രാജ്യത്ത് കൊവിഡ് പ്രതിദിന കേസുകള്‍ കുതിച്ചുയരുന്നു. പ്രതിദിന കേസുകള്‍ വീണ്ടും 10,000 കടന്നു. 24 മണിക്കൂറില്‍10,158 കേസുകളാണ് സ്ഥിരീകരിച്ചത്. മുപ്പത് ശതമാനം വര്‍ധനയാണ് പ്രതിദിന രോഗികളുടെ എണ്ണത്തിലുണ്ടായത്. ദില്ലിയിലും മഹാരാഷ്ട്രയിലും പ്രതിദിന രോഗികളുടെ എണ്ണം ആയിരത്തിന് മുകളിലാണ്. ഏഴു മാസത്തിനുശേഷമാണ് മഹാരാഷ്ട്രയില്‍ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം 1000 കടക്കുന്നത്. ഇന്നലെ 1115 പേര്‍ക്ക് മഹാരാഷ്ട്രയില്‍ രോഗബാധയുണ്ടായതായാണ് റിപ്പോര്‍ട്ട്. ഒമ്പത് പേര്‍ മരിച്ചു.
എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍ പ്രതി ഷാരൂഖ് സെയ്ഫിയുമായി അന്വേഷണസംഘം ഇന്ന് വീണ്ടും തെളിവെടുപ്പ് നടത്തും. ഷൊര്‍ണ്ണൂരിലായിരിക്കും ആദ്യ തെളിവെടുപ്പ്. എലത്തൂരിലും ഷൊര്‍ണൂരിലുമാണ് ഇനി തെളിവെടുപ്പ് നടക്കേണ്ടത്. ആക്രമണം നടന്ന ഡി1, ഡി2 കോച്ചുകളില്‍ പ്രതിയുമായി ഇന്നലെ തെളിവെടുപ്പ് നടത്തിയിരുന്നു.
ട്രെയിനില്‍ ആക്രമണം നടത്തിയ എലത്തൂരിലും ഷാരൂഖ് സെയ്ഫി പെട്രോള്‍ വാങ്ങുകയും 14 മണിക്കൂറോളം തങ്ങുകയും ചെയ്ത ഷൊര്‍ണൂരിലും എത്തിച്ചാണ് ഇനി തെളിവെടുപ്പ് നടത്തേണ്ടത്. ഇന്ന് തന്നെ കേരളത്തിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കാനാണ് അന്വേഷണ സംഘം ലക്ഷ്യമിടുന്നത്. അതോടൊപ്പം പ്രതി ഷൊര്‍ണൂരിലേക്ക് എത്തിയ സമ്പര്‍ക്രാന്തി ട്രെയിന്‍ കടന്നുപോയ ചില സ്റ്റേഷനുകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചിരുന്നു. ഇത് വിശദമായി പരിശോധിച്ച് വരികയാണ്.
അതേസമയം, എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസില്‍ പ്രതിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നു. പ്രതി ഷാറൂഖ് സെയ്ഫിക്ക് തീവ്രവാദബന്ധമുണ്ടോ എന്നതടക്കമുള്ള വിഷയങ്ങള്‍ അന്വേഷിക്കേണ്ടതുണ്ട് എന്നാണ് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. തീവയ്പ്പിന് ശേഷം റെയില്‍വേ ട്രാക്കില്‍ മൂന്ന് പേരെ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഈ സംഭവത്തിലും ഷാരൂഖ് സെയ്ഫിക്ക് ബന്ധമുണ്ടോ എന്ന കാര്യവും പരിശോധിക്കേണ്ടതുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു.
കേളകം: എഫ്.ഐ.ജിയുടെ നേതൃത്വത്തില്‍ വിഷരഹിത പച്ചക്കറി വിഷു ചന്ത ആരംഭിച്ചു. കിസാന്‍ സഭ അഖിലന്ത്യാ കൗണ്‍സില്‍ അംഗം എന്‍.ആര്‍ സക്കീന ഉദ്ഘാടനം ചെയ്തു. കേളകം പഞ്ചായത്ത് പ്രസിഡന്റ് സി.ടി. അനീഷ് ആദ്യ വില്‍പ്പന നടത്തി.
സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില തുടരാന്‍ സാധ്യത. മിക്കയിടങ്ങളിലും 38 ഡിഗ്രി സെല്‍ഷ്യസിന് മുകളിലേക്ക് താപനില ഉയര്‍ന്നേക്കും. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗ സമാന സാഹചര്യമാണ് താപനില ഉയരാന്‍ കാരണം. വേനല്‍ മഴ ദുര്‍ബലമാകും, ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ കിട്ടുമെങ്കിലും ചൂട് മറിക്കടക്കാനാവില്ല. തീരപ്രദേശങ്ങളെയും മലയോരമേഖലകളെയും അപേക്ഷിച്ച് ഇടനാടുകളില്‍ ചൂട് കൂടുതലായിരിക്കും.സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെയുണ്ടായതില്‍ റെക്കോര്‍ഡ് ചൂട് ഇന്നലെ രേഖപ്പെടുത്തി. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക താപമാപിനികളിലാണ് റെക്കോര്‍ഡ് താപനില രേഖപ്പെടുത്തിയത്. പാലക്കാടും, കരിപ്പൂര്‍ വിമാനത്താവളത്തിലുമാണ് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ചൂട് രേഖപ്പെടുത്തിയത്. ഇരു സ്ഥലങ്ങളിലും 39 ഡിഗ്രി സെല്‍ഷ്യസ് ചൂടാണ് രേഖപ്പെടുത്തിയത്.സംസ്ഥാനത്ത് ഇന്നലെ 12 സ്റ്റേഷനുകളില്‍ താപനില 40 ഡിഗ്രിക്ക് മുകളിലേക്ക് ഉയര്‍ന്നിരുന്നു. അള്‍ട്രാവയലറ്റ് വികിരണ തോതും അപകടനിലയിലായതിനാല്‍ സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നാണ് കാലാവസ്ഥാ വിഭാഗം നല്‍കുന്ന മുന്നറിയിപ്പ്.
പേരാവൂര്‍: ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡില്‍ വയോജന സൗഹൃദ കൂട്ടായ്മ സംഘടിപ്പിച്ചു. സി.മുരളീധരന്‍ അധ്യക്ഷതയില്‍ വാര്‍ഡ് മെമ്പര്‍ എം.ഷൈലജ ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി എംആര്‍ വിജയന്‍ സംഘടന റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ചടങ്ങില്‍ 14 അംഗ കമ്മിറ്റിയെ വില്ലേജ് പ്രസിഡണ്ട് പ്രഭാകരന്‍ കൊമ്പന്‍ തിരഞ്ഞെടുത്തു.
രക്തസമ്മര്‍ദം പ്രമേഹം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവര്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് . സംസ്ഥാനത്തെ കൊവിഡ് സാഹചര്യം ആരോഗ്യ വകുപ്പ് സൂഷ്മതയോടെയും ജാഗ്രതയോടെയും വിലയിരുത്തുന്നു. ആരോഗ്യ വകുപ്പ് നിരന്തരം യോഗങ്ങള്‍ ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടത്തി വരുന്നു. കൊവിഡ് രോഗികളുടെ എണ്ണം ചെറുതായി കൂടുന്നെങ്കിലും ആശങ്ക വേണ്ട. ആശുപത്രി ചികിത്സയിലും ഐസിയു, വെന്റിലേറ്റര്‍ ഉപയോഗത്തിലും കാര്യമായ വര്‍ധനവ് ഉണ്ടായിട്ടില്ല. പ്രായമായവര്‍, കുട്ടികള്‍, ഗര്‍ഭിണികള്‍, പ്രമേഹം, രക്താതിമര്‍ദം തുടങ്ങിയ ജീവിതശൈലീ രോഗങ്ങളുള്ളവര്‍ എന്നിവര്‍ക്ക് കരുതല്‍ ആവശ്യമാണ്. അതിനാല്‍ ഈ വിഭാഗക്കാര്‍ മാസ്‌ക് ധരിക്കണമെന്നും മന്ത്രി പറഞ്ഞു.
ലോകാരോഗ്യ ദിനാചരണത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. ജീവിതശൈലീ രോഗങ്ങള്‍ പ്രധാനവെല്ലുവിളിയാണ്. നവകേരളം കര്‍മ്മപദ്ധതി രണ്ട് ആര്‍ദ്രം മിഷന്റെ ഭാഗമായി ജീവിതശൈലീ രോഗങ്ങള്‍ കുറയ്ക്കുന്നതിന് വലിയ പ്രാധാന്യം നല്‍കുന്നു. ആര്‍ദ്രം ജീവിതശൈലീ രോഗ നിര്‍ണയ സ്‌ക്രീനിംഗിലൂടെ 1.11 കോടി ജനങ്ങളെ വീട്ടിലെത്തി സ്‌ക്രീനിംഗ് നടത്തി. കാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ സ്ഥിരീകരിക്കുന്നവര്‍ക്ക് തുടര്‍ ചികിത്സ ഉറപ്പാക്കി വരുന്നു. കാന്‍സര്‍ ഗ്രിഡ് സംസ്ഥാനത്ത് ഫലപ്രദമായി നടത്തി വരുന്നു.
ജനങ്ങളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം ഉറപ്പാക്കുക പ്രധാനമാണ്. ആശുപത്രികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിന് വളരെ പ്രാധാന്യം നല്‍കുന്നു. പ്രാഥമിക തലത്തില്‍ തന്നെ സൂക്ഷ്മവും ശക്തവുമായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. സംസ്ഥാനത്തെ എല്ലാ സബ്സെന്ററുകളേയും ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കാന്‍ അനുമതി നല്‍കിയിരുന്നു. ജനകീയ ആരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് ജനകീയ ക്ലബ്ബുകള്‍ രൂപീകരിക്കും. ഗര്‍ഭിണികള്‍, കിടപ്പ് രോഗികള്‍, സാന്ത്വനപരിചരണം ആവശ്യമായവര്‍ എന്നിവര്‍ക്ക് പ്രത്യേക കരുതലൊരുക്കും. ജീവിതശൈലീ രോഗങ്ങളെ പ്രതിരോധിക്കാനും ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ വളരെ പങ്ക് വഹിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് താപനില ഏറ്റവും ഉയര്‍ന്ന നിലയില്‍. പാലക്കാട് 41 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തി. മുണ്ടൂര്‍ ഐആര്‍ടിസിയിലാണ് ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത്. കഴിഞ്ഞ വര്‍ഷം 42 ഡിഗ്രി ആയിരുന്നു കൂടിയ താപനില. മാര്‍ച്ച് 12 നായിരുന്നു 42 ഡിഗ്രി രേഖപ്പെടുത്തിയത്.
ഉച്ച സമയത്ത് മാത്രമാണ് നേരത്തെ ചൂട് ഏറ്റവും ഉയര്‍ന്ന് നിന്നിരുന്നതെങ്കില്‍ ഇപ്പോള്‍ രാവിലെ 9 മണി മുതലേ 30 ഡിഗ്രിക്ക് മുകളിലേക്ക് ചൂട് അനുഭവപ്പെടുകയാണ്.
എലത്തൂരിലെ ട്രെയിന്‍ തീവെയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ തെളിവെടുപ്പിനെത്തിച്ചു. പ്രതി തീയിട്ട കോച്ചിലെത്തിച്ചാണ് പൊലീസിന്റെ തെളിവെടുപ്പ് നടക്കുന്നത്. ഷാറൂഖിനെ ആരെങ്കിലും സഹായിച്ചിട്ടുണ്ടോ, കൃത്യത്തിന് ശേഷം ഇയാള്‍ ആരെങ്കിലുമായി സംസാരിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിലെല്ലാം ഇയാളില്‍ നിന്ന് ഉത്തരം ലഭിക്കേണ്ടതുണ്ട്.
ഡി 2 കോച്ചിലും രക്തക്കറയുണ്ട്. ഇത് തീപ്പൊള്ളലേറ്റവര്‍ പാഞ്ഞെത്തിയതിന്റേതാണെന്നാണ് കരുതുന്നത്. അന്വേഷണ ഉദ്യോഗസ്ഥരോടൊപ്പം പ്രതിയെ കോച്ചിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. കൃത്യം താന്‍ ചെയ്തതാണെന്നും ബാഗ് തന്റേതാണെന്നുമല്ലാതെ മറ്റൊന്നും ഷാറൂഖ് മൊഴി നല്‍കിയിട്ടില്ല. നേരത്തേ പല തവണ തെളിവെടുപ്പിനായി ഒരുങ്ങിയിരുന്നെങ്കിലും ആരോഗ്യ കാരണങ്ങളാണ് വൈകുകയായിരുന്നു. എന്നാല്‍ ഒടുവില്‍ ഡോക്ടര്‍മാരുടെ പരിശോധനയില്‍ പ്രതിക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് കണ്ടെത്തിയതോടെയാണ് തെളിവെടുപ്പിന് തയ്യാറായത്. ഡി1 കോച്ചിലാണ് പ്രതി ആദ്യം തീയിട്ടത്.
ഷൊര്‍ണൂരിലും പ്രതിയെ കൊണ്ടുപോയേക്കും. കൃത്യത്തിന് പിന്നില്‍ ആസൂത്രണം ഉണ്ടെന്ന് വ്യക്തമായ സാഹചര്യത്തില്‍ ഷൊര്‍ണൂരിലെ തെളിവെടുപ്പ് ഏറെ നിര്‍ണായകമാണ്. പെട്രോള്‍ വാങ്ങിയതിന് പുറമേ ഷൊര്‍ണൂരില്‍ പലരുമായും കൂടിക്കാഴ്ച നടത്തിയ ശേഷമാണ് പ്രതി ആക്രമണത്തിന് ഇറങ്ങിത്തിരിച്ചത് എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. ഇത് അടക്കമുള്ള കാര്യങ്ങളില്‍ പ്രതിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കും. കേസ് എന്‍ഐഎ ഏറ്റെടുക്കുന്ന കാര്യത്തിലും ഉടന്‍ തീരുമാനം ഉണ്ടാകും.
എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസ് എന്‍ഐഎ ഏറ്റെടുക്കും. അന്വേഷണം ഏറ്റെടുക്കണമെന്ന് കാട്ടി എന്‍ഐഎ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു. ഇന്നലെ എന്‍ഐഎ ഉദ്യോഗസ്ഥരുടെ യോഗം കൊച്ചിയില്‍ ചേര്‍ന്നിരുന്നു.
തീവ്രവാദ ബന്ധമുള്‍പ്പെടെ എലത്തൂര്‍ ട്രെയിന്‍ വയ്പ്പുമായി ബന്ധപ്പെട്ട് സംശയിക്കുന്ന പശ്ചാത്തലത്തിലാണ് എലത്തൂരിലേക്ക് എന്‍ഐഎയും എത്താനിരിക്കുന്നത്. ഇന്നുതന്നെ എന്‍ഐഎയ്ക്ക് അന്വേഷണത്തിനുള്ള ചുമതല നല്‍കുന്ന ഉത്തരവ് പുറത്തിറങ്ങുമെന്നാണ് സൂചന.
എന്‍ഐഐ ഡിഐജി ചോദ്യം ചെയ്യലിനെത്തിയപ്പോള്‍ പ്രതിയെ ചോദ്യം ചെയ്യുന്നതിന് അവസരം ലഭിച്ചില്ലെന്ന് ഉള്‍പ്പെടെ എന്‍ഐഐയ്ക്ക് പരാതിയുണ്ടായിരുന്നു. യുഎപിഐ ചുമത്താത്തകും വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. എന്‍ഐഐയും ഇന്റലിജന്‍സ് ബ്യൂറോയും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ഏറ്റെടുക്കേണ്ട സാഹചര്യമുണ്ടോ എന്നത് സംബന്ധിച്ചാണ് ഇന്നലെ എന്‍ഐഐ നിയമമോപദേശം തേടിയത്. യുഎപിഎ ചുമത്തേണ്ട സാഹചര്യം നിലനില്‍ക്കുന്നുണ്ടെന്ന് നിയമമോപദേശം ലഭിച്ചെന്നാണ് വിവരം. എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് എന്‍ഐഎ അന്വേഷിക്കേണ്ട സാഹചര്യമുണ്ടെന്നാണ് ഐബിയും റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്.
രാജ്യത്ത് കൊവിഡ് കേസുകളില്‍ വന്‍ വര്‍ധന. 24 മണിക്കൂറിനിടെ 7830 പേര്‍ക്ക് കൂടി രോഗബാധ സ്ഥിരീകരിച്ചു. ഏഴ് മാസത്തിനിടെ രാജ്യത്തെ കൊവിഡ് ബാധയില്‍ ഉണ്ടാകുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ഇതോടെ രാജ്യത്ത് നിലവിലുള്ള ആക്ടീവ് കൊവിഡ് കേസുകളുടെ എണ്ണം 40,215 ആയി ഉയര്‍ന്നു.
ദില്ലിയില്‍ കോവിഡ് വ്യാപനം ആശങ്കയാകുന്ന സാഹചര്യമാണ്. ആയിരത്തിനടുത്ത് പ്രതിദിന കോവിഡ് കേസുകള്‍ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തു. ഒരു ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 980 പേര്‍ക്കാണ്. പോസിറ്റിവിറ്റി നിരക്ക് 26% ആയി. ദില്ലി എയിംസില്‍ ഡോക്ടര്‍മാര്‍ അടക്കം ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആശുപത്രി അധികൃതര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കി. മാസ്‌ക് ഉള്‍പ്പടെയുള്ള കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ആശുപത്രിക്കകത്ത് സന്ദര്‍ശകരെയും ആള്‍ക്കൂട്ടങ്ങളും ഒഴിവാക്കാന്‍ മാര്‍ഗ്ഗദര്‍ശത്തില്‍ പറയുന്നു. മഹാരാഷ്ട്രയിലും ആയിരത്തിനടുത്ത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 919 പേര്‍ക്കാണ് ഒരു ദിവസത്തിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത്.