Hivision Channel

ബേലൂര്‍ മഖ്‌ന ദൗത്യം ഏഴാം ദിനം

വയനാട്ടിലെ ആളെക്കൊല്ലി കാട്ടാന ബേലൂര്‍ മഖ്നയെ മയക്കുവെടിവെക്കാനുള്ള ദൗത്യസംഘത്തിന്റെ ശ്രമം ഇന്നും തുടരും. ഇടതൂര്‍ന്ന ചെങ്കുത്തായ വനമേഖലയും ഉയരത്തിലുള്ള കൊങ്ങിണി അടിക്കാടുകളും ദൗത്യസംഘത്തിനു വെല്ലുവിളിയാവുന്നുണ്ട്. അടുത്തടുത്ത് സിഗ്‌നലുകള്‍ ലഭിക്കുന്നുണ്ടെങ്കിലും വനപാലകസംഘത്തെ വട്ടംകറക്കുകയാണ് ആന. ഇരുനൂറംഗ കേരള ദൗത്യസംഘവും 25 അംഗ കര്‍ണാടക വനപാലകസംഘവുമുള്‍പ്പെടെ 225 പേരാണ് ആനയ്ക്കായി തിരച്ചില്‍ നടത്തുന്നത്. ഇതിനുപുറമേ കുങ്കിയാനകളെയും ഡ്രോണ്‍ ക്യാമറകളെയും പ്രയോജനപ്പെടുത്തുന്നുണ്ട്.

നിലവില്‍ ആനയുടെ സഞ്ചാരമാണ് ദൗത്യം വൈകിപ്പിക്കുന്നത്. മറ്റൊരു മോഴയാന ഈ കാട്ടാനയ്ക്കൊപ്പം തുടരുന്നതും പ്രതിസന്ധിയാണ്.ഇരു കാട്ടാനകളേയും വേര്‍പെടുത്തിയ ശേഷമേ മയക്കുവെടി വെക്കാന്‍ സാധിക്കുകയുള്ളൂ. മയക്കുവെടിവെക്കാന്‍ സാധ്യമായ ഭൂപ്രദേശത്ത് ബേലൂര്‍ മഖ്നയെ എത്തിക്കണമെന്നതും വനംവകുപ്പിന് വെല്ലുവിളിയാണ്.

ഇന്നലെയും ആനയുടെ തൊട്ടടുത്ത് വരെ ദൗത്യ സംഘം എത്തിയെങ്കിലും വെടിവയ്ക്കാന്‍ സാധിക്കുന്ന തരത്തിലുള്ള അനുകൂല സാഹചര്യം ലഭിച്ചില്ല. ഇന്ന് രാവിലെ മുതല്‍ തിരച്ചില്‍ പുനരാരംഭിച്ചു.

Leave a Comment

Your email address will not be published. Required fields are marked *