതെങ്കിലും തരത്തില്‍ വിശ്വനാഥനെ പീഡിപ്പിച്ചിട്ടുണ്ടോയെന്ന് അന്വേഷണം നടക്കുകയാണ്.

കനത്ത സുരക്ഷയ്ക്കിടയില്‍ ഇന്നും മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി പ്രതിഷേധം

കനത്ത സുരക്ഷയ്ക്കിടയില്‍ ഇന്നും മുഖ്യമന്ത്രി പിണറായി വിജയന് നേരെ കരിങ്കൊടി പ്രതിഷേധം. കെഎസ് യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് കരിങ്കൊടി കാണിച്ചത്. കണ്ണൂര്‍ അഞ്ചരക്കണ്ടിയില്‍ വച്ചായിരുന്നു പ്രതിഷേധം.

ഇന്നലെ കാസര്‍ഗോട്ടെ പരിപാടികള്‍ പൂര്‍ത്തിയാക്കി മുഖ്യമന്ത്രി രാത്രിയോടെയാണ് കണ്ണൂര്‍ പിണറായിയിലെ വീട്ടിലേക്കെത്തിയത്. ഇന്ന് മട്ടന്നൂര്‍ വിമാനത്താവളം വഴി തിരികെ മടങ്ങി. വീട്ടില്‍ നിന്ന് മട്ടന്നൂരിലേക്കുള്ള യാത്രയ്ക്കിടയിലാണ് കരിങ്കൊടി പ്രതിഷേധമുണ്ടായത്. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുമ്പോള്‍ വഴിയരികില്‍ നിന്നിരുന്ന യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു പ്രവര്‍ത്തകര്‍ റോഡിനു മുന്നിലേക്ക് കരിങ്കൊടിയുമായി ചാടി വീഴുകയായിരുന്നു.

സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത് 65.72 കോടി രൂപ

സില്‍വര്‍ ലൈന്‍ പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചത് 65.72 കോടി രൂപയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സണ്ണി ജോസഫ് നിയമസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. 1.62 കോടി രൂപയാണ് കല്ലിടലിനായി ചെലവായത്. പദ്ധതിയില്‍ നിന്ന് പിന്നാക്കം പോവില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.

സെല്ലുകള്‍ക്കായി നിയോഗിച്ചിട്ടുള്ള ജീവനക്കാര്‍ക്ക് ശമ്പളത്തിനും മറ്റ് ചെലവുകള്‍ക്കുമായി 10.76 കോടി രൂപ ചെലവായി. വാഹനവാടക മാത്രം 14 ലക്ഷത്തിലധികം, കെട്ടിടവാടക 21 ലക്ഷത്തിലധികം, കണ്‍സള്‍ട്ടന്‍സി ഫീ ആയി 33 കോടി രൂപ, ഫീസിബിലിറ്റി പഠനത്തിനായി 79 ലക്ഷത്തിലധികം, സര്‍വേ വര്‍ക്കിനായി 3.43 കോടി രൂപ, മണ്ണ് പരിശോധനയ്ക്ക് 75 ലക്ഷത്തിലധികം എന്നിങ്ങനെയാണ് ചെലവായ തുക.

സ്‌കൂളുകളുടെ ഗ്രേഡിങ് സംവിധാനം കൊണ്ടുവരുന്നത് സംബന്ധിച്ച് അധ്യാപക സംഘടനകള്‍ അടക്കമുള്ളവരുമായി ചര്‍ച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി

സ്‌കൂളുകളുടെ അക്കാദമികവും അക്കാദമികേതരവുമായ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി ഗ്രേഡിങ് സംവിധാനം കൊണ്ടുവരുന്നത് സംബന്ധിച്ച് അധ്യാപക സംഘടനകള്‍, വിദ്യാഭ്യാസ വിദഗ്ധന്മാര്‍, ജനാധിപത്യ പ്രസ്ഥാനങ്ങള്‍, യുവജന സംഘടനകള്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഓരോ സ്‌കൂളിനെയും വിലയിരുത്തി ഗ്രേഡിങ് രേഖപ്പെടുത്താനും ഭാവി പ്രവര്‍ത്തനങ്ങള്‍ അതിനനുസരിച്ച് ആസൂത്രണം ചെയ്യാനുമാകണം. ഇക്കാര്യത്തില്‍ അധ്യാപകരില്‍ വലിയ ഉത്തരവാദിത്തമാണ് വന്നുചേരുന്നത്. കാഞ്ഞങ്ങാട് കെ എസ് ടി എ സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചുള്ള വിദ്യാഭ്യാസ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി വി ശിവന്‍കുട്ടി.

ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാന്‍ പൊലീസ് കോടതിയില്‍

ആകാശ് തില്ലങ്കേരിയുടെ ജാമ്യം റദ്ദാക്കാന്‍ പൊലീസ് കോടതിയില്‍. ശുഹൈബ് വധക്കേസിലെ ജാമ്യം റദ്ദാക്കാനാണ് പൊലീസിന്റെ നീക്കം. ഇതിനായി തലശ്ശേരി സെഷന്‍സ് കോടതിയില്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. കെ.അജിത്ത് കുമാര്‍ മുഖേന പൊലീസ് ഹര്‍ജി നല്‍കി. ആകാശ് തില്ലങ്കേരി ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചതായിട്ടാണ് പൊലീസ് റിപ്പോര്‍ട്ട്.