Hivision Channel

സിനിമാ ടൂറിസത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തും; മന്ത്രി മുഹമ്മദ് റിയാസ്

സിനിമകളുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട സ്ഥലങ്ങളെ കോര്‍ത്തിണക്കി സിനിമാ ടൂറിസത്തിന് വലിയ സാധ്യതയുണ്ടെന്നും വിവിധ വകുപ്പുകളുമായി ചേര്‍ന്ന് അതിന്റെ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചുവരികയാണെന്നും പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കല്ല്യാശ്ശേരി മണ്ഡലത്തിലെ ചെറുതാഴം-കുറ്റൂര്‍-പെരിങ്ങോം റോഡില്‍ ചന്തപ്പുരയില്‍ നിര്‍മ്മിച്ച വണ്ണാത്തിക്കടവ് പുതിയ പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘കളിയാട്ടം’ സിനിമയുമായി ബന്ധപ്പെട്ട് വണ്ണാത്തിപ്പുഴ മലയാളികള്‍ എല്ലാം ഓര്‍ക്കുന്നു. അതിനാല്‍ സിനിമാ ടൂറിസം, തദ്ദേശ വകുപ്പുമായി ചേര്‍ന്നുള്ള ഡെസ്റ്റിനേഷന്‍ ടൂറിസം എന്നിവയുമായി ബന്ധപ്പെട്ട് വണ്ണാത്തിക്കടവ് പാലം, വണ്ണാത്തിപ്പുഴ എന്നിവയെ ടൂറിസം കേന്ദ്രമാക്കാനുള്ള പദ്ധതി നടപ്പിലാക്കാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു.
ടൂറിസ്റ്റുകളെ സിനിമാ ചിത്രീകരണം നടന്ന സ്ഥലത്തേക്ക് ആകര്‍ഷിക്കുന്നതിനൊപ്പം സിനിമാ ചിത്രീകരണത്തിനായി മറ്റ് സംസ്ഥാനങ്ങളില്‍നിന്നുള്ളവരെ ആകര്‍ഷിക്കാനും കഴിയും. ബേക്കല്‍ കോട്ടയെ പ്രശസ്തമാക്കുന്നതില്‍ ‘ബോംബേ’ സിനിമ വലിയ പങ്ക് വഹിച്ചു. വണ്ണാത്തിക്കടവ് പാലത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയിലൂടെ ലോകത്താകെ ലക്ഷക്കണക്കിന് പേരിലേക്ക് എത്തിച്ചേര്‍ന്നത് ഈ സാധ്യതയിലേക്ക് വിരല്‍ചൂണ്ടുന്നതാണ്. ഒറ്റവരിപ്പാലം ഫോട്ടോഷൂട്ടുകളുടെ പ്രധാന കേന്ദ്രമാണ്. പാലങ്ങളെ ടൂറിസം കേന്ദ്രങ്ങളായിട്ടാണ് പല വിദേശ രാജ്യങ്ങളും കാണുന്നത്. ടൂറിസം സാധ്യതയുള്ള സ്ഥലങ്ങളിലെ പാലങ്ങളില്‍ വൈദ്യുതാലങ്കാരങ്ങള്‍ നടത്താന്‍ പദ്ധതികള്‍ നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.
കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് മൈതാനത്ത് നടന്ന ഉദ്ഘാടന ചടങ്ങില്‍ എം വിജിന്‍ എം എല്‍ എ അധ്യക്ഷനായി. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, മുന്‍ എംഎല്‍എ ടി വി രാജേഷ് എന്നിവര്‍ വിശിഷ്ടാതിഥികളായി. പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗം കണ്ണൂര്‍ എക്സിക്യുട്ടീവ് എന്‍ജിനീയര്‍ കെ എം ഹരീഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി സുലജ, വൈസ് പ്രസിഡന്റ് കെ മോഹനന്‍, ജില്ലാ പഞ്ചായത്തംഗം തമ്പാന്‍ മാസ്റ്റര്‍, പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗം കോഴിക്കോട് മേഖല സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ പി കെ മിനി, തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്തംഗം സി ഐ വത്സല ടീച്ചര്‍, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ എംപി പ്രീത, പി വി ഷൈനി, എന്‍കെ സുജിത്ത്, പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗം അസി. എക്സിക്യുട്ടീവ് എന്‍ജിനീയര്‍ ടി ശോഭ, മുന്‍ പ്രസിഡന്റ് പി പി ദാമോദരന്‍, കക്ഷി നേതാക്കളായ കെ പത്മനാഭന്‍, എംപി ഉണ്ണികൃഷ്ണന്‍, പിടി ഗോവിന്ദന്‍ നമ്പ്യാര്‍, ടി രാജന്‍, മുസ്തഫ കടന്നപ്പള്ളി, സി ബി കെ സന്തോഷ്, പി സി സനൂപ്, സംഘാടക സമിതി കണ്‍വീനര്‍ ടി വി ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

വണ്ണാത്തിപ്പുഴയ്ക്ക് കുറുകെ നിലവിലുള്ള വീതി കുറഞ്ഞ പഴയ പാലത്തിന് സമീപത്തായാണ് പുതിയ പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച 8.49 കോടി രൂപയിലാണ് പാലം നിര്‍മ്മിച്ചത്. പാലത്തിന് 140 മീറ്റര്‍ നീളവും 11 മീറ്റര്‍ വീതിയുമുണ്ട്. ഇരുഭാഗത്തും 1.5 മീറ്റര്‍ വീതിയില്‍ നടപ്പാതയുമുണ്ട്. ചന്തപ്പുര ഭാഗത്ത് 320 മീറ്റര്‍ നീളത്തിലും മാതമംഗലം ഭാഗത്ത് 60 മീറ്റര്‍ നീളത്തിലും മെക്കാഡം ടാറിംഗ് നടത്തിയ അപ്രോച്ച് റോഡുണ്ട്. നിലവിലെ പഴയ പാലം വീതി കുറഞ്ഞതും അപകടാവസ്ഥയിലുമാണ്. ജനങ്ങളുടെ ചിരകാലാഭിലാഷമായ പുതിയ പാലം യാഥാര്‍ഥ്യമായതോടെ ജനങ്ങളുടെ യാത്രാക്ലേശത്തിന് പരിഹാരമാവുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *