Hivision Channel

‘എന്തിനിത്ര തിരക്ക്?’: തോമസ് ഐസക് തിരഞ്ഞെടുപ്പുസമയത്ത് ഹാജരാകേണ്ടെന്ന് കോടതി; ഇ.ഡിക്ക് തിരിച്ചടി

കിഫ്ബി മസാല ബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക്കിന് ആശ്വാസ ഉത്തരവുമായി ഹൈക്കോടതി ഡിവിഷൻ ബെഞ്ചും. തിരഞ്ഞെടുപ്പ് സമയത്ത് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റി(ഇഡി)നു മുൻപിൽ പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർഥിയായ തോമസ് ഐസക്ക് ഹാജരാകേണ്ടെതില്ലെന്ന് വ്യക്തമാക്കിയ കോടതി, തിരഞ്ഞെടുപ്പിനുശേഷം മറ്റുനടപടികളുമായി മുന്നോട്ടുകാമെന്നും ഇഡിയോട് വ്യക്തമാക്കി. ‘തിരഞ്ഞെടുപ്പിന് പത്ത് ദിവസമല്ലേയുള്ളൂ, ഇത്രയും തിരക്ക് എന്തിനാണ്’ എന്നും ഇ.ഡിയോട് കോടതി ചോദിച്ചു.

തിരഞ്ഞെടുപ്പിനുശേഷം ഐസക്ക് ഇഡിക്കു മുൻപിൽ ഹാജരായാൽ മതിയെന്ന് ഹൈക്കോടതി സിം​ഗിൽ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ഒരു സ്ഥാനാര്‍ഥിയോട് തിരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കുന്ന ഘട്ടത്തില്‍ ചോദ്യംചെയ്യലിന് ഹാജാരാകാന്‍ ആവശ്യപ്പെടുന്നത് അനുചിതമാണെന്നായിരുന്നു സിം​ഗിൾ ബെഞ്ച് വ്യക്തമാക്കിയിരുന്നത്. മസാലബോണ്ട് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ച ഇ.ഡി. നടപടിയെ ചോദ്യംചെയ്ത് തോമസ് ഐസക്കും കിഫ്ബി ഉദ്യോഗസ്ഥരും നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ ഉത്തരവ്.

സിം​ഗിൽ ബെഞ്ച് ഉത്തരവിനെതിരെ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടാണ് ഇ.ഡി ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകിയത്. തോമസ് ഐസക് ഉൾപ്പെടെയുള്ളവരെ ചോദ്യംചെയ്യാതെ കേസ് മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കില്ലെന്നാണ് ഇ.ഡി ഹർജിയിൽ ചൂണ്ടികാണിച്ചിരുന്നത്. ചോദ്യംചെയ്യൽ വൈകുന്നതുമൂലമാണ് കേസിൽ കാലതാമസമുണ്ടാകുന്നത്. വിഷയത്തിൽ ഡിവിഷൻ ബെഞ്ച് ഉചിതമായ തീരുമാനമെടുക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *