Hivision Channel

കൊലപാതകക്കേസിലെ അപ്പീല്‍ ഹൈക്കോടതിയില്‍ നിലനില്‍ക്കെ തൊണ്ടിമുതല്‍ നശിപ്പിക്കാന്‍ ഉത്തരവിട്ട ജില്ലാ ജഡ്ജിയോട് ഹൈക്കോടതി റിപ്പോര്‍ട്ട് തേടി.

കൊലപാതകക്കേസിലെ പ്രതികളെ വെറുതേ വിട്ടതിനെതിരായ അപ്പീല്‍ ഹൈക്കോടതിയില്‍ നിലനില്‍ക്കെ തൊണ്ടിമുതല്‍ നശിപ്പിക്കാന്‍ ഉത്തരവിട്ട ജില്ലാ ജഡ്ജിയോട് ഹൈക്കോടതി റിപ്പോര്‍ട്ട് തേടി. കൊല്ലം മൈലക്കാട് ജോസ് സഹായന്‍ വധക്കേസുമായി ബന്ധപ്പെട്ട തൊണ്ടി മുതലുകളാണ് വിചാരണക്കോടതിയുടെ ഉത്തരവനുസരിച്ച് നശിപ്പിക്കുന്നത്.പ്രതികളെ വെറുതെ വിട്ട കേസില്‍ അപ്പീല്‍ നിലനില്‍ക്കുന്നതിനാല്‍ തൊണ്ടി മുതല്‍ നശിപ്പിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ടയാളുടെ ഭാര്യ നല്‍കിയ ഉപഹര്‍ജിയിലാണ് നടപടി.

തൊണ്ടിസാധനങ്ങള്‍ നശിപ്പിക്കാനുള്ള വിചാരണക്കോടതിയുടെ നിര്‍ദ്ദേശം ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് സ്റ്റേ ചെയ്തു. ഇനി അഥവാ ഇവ നശിപ്പിച്ചെങ്കില്‍ എന്നാണെന്ന് വ്യക്തമാക്കി ജില്ലാ ജഡ്ജി റിപ്പോര്‍ട് നല്‍കണം. തൊണ്ടിമുതലുകള്‍ അപ്പീല്‍ കാലാവധിയായ അറുപത് ദിവസം വരെ സൂക്ഷിക്കണമെന്നാണ് ചട്ടം. എന്നാല്‍ പ്രതികളെ വെറുതെവിട്ടതിനെതിരെ കൊല്ലപ്പെട്ട ജോസിന്റെ ഭാര്യ ഇരുപത്തിയഞ്ചാം ദിവസം അപ്പീല്‍ നല്‍കിയിട്ടും തൊണ്ടിമുതല്‍ നശിപ്പിക്കാന്‍ നിര്‍ദേശിച്ചതിലാണ് ഹൈക്കോടതിയ്ക്ക് അതൃപ്തി.

Leave a Comment

Your email address will not be published. Required fields are marked *